ആമി മോശമായിരുന്നുവെങ്കില്‍ ഏറ്റവും വേദനിക്കുക അവര്‍ക്ക്: മഞ്ജു വാരിയർ

manju-aami-movie
SHARE

നീര്‍മാതളം പോലെ വശ്യവും സത്യസന്ധവുമായ സാഹിത്യ രചനകളിലൂടെ മലയാളത്തിന്റെ മനസ്സില്‍ പ്രത്യേകസ്ഥാനം നേടിയ എഴുത്തുകാരിയാണ് ആമി. മാധവിക്കുട്ടിയായും, കമലാ ദാസ് ആയും കമല സുരയ്യയായും അവര്‍ സഞ്ചരിച്ച വഴികളെന്നും വേറിട്ടതായിരുന്നു. ആമിയായി വേഷമിട്ട നടി മഞ്ജു വാര്യര്‍ സംസാരിക്കുന്നു, ആമിയായുള്ള വേഷപ്പകര്‍ച്ചയേയും വിവാദങ്ങളേയും കുറിച്ച്...

ആമി പുറത്തിറങ്ങി കഴിഞ്ഞപ്പോള്‍ എന്താണു തോന്നുന്നത്

നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആമി ഇറങ്ങുന്നതിനു മുന്‍പ് തുടങ്ങിയ വിവാദങ്ങള്‍ സിനിമ കണ്ടു കഴിയുമ്പോള്‍ തീരുമെന്ന് എനിക്കു വിശ്വാസമുണ്ടായിരുന്നു. എന്തോ അങ്ങനെയൊരു തോന്നല്‍ മനസ്സിലുണ്ടായിരുന്നു. സ്‌ക്രിപ്റ്റിന്റെ സൗന്ദര്യമാകാം കാരണം, അല്ലെങ്കില്‍ കമല്‍ എന്ന സംവിധായകനിലുള്ള വിശ്വാസമാകാം. എന്തായാലും അതു സത്യമായി. ഈ നിമിഷം വരെ കിട്ടിയ സന്ദേശങ്ങളും ഫോണ്‍ കോളുകളും ആ തോന്നല്‍ വാസ്തവമാണെന്ന് എന്നോടു പറഞ്ഞു. 

സോഷ്യല്‍മീഡിയയില്‍ ആമിയെ കുറിച്ച് കുറേ കാര്യങ്ങള്‍ മുന്‍ധാരണയോടെ എഴുതിയിരുന്നു, സിനിമ കണ്ടപ്പോള്‍ അത് തെറ്റായി പോയി, സോറി  എന്നൊക്കെ പറഞ്ഞു ഒത്തിരിപ്പേര്‍ വിളിച്ചു. എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിയുമ്പോള്‍ ഒരു സന്തോഷം. ആ സന്തോഷത്തിന്റെ ത്രില്ലിലാണ് ഞാന്‍ ഇപ്പോള്‍.

manju-madhavi

വിവാദങ്ങള്‍ എപ്പോഴെങ്കിലും ഒരു സമ്മര്‍ദ്ദമുണ്ടാക്കിയോ?

ഒരിക്കലുമില്ല. കമല്‍ സാര്‍ പറഞ്ഞത് അതുപോലെ ചെയ്യുകയായിരുന്നു ഞാന്‍. അദ്ദേഹത്തെ പോലൊരു സംവിധായകനു മുന്‍പില്‍ ഞാന്‍ ആരുമല്ലല്ലോ. അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചു ചെയ്തതാണ്. ആമി എന്നെ സംബന്ധിച്ച് മറ്റേതൊരു ചിത്രത്തേയും പോലൊരു സിനിമയാണ്. മറ്റേതൊരു കഥാപാത്രവും പോലെയൊന്ന്. 

മാധവിക്കുട്ടിയെ കണ്ടിട്ടുണ്ടോ, അവരുടെ പുസ്തകങ്ങളില്‍ ഏറ്റവുമിഷ്ടം ഏതിനോടാണ്

ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്. പക്ഷേ ആ കൂടിക്കാഴ്ച ഇന്നലെയെന്ന പോലെ, കൃത്യമായിട്ട് ഓര്‍ക്കുന്നില്ല. ഇത്രയും വര്‍ഷങ്ങളായില്ലേ. ആ മുഖവും സ്‌നേഹം മാത്രം നിറയുന്ന നോട്ടവും വര്‍ത്തമാനവും അനുഭവിച്ചതിന്റെ നല്ലോര്‍മകള്‍ മനസ്സിലുണ്ട്. ആ സാമീപ്യം അറിഞ്ഞതിന്റെ സുഖമുണ്ട്. അവരുടെ എല്ലാ പുസ്തകങ്ങളും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും സ്‌കൂളില്‍ പഠിച്ച നെയ്പ്പായസം ആണ് എന്റെ ഏറ്റവും പ്രിയപ്പെട്ട മാധവിക്കുട്ടി കഥ.

Aami

മാധവിക്കുട്ടിയുടെ സഹോദരിയുടെയും കുടുംബത്തിന്റെയും സ്‌നേഹമറിഞ്ഞ നിമിഷത്തെ കുറിച്ച്

മാധവിക്കുട്ടിയുടെ അനുജത്തി സുലോചന നാലപ്പാടിനൊപ്പമാണ് സിനിമ കണ്ടത്. അവര്‍ ശരിക്കും ഇമോഷണല്‍ ആയിരുന്നു. സിനിമ കാണുമ്പോള്‍ പലപ്പോഴും കരഞ്ഞു. എന്റെ കൈപിടിച്ചിരുന്നും കരഞ്ഞു. മാധവിക്കുട്ടിയുടെ മക്കളും കൊച്ചുമക്കളുമൊക്കെ സിനിമ കണ്ടിരുന്നു. അവരുടെ മകന്‍ ജയസൂര്യ ചിത്രത്തെ കുറിച്ചെഴുതിയരുന്നു. എനിക്ക് അവരുടെ വാക്കുകള്‍ കേട്ടപ്പോഴാണ് ഏറ്റവുമധികം സന്തോഷം തോന്നിയത്. ഈ ചിത്രം മോശമായിരുന്നുവെങ്കില്‍ അതില്‍ ഏറ്റവും വേദനിക്കുക അവര്‍ക്കാണ്. ആ സ്ഥിതിക്ക് ആ കുടുംബത്തില്‍ നിന്ന് ലഭിച്ച സ്‌നേഹവും നല്ല വാക്കുകള്‍ക്കും അപ്പുറം എന്താണു വേണ്ടത്

ആമിയുടെ ലുക്ക് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വിധേയമായത്. പട്ടു ചേല ചുറ്റിയ, മുടിയഴിച്ചിട്ട ഒരുപാട് ആഭരണങ്ങള്‍ അണിഞ്ഞ ആമി അത്രയ്ക്കിഷ്ടം നേടിയിരുന്നില്ല ലുക്കിന്റെ കാര്യത്തില്‍

ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായം. അതിനെ ഞാന്‍ മാനിക്കുന്നു, ബഹുമാനിക്കുന്നു. മാധവിക്കുട്ടിയുടെ രൂപം വ്യക്തമായിട്ടുണ്ടാകും ചിലരുടെ മനസ്സില്‍. എല്ലാവരേയും തൃപ്തിപ്പെടുത്തി സിനിമയെടുക്കാനാകില്ല. അത്രയേ പറയാനുള്ളൂ

Aaami

സിനിമയില്‍ സജീവമായപ്പോഴോ സ്‌കൂളില്‍ പഠിക്കുമ്പോഴോ ആമിയാകാന്‍ കൊതിച്ചിട്ടുണ്ടോ 

ഒരിക്കലുമില്ല. ആമിയാകേണ്ടി വന്നത് എന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണ്. തീര്‍ത്തും പുതുമയുള്ള ഒരു അനുഭവമായിരുന്നു ആമി. 

രണ്ടാം വരവിലെ ചിത്രങ്ങളെല്ലാം ശക്തമായ കഥാപാത്രങ്ങളായിരുന്നല്ലോ

സിനിമയിലേക്കൊരു രണ്ടാം വരവുണ്ടാകണം, അങ്ങനെ കുറേ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നൊന്നും ഒരിക്കലും ചിന്തിച്ചിരുന്നില്ല.  ഒഴുക്കിനൊത്ത് പോകുന്നയാളാണ് ഞാന്‍. അതുകൊണ്ട് വ്യക്തിപരമായ അഭിപ്രായമോ വെല്ലുവിളികളോ ഒന്നും സിനിമയുടെ കാര്യത്തില്‍ എനിക്കില്ല. ഒരു പ്ലാനിങുമില്ലാതെ ജീവിക്കുന്നയാളാണ്. എന്താണ് അടുത്ത നിമിഷത്തില്‍ തീരുമാനിക്കുകയെന്നു തന്നെ എനിക്കറിയില്ല. നൃത്തത്തിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെ. സ്വപ്‌ന വേദികളൊന്നും മനസ്സിലില്ല, സ്വപ്‌ന കഥാപാത്രങ്ങളുമില്ല. എന്നെ തേടിയെത്തുന്ന ചിത്രങ്ങള്‍ നന്നായി ചെയ്യണം എന്നേയുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA