ഈട കേട്ടത് ഈ ശബ്ദം 

അഞ്ചു വർഷം ഫിസിക്സ് പഠിച്ചു. ആ അഞ്ചു വർഷവും നാടകവും മോണോആക്ടും കളിച്ചു. അതിനിടയ്ക്കു കല്യാണം കഴിച്ചു. എന്നിട്ട് അധ്യാപികയായി ജോലി ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. അതിനിടെ ഒരു സിനിമയിൽ മുഖം കാണിച്ചു. ഇപ്പോളിതാ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡും. ‘അമ്പടി ഞാനേ’ എന്ന് അന്തംവിട്ടിരിക്കുകയാണു സ്നേഹ. എങ്കിലും, അഭിനയം തന്നെ തന്റെ പാഷൻ എന്നു തീർ‌ത്തു പറയുന്നു കരിവെള്ളൂർ പലിയേരി സ്വദേശിനിയായ ഈ  ഇരുപത്തിനാലുകാരി.

സ്കൂളിൽ പഠിച്ച 12 കൊല്ലവും സ്കൂൾ വാർഷികത്തിനു സ്റ്റേജിൽ കയറാൻ പോലും വലിയ ധൈര്യമില്ലാതിരുന്ന പെൺകുട്ടി, കോളജിൽ പഠിച്ച ആറു കൊല്ലവും സർവകലാശാല കലോത്സവ വേദികളിലെ തിളങ്ങുംതാരമായി മാറിയ കഥയാണു സ്നേഹയുടേത്. പയ്യന്നൂർ കോളജിലെ നാളുകളാണ് അവളെ കലാകാരിയാക്കിയത്. ‘വടക്കൻ കേരളത്തിൽ മാത്രം കണ്ടു വരുന്ന ആ പ്രത്യേക തരം’ സാംസ്കാരികാന്തരീക്ഷത്തിന്റെ വരാന്തയിലൂടെ നടന്നു നടന്ന് അവൾ വേദികൾ ഒന്നൊന്നായി കയടക്കിയപ്പോൾ ഏറ്റവുമധികം ഞെട്ടിയതും സ്നേഹ തന്നെ. ‘ഈട’ എന്ന സിനിമയിലെ നായികയ്ക്കു ശബ്ദം നൽകി ഇത്തവണ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടിയ കരിവെള്ളൂർ സ്വദേശിനി സ്നേഹയുടെ വിശേഷങ്ങൾ. 

ആവേ മരിയ 

സ്കൂൾ പഠനകാലത്തു തിരുവാതിര, ഒപ്പന തുടങ്ങി ചില ഗ്രൂപ്പ് ഐറ്റങ്ങളിലൊക്കെ കൂട്ടത്തിൽ കൂടാറുണ്ടായിരുന്നു എന്നതൊഴിച്ചാൽ കലാരംഗത്തു മറ്റു കാര്യമായ പരിചയമോ പാരമ്പര്യമോ പശ്ചാത്തലമോ ഇല്ലാതെയാണു സ്നേഹ ബിഎസ്‌സി ഫിസിക്സിനു പയ്യന്നൂർ കോളജിലേക്കു വരുന്നത്. ആദ്യകൊല്ലം തന്നെ മോണോആക്ടിനും മൈമിനുമൊക്കെ ചേർന്നു. അക്കൊല്ലം മൈമിൽ പങ്കെടുക്കുന്നതു കൊണ്ടു നാടകത്തിൽ ചേരാനായില്ല. 

പ്രശസ്ത നാടകപ്രവർത്തകൻ പ്രദീപ് മണ്ടൂർ ആയിരുന്നു നാടകപരിശീലകൻ. സ്നേഹയിലെ അഭിനേത്രിയെ ആദ്യം തിരിച്ചറിഞ്ഞത് അദ്ദേഹമാണെന്നു പറയാം. അങ്ങനെ കോളജിലെ നാടകങ്ങളിൽ സ്ഥിരം നടിയായി. രണ്ടു വർഷം സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നീലേശ്വരത്തെ കെ.പി.ശശികുമാറിൽ നിന്നു മോണോആക്ടും പരിശീലിക്കുന്നുണ്ടായിരുന്നു. ഈ വർഷമുൾപ്പെടെ, ആറു കൊല്ലം തുടർച്ചയായി ഇന്റർസോൺ കലോത്സവത്തിൽ മോണോആക്ടിൽ സ്നേഹയാണ് ഒന്നാം സ്ഥാനക്കാരി. 

കെ.ആർ.മീരയുടെ  ചെറുകഥ അടിസ്ഥാനമാക്കി പ്രദീപ് മണ്ടൂർ രചനയും സംവിധാനവും നിർവഹിച്ച ‘ആവേ മരിയ’ എന്ന ഏകപാത്ര നാടകത്തിലൂടെ സ്നേഹയുടെ അഭിനയമികവു കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. 

വീട്ടിൽ പറയുന്നതു തന്നെ സിനിമയിലും പറഞ്ഞു 

നാടകത്തിലായാലും സിനിമയിലായാലും മോണോആക്ടിലായാലും മൈമിലായാലും അഭിനയിക്കുക, അഭിനയിച്ചുകൊണ്ടേയിരിക്കുക–അതാണു സ്നേഹയുടെ ഇഷ്ടം. സിനിമയിൽ ആളെ വേണമെന്ന പരസ്യം എവിടെക്കണ്ടാലും അപേക്ഷിക്കണമെന്നു വിചാരിക്കുമെങ്കിലും നടക്കാറില്ല. അങ്ങനെയൊരു പരസ്യം കണ്ട് അപേക്ഷിച്ചാണ് ആസിഫ് അലിയുടെ ‘കവി ഉദ്ദേശിച്ചത്’ എന്ന പടത്തിൽ ഒരു വേഷം കിട്ടിയത്. ചെറിയൊരു റോൾ. അതത്ര ശ്രദ്ധിക്കപ്പെട്ടുമില്ല. ബി.അജിത് കുമാറിന്റെ ‘ഈട’ എന്ന പടത്തിലേക്കു ഡബ്ബിങ്ങിനൊരു പെൺകുട്ടിയെ വേണമെന്ന പരസ്യം കണ്ട് അപേക്ഷിക്കുമ്പോഴും ഡബ്ബിങ്ങിനേക്കാൾ അഭിനയം തന്നെയായിരുന്നു ലക്ഷ്യം. 

നായികയായി അഭിനയിച്ചതു പോലുള്ള അനുഭവമായിരുന്നു ആ ഡബ്ബിങ്ങിലും എന്നു സ്നേഹ ഓർക്കുന്നു. വളരെ ഇമോഷണലായ ഒരുപാടു രംഗങ്ങളുണ്ടായിരുന്നു. ദേഷ്യവും സങ്കടവും സന്തോഷവും പ്രണയവുമെല്ലാമുള്ള കഥാപാത്രമാണ് ‘ഈട’യിലെ നായിക. അതു കൊണ്ടു തന്നെ, നിത്യജീവിതത്തിലെ എല്ലാ ഭാവങ്ങളും ആ നായികയുടെ ശബ്ദത്തിൽ വേണ്ടിയിരുന്നു. കേരളത്തിനു പുറത്തു പഠിക്കുന്ന പെൺകുട്ടിയുടെ, കണ്ണൂർ സ്ലാങ്ങിലുള്ള സംഭാഷണങ്ങളാണു വേണ്ടിയിരുന്നത്. 

വീട്ടിലും നാട്ടിലും പറയുന്ന ഭാഷ തന്നെയാണു സ്നേഹ സിനിമയിലും പറഞ്ഞത്. പടം ഇറങ്ങിയപ്പോഴേ നായികയുടെ സംഭാഷണശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പ്രാദേശികമായ ഭാഷണത്തിലൂടെ ഭാവവ്യതിയാനം സാധ്യമാക്കുന്ന ശബ്ദമികവ്’ എന്നു വിലയിരുത്തിയാണു സംസ്ഥാന അവാർഡ് നിർണയ ജ്യൂറി സ്നേഹയെ മലയാള സിനിമയിലെ കഴിഞ്ഞ വർഷത്തെ മികച്ച പെൺശബ്ദമായി തിരഞ്ഞെടുത്തത്. അവാർഡ് കിട്ടിയ വാർത്ത കണ്ടാണ്, ‘ഈ ശബ്ദമാണല്ലോ ഈടയിൽ കേട്ടത്’ എന്നു നാട്ടുകാർ പോലും തിരിച്ചറിഞ്ഞത്. ഇപ്പോൾ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. അഭിനയിക്കാനും ഡബ്ബിങ്ങിനുമായി ഒട്ടേറെ ഓഫറുകളും വരുന്നുണ്ട്. പഠിത്തം മുടങ്ങാതെ ഇനി സിനിമയിൽ‌ സീരിയസ് ആവാനാണു പ്ലാൻ. 

കരിവെള്ളൂർ പലിയേരിയിൽ അധ്യാപക ദമ്പതികളായ പത്മനാഭന്റെയും (പരത്തിക്കാമുറി ജിഎൽപിഎസ്), ജയന്തിയുടെയും (കൊഴുമ്മൽ ജിഎൽപിഎസ്) മകളാണ്. ദുബൈയിൽ എൻജിനീയറായ ഭർത്താവു നവീൻകുമാർ നല്ല പാട്ടുകാരനുമാണ്. കല്യാണത്തിനു ശേഷമാണു സ്നേഹ നാടകവേദിയിൽ കൂടുതൽ സജീവമായത്. ഭർത്താവു തന്നെ കട്ട സപ്പോർട്ട്. പയ്യന്നൂർ കോളജിൽ നിന്നു ഫിസിക്സിൽ ബിഎസ്‌സിയും എംഎസ്‍സിയും പൂർത്തിയാക്കിയ സ്നേഹ ഇപ്പോൾ മാതമംഗലത്തിനു സമീപം കുറ്റൂർ ജേബീസ് ട്രെയിനിങ് കോളജിൽ ബിഎഡ് വിദ്യാർഥിനി.