ദുൽഖറിന്റെ ആ മറുപടിയില്‍ സുഡു വീണു: അഭിമുഖം

അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ സക്കരിയ മുഹമ്മദെടുത്ത കോർണർ കിക്ക് മനോഹരമായ ഹെഡറിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് പായിച്ച് സാമുവേൽ അബിയോള റോബിൻസൺ ഗോൾ പൂർത്തിയാക്കുമ്പോൾ മലയാള സിനിമ പുതിയൊരു ചരിത്രം രചിക്കുന്നു. കണ്ണിറുക്കി അടച്ചല്ല, മറിച്ച് പ്രേക്ഷകന്റെ കണ്ണിലും മനസ്സിലും നനവ് പടർത്തിയാണ് സുഡാനിയും കൂട്ടുകാരും പ്രിയതാരങ്ങളായി മാറുന്നത്. ഹ്യൂമേട്ടനെയും കോപ്പലാശാനെയും നെഞ്ചിലേറ്റിയ നാട്ടിലെ പുതിയ തരംഗമായി മാറുകയാണ് സുഡു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള കാഴ്ചകളും കാഴ്ചപ്പാടുകളുമായി സുഡാനി ഫ്രം നൈജീരിയ മനസ്സ് തുറക്കുന്നു.

മലയാളി പ്രേക്ഷകർ അവരുടെ പ്രിയപ്പെട്ട സുഡുവിനെക്കുറിച്ച് കൂടുതൽ കേട്ടറിയാൻ കൊതിച്ചിരിക്കുകയാണ്.

എന്റെ സ്വദേശം നൈജീരിയയാണ്. നിങ്ങളിൽ പലരും കരുതും പോലെ ഞാനൊരു പ്രഫഷനൽ ഫുട്ബോളർ അല്ല. തീർച്ചയായും നിങ്ങളെപ്പോലെ എനിക്കും ഫുട്ബോൾ ഇഷ്ടമാണ്. കുട്ടിയായിരുന്ന സമയത്ത് എല്ലാരെയും പോലെ ഒന്നോ രണ്ടോ തവണയൊക്കെ ഫുട്ബോൾ കളിച്ചിട്ടുണ്ടെന്ന് മാത്രം. സിനിമയിൽ ഞാൻ ഒരു ഫുട്ബോൾ താരമായിട്ടാണ് എത്തുന്നത് എന്നതുകൊണ്ടു തന്നെ ശാസ്ത്രീയമായി ഫുട്ബോൾ പഠിക്കാനും പരിശീലിക്കാനും ഏറെ സമയം ചെലവിട്ടിരുന്നു. ഇപ്പോൾ ഏതൊരു ഫുട്ബോൾ കളിക്കാരനെയും പോലെ ആ കളിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. എന്റെ തട്ടകം അഭിനയം തന്നെയാണ്. ഞാൻ നൈജീരിയിലെ ഒരു പ്രഫഷനൽ അഭിനേതാവാണ്. കേരളത്തിൽ എത്താനും മലയാള സിനിമയിൽ അഭിനയിക്കാനും കഴിഞ്ഞതിൽ ഞാൻ വളരെ സന്തുഷ്ടനാണ്.

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ ഭാഗമാകുന്നത് എങ്ങനെയാണ്?

അതിനു പിന്നിൽ രസകരമായ കഥയുണ്ട്. സിനിമയുടെ നിർമാതാക്കൾ ഘാന, കോംഗോ, മറ്റു ചില ബ്ലാക്ക് അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള അഭിനേതാക്കൾക്കിടയിൽ ഓഡിഷൻ നടത്തിയിരുന്നു. നിർഭാഗ്യവശാൽ കഥാപാത്രത്തിനു പറ്റിയ ആരെയും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. ഇതിനിടെ ചിത്രത്തിന്റെ സംവിധായകൻ സക്കരിയ നൈജീരിയയിൽ നിന്നുള്ള അഭിനേതാക്കളെക്കുറിച്ച് ഗൂഗിൾ ചെയ്തു നോക്കി കൊണ്ടിരുന്നു. അദ്ദേഹം നൈജീരിയൻ അഭിനേതാക്കളുടെ ലിസ്റ്റൊക്കെ എടുത്തു വായിച്ചിരുന്നു. ഇതിനിടയിൽ യാദൃച്ഛികമായി അദ്ദേഹം എന്നെക്കുറിച്ചുള്ള ഒരു ലേഖനം വായിക്കാനിടയായി. പിന്നീട് ഇമെയിലും ഫോണും വഴി ബന്ധപ്പെട്ടു. ആദ്യം അദ്ദേഹം സിനിമയെക്കുറിച്ചു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. എന്നെ ആരോ പറ്റിക്കാൻ വിളിക്കുകയാണെന്നാണ് കരുതിയത്. എന്റെ വീസ, യാത്രച്ചെലവുകൾ അങ്ങനെയെല്ലാം വഹിക്കാമെന്നു പറഞ്ഞപ്പോഴാണ് ഈ സിനിമ ഒരു യാഥാർഥ്യമാണെന്ന് ഞാൻ തിരിച്ചറിയുന്നത്.

സുഡുവും മാനേജർ മജീദും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രിയെക്കുറിച്ച്?

സൗബിനൊരു അസാമാന്യ പ്രതിഭയും നല്ലൊരു മനുഷ്യസ്നേഹിയുമാണ്. സിനിമയിൽ സുഡുവും മാനേജർ മജീദും തമ്മിൽ ഹൃദ്യമായ ആത്മബന്ധമാണുള്ളത്. എല്ലാ ഊഷ്മളമായ ബന്ധങ്ങളിൽ എന്ന പോലെ അവിടെ സ്നേഹവും ഇണക്കങ്ങളും പിണക്കങ്ങളുമുണ്ട്. എല്ലാത്തിലും ഉപരിയായി മജീദ് സുഡുവിനെ ഏറെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നുണ്ട്. സിനിമയ്ക്കു പുറത്തും സൗബിൻ നല്ലൊരു സുഹൃത്താണ്. സെറ്റിൽ എപ്പോഴും എവിടെയങ്കിലും ഒളിച്ചിരുന്ന് സൗബിൻ എന്നെ പേടിപ്പിക്കും. ഷൂട്ടിങ് നീണ്ടു പോകുന്ന അവസരങ്ങളിൽ എല്ലാവരും തളർന്നു ഡൗണായി ഇരിക്കുമ്പോൾ സൗബിൻ തമാശകളൊക്കെ പറഞ്ഞ് എല്ലാരെയും ചിരിപ്പിച്ച് സെറ്റിനെ വീണ്ടും ലൈവാക്കും. അദ്ദേഹം ഗംഭീര നടനാണ്. ഈ സിനിമയിൽ നിങ്ങൾക്ക് അഭിനേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടും. സൗബിൻ നർമബോധമുള്ള വ്യക്തിത്വമാണ് അതുകൊണ്ട് അദ്ദേഹത്തിനു കോമഡി മാത്രമേ വഴങ്ങൂ എന്ന ധാരണ തെറ്റാണ്. കൊമേഡിയൻ എന്ന നിലയിൽ പരിമിതപ്പെട്ടു പോകേണ്ട വ്യക്തിയല്ല അദ്ദേഹം. ഈ സിനിമ സൗബിനിലെ നടനെ കൃത്യമായി വിനിയോഗിച്ചതിൽ എനിക്ക് ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. സിനിമയിൽ കോമഡിയുണ്ട്, ഡ്രാമയുമുണ്ട്. എല്ലാതരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു കുടുംബ ചിത്രമാണിത്.

സംവിധായകനെയും സഹതാരങ്ങളെയും കുറിച്ച്

സക്കരിയ പ്രതിഭയുള്ള സംവിധായകനാണ്. ഞാൻ ജോലി ചെയ്തിട്ടുള്ളതിൽവെച്ച് ഏറ്റവും പോസിറ്റീവ് എനർജിയുള്ള സംവിധായകനാണ് അദ്ദേഹം. ഷൂട്ടിങ്ങിൽ ഉടനീളം അസാമാന്യ ക്ഷമ കാണിച്ചിട്ടുണ്ട് അദ്ദേഹം. ഓരോ രംഗവും ഓരോ ഡയലോഗും വളരെ സമയമെടുത്ത് വിശദീകരിച്ചാണ് സക്കരിയ ഷൂട്ട് ചെയ്തത്. ഓരോ രംഗത്തിലും അഭിനേതാക്കളിൽ നിന്ന് എന്തു തരം ഭാവങ്ങളും പ്രതികരണങ്ങളുമാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു തരും. തന്റെ അഭിനേതാക്കളോടെല്ലാം ആത്മബന്ധമുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ‘ഇത് എന്റെ സിനിമയാണ് നിങ്ങൾ അഭിനയിച്ചിട്ട് പോക്കോണം’ എന്ന മനോഭാവം ഒട്ടും ഇല്ലാത്ത സംവിധായകനാണ് അദ്ദേഹം. സുഡുവിന്റെ ഉമ്മമാരായി അഭിനയിച്ച സ്ത്രീകളെ മറക്കാൻ കഴിയില്ല. സെറ്റിൽ എത്തിയാൽ ഞാൻ എന്തെങ്കിലും കഴിച്ചോ എന്നാണ് അവർ ആദ്യം ചോദിക്കുന്നത്. സിനിമയിൽ മാത്രമല്ല സിനിമക്കപ്പുറത്തും എന്നോട് വളരെ സ്നേഹത്തോടും കരുതലോടുമാണ് അവർ ഇടപഴകിയത്. അവർ മികച്ച അഭിനേത്രികളാണ്, സിനിമ കാണുന്ന എല്ലാവർക്കും അത് ബോധ്യപ്പെടും.

സുഡുവിന്റെ കഥാപാത്രം ഒരു 'Better World' നെപ്പറ്റി സ്വപ്നം കാണുന്നുണ്ട്, എന്താണ് സാമുവേലിന്റെ സ്വപ്നങ്ങൾ?

ഞാൻ ഇപ്പോൾ എവിടെയാണോ എത്തിനിൽക്കുന്നത് അതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്. ഞാൻ എന്തു ജോലി ചെയ്താലും അതിനൊരു സാമൂഹിക പ്രസക്തിയുണ്ടാകണമെന്നും അതിലൂടെ ആളുകൾക്കിടയിൽ പോസിറ്റീവായ ഒരു മാറ്റം കൊണ്ടുവരാൻ സാധിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ട്. കുറെ കൊമേഴ്സ്യൽ സിനിമയിൽ അഭിനയിച്ചു പണം സമ്പാദിക്കണമെന്നു കരുതുന്ന വ്യക്തിയല്ല ഞാൻ. എന്റെ അറിവു ശരിയാണെങ്കിൽ ഒരു ഇന്ത്യൻ സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ വംശജൻ ഞാനാണ്. അതൊരു ചരിത്രം സൃഷ്ടിക്കലാണെന്ന് ഞാൻ കരുതുന്നു. മലയാളത്തിൽ ഇതുപോലെ മികച്ച സിനിമകളുടെ ഭാഗമാകാണമെന്ന് ആഗ്രഹമുണ്ട്. തമിഴ്, ഹിന്ദി, മറാഠി, തെലുങ്ക് ഉൾപ്പെടെ മറ്റ് ഇന്ത്യൻഭാഷാ ചിത്രങ്ങളുടെ ഭാഗമാകണമെന്നും ഇന്ത്യയെ കൂടുതൽ അറിയാനും കണ്ടെത്താനും കഴിയണമെന്നും ഞാൻ സ്വപ്നം കാണുന്നു.

സിനിമയിലെ സുഡുവും ജീവിതത്തിലെ സാമുവേലും തമ്മിൽ സമാനതകളുണ്ടോ?

സുഡു തികച്ചും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, പട്ടിണിയും ദാരിദ്ര്യവുമൊക്കെയുള്ള പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. എന്റെ മാതാപിതാക്കൾക്ക് അത്തരമൊരു അവസ്ഥ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അത്രയേറെ കഠിനമായ ജീവിത പരിസരങ്ങളിലൂടെ ഞാൻ കടന്നു പോയിട്ടില്ല. എന്നിരുന്നാലും 2016 ൽ നൈജീരിയയിൽ സാമ്പത്തിക മാന്ദ്യമുണ്ടായ സമയത്ത് എന്റെ തൊഴിലിനെയും അത് ബാധിച്ചു. അവിടുത്തെ നാടകവേദികളൊക്കെ പണം കണ്ടെത്താൻ കഴിയാതെ നിശ്ചലമായി. സമ്പദ്‌വ്യവസ്ഥ തകിടം മറിയുകയും രാജ്യം കടുത്ത പ്രതിസന്ധി നേരിടുകയും ചെയ്തു. തീർച്ചയായും അതിന്റെ പ്രതിഫലനങ്ങൾ ഞങ്ങളിലും ഉണ്ടായി.

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സുഡു മലയാളികളുടെ ഹൃദയത്തിലൊരു ഇടം കണ്ടെത്തിക്കഴിഞ്ഞു

ഇവിടുത്തെ ആളുകൾ എനിക്കു നൽകുന്ന സ്നേഹത്തെ വർണിക്കാൻ എനിക്ക് വാക്കുകൾ ഇല്ല. അവർ എന്നോട് വളരെ അനുഭാവപൂർവമാണ് പെരുമാറുന്നത്. ഓരോ ദിവസവും സോഷ്യൽ മീഡിയ തുറക്കുമ്പോൾ എനിക്ക് ആയിരക്കണക്കിനു മെസേജുകളാണ് ലഭിക്കുന്നത്. 'വീ ലൗവ് യു മാൻ, വീ ലൗവ് യുവർ മൂവി’ എന്നിങ്ങനെയുള്ള മെസേജുകളാണ് ഏറെയും. പത്മ തിയറ്ററിലും ലുലു മാളിലും ഞാൻ സിനിമ കാണാൻ പോയിരുന്നു. അവിടെയെല്ലാം അവർ എന്റെ അടുത്തുവരികയും കെട്ടിപ്പിടിക്കുകയും സെൽഫിയെടുക്കുകയുമൊക്കെ ചെയ്തു. എനിക്ക് കേരളത്തിന്റെ എല്ലാ കോണിൽനിന്നും ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു ഇവിടുത്തെ മനുഷ്യരും അവരുടെ സ്നേഹവും.

ദുൽഖർ സൽമാന്റെ കടുത്ത ആരാധകനാണല്ലോ, അദ്ദേഹം മറുപടി നൽകിയതിന്റെ ആവേശത്തിലാണോ?

(പൊട്ടിച്ചിരിക്കുന്നു, ഒരു നിമിഷം ഇരിപ്പിടത്തിൽ നിന്ന് ചാടി എഴുന്നേൽക്കുന്നു, ആവേശം നിയന്ത്രിക്കാൻ പാടുപെടുന്നു) ആദ്യം ഞാൻ വളരെ നിരാശനായിരുന്നു. ഞാൻ അദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിലാണ് മെസേജ് അയച്ചത്. അതിന് അദ്ദേഹം മറുപടി നൽകിയില്ല. അദ്ദേഹത്തിന് ലഭിക്കുന്ന ആയിരക്കണക്കിനു മെസേജുകൾക്കിടയിൽ, തിരക്കിനിടെ അത് കണ്ടുകാണാനിടയില്ല. എന്തുകൊണ്ട് ട്വിറ്ററിൽ ഒരു മെസേജ് അയച്ചുകൂടാ എന്ന് എന്നോട് ആരോ ചോദിച്ചു. ഞാൻ ട്വിറ്ററിൽ മെസേജ് അയച്ചു പത്ത് മിനിറ്റിനുള്ളിൽ അദ്ദേഹം എനിക്ക് മറുപടി നൽകി. ഓ മൈ ഗോഡ്, അദ്ദേഹം എനിക്ക് മറുപടി നൽകുക മാത്രമല്ല, ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും എന്നെ ഫോളോ കൂടി ചെയ്തു. ഇതിൽ കൂടുതൽ എന്തു വേണം എനിക്ക് ആനന്ദിക്കാൻ. എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. യുവാക്കളുടെ ഐക്കണാണ് അദ്ദേഹം.

ദുൽഖർ സൽമാന്റെ സിനിമകൾ കണ്ടിട്ടുണ്ടോ?

ഞാൻ കേരളത്തിലുണ്ടായിരുന്ന സമയത്തെല്ലാം വളരെ തിരക്കിലായിരുന്നു. എനിക്ക് ഒരു മലയാളം സിനിമയും പൂർണമായും കാണാൻ കഴിഞ്ഞിട്ടില്ല. ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് അദ്ദേഹത്തിന്റെ സിനിമകളുണ്ട് ട്രെയിലറാണ്. ചാർലി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, കലി, സിഐഎ അങ്ങനെ പലതും. ഞാൻ ദുൽഖർ സൽമാന്റെ മാത്രമല്ല മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകളുടെ ട്രെയിലർ കണ്ടിട്ടുണ്ട്. പുലിമുരുകൻ, ബിഗ് ബി ഇതൊക്കെ എനിക്ക് ഇഷ്ടമാണ്. എന്റെ തിരക്കുകൾ കഴിയുന്നത് അനുസരിച്ച് ഓരോരോ സിനിമയായി കാണാൻ ആഗ്രഹിക്കുന്നു. (ഇതിനിടെ ബിഗ് ബിയിലെ മമ്മൂട്ടിയുടെ ‘കൊച്ചി പഴയ കൊച്ചിയല്ലെന്ന് അറിയാം ബിലാൽ പഴയ ബിലാൽ തന്നെ’ എന്ന മാസ് ഡയലോഗ് അക്ഷരസ്ഫുടതയോടെ അവതരിപ്പിച്ചു കാണിച്ചു.)

ദുൽഖറിനൊപ്പം സ്ക്രീൻ പങ്കിടാൻ അവസരം ലഭിച്ചാൽ?

ദുൽഖർ മറുപടി നൽകിയത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. അത് മാറിയാൽ മാത്രമേ എനിക്ക് ഈ ചോദ്യത്തെപ്പറ്റി സമാധാനമായി ചിന്തിക്കാൻ കൂടി പറ്റൂ. ഇന്ത്യയിൽ മടങ്ങിവരണമെന്നും ഇന്ത്യൻ ഭാഷകളിൽ സിനിമ ചെയ്യണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ഇതിനോടകം ചില ഇന്ത്യൻ ഭാഷകൾ പഠിക്കാനുള്ള ശ്രമവും ഞാൻ തുടങ്ങി കഴിഞ്ഞു.

മലയാളഭാഷയും സംസ്കാരവും മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നോ?

സംസ്കാരവുമായി ഒത്തുപോകാൻ ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇവിടുത്തെ ആളുകളെയും സംസ്കാരവുമൊക്കെ. ഭാഷ ചില സമയത്തൊക്കെ വെല്ലുവിളിയായിട്ടുണ്ട്. ഉദാഹരണത്തിന്, ഞാൻ ഒരു കടയിൽ ചെല്ലുന്ന സമയത്ത് അവിടെയുള്ള ആളിനു ഇംഗ്ലിഷ് അറിയില്ല, എനിക്കും മലയാളവും. ഞാൻ ഇംഗ്ലിഷിലും അയാൾ മലയാളത്തിലും സംസാരിക്കും. രണ്ടുപേർക്കും ഒന്നും മനസ്സിലാകില്ല. രണ്ടുപേരും പരസ്പരം നോക്കി ചിരിക്കും. ഒടുവിൽ ആംഗ്യഭാഷയിലൂടെയാണ് ഞങ്ങൾ ആശയ വിനിമയം നടത്തുന്നത്. ഒരേ സമയം വെല്ലുവിളിയും രസകരവുമായിരുന്നു അത്. കേരളത്തിൽ ഒരുപാടൊന്നും യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ല. മലപ്പുറത്ത് സെവൻസ് ഫുട്ബോൾ കാണാൻ പോയിരുന്നു. അത് നല്ലൊരു അനുഭവമായിരുന്നു.

ഇഷ്ടപ്പെട്ട കേരള ഭക്ഷണം

പൊറോട്ടയും ചിക്കൻ കറിയുമാണ് എന്റെ ഫേവറിറ്റ്. പത്തിരി, അപ്പം, ദോശ, പഴംപൊരി ഇതെല്ലാം എനിക്ക് ഇഷ്ടമാണ്.

സിനിമയുടെ റിലീസിനും പ്രമോഷനും വേണ്ടി കേരളത്തിൽ എത്തിയ സാമുവേൽ നൈജീരിയയിലേക്കു മടങ്ങാനുള്ള തയാറെടുപ്പിലാണ്.അഭിമുഖം അവസാനിക്കുന്നതിനു മുമ്പ് അൽപം വികാരാധീനനായി അയാൾ ഇങ്ങനെ പറഞ്ഞു ‘ഐ റിയലി ഗോയിങ് ടു മിസ് കേരള ആൻഡ് ദി പീപ്പിൾ ഹിയർ.’