എനിക്ക് പറയാനുള്ളത്: സാമുവൽ

നവാഗതനായ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത 'സുഡാനി  ഫ്രം നൈജീരിയ' നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നതിനിടെയാണ് സുഡുവെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സാമുവൽ റോബിൻസൺ നിർമാതാക്കൾക്കെതിരെ ചുവപ്പ് കാർഡ് പുറത്തെടുത്തത്. ആഫ്രിക്കൻ വംശജനായ തന്നോട് നിർമാതാക്കൾ വംശീയ വിവേചനം നടത്തിയെന്നും പ്രതിഫലമായി തുച്ഛമായ തുക മാത്രമാണ് നൽകിയതെന്നതുമായിരുന്നു പ്രധാന ആരോപണം. 

കരാർ പ്രകാരമുള്ള തുക കൈമാറിയിട്ടുണ്ടെന്നും വംശീയ അധിക്ഷേപ ആരോപണം വേദനിപ്പിച്ചെന്നും ചൂണ്ടികാട്ടി ചിത്രത്തിന്റെ നിർമാതാക്കളായ സമീർ താഹിറും ഷൈജു ഖാലിദും വിശദീകരണകുറിപ്പുമായി മുന്നോട്ട് വരുകയും ചെയ്തിരുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സാമുവൽ റോബിൻസൺ തന്റെ നിലപാടുകൾ വ്യക്തമാക്കുന്നു. 

വംശീയ വിവേചനം മൂലമാണ് നിർമാതാക്കൾ തുച്ഛമായ പ്രതിഫലം നൽകിയതെന്ന ആരോപണത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ

തീർച്ചയായിട്ടും. ഇത്രയേറെ സംഭവ വികാസങ്ങൾ ഉണ്ടായിട്ടും നിർമാതാക്കളുടെ ഭാഗത്ത് നിന്ന് എനിക്ക് ഒന്നും കേൾക്കാൻ കഴിഞ്ഞിട്ടില്ല. ഇത് വംശീയ വിവേചനം അല്ലെങ്കിൽ ഈ സമയത്തിനുള്ളിൽ മദ്ധ്യസ്ഥ ചർച്ചയിലൂടെ വിഷയം അവർ രമ്യമായി പരിഹരിക്കാൻ ശ്രമിക്കുമായിരുന്നു. നിർഭാഗ്യവശാൽ അവർ അത്തരത്തിൽ ഒരു ശ്രമവും നടത്തിയിട്ടില്ല. അത് അവരുടെ മനോഭാവത്തെയല്ലേ സൂചിപ്പിക്കുന്നത്. അത് ഒരിക്കൽ കൂടി വംശീയ വിവേചനം നടന്നിട്ടുണ്ടെന്ന എന്റെ ആരോപണത്തെ ബലപ്പെടുത്തുകയല്ലേ ചെയ്യുന്നത്. 

ആഫ്രിക്കൻ വംശജൻ എന്ന രീതിയിൽ എപ്പോഴെങ്കിലും ഇത്തരത്തിൽ വിവേചനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടോ

കേരളത്തിലെ പൊതുസമൂഹത്തിൽ നിന്ന് എനിക്ക് ഒരു തരത്തിലുമുള്ള വിവേചനവും അനുഭവപ്പെട്ടിട്ടില്ല. ഇപ്പോഴും ഞാൻ പറയുന്നത് നിർമാതാക്കളാണ് എന്നോട് വിവേചനം കാട്ടിയതെന്നു തന്നെയാണ്. ഞാൻ ആഫ്രിക്കയിലാണ് ജനിച്ചു വളർന്നത്. എന്റെ നാട്ടിൽ ഒരുതരത്തിലുള്ള വംശീയ വിവേചനങ്ങൾക്കും ഞാൻ ഇതുവരെ ഇരയായിട്ടില്ല. ഇത് എന്റെ ആദ്യത്തെ അനുഭവമാണ്. 

നിർമാതാക്കൾ ന്യായമായ ഒരു പ്രതിഫല തുകയുമായി സമീപിച്ചാൽ സ്വീകരിക്കുമോ

തീർച്ചയായിട്ടും. നിർമാതാക്കൾ ന്യായമായ പ്രതിഫലം നൽകാൻ തയ്യാറായി മുന്നോട്ട് വന്നാൽ സ്വീകരിക്കും. നിർഭാഗ്യവശാൽ അവരുടെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള ഒരു സന്ദേശങ്ങളും എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. 

സാമുവലിന്റെ നിർമാതാക്കളെ വിമർശിച്ചുള്ള ആരോപണങ്ങൾ ഭാവിയിൽ ഇന്ത്യൻ സിനിമയിൽ നിന്നുള്ള അവസരങ്ങൾ കുറക്കുമെന്നു കരുതുന്നുണ്ടോ

നോ കമൻന്റ്സ് 

പ്രതിഫലത്തെ ചൊല്ലിയുള്ള വിവാദങ്ങൾ സംവിധായകൻ സഖരിയുമായിട്ടുള്ള സൗഹൃദത്തെ ദുർബലപ്പെടുത്തിയതായി തോന്നുന്നുണ്ടോ

നിർഭാഗ്യവശാൽ നിർമ്മാതാക്കളുടെ തെറ്റായ സമീപനങ്ങൾ ഞാനും സംവിധായകൻ സഖരിയയും തമ്മിലുള്ള ബന്ധത്തെ ദുർബലപ്പെടുത്തിയിട്ടുണ്ട്. സക്കരിയ പ്രതിഭയുള്ള സംവിധായകനും നല്ലൊരു മനുഷ്യസ്നേഹിയുമാണ്. അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തിലുണ്ടായിട്ടുള്ള വിള്ളലാണ് ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് എന്നെ ഏറെ വേദനിപ്പിക്കുന്നത്. സക്കരിയ നല്ല വ്യക്തിയാണ് എന്റെ ഹൃദയത്തിൽ എല്ലാ കാലത്തും അദ്ദേഹത്തിനു ശ്രേഷ്ഠമായൊരു സ്ഥാനം ഉണ്ടാകും.

ഒരു വിഭാഗം മലയാളികൾ താങ്കളുടെ അഭിപ്രായ പ്രകടനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു എന്നു തോന്നുന്നുണ്ടോ

മലയാളികളോട് എനിക്ക് പറയാനുള്ളത് 'സുഡാനി ഫ്രം നൈജീരിയ'യുടെ നിർമാതാക്കളിൽ നിന്നു മാത്രമാണ് എനിക്ക് വിവേചനം അനുഭവപ്പെട്ടത്. കേരളത്തിലെ പൊതു സമൂഹം ഒരിക്കൽ പോലും എന്നോട് ഒരു തരത്തിലുള്ള വിവേചനവും കാണിച്ചിട്ടില്ല. അവരിൽ നിന്ന് എനിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. കേരള സമൂഹത്തെ അടച്ച് ആക്ഷേപിച്ചു എന്ന തരത്തിൽ എന്റെ വാക്കുകളെ ദയവായി തെറ്റായി വ്യാഖ്യാനിക്കരുത്. 

ചിത്രത്തിന്റെ നിർമാതാക്കൾ വംശീയ അധിക്ഷേപത്തിനു പേരു കേട്ടവർ അല്ല, മലയാളത്തിലെ പല പുതുമുഖങ്ങളും ഇതിലും കുറവ് പ്രതിഫലമോ പ്രതിഫലം ഇല്ലാതെയും അഭിനയിച്ചിട്ടുള്ളവരാണ്. വംശീയ അധിക്ഷേപം എന്നതിനേക്കാൾ ഇത് ഒരു തരം ചൂഷണവും വഞ്ചനയുമായി കാണാവുന്നതല്ലേ

നൈജീരിയിൽ ഒട്ടേറെ വേദികളിൽ അഭിനയിച്ച് അനുഭവ സമ്പത്തുള്ള എന്നെ ഒരു പുതുമുഖമായി പരിമിതപ്പെടുത്താൻ കഴിയില്ലല്ലോ. ചൂഷണവും വഞ്ചനയും നടന്നിട്ടുണ്ട്. എന്നാൽ അതിൽ മാത്രം ഈ വിഷയത്തെ പരിമിതപ്പെടുത്താൻ കഴിയില്ല. വംശീയ വിവേചനം നടന്നിട്ടുണ്ട് അതൊരു യഥാർത്ഥ്യമാണ്. ഒരു വിദേശതാരത്തിനു കേരളത്തിന്റെ പേരിൽ മാന്യമായ പ്രതിഫലം നൽകാൻ നിർമാതാക്കൾ ബാധ്യസ്ഥരാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. വിഷയത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ല; ശുഭകരമായ  അന്ത്യം ഉണ്ടാകുന്നതിനായി കാത്തിരിക്കുന്നു.