ട്രെയിൻ ഇല്ലാത്ത തീവണ്ടി, ഫുട്ബോൾ ഇല്ലാത്ത മറഡോണ. പക്ഷെ രണ്ടിലും ടൊവീനോയുണ്ട്. തീവണ്ടി എന്ന ചിത്രത്തിലെ തീവണ്ടിയും മറഡോണയിലെ മറഡോണയും ടൊവീനോ തന്നെ. 2017–ൽ ഹിറ്റുകളുടെ ഒരു നിര തന്നെ തീർത്ത ടൊവീനോ തോമസ് ഇക്കൊല്ലം തീവണ്ടിയുമായി കൂകിപ്പാഞ്ഞ് മറഡോണയിലൂടെ ആരവം തീർത്ത് എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറെയാണ്.
∙ എന്താണ് തീവണ്ടിയും മറഡോണയും ?
തീവണ്ടിയിലെ നായകൻ ഒരു കടുത്ത പുകവലിക്കാരനാണ്. അയാൾക്ക് നാട്ടുകാർ ഇട്ടിരിക്കുന്ന ഇരട്ടപ്പേരാണ് തീവണ്ടി. പുകവലിക്കാരനായ ഒരാളുടെ കഥ പൊളിറ്റിക്കൽ സറ്റയറാക്കി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. ഒരു പ്രത്യേക സാഹചര്യത്തിൽ അയാൾ പുകവലി നിർത്തുന്നതും മറ്റുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. മറഡോണ ഫുട്ബോൾ സിനിമയല്ല. ചിത്രത്തിലെ ഫുട്ബോൾ ആരാധകനായ എന്റെ കഥാപാത്രത്തിന്റെ പേരാണ് മറഡോണ. സാധാരണക്കാർക്ക് ഒരുപാട് പരിചിതമായ സാഹചര്യങ്ങളുള്ള അവർക്കിഷ്ടപ്പെടുന്ന സിനിമകളായിരിക്കും രണ്ടുമെന്ന് പ്രതീക്ഷിക്കുന്നു.
∙ എന്നു നിന്റെ മൊയ്തീൻ, ചാർലി, ഗപ്പി, ഗോദ, മായാനദി... അടുത്തിടെ അഭിനയിച്ച മിക്ക സിനിമകളിലും ടൊവീനോയ്ക്കൊപ്പമോ അതിനെക്കാളോ പ്രാധാന്യം ഇൗ സിനിമകളിലെ മറ്റു കഥാപാത്രങ്ങൾക്കില്ലേ ?
നായകനെ മാത്രം കാണാനല്ലല്ലോ എല്ലാവരും സിനിമയ്ക്ക് വരുന്നത്. കഥയും എല്ലാ കഥാപാത്രങ്ങളും നന്നായെങ്കിൽ മാത്രമെ സിനിമ നന്നാകൂ. ഒാർമിക്കപ്പെടൂ. എന്നെ മാത്രം കാണാനല്ല മറിച്ച് സിനിമ കാണാനാണ് ആളുകൾ വരുന്നത്. സിനിമ എന്നത് ഒരു ടോട്ടൽ പാക്കേജ് ആണ്. അല്ലാതെ ഇതൊരിക്കലും ഒരു വൺമാൻ ഷോ അല്ല. എല്ലാവരും നന്നാകണം. എല്ലാ കഥാപാത്രങ്ങളും നന്നാകണം. അപ്പോൾ സിനിമയും നന്നാവും.
∙ സിനിമകൾ തിരഞ്ഞെടുക്കുന്നിനുള്ള മാനദണ്ഡം ?
ഒരേ തരത്തിലുള്ള സിനിമകൾ ചെയ്യുന്നതിൽ താൽപര്യമില്ല. ഒറ്റവരിയിൽ ഒരു കഥ എക്സൈറ്റിങ്ങ് ആകുന്നതായി ഒരിക്കലും എനിക്ക് തോന്നിയിട്ടുമില്ല. വ്യത്യസ്തമായ കഥകൾ കേൾക്കുമ്പോൾ അതിൽ എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് തോന്നിയാൽ അതു തിരഞ്ഞെടുക്കും. അതിനു മുമ്പ് അതിന്റെ സംവിധായകൻ ആരാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്താണ്, അതു പോലെ ആ സിനിമയ്ക്കു പിന്നിലുള്ള ടീം ആരാണ് ഇതൊക്കെ നോക്കാറുണ്ട്. എല്ലാം ഒത്തു വരുമ്പോഴാണ് ഒരു സിനിമ തിരഞ്ഞെടുക്കുന്നത്.
∙ മലയാളത്തിലെ മറ്റു യുവനായകരിൽ നിന്ന് ടൊവീനോ വേറിട്ടു നിർത്തുന്നത് എന്താണ് ?
മറ്റൊരാളുമായി താരതമ്യം ചെയ്തിട്ടല്ല ഞാൻ എന്റെ മൂല്യം നിർണയിക്കേണ്ടത്. ഞാൻ എന്നോടു തന്നെയാണ് മത്സരിക്കുന്നത്. മറ്റൊരാളുമായി മത്സരിച്ചല്ല ഞാൻ എന്റെ പരിമിതികളെ മറികടക്കുന്നത്. ഒാരോരുത്തരും അവരവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള അവർക്കു യോജിച്ച സിനിമകൾ ചെയ്യുന്നു. ഒരാൾ മികച്ചത് മറ്റെയാൾ മോശം എന്നൊക്കെ ഏത് അളവുകോലിന്റെ അടിസ്ഥാനത്തിലാണ് പറയാൻ സാധിക്കുക. അതൊക്കെ പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. ഇപ്പോൾ സിനിമയിലുള്ള എല്ലാവരുമായും അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് ഞാൻ. അവരുടെയൊക്കെ സിനിമകൾ പരമാവധി കാണാൻ ശ്രമിക്കാറുണ്ട്. എല്ലാ കഴിവുകളോടും കൂടി ആരും വരുന്നില്ല. എന്നാൽ ഒരു കഴിവും ഇല്ലാത്ത ആരും ഇവിടെ ഇല്ല താനും. ഒരേ അളവുകോൽ വച്ച് എല്ലാവരെയും അളക്കാൻ സാധിക്കില്ല. ഒരുപാട് വ്യത്യസ്ത കഴിവുകളുള്ള ആളുകൾ ഒത്തു ചേരുമ്പോഴാണ് ചലച്ചിത്ര മേഖല വലുതാകുന്നത്. ഞങ്ങളെല്ലാവരും കൂടുന്ന ഒരു ടീമാണ് മലയാള സിനിമ. ആ ടീം വലുതാകുമ്പോൾ അതിന്റെ ഗുണം അതിലെ ഒാരോ അംഗങ്ങൾക്കും ലഭിക്കും.
∙ സമൂഹമാധ്യമങ്ങളിലെ ട്രോളുകളെ താങ്കൾ എങ്ങനെ കാണുന്നു ?
നല്ല ഹ്യൂമർ സെൻസുള്ള ഒരുപാട് ആളുകളാണ് ഇതിന്റെ പിറകിലുള്ളത്. വ്യക്തിഹത്യയിലേക്ക് പോകാതിരുന്നാൽ ട്രോളുകൾ വളരെയധികം ആസ്വദിക്കാവുന്നതാണ്. എന്റെ മാത്രം കാര്യമല്ല പറഞ്ഞത്. ഏതൊരു വ്യക്തിയെയും സ്വഭാവഹത്യ ചെയ്യുന്ന രീതിയിലോ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലൊ ട്രോളുകൾ പോകുന്നില്ല എങ്കിൽ ഒരു കുഴപ്പവുമില്ല. ഒരാൾക്കെതിരെ ആസൂത്രിതമായ ആക്രമണമുണ്ടാകുമ്പോഴാണ് കുഴപ്പം. അല്ലെങ്കിൽ എനിക്കും നിങ്ങൾക്കും വായിച്ചു ചിരിക്കാവുന്ന കാര്യങ്ങളാണ് ട്രോളുകൾ വഴി വരുന്നത്.
∙ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങളിൽ ടൊവീനോ ഇപ്പോൾ മിതത്വം പാലിക്കുന്നത് എന്തു കൊണ്ടാണ് ?
പ്രതികരിക്കുന്നതിൽ യാതൊരു കുറവും ഞാൻ വരുത്തിയിട്ടില്ല. എന്റെ ചിന്താഗതികൾ മാറ്റി എന്തെങ്കിലും കോംപ്രമൈസ് ചെയ്തു ജീവിക്കാൻ എനിക്ക് താൽപര്യവുമില്ല. ഞാൻ പഴയതു പോലെ തന്നെയാണ് ജീവിക്കുന്നത്. പക്ഷേ എന്റെ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഒരുപാട് സമയം ചെലവിടാൻ സാധിക്കുന്നില്ല. അതിനുള്ള താൽപര്യവുമില്ല. അവശ്യമുള്ളപ്പോൾ ആവശ്യമുള്ളവരോട് ഞാനെന്റെ നിലപാടുകൾ പറയാറുണ്ട്. ഒാരോ ദിവസവും ഒാരോ സ്റ്റാറ്റ്സ് അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യമില്ലല്ലോ. എത്ര നല്ല കാര്യങ്ങൾ പറഞ്ഞാലും അതിനു പോലും കുറ്റം കണ്ടു പിടിക്കാൻ കഴിവും പ്രാപ്തിയും ഉള്ളയാളുകൾ ഉള്ളപ്പോൾ പറയുന്നതിനെ വളച്ചൊടിക്കാനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കുകയല്ലേ നല്ലത്. നമ്മുടെ നിലപാടുകൾ വ്യക്തമാക്കാൻ നമുക്ക് സിനിമയുണ്ട്. എല്ലാ സിനിമകളും നല്ല സന്ദേശങ്ങളാണ് നൽകുന്നതെന്നല്ല പക്ഷേ പരമാവധി അതിനു ശ്രമിക്കാറുണ്ട്.
∙‘സെക്സ് ഇൗസ് നോട്ട് എ പ്രോമിസ്’ എന്ന ഡയലോഗ് മായാനദിയിലെ നായിക പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു. അതൊരു നായകൻ പറഞ്ഞിരുന്നെങ്കിലോ ?
മായാനദിയുടെ പ്രമോഷന്റെ സമയത്ത് ഞാൻ തന്നെ ഇൗ ചോദ്യം മുന്നോട്ട് വച്ചിട്ടുണ്ട്. ‘സെക്സ് ഇൗസ് നോട്ട് എ പ്രോമിസ്’ എന്നത് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരു പോലെ തന്നെയാണ്. പക്ഷേ പുരുഷൻ പറയുമ്പോൾ ആരും കയ്യടിക്കാറില്ല. സ്ത്രീ പറയുമ്പോൾ കയ്യടിക്കുന്നു. സിനിമയിൽ ആ രംഗമുണ്ട്. പക്ഷെ ജീവിതത്തിൽ ആരെങ്കിലും അങ്ങനെ പറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ൾ ഉൗഹിക്കാൻ പോലും സാധിക്കില്ല.
∙ ഫാൻസ് അസോസിയേഷൻ വേണോ വേണ്ടയോ ? ടൊവീനോയുടെ അഭിപ്രായം എന്താണ് ?
ഫാൻസ് അസോസിയേഷൻ തുടങ്ങേണ്ട എന്നു തീരുമാനിച്ചിരുന്നയാളാണ് ഞാൻ. എനിക്കു പല നല്ല നടന്മാരോടും ആരാധനയുണ്ട്. പക്ഷെ ഞാൻ ഒരു ഫാൻസ് അസോസിയേഷനിലും അംഗമല്ല. എന്നാൽ എനിക്ക് ഇപ്പോൾ ഒരു ഫാൻസ് അസോസിയേഷനുണ്ട്. ഒരുപാടു പേർ നിരന്തരമായി വിളിച്ചു ചോദിച്ചപ്പോൾ ഞാൻ പറയുന്ന കുറച്ചു കാര്യങ്ങൾ അംഗീകരിക്കാമെങ്കിൽ ഫാൻസ് അസോസിയേഷൻ തുടങ്ങിക്കോ എന്നു പറഞ്ഞു. മറ്റു നടന്മാരെയോ അവരുടെ ഫാൻസിനെയോ കളിയാക്കാനോ മോശമാക്കാനോ എന്റെ പേര് ഉപയോഗിക്കരുതെന്നാണ് ആദ്യം പറഞ്ഞത്.
എന്നെ സംബന്ധിച്ച് സിനിമയെന്നത് എന്റെ ജീവിതമാണ്, ജോലിയാണ്, ഉപജീവനമാർഗമാണ്, എല്ലാമാണ്. പക്ഷെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. അവനെ സംബന്ധിച്ച് സിനിമ എന്നത് ഒരു വിനോദോപാധി മാത്രമാണ്. അത്രയും പ്രാധാന്യമേ കൊടുക്കാവൂ. ആദ്യം കുടുംബം പിന്നെ കൂട്ടൂകാർ നാട്ടുകാർ ഒടുവിൽ സിനിമ. അത്ര പോലും പ്രാധാന്യം സിനിമയിലഭിനയിക്കുന്ന എനിക്ക് കൊടുക്കേണ്ട ആവശ്യമില്ല. ഇതൊക്കെ കഴിഞ്ഞ് സമയമുണ്ടെങ്കിൽ മാത്രമെ ഫാൻസ് അസോസിയേഷൻ പരിപാടികൾക്ക് നിൽക്കാൻ പാടുള്ളൂ എന്നു പറഞ്ഞതാണ് രണ്ടാമത്തെ കാര്യം. ചാരിറ്റി ഫാൻസ് അസോസിയേഷന്റെ പേരിൽ ചെയ്യേണ്ട ആവശ്യമില്ലല്ലോ. അവർ ചെയ്യുന്നതിന്റെ പുണ്യം അവർക്കുള്ളതല്ലേ എനിക്കുള്ളതല്ലല്ലോ.
എന്തിനാണ് ഫാൻസ് അസോസിയേഷൻ എന്ന് അവരോട് ഞാൻ ഇപ്പോഴും ചോദിക്കാറുണ്ട്. ഒരേ ഇഷ്ടങ്ങളുള്ളവർക്ക് ഒന്നിച്ചു കൂടാനും ഒരുമിച്ച് സിനിമ കാണാനും സന്തോഷം പങ്കു വയ്ക്കാനാണെന്നും അവർ മറുപടി പറയും. അങ്ങനെ തന്നെയാണ് അവർ മുന്നോട്ടു പോകുന്നതും.
∙ മാരി 2–വിലെ ധനുഷിന്റെ വില്ലൻ ?
എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് ധനുഷ്. ഞങ്ങളൊന്നിച്ചുള്ള ഷൂട്ട് തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ഇരുപത്താറാം വയസ്സിൽ ദേശീയ ആവാർഡ് ലഭിച്ച, സിനിമ സംവിധാനം ചെയ്ത, കുറച്ചധികം സിനിമകൾ നിർമിച്ച, ഹോളിവുഡിൽ വരെ അഭിനയിച്ചിട്ടുള്ള ഒരു വ്യക്തി. അങ്ങനെയുള്ള ഒരാളുടെ കൂടെ അഭിനയിക്കാൻ സാധിച്ചതു തന്നെ അനുഗ്രഹം. വെറുതെ വന്ന് ഇടി വാങ്ങിപ്പോകുന്ന ഒരാളല്ല ഇതിലെ വില്ലൻ. മികച്ച കഥാപാത്രമാണ്. വില്ലനെ നന്നായി തന്നെ ഉപയോഗിക്കുന്ന സിനിമയാകും മാരി 2.