ഞാന്‍ അച്ഛനെ പോലെയല്ല: വിനീത് ശ്രീനിവാസൻ അഭിമുഖം

മലയാളത്തിന്റെ നവ സിനിമാ ഇടത്തില്‍, ഹൃദയം കൊണ്ട് സൗഹൃദവും പ്രണയവും സ്‌നേഹവും ഒന്നുചേര്‍ന്ന ചിത്രങ്ങള്‍ തീര്‍ത്ത സംവിധായകന്‍. തരംഗത്തിനും മീതെ സഞ്ചരിച്ച് കുറേ നല്ല പാട്ടുകള്‍ തീര്‍ത്ത ഗായകന്‍. വിനീത് ശ്രീനിവാസന് വിശേഷണങ്ങള്‍ അനവധിയാണ്. രാഷ്ട്രീയത്തേയും സിനിമയേയും മനുഷ്യരേയും കുറിച്ച് ശക്തമായ തുറന്നു പറച്ചിലുകള്‍ നടത്തിയ, സിനിമയിലൂടെ അത് സംവദിക്കുകയും ചെയ്ത അച്ഛനെ പോലെയല്ല, കുറച്ച് സൗമ്യമായാണ് വിനീതിന്റെ യാത്ര. അത് അരവിന്ദന്റെ അതിഥികളില്‍ എത്തിനില്‍ക്കുന്നു‍. 

അമ്മാവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍, അച്ഛനോടൊപ്പം വര്‍ഷങ്ങള്‍ക്കിപ്പുറം കുറേ നേരം വെള്ളിത്തിരയില്‍ പങ്കിട്ട ചിത്രം കൂടിയാണിത്. വിനീത് പറയും പോലെ ഒരു നല്ല പാട്ടു പാടിയാല്‍, നല്ലൊരു സിനിമ കണ്ടാല്‍, കുഞ്ഞു മകനൊപ്പം കുറേ നേരം ചെലവിട്ടാല്‍ കിട്ടുന്ന സന്തോഷമുണ്ടല്ലോ, അതേ ത്രില്ലിലാണ് ഈ ചിത്രത്തിനു ശേഷവും. ആ അതിഥികളോട് അത്രമേല്‍ ഇഷ്ടം തോന്നിയതു കൊണ്ടാകണം ആ ചിത്രത്തെ കുറിച്ച് വിനീത് ഒത്തിരി സംസാരിച്ചത്...പിന്നീട് ആ വര്‍ത്തമാനം നീണ്ടുപോയത്... വിനീതിനൊപ്പം കുറച്ചു നേരം.

ഹൃദയത്തോടു ചേര്‍ന്ന അതിഥികള്‍! 

ഒന്നര വര്‍ഷം മുന്‍പ് ഒരു ഒക്ടോബറിലാണ് ഈ ചിത്രത്തെ കുറിച്ച് അറിയുന്നത്. അമ്മയുടെ സഹോദരനായ മോഹനന്‍, മോഹനന്‍ മാമനാണ് സംവിധായകന്‍. അന്ന് കഥ കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഇഷ്ടം തോന്നിയിരുന്നു. നല്ലൊരു ചിത്രമായി ഇത് വരും എന്നു തോന്നി. പക്ഷേ അന്ന് ചിത്രത്തിന്റെ തിരക്കഥയൊന്നും പൂര്‍ത്തിയായിരുന്നില്ല. അത് പൂര്‍ത്തിയായിട്ട് നമുക്ക് നോക്കാം എന്ന്, അന്ന് പറഞ്ഞു. പിന്നീട് ഒരു വര്‍ഷത്തിനിപ്പുറമാണ് തിരക്കഥയുടെ പൂര്‍ത്തിയാകുന്നത്. അത് വായിച്ചപ്പോള്‍ തന്നെ എനിക്കൊരുപാട് ഇഷ്ടമായി. കേള്‍ക്കുമ്പോള്‍ തന്നെ സ്നേഹം തോന്നുന്നൊരു കഥ. അതേക്കുറിച്ച് പിന്നെ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. കഥ നടക്കുന്നത് മൂകാംബികയിലാണെന്നത് വലിയ സന്തോഷമായി. നമുക്ക് മലയാളികള്‍ക്കൊരു മൂകാംബിക കണക്ഷന്‍ ഉണ്ടല്ലോ. എഴുത്തുകാര്‍ക്കും സിനിമാക്കാര്‍ക്കും എപ്പോഴും പോകാനിഷ്ടമുള്ളൊരിടം കൂടിയാണല്ലോ. ഡിസംബറിലാണ് ഷൂട്ട് തുടങ്ങിയത്.

സിനിമ നടക്കുന്ന സ്ഥലവും പലപ്പോഴായി കേട്ടു മനസ്സില്‍ കൂടിയ അതിന്റെ കഥയ്ക്കും അപ്പുറം സിനിമയോട് കൂടുതല്‍ അടുപ്പം വന്നത് അത് എന്റെ അങ്കിളിന്റെ ചിത്രമാണെന്നുള്ളതു കൊണ്ടു കൂടിയാണ്. അച്ഛന് ഷൂട്ട് ഉള്ള ദിവസം അമ്മയും അവിടെയുണ്ടായിരുന്നു. എന്റെ ഭാര്യ ദിവ്യയും കുഞ്ഞും എനിക്കൊപ്പമുണ്ടായിരുന്നു. അങ്ങനെ കുടുംബം മുഴുവന്‍ മൂകാംബികയാലായിരുന്നു ആ സമയത്ത്. അപ്രതീക്ഷിതമായ കുറേ കാര്യങ്ങളുണ്ടായി.

ദിവ്യയുമൊത്തുള്ള ആദ്യത്തെ ബൈക്ക് യാത്ര!

നമ്മള്‍ എവിടെ ഷൂട്ടിനു പോയാലും ആ സ്ഥലം എത്ര നിയന്ത്രണമുള്ള ഇടമാണെങ്കിലും നമുക്ക് കുറച്ചധികം സ്വാതന്ത്ര്യം കിട്ടും.അത് ഷൂട്ടിങിന്റെ പ്രത്യേകതയാണ്,  മൂകാംബികയിലും അങ്ങനെ തന്നെ. അവിടെ ക്ഷേത്രത്തിനു മുന്‍ വശത്തൊന്നും അധികം വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കാറില്ല. പക്ഷേ എനിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടായി. ഞാനൊരു ടിവിഎസ് ഫിഫ്റ്റിയിലാണ് ഷൂട്ടിങ് സ്ഥലത്തേക്കു പോയി വന്നിരുന്നത്. അത് ആര്‍ക്കും ഓടിക്കാനാകുന്നൊരു ബൈക്ക് ആണല്ലോ. ഒരു ദിവസം രാവിലെ ദിവ്യയേയും കൂട്ടി അതില്‍ അമ്പലത്തിനു ചുറ്റും മുക്കാല്‍ മണിക്കൂറോളം കറങ്ങി. അതായിരുന്നു ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യ ബൈക്ക് യാത്ര. കോളജില്‍ വച്ച് ദിവ്യയുമൊത്ത് കാറിലൊക്കെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും എനിക്കൊപ്പം ഒരു ബൈക്ക് യാത്ര അവളുടെ സ്വപ്നമായിരുന്നു. എനിക്ക് ബൈക്ക് ഓടിക്കാന്‍ പണ്ടേ വശമില്ലായിരുന്നു. പിന്നെ ഒരു സിനിമാക്കാരന്‍ സിനിമയുടെ സമയത്താണ് ശരിക്കും കുറച്ചെങ്കിലും പ്രാക്ടീസ് ആയത്. 

മൂകാംബികയില്‍ വച്ച് മോന് ചോറൂണ് നടത്തി. അത് മുന്‍കൂട്ടി തീരുമാനിച്ചിരുന്നതൊന്നുമല്ല. മൂകാംബികയിലെ ഒരു ത്രില്ലില്‍ അങ്ങനെയങ്ങു നടന്നു. അതോടൊപ്പം ദാസ് സര്‍(യേശുദാസ്) പിറന്നാള്‍ ആഘോഷത്തിനും പ്രാര്‍ഥനയ്ക്കുമായി അവിടെയെത്തി. ഞാനും അജുവും പിന്നെ മൂന്നാലു പേരും ചേര്‍ന്ന് അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങിക്കാനായി. അങ്ങനെ കുറേ കഥകള്‍...

വീട്ടിലെ സിനിമ!

എനിക്ക് ഓര്‍മ വയ്ക്കും മുന്‍പേ എന്നെ സ്നേഹത്തോടെ കരുതലോടെ കണ്ട ആളാണ് മോഹനന്‍ മാമന്‍. അങ്ങനെയൊരാളിന്റെ സിനിമയാകുമ്പോള്‍ നമുക്ക് ഒരു പ്രത്യേക അടുപ്പം കാണും. വളരെ കംഫര്‍ട്ടബിള്‍ ആയ ഒരു സംവിധായകനൊപ്പം പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഒരു അടുപ്പം തോന്നും. സാധാരണ ഞാന്‍ അഭിനയിക്കുക മാത്രം ചെയ്യുന്ന സിനിമകളില്‍ ഷൂട്ടിങ് സമയത്ത് സംവിധായകനോട് സിനിമയെ പറ്റി, അതിലെന്തെങ്കിലും മാറ്റം വരുത്തുന്നതിനെ പറ്റി ഒന്നും അഭിപ്രായം പറയാറില്ല. അത് അവരുടെ ഒരു സ്വപ്നമാണല്ലോ. അതില്‍ നമ്മള്‍ ഇടപെടുന്നു എന്ന തോന്നലുണ്ടായാലോ എന്ന് ചിന്തിച്ചിട്ടാണ്. അഥവാ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് സിനിമ ഷൂട്ടിങ് തുടങ്ങും മുന്‍പോ അല്ലെങ്കില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തോ ആണ്. ഇവിടെ അങ്ങനെയല്ല. 

ഇക്കാലയളവിനിടയിലെ ജീവിതത്തില്‍ എന്നോട് ചേര്‍ന്നു നിന്ന, ഞാന്‍ ഏറെ സ്വാതന്ത്ര്യത്തോടെ ഇടപഴകിയ ഒരാളിന്റെ സിനിമയാണ്. അതുപോലെ നമ്മള്‍ ആര് എന്ത് അഭിപ്രായം പറഞ്ഞാലും അത് സിനിമയ്ക്ക് ചേരുന്നുവെങ്കില്‍ അത് അംഗീകരിക്കാന്‍ തയ്യാറുള്ളൊരാളാണ്. അതുകൊണ്ടു തന്നെ എന്നും രാത്രി ഷൂട്ട് കഴിഞ്ഞ് ഞാനും മാമനും പിന്നെ അസോസിയേറ്റ് ഡയറക്ടര്‍ വാവക്ക, കണ്‍ട്രോളര്‍ ഷാഫി കാമറാമാന്‍ സ്വരൂപ് എന്നിവര്‍ ചേര്‍ന്ന് പിറ്റേന്ന് ഷൂട്ട് ചെയ്യേണ്ട സീനുകളെ കുറിച്ചൊക്കെ ചര്‍ച്ച പതിവായിരുന്നു. 

ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ആ സീന്‍ പങ്കുവയ്ക്കുന്ന വികാരവായ്പ് ശരിക്കും എനിക്ക് അറിയാനായി. അത് കഥാപാത്രത്തിന്റേതല്ല, എന്റെ മനസ്സിനുള്ളില്‍ നിന്നു തന്നെ വരുന്നതു പോലെ തോന്നി. എല്ലായ്പ്പോഴും നമുക്കങ്ങനെയുള്ള കാര്യങ്ങള്‍ അനുഭവിക്കാന്‍ കഴിയില്ല. അപൂര്‍വം ചിത്രങ്ങളിലെ അങ്ങനെ സാധിക്കൂ. ഇവിടെ അങ്ങനെയായിരുന്നു. ഒരുപക്ഷേ ആ സിനിമയോട് മനസ്സുകൊണ്ട് അത്രയും ചേര്‍ന്നു നില്‍ക്കുന്നതിനാലാകണം.

അച്ഛനോടൊപ്പം അന്നും ഇന്നും

മകന്റെ അച്ഛനു ശേഷം അച്ഛനൊപ്പം അഭിനയിച്ചത് ട്രാഫിക്കിലും സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിലുമാണ്. ട്രാഫിക്കില്‍ ഒരുമിച്ചുള്ള സീനുകളില്ല. സരോജ് കുമാറില്‍ ഒന്നോ രണ്ടോ ഉണ്ട്. ഈ ചിത്രത്തില്‍ ഉടനീളം അത്തരത്തിലുള്ള സീനുകളുണ്ട്. 

മകന്റെ അച്ഛന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ ഭയങ്കര നെര്‍വസ് ആയിരുന്നു. ഓരോ ഷോട്ടിലേക്കും ടെഷന്‍നോടെയാണ് കടന്നത്. അതിനു മുന്‍പ് ആകെ ഒരു സിനിമ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. അന്ന് അച്ഛനും പിന്നെ ചിത്രത്തിന്റെ സംവിധായകന്‍ വിനു ചേട്ടനും പറയുന്നത് അതേപടി ചെയ്യുന്നുവെന്നേ ഉണ്ടായിരുന്നുള്ളൂ. ഒന്നിനെ പറ്റിയും അഭിപ്രായം പറയാറില്ലായിരുന്നു. അതിന് അറിയുകയുമുണ്ടായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല. ഞാന്‍ വളരെ ആസ്വദിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. അത് വലിയൊരു മാറ്റമായി തോന്നി. 

പിന്നെ ഈ സിനിമയില്‍ അച്ഛനും അമ്മാവനും മാത്രമല്ല, മറ്റ് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് നല്ല സൗഹൃദത്തിലായവരുടെ ഒരു വലിയ കൂട്ടം ചിത്രത്തിലുണ്ടായിരുന്നു. അതുകൊണ്ട് ആ അന്തരീക്ഷം ഏറെ പ്രിയപ്പെട്ടതായിരുന്നു.  കേരളത്തിലാണ് ഷൂട്ട് എങ്കില്‍ ചെറിയ ഇടവേളകളിലൊക്കെ മിക്കവരും ഒരു സ്വകാര്യതയ്ക്കായി അവരവരുടെ കാരവാനിലേക്ക് മടങ്ങും. ഇവിടെ പക്ഷേ സാഹചര്യം അങ്ങനെയല്ലല്ലോ. അറിയാത്തൊരു സ്ഥലം, ഫോട്ടോയെടുക്കാന്‍ വരാനും മറ്റുമുള്ള ആളുകളുടെ തിരക്കില്ല പിന്നെ ലോഡ്ജിലാണ് സിനിമ നടക്കുന്നത്. അതുകൊണ്ടു തന്നെ ഇടവേളകളിലൊക്കെ എല്ലാവരും ഒരുമിച്ചിരിക്കും. 

എല്ലാ തലമുറയിലുംപെട്ട സിനിമ താരങ്ങളുടെ വലിയ കൂട്ടം. അച്ഛനും ലളിത ആന്റിയുമൊക്കെയുള്ള പഴയ തലമുറ അവരുടെ കാലത്തെ സിനിമ അനുഭവം പറയുന്നു, ഞാനും അജുവും ബിജുക്കുട്ടനും നിഖിലയുമൊക്കെയടങ്ങുന്ന പുതിയ തലമുറ അത് കേട്ടിരിക്കുന്നു...അങ്ങനെ കുറേ നിമിഷങ്ങള്‍. അത്തരത്തിലുള്ളൊരു അനുഭവം എല്ലാ ചിത്രങ്ങളിലും നമുക്ക് കിട്ടുകയുമില്ലല്ലോ.

അച്ഛന്റെ സ്വാധീനം!

അങ്ങനെ പറയാനറയില്ല. പക്ഷേ അച്ഛന്‍ കൃഷി, ആരോഗ്യം എന്നിവ മാത്രമല്ല, ഓരോ വിഷയത്തെ കുറിച്ച് പഠിക്കാനും കൂടുതല്‍ അറിയാനും താല്‍പര്യം കാണിക്കുന്നൊരാളാണ്. ആ അറിവൊക്കെ നമ്മളിലേക്കും കുറേയൊക്കെ പകരുന്നതു കൊണ്ട് അതിന്റെ ഒരു സ്വാധീനം നമ്മുടെ വ്യക്തി ജീവിതത്തിലും സ്വാഭാവികമായും ഉണ്ടാകുമല്ലോ.  ഭക്ഷണ കാര്യത്തിലൊക്കെ നല്ല ശ്രദ്ധ കാണിക്കുന്നൊരാളാണ് അച്ഛന്‍. എവിടെ പോയാലും വിഷമുക്തമായതു കഴിക്കാന്‍ പരമാവധി ശ്രമിക്കുന്നൊരാള്‍. ഞാന്‍ അത്രയ്ക്കൊന്നുമില്ല. അച്ഛന്‍ കാണിക്കുന്ന ശ്രദ്ധയുടെ നാലിലൊന്നേ ഞാന്‍ എടുക്കാറുള്ളൂ. 

നല്ല ഭക്ഷണ പ്രിയനാണ്. പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കാന്‍ താല്‍പര്യമുള്ളൊരാളാണ്. അന്നേരം അച്ഛന്‍ ഭക്ഷണകാര്യത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നു പറഞ്ഞതൊന്നും നടക്കില്ല. പക്ഷേ ആ ശ്രദ്ധയില്ലായ്മയെ എങ്ങനെ ഭക്ഷണത്തിലൂടെ തന്നെ മറികടക്കാം എന്നുള്ളത് അച്ഛനില്‍ നിന്നു പഠിക്കാനായി. 

ചില നേരം ഒത്തിരി ആഹാരം കഴിച്ച് കഴിയുമ്പോള്‍ നമുക്കത്രയ്ക്ക് സുഖകരമല്ലാത്തൊരു അവസ്ഥ തോന്നാറില്ലേ. അന്നേരമൊക്കെ അത് ശരീരത്തിന് കേടുവരാതെ ഭക്ഷണത്തിലൂടെ തന്നെ എങ്ങനെ നിയന്ത്രിക്കാം എന്നുള്ളതൊക്കെ അച്ഛനില്‍ നിന്നാണ് മനസ്സിലാക്കിയത്. പ്രതിരോധ കാര്യങ്ങളെ കുറിച്ചാണ് ഞാന്‍ പറയുന്നത്.  

അച്ഛന്‍ നന്നായിട്ട് ഒരു സമയത്ത് സിഗരറ്റ് വലിയ്ക്കുമായിരുന്നു. എഴുതുന്ന ശീലമുള്ളതുകൊണ്ട്, ആലോചിച്ചിരുന്നു എഴുതുമ്പോള്‍ സിഗരറ്റ് വലിയും അതോടൊപ്പം തന്നെ ഉണ്ടായിരുന്നു. അതിന്റെ പരിണിത ഫലമായിട്ടായിരുന്നു അടുത്തിടെ വയ്യായ്ക വന്നത്. എന്നിട്ടും അതിനെ അ്ച്ഛനു പ്രതിരോധിക്കാനായത് ഭക്ഷണശീലത്തിന്റെ മികവു കൊണ്ടാണ്.

അച്ഛനും സിനിമയും ഒപ്പം ഞാനും!

പണം കിട്ടാന്‍ വേണ്ടി മാത്രം ഒരിക്കലും അച്ഛന്‍ സിനിമ ചെയ്തിട്ടില്ല. അച്ഛന്റെ സിനിമ നിലപാടുകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നതും, അച്ഛനില്‍ അതു മാത്രമാണ് ഞാന്‍ പിന്തുടര്‍ന്നിരുന്നതും. അച്ഛന്റെ ചില സിനിമകള്‍ നന്നായി വിജയിച്ചു, ചിലത് സൗഹൃദങ്ങളുടെ പേരില്‍ ചെയ്തു, നന്നായി വരുമെന്ന് വിചാരിച്ച ചില സിനിമകള്‍ അങ്ങനെ അല്ലാതെയായി. എങ്കിലും സാമ്പത്തികം ഉണ്ടാക്കാനുള്ള മാര്‍ഗമായി, ജോലി എന്ന നിലയില്‍ മാത്രം സിനിമയെ അച്ഛന്‍ ഒരിക്കലും സമീപിച്ചിരുന്നില്ല. ഞാനും അങ്ങനെ ചെയ്തിട്ടില്ല. 2008ലാണ് ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോള്‍ പത്തു വര്‍ഷമായി. 

പതിനഞ്ച് സിനിമകളിലേ ഇതിനോടകം അഭിനയിച്ചിട്ടുള്ളൂ. വലിച്ചു വാരി സിനിമ ചെയ്യേണ്ട നമുക്ക് ഒരു ആത്മവിശ്വാസമുള്ള ചിത്രമായിരിക്കണം എന്നുമാത്രമേയുള്ളൂ. ഇതുവരെ ചെയ്ത എല്ലാ ചിത്രങ്ങളും ഒരുപാട് ഇഷ്ടത്തോടെ ചെയ്യതതാണ്. അല്ലാതൊരു ചിത്രവും ചെയ്തിട്ടില്ല. സിനിമകള്‍ തിരഞ്ഞെടുക്കുന്നത് കഥയോടു തോന്നുന്ന ഇഷ്ടം കൊണ്ടാകും. ചിലപ്പോള്‍ അത് വന്നു പറയുന്ന ആളുകളില്‍ തോന്നുന്ന വിശ്വാസം കൊണ്ടാകും. പക്ഷേ അങ്ങനെ ചെയ്ത ചിലത് ചെയ്തു കഴിഞ്ഞപ്പോള്‍ പാളിപ്പോയി എന്നും തോന്നിയിട്ടുണ്ട്. സിനിമ വിജയിക്കുമോ ഇല്ലയോ എന്നത് അത്രയ്ക്കങ്ങ് നോക്കാറില്ല. അത് നമുക്ക് പറയാനാകില്ലല്ലോ. 

നമ്മള്‍ ചിന്തിക്കുന്ന പോലൊരു ഫലം തീയറ്ററില്‍ നിന്നു കിട്ടണം എന്നില്ലല്ലോ. ചിലപ്പോള്‍ തോന്നും ഇത് കുടുംബ പ്രേക്ഷകര്‍ക്കിഷ്ടമാകും അല്ലെങ്കില്‍ യുവാക്കള്‍ക്കിഷ്ടമാകും എന്നൊക്കെ. പക്ഷേ ചില ചിത്രങ്ങള്‍ നമ്മള്‍ വിചാരിച്ചതിലും അപ്പുറമുള്ള പ്രതികരണം നേടിത്തരും. ജേക്കബിന്റെ സ്വര്‍ഗരാജ്യം അങ്ങനെയുള്ളൊരു ചിത്രമായിരുന്നു. യുവാക്കള്‍ക്കിഷ്ടമാകുമോ എന്നെനിക്ക് ആശങ്കയുണ്ടായിരുന്നു.പക്ഷേ ഞാന്‍ ചെയ്തതില്‍ ഏറ്റവും വിജയിച്ച ചിത്രമായി അതുമാറി. 

തിര എന്ന ചിത്രത്തിനോട് എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. തട്ടത്തിന്‍ മറയത്തിനേക്കാള്‍ അത് വിജയിക്കും എന്നു കരുതിയെങ്കിലും നേരെ മറിച്ചാണ് സംഭവിച്ചത്. തീയറ്ററില്‍ ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും പുതിയൊരു ചിത്രം ചെയ്യുന്നത് അതിനോട് തോന്നുന്ന ഇഷ്ടത്തിന്റെ പേരില്‍ മാത്രമായിരിക്കും. ഉള്ളു കൊണ്ട് ഇഷ്ടമല്ലാത്ത, അല്ലെങ്കില്‍ ഇത് കാര്യമായൊന്നും പോകില്ല, എന്നാലും ചെയ്തേക്കാം എന്ന് വിചാരിച്ച് ഒരു ചിത്രവും ചെയ്തിട്ടില്ല. വിജയവും പരാജയവും നമ്മുടെ പ്രവചനങ്ങള്‍ക്ക് അപ്പുറമാണ്. പക്ഷേ സിനിമ തിരഞ്ഞെടുക്കുന്ന സമീപനം അന്നും ഇന്നും ഒന്നു തന്നെയാണ്.

തിരയുടെ രണ്ടാം ഭാഗം...

അതിനെ പറ്റി ഇപ്പോള്‍ ഒന്നും പറയാനാകില്ല. അന്നേ അത് ചെയ്യേണ്ടിയിരുന്നതാണ്. പക്ഷേ തിര പ്രതീക്ഷിച്ച വിജയം നേടാതായതോടെ രണ്ടാം ഭാഗം എന്നത് നീണ്ടു പോയി. പിന്നെ വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന്റെ തിരക്കിലായി അതു കഴിഞ്ഞ് ഞാന്‍ കുറേ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള സമ്മതം അറിയിച്ചു കഴിഞ്ഞിരുന്നു. തിരയുടെ രണ്ടാം ഭാഗം ആലോചനയിലുണ്ട്. ആ ചിത്രത്തിനൊരു രണ്ടാം ഭാഗം എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

സ്നേഹവും സൗഹൃദവും കുടുംബ സ്നേഹവുമുള്ള സിനിമ പ്രമേയങ്ങള്‍

ഓരോസമയത്തും നമുക്ക് തോന്നുന്ന, ആ സാഹചര്യം ആവശ്യപ്പെടുന്ന ചിത്രങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇത് ഞാന്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രങ്ങളെ കുറിച്ചാണ് പറഞ്ഞത്. അഭിനയിക്കുക മാത്രം ചെയ്ത ചിത്രങ്ങളുടെ പ്രമേയം അതിന്റെ സംവിധായകരുടെ തീരുമാനങ്ങളാണല്ലോ. ഓരോ സമയത്തും എനിക്ക് ചെയയണം എന്നു തോന്നിയ ചിത്രങ്ങളാണ് ഞാന്‍ എഴുതുകയും സംവിധാനം ചെയ്യുകയുമുണ്ടായത്. സൗഹൃദങ്ങളൂടെ മലര്‍വാടിയിലെത്തി. അതിനു ശേഷം ഒരു ലവ് സ്റ്റോറി ചെയ്യണം എന്നു തോന്നി. നല്ല വിജയം നേടിയ ഒരു പ്രണയ ചിത്രം മലയാളത്തിലുണ്ടായിട്ട് അന്ന് ഏറെക്കാലമായിരുന്നു. നിറം എന്ന ചിത്രത്തിനു ശേഷം കാലമെത്രയോ മുന്നോട്ടു പോയിട്ടും അങ്ങനെയൊരു ചിത്രം വന്നില്ല. അപ്പോള്‍ അത്രയും റൊമാന്റിക് ആയ ചിത്രത്തിനൊരിടം ഉണ്ടെന്നു തോന്നി. അങ്ങനെ ചെയ്ത ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. 

പിന്നെ നമുക്ക് തരുന്നൊരു സ്വാതന്ത്ര്യമുണ്ട്. അതും പുതിയ സിനിമകളിലേക്കെത്തിക്കുന്നിതിനു കാരണമാണ്. നമുക്കിഷ്ടമുള്ള ഇടങ്ങള്‍, കാര്യങ്ങള്‍ ഒക്കെയുണ്ടാകും. കഥാപാത്രങ്ങളിലൂടെ ആ ഇടത്തൊക്കെ സഞ്ചരിക്കാനുള്ളൊരു സ്വാതന്ത്ര്യം സിനിമ തരുന്നതാണ്. നമ്മുടെ ഉള്ളിലെപ്പോഴുമിങ്ങനെ, റീലുകള്‍ പോലെ പൊയ്ക്കൊണ്ടിരിക്കുന്ന ഓര്‍മകളിലേക്കൊരു മടക്കയാത്രയുമാണ്. അതിനെകുറിച്ചെഴുതാനും അത് ദൃശ്യങ്ങളാക്കാനും സിനിമയിലൂടെ നമുക്ക് സാധിക്കും. തലശ്ശേരി എനിക്ക് അങ്ങനെയുള്ളൊരിടമാണ്. ആ തലശ്ശേരിയാണ് തട്ടത്തിന്‍ മറയത്തില്‍ വന്നത്.

തിര ചെയ്യുന്നത് എന്റെ കസിന്‍ ചേട്ടനായ രാകേഷ് മണ്ടോട്ടിയ്ക്കൊപ്പമാണ്. ചേട്ടനുമായ സംസാരിത്തിനിടയിലാണ് തിരയിലേക്കെത്തിച്ചത്. അന്ന് സംസാരിച്ച ഒരു വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളിരുവരും ഏഴ് മാസത്തോളം നീണ്ടു നിന്നൊരു ഗവേഷണം തന്നെ നടത്തി. മനുഷ്യക്കടത്തും ബാലപീഡനവുമായിരുന്നു വിഷയം. അത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു തന്നത്. അത് സിനിമയിലേക്കു കൊണ്ടുവരണം എന്നു തോന്നി. അങ്ങനെയൊരു ആഗ്രഹത്തോടു കൂടി ചെയ്ത സിനിമയാണ്.

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്റെ കൂട്ടുകാരന്റെ ജീവിതമാണ്. അവനെ ചേര്‍ന്നു നിന്ന് അറിഞ്ഞ ജീവിതം. അപ്പോള്‍ ഞാന്‍ ചെയ്തിട്ടുള്ള സിനിമകളെല്ലാം അതത് കാലത്ത് എന്നെ സ്വാധീനിച്ച സംഭവങ്ങളില്‍ നിന്നുണ്ടായതാണ്. 

ഇതുവരെ സംഭവിച്ചത് അങ്ങനെയാണ്. ഇനിയും അങ്ങനെ തന്നെ ആയിരിക്കണം എന്നില്ല. കാലം കഴിയും തോറും നമ്മുടെ അനുഭവങ്ങളും മാറും വ്യക്തിത്വവും മാറും. നമുക്കുള്ളില്‍ നിന്ന് വരുന്ന സിനിമകളും അതോടൊപ്പം മാറും. ഇത്രയും കാലം എന്നില്‍ സംഭവിച്ചത് അതാണ്.

വന്‍ താരങ്ങളെ വച്ചുള്ള സിനിമകളൊന്നും വന്നിട്ടില്ലല്ലോ

വലിയ താരത്തെ വച്ച് വലിയൊരു കമേഷ്യല്‍ പടം ചെയ്യണം, അല്ലെങ്കില്‍ ഏതെങ്കിലുമൊരു താരത്തെ വച്ച് സിനിമ ചെയ്യണം എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ലാല്‍ അങ്കിളിനേയും മമ്മൂട്ടി അങ്കിളിനേയും വച്ചൊക്കെ സിനിമ ചെയ്യണം എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അതിനനുസരിച്ചൊരു തിരക്കഥ രൂപപ്പെടുത്തിയെടുക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. 

സ്വപ്നമുണ്ട്, ഒരു ത്രില്ലര്‍!

ഒരു ത്രില്ലര്‍ ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്. തിര ആ ആഗ്രഹത്തില്‍ നിന്നു കൂടി ഉണ്ടായതാണ്. ഒരുപാട് ആരാധനയോടെ കാണുന്ന ഒരുപാട് അന്താരാഷ്ട്ര ത്രില്ലര്‍ ചിത്രങ്ങളുണ്ട്. ആ നിലവാരത്തില്‍ നില്‍ക്കണം എന്റെ ത്രില്ലര്‍ ചിത്രവും എന്ന ആഗ്രഹമുണ്ട്. പക്ഷേ അത് സാധ്യമായി വരണം. അത് ഉള്ളില്‍ നിന്നു തന്നെ വരണം.

അവയൊന്നും റിയലിസ്റ്റിക് മാത്രമല്ല

ദിലീഷേട്ടന്റെ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സക്കറിയയുടെ സുഡാനി ഫ്രം നൈജീരീയ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് ഇതെല്ലാം എനിക്കൊരുപാടിഷ്ടമുള്ള സിനിമകളാണ്. റിയലിസ്റ്റിക് സിനിമകള്‍ എന്നാണ് ഇവയെ വിലയിരുത്തുന്നതെങ്കിലും ഈ ചിത്രങ്ങളെല്ലാം പൂര്‍ണമായും അങ്ങനെയുള്ള ചിത്രങ്ങളല്ലെന്നാണ് എന്റെ അഭിപ്രായം. നമ്മെ പിടിച്ചിരുത്തുന്ന, എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്ന കൃത്യമായ ഘടങ്ങള്‍ ആ ചിത്രങ്ങളിലുണ്ട്. ഒരേസമയം എന്റര്‍ടെയ്ന്‍ ചെയ്യിക്കാനും അതേസമയം റിയലിസ്റ്റിക് ആകാനും ആ സിനിമകള്‍ക്ക് സാധിക്കുന്നുണ്ട്. അങ്കമാലി ഡയറീസിന്റെ പശ്ചാത്തല സംഗീതവും അപ്പാനി രവി എന്ന കഥാപാത്രവും എത്ര രസകരമാണ്. അത്തരം ഘടകങ്ങള്‍ ആദ്യ കാഴ്ചയില്‍ കാണുന്നവര്‍ക്ക് വളരെ ലളിതമായി തോന്നുമെങ്കിലും അത്തരമൊരു രീതിയില്‍ ആവിഷ്‌കരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. 

നാടകീയമായ ചിത്രങ്ങളും എനിക്കൊരുപാട് ഇഷ്ടമാണ്. അതുപോലെ റിയലിസ്റ്റിക് ആയതും ഇഷ്ടമാണ്. റിയലിസ്റ്റിക് ചിത്രങ്ങളും ബാഹുബലി പോലുള്ള സിനിമകളും ഏറെ ആസ്വദിച്ച് കാണുന്നൊരാളാണ് ഞാന്‍. സുഡാനി ഫ്രം നൈജീരിയ കണ്ട് അതിന്റെ ടൈറ്റില്‍ കാര്‍ഡ് എഴുതി കാണിച്ചു തുടങ്ങുമ്പോഴേക്കും ഞാന്‍ തീയറ്റര്‍ വിട്ടിരുന്നു. എന്റെ കണ്ണൊക്കെ നിറഞ്ഞു വന്ന്. അതാരും കാണേണ്ടെന്നു കരുതി പുറത്തൊരിടത്തിറങ്ങി മാറി നിന്നും. അത്രയ്ക്ക് മനസ്സ് നൊന്തു ആ ചിത്രം കണ്ടപ്പോള്‍. 

രാജ് കുമാര്‍ ഹിരാനിയുടെ എല്ലാ ചിത്രങ്ങളും ഡ്രമാറ്റിക് ആണ്. അത് വളരെ രസകരമായ ഡ്രാമയാണു താനും. അതേസമയം അനുരാഗ് കശ്യപിന്റെ ദേവ് ‍‍ഡി, അഗ്ലി ഇതെല്ലാം ഭയങ്കര രസകരമായ ചിത്രങ്ങളാണ്. റിയലിസ്റ്റിക് ഡ്രാമകളാണ് ഈ ചിത്രങ്ങളെല്ലാം. രണ്ടും രണ്ടു തരത്തിലുള്ള റിയലിസ്റ്റിക് ചിത്രങ്ങളാണ്. നമുക്കെല്ലാത്തരം ചിത്രങ്ങളും വേണമെന്ന അഭിപ്രായമുള്ള ആളാണ്. 

സൗഹൃദവും സിനിമയും...

എനിക്കൊപ്പം സിനിമയിലേക്കു വന്നവരാണ് അജുവും ഷാനും അല്‍ഫോണ്‍സ് പുത്രനും ഒക്കെ. എന്റെ ഒരു ചിത്രം പുറത്തിറങ്ങുമ്പോള്‍ അത് നന്നാവണമെന്ന് അവരും അവരുടേതാണെങ്കില്‍ അതുപോലെ ഞാനും ചിന്തിക്കാറുണ്ട്. പരസ്പരം സഹായിച്ച് മുന്നോട്ടു പോകുന്ന സുഹൃത്തുക്കള്‍ എന്നതിനപ്പുറം ഒരു സപ്പോര്‍ട്ട് സിസ്റ്റം പോലെ നില്‍ക്കുന്നവരാണ് ഞങ്ങള്‍ എല്ലാവരും. 

പിന്നെ ഞങ്ങള്‍ക്കിടയില്‍ മത്സരങ്ങളൊന്നുമില്ല. ഞാനൊട്ടും മത്സരബുദ്ധിയുള്ള ആളല്ല. സിനിമയില്‍ അത്തരം തീപ്പൊരികളുള്ള ഒത്തിരി പേരുണ്ട്. അവരെ വച്ചു നോക്കുമ്പോള്‍ ഞാന്‍ അക്കാര്യത്തില്‍ അല്‍പം പിന്നിലാണ്. സിനിമയ്ക്കപ്പുറമുള്ള ജീവിതത്തെ ഒരുപാട് എന്‍ജോയ് ചെയ്യുന്ന ആളാണ്. ഒരു ദിവസം സിനിമയുമായ് ബന്ധപ്പെട്ടുള്ള എന്തെങ്കിലും ചെയ്യാനായില്ലെങ്കില്‍ ഒരുപാട് സമ്മര്‍ദ്ധത്തിലാകുന്ന ഒരുപാടു പേരെ കണ്ടിട്ടുണ്ട്. എനിക്ക് അത്തരം ടെന്‍ഷന്‍ ഒന്നുമില്ല. 

എന്റെ മകന് രണ്ടു വയസ് ആകുന്നവരെ, ഇനി ഒരു വര്‍ഷത്തേക്ക് സിനിമയൊന്നും ചെയ്യണ്ടന്ന നിലപാടിലാണ് ഞാന്‍. പാട്ടും റെക്കോഡിങും സ്റ്റേജ് ഷോകളും മാത്രമായി മുന്നോട്ടു പോകാം എന്നാണ് തീരുമാനം. ഇതിനിടയില്‍ ഒത്തിരി വായിക്കണം, കുറച്ച് യാത്രകള്‍ ചെയ്യണം, എന്റെ തലശ്ശേരിയിലേക്ക് പോയിട്ട് ഒത്തിരിയായി. അവിടെ പോയി കുറച്ചു നാള്‍ നില്‍ക്കണം എന്നുണ്ട്. സത്യം പറഞ്ഞാല്‍ സിനിമയേക്കാള്‍ ഇത്തരം കാര്യങ്ങളാണ് കൂടുതല്‍ ആലോചിക്കുന്നത്. സിനിമ ഒരു സീസണില്‍ സംഭവിക്കുന്നതാണ്. അതിനിടയില്‍ വിജയവും പരാജയവുമുണ്ടാകും. സൗഹൃദങ്ങള്‍ അങ്ങനെയല്ല, അത് എന്നന്നേക്കുമുള്ളതാണ്. സ്‌നേഹം കൊണ്ട് നമുക്ക് ചുറ്റുമുള്ളവരെ കൂടെനിര്‍ത്താനായില്ലെങ്കില്‍ പിന്നെ ജീവിച്ചിട്ടെന്തു കാര്യം.

അങ്ങനെയൊക്കെ ആയിരുന്നു...

പാടിത്തുടങ്ങിയ സമയത്ത്, സിനിമ അഭിനേതാവാകുന്നതിനു മുന്‍പേ വരെ സ്വന്തം നിലയില്‍ അറിയപ്പെടണം, സിനിമയില്‍ എനിക്ക് എന്റേതായ ഐഡന്റിറ്റി ഉണ്ടാക്കണം എന്നൊക്കെ ചിന്തിച്ചിരുന്നു. 24-25 വയസ്സേ അന്ന് ആയിട്ടുള്ളൂ. പിന്നീടാണ് സിനിമയിലേക്കെത്തുന്നത്. ആദ്യ സിനിമ ഇറങ്ങി, കുറേ നാള്‍ കഴിഞ്ഞപ്പോ മനസ്സിലായി ഐഡന്റ്‌റിയും സ്വന്തം നിലയില്‍ അറിയപ്പെടുന്നതുമൊക്കെ താനേ വന്നുകൊള്ളും. അതിനൊക്കെ ഇനിയും എത്രയോ സമയം ബാക്കിയുണ്ട് എന്ന്. അപ്പോള്‍ വെറുതെ ഇപ്പോഴേ അതിനെക്കുറിച്ചൊക്കെ ചിന്തിച്ച് നമ്മള്‍ നമ്മെ തന്നെ സമ്മര്‍ദ്ദത്തിലാക്കണോ. ആത്യന്തികമായി എന്റെ സമാധാനവും സ്വസ്ഥതയും ഞാനായിട്ടു തന്നെ കളയരുത് എന്നേയുള്ളൂ. നമ്മള്‍ വ്യക്തി എന്ന നിലയില്‍ മാറിക്കൊണ്ടേയിരിക്കും. സിനിമയ്ക്കു പുറമേ വേറെ കാര്യങ്ങള്‍ ചെയ്യും. സിനിമകള്‍ ഇനിയും ചെയ്യും. അത് അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും. വെറുതെ അതൊക്കെ ചിന്തിച്ചിരുന്ന് നമ്മള്‍ നമ്മെ തന്നെ വെറുതെ സമ്മര്‍ദ്ദത്തിലാക്കണോ. വളരെ സിമ്പിളായി ചിന്തിച്ചാല്‍ മതി. അടുത്ത പടം ഏതായിരിക്കണം എന്നു മാത്രം ചിന്തിച്ചാല്‍ മതി.

ഞാനും പാട്ടുകളും

മറക്കാനാകാത്ത ഒത്തിരി റെക്കോഡിങുകള്‍ ഉണ്ട്. ആദ്യമായി പാടിയ കസവിന്റെ തട്ടമിട്ട് എന്ന പാട്ടിന്റെ റെക്കോഡിങ് മറക്കാനാകില്ല. കരളിന്റെ കരളേ, നരനിലെ പാട്ട്, അനുരാഗത്തിന്‍ വേളയില്‍, ഫ്‌ളാഷ് എന്ന ചിത്രത്തിലെ നിന്‍ ഹൃദയ മൗനം, അരവിന്ദന്റെ അതിഥികളിലെ കണ്ണേ തായ്മലരേ, ഒരേ കടലിലെ നഗരം വിധുരം...തുടങ്ങിയ പാട്ടുകളിലെ റെക്കോഡിങുകള്‍ എനിക്കു മറക്കാനാകില്ല. ‌‌

നഗരം വിധുരം എന്ന പാട്ടിന്റെ റെക്കോഡിങ് പ്രത്യേകിച്ച്. ഏഴര മണിക്കൂറോളം എടുത്താണ് റെക്കോഡിങ് പൂര്‍ത്തിയാക്കിയത്. ശക്തി മുഴുവന്‍ ചോര്‍ന്നു പോയി. ഒരു നൂറു കിലോമീറ്റര്‍ ഓടിയ ക്ഷീണം ഉണ്ടായിരുന്നു. ഒരു പ്രത്യേക മൂഡുള്ള പാട്ടാണ് അത്. സിനിമകള്‍ പോലെ പാട്ടിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പില്ല. പാടാന്‍ കിട്ടുന്ന ഗാനങ്ങളൊക്കെ പരമാവധി പാടിത്തീര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ചില ഗാനങ്ങള്‍ തിരക്കുകള്‍ കാരണം മാത്രമാണ് പാടാന്‍ കഴിയാതെ പോകുന്നത്. പാട്ട് എനിക്ക് പ്രൊഫഷനേക്കാള്‍ ഒരു സന്തോഷമാണ്.

അഡാര്‍ ലവിലെ ഗാനം!

മദ്രാസില്‍ നിന്ന് ഇടയ്ക്കിടെ നാട്ടിലെത്തുമ്പോള്‍ അച്ഛനേക്കാളേറെ അമ്മയെയാണ് കണ്ടിട്ടുള്ളതും കാണുന്നതും. അച്ഛന്‍ മിക്കപ്പോഴും ഓരോ കാര്യങ്ങളുമായി തിരക്കിലായിരിക്കും.. എല്ലാ കാര്യങ്ങളും അമ്മയോടാണ് അധികം പറയുന്നത്. അമ്മയ്ക്ക് ഏറ്റവും സന്തോഷമുളള കാര്യങ്ങളിലൊനന് എന്റെ അഭിമുഖങ്ങളൊക്കെ വായിക്കുകയും അത് എടുത്തു വയ്ക്കുകയും ചെയ്യുന്നതിലാണ്. ചിലപ്പോള്‍ നമ്മള്‍ കൊടുക്കുന്ന എല്ലാ അഭിമുഖങ്ങളും നമുക്ക് വായിക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. അമ്മ അതൊക്കെ വായിക്കും, ഇഷടമുള്ളതു എന്നോട് അപ്പോള്‍ തന്നെ വിളിച്ചു പറയും. നന്നായിരുന്നു, നീ അങ്ങനെ സംസാരിച്ചത് നന്നായി എന്നൊക്കെ.

നമ്മുടെ ഏതൊക്കെയാണ് എപ്പോള്‍ ഇറങ്ങും എന്ന് നമുക്കറിയാം. പക്ഷേ പാടിയ പാട്ടുകളുടെ കാര്യം അങ്ങനെയാകില്ല. റെക്കോഡിങ് കഴിഞ്ഞ് തിരികെ പോന്നാല്‍ പിന്നീടെപ്പോഴാണ് അത് റിലീസ് ആകുന്നതെന്നു ചിലപ്പോള്‍ അറിയില്ല. പക്ഷേ അമ്മ അതൊക്കെ ശ്രദ്ധിക്കും. ചിലപ്പോള്‍ ചില പാട്ടൊക്കെ ഹിറ്റ് ആയ കാര്യവും പുറത്തിറങ്ങിയ കാര്യവുമൊക്കെ അമ്മ പറഞ്ഞാകും അറിയുക. അടുത്തിടെ മാണിക്യ മലരായ പൂവി എന്ന പാട്ട് ഹിറ്റ് ആയല്ലോ. അഡാര്‍ ലവിലെ ഗാനം. അമ്മ എന്നോടു പറയുകയാണ് നീ ‘ആധാര്‍ ലവ്’ എന്നൊരു ചിത്രത്തില്‍ പാടിയിരുന്നില്ലേ. ആ പാട്ട് ഹിറ്റ് ആണല്ലോ എന്ന്. 

ഉത്സവ പറമ്പുകളിലെ ഗാനമേള

ഞാന്‍ ഇപ്പോള്‍ ഏറ്റവുമധികം ആസ്വദിക്കുന്ന കാര്യങ്ങളിലൊന്നാണത്. നമ്മള്‍ അഭിനയിച്ചൊരു സിനിമ ഹിറ്റ് ആകുമ്പോള്‍ നമുക്ക് കിട്ടുന്നൊരു സന്തോഷമുണ്ടല്ലോ. ചില നേരങ്ങളില്‍ അതിനേക്കാള്‍ മീതെയാണ് സാധാരണക്കാരായ പ്രേക്ഷകര്‍ വന്നെത്തുന്ന ഗാനമേളകളില്‍ പാടുമ്പോളുള്ള സന്തോഷം. അത്ര വലിയ സന്തോഷത്തിലും ആവേശത്തിലുമായിരിക്കും അവര്‍. അത് കാണുമ്പോള്‍ അത്രേം നാളും മനസ്സിലുണ്ടായിരുന്ന സമ്മര്‍ദ്ദമെല്ലാം തനിയെ ഇല്ലാതാകും. ആ ഗാനമേള കേള്‍ക്കാനെത്തുന്നവരേക്കാള്‍ സന്തോഷത്തിലായിരിക്കും നമ്മള്‍ തിരികെ മടങ്ങുക. പ്രൗഢമായ, അതേ രീതിയിലുള്ള കേള്‍വിക്കാരെത്തുന്ന ഒരു സദസില്‍ പാടുന്നതിനേക്കാള്‍ സന്തോഷവും രസകരവുമാണ് ഉത്സവ പറമ്പുകളിലെ ഗാനമേള കേള്‍ക്കാനെത്തുന്ന സാധാരണക്കാര്‍ക്കു മുന്‍പില്‍ പാടുന്നത്. പാടിക്കഴിയുമ്പോള്‍ സംസാരിക്കാനായി സ്‌റ്റേജിനു പിന്നിലൊക്കെ വരും...ചിലര്‍ മെസേജ് അയക്കും....

നമ്മള്‍ സംവിധാനം ചെയ്യുന്ന വിജയിക്കുമ്പോള്‍ നമുക്ക് കിട്ടുന്നൊരു അനുഭൂതിയുണ്ടല്ലോ. അത് വാക്കുക്കള്‍ക്കപ്പുറമാണ്. നമ്മുടെ സിനിമ എന്നു പറയുന്നത് നമ്മുടെ കുഞ്ഞിനെ പോലെയാണ്. അത് കഴിഞ്ഞാല്‍ എനിക്ക് ഏറ്റവുമധികം സന്തോഷം തരുന്ന കാര്യങ്ങളിലൊന്ന് ഇത്തരത്തില്‍ ആളുകളുമായുള്ളൊരു വര്‍ത്തമാനമാണ്.

ഇന്‍ഷുറന്‍സ് എടുക്കേണ്ട ആവശ്യമില്ല...

ഞാന്‍ അടുത്ത് ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ എന്റെ മനസ്സിലുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പാലക്കാട് ഒരു പരിപാടിയ്ക്കായി യാത്ര ചെയ്യുമ്പോഴാണ് അതിന് ഇടേണ്ട തലക്കെട്ട് കിട്ടിയത്. പെട്ടെന്ന് ഞാന്‍ ദിവ്യയെ വിളിച്ചു പറഞ്ഞു. അവള്‍ക്ക് ഇഷ്ടായി...ഷാനിനേും നോബിളിനേം വിളിച്ചു പറഞ്ഞോ എന്നു ചോദിച്ചു അവള്‍. അതൊരു സമ്പ്രദായം പോലെയാണ്. ഞാന്‍ സിനിമയുമായി ബന്ധപ്പെട്ടതെല്ലാം ആദ്യം പറയുന്നത് ദിവ്യയോടാണ്. അവള്‍ക്കിഷ്ടപ്പെട്ടാല്‍ പിന്നെ ഇവര്‍ രണ്ടാളോടും...ഇവര്‍ മൂന്നു പേരുമാണ് എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ആളുകള്‍...

എങ്ങനെ ഞങ്ങള്‍ ഇങ്ങനെയായി എന്നു ചോദിച്ചാല്‍ അതിനൊരു ഉത്തരം പറയാനാകില്ല. അങ്ങനെയായി എന്നു മാത്രമേ പറയാനറിയുള്ളൂ. ഇത്തരം സൗഹൃദങ്ങളാണ് ഏറ്റവും വലിയ ഭാഗ്യം എന്നു കരുതുന്നു. ഈ സൗഹൃദ വലയം അങ്ങനെ തന്നെ നിലനിന്നു പോകുന്നതിനു കാരണം ഞങ്ങള്‍ സൗഹൃദങ്ങള്‍ക്കു കൊടുക്കുന്ന മൂല്യം അത്രമാത്രം വലുതായതുകൊണ്ടാണ്. നമുക്കെന്തു പ്രശ്‌നം വന്നാലും ഒപ്പമുണ്ടാകാന്‍ സുഹൃത്തുക്കളുള്ളതാണ് ഏറ്റവും വലിയ ആത്മവിശ്വാസം. ഭാവിയിലൊരു സാമ്പത്തിക പ്രശ്‌നം വന്നാലും, ആ ഇവരുണ്ടല്ലോ എന്നു ഞാന്‍ ആശ്വസിക്കാറുണ്ട്. അതുപോലെ തന്നെയാണ് അവര്‍ക്കും. അതുകൊണ്ട് ഞങ്ങളാരും ഇന്‍ഷുറന്‍സ് എടുക്കാറില്ല...അതിന്റെ ആവശ്യം ഇല്ലല്ലോ!

ഞാനും ഭക്ഷണവും യാത്രകളും!

ഏറ്റവും ഹരമുള്ള കാര്യങ്ങളാണ് ഇവ രണ്ടും. പുതിയ സ്ഥലങ്ങള്‍ തേടിപ്പോകാനും അവിടത്തെ ഭക്ഷണ ശൈലികള്‍ പരീക്ഷിക്കാനും ഒരുപാടിഷ്ടമാണ് എനിക്ക്. എവിടെ പോയാലും ആദ്യം ആലോചിക്കുന്നത് എവിടെ നിന്ന് ഏറ്റവും നല്ല, വ്യത്യസ്തമായ ഭക്ഷണം കഴിക്കാം എന്നാണ്. സിനിമ പോലെ തന്നെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമാണ് അതും. അതിനി എത്ര സമ്മര്‍ദ്ദമുള്ള സിനിമ സെറ്റിലായാലും ഒരു നേരം പോലും മോശം ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട. അത് കിട്ടാനുള്ള ആളെ ഒക്കെ എങ്ങനെയെങ്കിലും കണ്ടെത്തിയിരിക്കും. രാവിലത്തെ ഭക്ഷണം കഴിച്ച് സ്റ്റുഡിയോയിലേക്ക് കയറുന്നത് ഉച്ചയ്ക്ക് എവിടെ നിന്നു കഴിക്കണം എന്ന് തീരുമാനിച്ചുറപ്പിച്ചിട്ടു മാത്രമാണ്....

സോഷ്യല്‍ മീഡിയ

2006 മുതല്‍ക്കേ സോഷ്യല്‍ മീഡിയയ്‌ക്കൊപ്പമുണ്ട്. അന്ന് ഓര്‍ക്കുട്ട് ആയിരുന്നു. പിന്നീട് ഫെയ്‌സ്ബുക്കിലേക്കു വന്നെങ്കിലും ഒരു സന്തോഷം പങ്കുവയ്ക്കുന്നൊരു സ്‌പേസ് മാത്രമായിരുന്നു. എല്ലാവരേയും സന്തോഷത്തിലാക്കുന്നൊരു ഇടമായിരുന്നു. ഇന്നത്തെ പോലെ എല്ലാവര്‍ക്കും കയറി വന്ന് അലമ്പുണ്ടാക്കാനാകുന്നൊരു നിലയിലേക്കു മാറിയിട്ടിയില്ലായിരുന്നു. അതുകൊണ്ടു തന്നെ സിനിമകളെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാറ്. 

ഇടയ്ക്കിടയ്ക്ക് ഞാന്‍ തന്നെ അത് ഡീ ആക്ടിവേറ്റ് ചെയ്യും പിന്നേം ഉപയോഗിക്കും...അങ്ങനെ. അത് ഞാന്‍ തന്നെ നിയന്ത്രിച്ചതാണ്. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഫോണ്‍ നോക്കുക, അല്ലെങ്കില്‍ ജോലിക്കിടെ പോലും അറിയാതെ ഫോണിലേക്കു കണ്ണു പോകുക...ആ തരത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗം മാറിപ്പോകുന്നുവെന്ന് എനിക്കു തന്നെ തോന്നിത്തുടങ്ങിയിരുന്നു. ഒന്നിനും സമയം തികയാത്ത പോലെ.  സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ക്കു മാത്രമാണ് ഇപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. 

ഞാന്‍ അച്ഛനെ പോലെയല്ല!

തുറന്നു പറച്ചിലുകളുടെ കാര്യത്തില്‍ ഞാന്‍ അച്ഛനെ പോലെയല്ല. അച്ഛനെന്താണോ പറയാനുള്ളത്, അത് അച്ഛന്‍ പറയും. അതിനെതിരെ വരുന്ന അഭിപ്രായങ്ങള്‍ക്കും മറുപടി നല്‍കും. അതിനെ ചൊല്ലി ആളുകളെന്തു വിചാരിക്കുന്നുവെന്ന് ചിന്തിക്കാറില്ല. അത് അച്ഛന്‌റെ സ്വഭാവവും നന്മയുമാണ്. ഇപ്പോള്‍ രാഷ്ട്രീയത്തിന്‌റെ കാര്യമെടുത്താല്‍, ഞാന്‍ എന്റെ നിലപാട് എന്താണെന്ന് തുറന്നു പറയാറില്ല. സോഷ്യല്‍ മീഡിയ വഴി പ്രത്യേകിച്ച്. കാരണം അങ്ങനെ പറഞ്ഞാല്‍, നമുക്കെതിരെ ഉണ്ടാകുന്ന വിമര്‍ശനങ്ങളേയും അഭിപ്രായങ്ങളേയുമൊക്കെ നേരിടാനും കൂടി തയ്യാറായിരിക്കണം. 

എന്നെ സംബന്ധിച്ച് ഞാന്‍ ചിലപ്പോള്‍ അത്തരം ചില വാദപ്രതിവാദങ്ങളിലും വിമര്‍ശനങ്ങളിലുമൊക്കെ മൂഡ് ഓഫ് ആയിപ്പോകും. അപ്പോള്‍ അങ്ങനെയൊരു കാര്യത്തിന് നില്‍ക്കാതിരിക്കുന്നതല്ലേ നല്ലത്. നമുക്ക് നമ്മുടെ രാഷ്ട്രീയവും നിലപാടുകളും തുറന്നു പറയാന്‍ സിനിമയുണ്ട്. സോഷ്യല്‍ മീഡിയയ്ക്കപ്പുറം മറ്റൊരു ലോകവുമുണ്ട്. നമ്മള്‍ എന്തു ചെയ്യുന്നു എവിടെ പോകുന്നുവെന്നത് അവിടെ പറഞ്ഞാല്‍ പോരെ. അവിടെ ഞാന്‍ എന്‌റെ നിലപാടും എന്‌റെ രാഷ്ട്രീയവും അഭിപ്രായങ്ങളുമൊക്കെ തുറന്നു പറയാറുണ്ട്. അതുകൊണ്ടു തന്നെ ഒരു സമാധാനവുമുണ്ട്.  

എനിക്കൊരു രാഷ്ട്രീയ പാര്‍ട്ടിയോട് എന്നതിനേക്കാള്‍, വ്യക്തികളിലാണ് വിശ്വാസം. അത് പാര്‍ട്ടി ഭേദമില്ലാതെയുള്ള വിശ്വാസമാണ്. അവര്‍ എന്ത് പറയുന്നു, ചെയ്യുന്നുവെന്ന് എന്ന് നോക്കാറുണ്ട്. അവര്‍ എന്തെങ്കിലുമൊക്കെ കാതലായ കാര്യങ്ങള്‍ ചെയ്യും എന്നൊരു വിശ്വാസമുണ്ട്. ആ ഒരു വിശ്വാസത്തിലാണ് ഞാന്‍ ജീവിക്കുന്നത്. പിന്നെ ചില നല്ല മുന്നേറ്റങ്ങളും പല ഭാഗങ്ങളില്‍ നിന്നുണ്ടാകുന്നുണ്ട്. ആ മുന്നേറ്റങ്ങള്‍ ഇപ്പോള്‍ അസംഘടിതമാണ്. അത്തരം നീക്കങ്ങളിലും ഞാന്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.