നാല് ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല; അഞ്ചാമത്തെ ചിത്രം സൂപ്പർഹിറ്റ്

വായനയുടെ തുടര്‍ച്ചയോളമായിരുന്നു എഴുത്ത്. എഴുതി  എഴുതി പലവട്ടം തിരുത്തിയെഴുതി അങ്ങനെയൊരു തിരക്കഥയായി. പിന്നെയും നാലു സിനിമകള്‍. അത്രകണ്ടങ്ങ് ശ്രദ്ധിക്കപ്പെടാത്ത, തിരക്കഥാകൃത്തെന്ന രീതിയിലൊരു സിഗ്നേച്ചര്‍ നല്‍കാത്ത നാലു ചിത്രങ്ങള്‍. ആ തിരക്കഥാകൃത്ത്, രാജേഷ് രാഘവന്റെ അഞ്ചാമത്തെ ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. 

ഇന്നൊരു സിനിമ തിയറ്ററുകളിൽ 25 ദിവസം പിന്നിടുന്നതു തന്നെ വലിയകാര്യമാണ്. ആ സമയത്താണ് അരവിന്ദന്റെ അതിഥികൾ 50 ദിവസം പൂർത്തിയായിട്ടും തിയറ്ററുകളിൽ മുന്നേറുന്നത്.

രാജേഷ് രാഘവന്‍...എഴുത്തിനോടു പടവെട്ടി കയറു പുതിയകാല സിനിമയിലെ സാന്നിധ്യമാണ്. അരവിന്ദന്റെ അതിഥികള്‍ സ്‌നേഹസ്പര്‍ശിയായ ഒരു കുറിപ്പു പോലെ മനസ്സോടു ചേരുമ്പോള്‍ രാജേഷ് സംസാരിക്കുന്നുന്നു...

എങ്ങനെയായിരുന്നു സിനിമയിലേക്ക്...

അതൊരു തുടര്‍ച്ചയെന്നോണം സംഭവിച്ചതാണ്. പുസ്തക വായന പണ്ടു മുതല്‍ക്കേയുണ്ട്. പിന്നീട് അത് എഴുത്തിലേക്കെത്തിച്ചു. വായനയുടെ ഒരു തുടര്‍ച്ചയെന്നോളം എഴുത്ത് വന്നുവെന്ന് മാത്രം.പുസ്തകങ്ങള്‍ക്കു വേണ്ടി എത്ര ദൂരവും പോകാനൊരു മടിയുമില്ലായിരുന്നു. അതുപോലെ എഴുതാനും. നാടകവും സിനിമയും ഒക്കെയായി സ്‌കൂളിലും നാട്ടിലുമൊക്കെ സജീവമായിരുന്നു. സ്‌കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോഴേ എഴുതുമായിരുന്നു. മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. ഇന്ന് കഥയെഴുതി ജീവിക്കും പോലെ അന്ന് പുസ്തക വായനയില്‍ നിന്ന് നാടകമഴുത്ത് അതിന്റെ സംവിധാനം അഭിനയം സ്റ്റേജ് പ്രോഗ്രാംസ് അങ്ങനെയെല്ലാമുണ്ട്. 

പിന്നെ ജോലി കയറി വന്നപ്പോള്‍ വായന മാത്രം കൂടെ നിന്നു ബാക്കിയെല്ലാം പോയി.  പിന്നെയും ജീവിതം കടന്നുപോയി ചുറ്റുമുള്ള ജീവിതം കുറേ കൂടി വിപുലമായപ്പോള്‍ അവിടേക്കു സിനിമയും കയറി വന്നു. കൂട്ടുകാര്‍ക്കിടയിലൂടെയാണ് സിനിമയെത്തിയതെന്നു പറയാം. ഒരു പത്ര സ്ഥാപനത്തില്‍ നോണ്‍ ജേണലിസ്റ്റ് ആയി ജോലി നോക്കുന്ന സമയത്തായിരുന്നു അത്. അന്ന് ഞാന്‍ പാലക്കാട് ബ്യൂറോയിലാണ്. അവിടെ വച്ചാണ് മകന്റെ അച്ഛന്‍ തിരക്കഥയെഴുതിയ സംജദ് നാരായണനെ പരിചയപ്പെടുന്നത്. അവിനലൂടെ സിനിമയും കൂടുതല്‍ പരിചിതമായി. 

അല്ലാതെ സിനിമ ഫോക്കസ് ചെയ്ത് വന്നൊരാളേ അല്ല. കാരണം മാവേലിക്കര എന്ന സ്ഥലത്തു നിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്ററോളം ഉള്ളിലോട്ടുള്ളൊരു സ്ഥലത്താണ് ജനിച്ചതും വളര്‍ന്നതുമെല്ലാം. അവിടെയൊരു സിനിമ ഷൂട്ടിങ് പോലും വരാറില്ല. ഞാന്‍ ആദ്യമായി വളരെ സ്വതന്ത്ര്യത്തോടെ കാണുന്നൊരു ഷൂട്ടിങ് എന്റെ ആദ്യ ചിത്രം വാദ്യാരുടേതാണ്. വിശ്വസിക്കുമോ എന്നറിയില്ല. ആ സിനിമയുടെ സംവിധായകന്‍ ആണ് എനിക്ക് എന്താണ് ഷൂട്ടിങ് എങ്ങനെയാണ് എന്നൊക്കെ പറഞ്ഞു തരുന്നത്. അതിനു മുന്‍പുള്ളൊരു സിനിമ ബന്ധമെന്നത് ബ്ലെസിയുടെ കാഴ്ച എന്ന ചിത്രത്തിന്റെ തിരക്കഥ പുസ്തക രൂപത്തിലെത്തിയപ്പോള്‍ വായിച്ചത് മാത്രമാണ്.

അങ്ങനെ ഒരിക്കല്‍ ജോലിയുടെ ഭാഗമായിട്ട് കുറേ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകല്‍ സന്ദര്‍ശിക്കാനിടയായി. എന്തുകൊണ്ടാണ് സ്‌കൂളുകള്‍ തമ്മില്‍ വേര്‍തിരിവ്, പൊതു വിദ്യാലയങ്ങള്‍ എന്തുകൊണ്ട് അപ്രത്യക്ഷമാകുന്നു എന്നതൊക്കെ ചിന്തിച്ച് വളരെ രസകരമായി വെറുതെ ഒരു എഴുത്ത് തയ്യാറാക്കിയത്. ആ ഇടയ്ക്ക് എന്റെ വേറൊരു എഴുത്തുകാരനായ സുഹൃത്തിനെ തേടി ഒരാള്‍ എത്തി. സംവിധായകനായിരുന്നു. അന്നേരം ഞാന്‍ ഈ കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അതിഷ്ടമായി. അത് വാദ്യാര്‍ എന്ന ചിത്രമായി മാറുകയും ചെയ്തു.  

അരവിന്ദന്റെ അതിഥികളിലേക്ക്...

അരവിന്ദന്‍മാരെ നമുക്കെവിടെയും കാണാം. അത് ഏതെങ്കിലുമൊരിടത്തു നിന്ന് കിട്ടിയൊരു കഥാപാത്രമല്ല. ഞാനും ഒരു തരത്തില്‍ ചില നേരങ്ങളില്‍ അരവിന്ദനെ പോലെയാണെന്ന് തോന്നാറുണ്ട്. വാദ്യാര്‍ എന്ന സിനിമ കഴിഞ്ഞപ്പോള്‍ മനസ്സില്‍ വന്ന കഥാപാത്രമാണ് അരവിന്ദന്‍. അരവിന്ദന്‍മാരെ അമ്പലങ്ങളിലും ലോഡ്ജുകളിലുമൊക്കെ കാണാം. നമുക്ക് എന്ത് സഹായവും ചെയ്തത് തരാനും നമുക്ക് ഏത് തരത്തിലും ആശ്രയിക്കാനും തോന്നുന്ന ചില മനുഷ്യര്‍. അമ്പലം വിട്ടു കഴിഞ്ഞാല്‍ ലോഡ്ജ് വിട്ടു കഴിഞ്ഞാല്‍ നമ്മള്‍ സാധാരണ ജീവിതത്തിലേക്കു പോകും. പക്ഷേ അരവിന്ദന്‍മാര്‍ അങ്ങനെയല്ല. അവര്‍ പുതിയ അതിഥിയെ കൂടുതല്‍ ഇഷ്ടത്തോടെ കാത്തിരിക്കുന്നവരാണ്. അവര്‍ അവിടെ സ്ഥിരമായി ജീവിക്കുന്നു. വരുന്ന അതിഥികള്‍ക്കൊപ്പം മുന്നോട്ടു പോകുന്നു. കാത്തിരിപ്പാണ് അവരുടെ ജീവിതത്തില്‍ മൊത്തം. ആള്‍ക്കൂട്ടത്തില്‍ തനിയെ നില്‍ക്കുന്ന ഇത്തരത്തിലുള്ള പലരേയും കണ്ടിട്ടുണ്ട്. ഉപേക്ഷിക്കപ്പെടുന്നതിന്റെ നോവ് ഒറ്റപ്പെടുന്നതിന്റെ നോവ് മനസ്സില്‍ വച്ചു കൊണ്ട് സൃഷ്ടിച്ച കഥാപാത്രമാണ് അരവിന്ദന്‍. കാത്തിരിപ്പാണ് സിനിമയുടെ മൊത്തം ആശയം. 

വ്യാദ്യാര്‍ക്ക് ശേഷം പതിയെ പതിയെ കഥ എഴുതി പൂര്‍ത്തിയാക്കി. അതിനെ എം.മോഹനന്‍ എന്ന സംവിധായകന് അടുത്തേക്ക് എത്തിക്കുന്നത് ഷാജി കാവനാട്ട് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറും അഭി മാധവ് പ്രോജക്ട് കോഓര്‍ഡിനേറ്ററുമാണ്. ഷാജി എന്നോട് നാലഞ്ചു വര്‍ഷമായി ഈ കഥ ചെയ്യണം എന്നു പറയുന്നുണ്ടായിരുന്നു. എം.മോഹനന്‍ അന്ന് കഥയില്ലാതിരുന്ന സമയത്ത് കേട്ട കഥയായിരുന്നു അരവിന്ദന്റേത്. കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഏറെ ഇഷ്ടമായി. സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു.

അഭി മാധവും ഷാജി കാവനാട്ടുമാണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തായി എന്നെ മാറ്റുന്നത്. അത് മറക്കാനാകില്ല. സിനിമയില്‍ പൊതുവെ സ്മരണകള്‍ കുറവാണ്. അതുകൊണ്ടാണ് അവരുടെ പേര് എടുത്തെടുത്ത് പറയുന്നത്. പിന്നീട് മോഹനന്‍ സാറും. കഥ പൂര്‍ത്തിയായി വരാന്‍ ഏഴെട്ടു മാസം എടുത്തു. എഴുത്തിന്റെ കാലം വളരെയധികം ആസ്വദിച്ചാണ് ചെയ്തത്. പ്രത്യേകിച്ച് മൂകാംബിക എന്ന സ്ഥലം എന്റെ ഹൃദയവുമായി ഏറെ ചേര്‍ന്നു കിടക്കുന്നതു കൊണ്ടു തന്നെ അത് എഴുത്തിന് ഏറെ സഹായിച്ചു. ആ ഭൂമിശാസ്ത്രം എനിക്കത്രമാത്രം വ്യക്തമായി അറിയാമായിരുന്നു. അവിടത്തെ കടകളും സ്ഥലങ്ങളുമെല്ലാം മനപാഠമായിരുന്നു.

എല്ലാവര്‍ക്കും ഓകെ ആയ സക്രിപ്റ്റ്

സാധാരണ ഇന്നത്തെ സിനിമകളുടെ ഷൂട്ടിങിനിടയില്‍ പലപ്പോഴും വലിയ മാറ്റങ്ങള്‍ തിരക്കഥാകൃത്തും സംവിധായകനും കൂടി ആലോചിച്ച് ചെയ്യാറുണ്ട്. പക്ഷേ ഇവിടെ ഷൂട്ടിങിന്റെ ഒരു ഒഴുക്കിന് വേണ്ടിയോ അല്ലെങ്കില്‍ സംവിധായകന്‍ തന്നെ ഇംപ്രവൈസ് ചെയ്തതോ അല്ലാതെ കാര്യമായൊരു മാറ്റവും വന്നിട്ടില്ല. എഴുതി പൂര്‍ത്തിയാക്കി ഇനിയൊന്നും ബാക്കിയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് തിരക്കഥ കൈമാറിയത.് അതുപോലെ സിനിമയിലെ മൊത്തം പ്രധാന അംഗങ്ങളും സംവിധായകനും വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും കാമറാമാനും എല്ലാവരും മൂകാംബികയില്‍ പോയി അവിടെയിരുന്ന് സക്രിപ്റ്റ് മൊത്തം വായിച്ച് ലൊക്കേഷനൊക്കെ കണ്ട് ഓകെ പറഞ്ഞതിനു ശേഷമാണ് ഷൂട്ടിങിലേക്കു പോയത്. ഞാന്‍ ഏറ്റവും സമയമെടുത്ത് പൂർത്തിയാക്കിയതും സിനിമയിലെ മൊത്തം അഗംങ്ങളും ഒരുപോലെ ഓകെ പറഞ്ഞതുമായ സ്‌ക്രിപ്റ്റ് ഇതാണ്.

കഥയില്ലാതെ ജീവിക്കാനാകില്ല!

ഒരു ബില്‍ഡറെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് പുതിയ പ്രോജക്ടുകളില്ലെങ്കില്‍ മുന്‍പോട്ടു പോകാനാകില്ല. അത് അവര്‍ക്ക് സാമ്പത്തികത്തിന്റേതു കൂടിയാണ്. എന്നെ സംബന്ധിച്ച് സാമ്പത്തികം അവിടെയൊരു ഘടകമല്ല. കഥകളില്ലാതാകുന്നിടത്ത് ഞാനും ഇല്ലാതാകുന്നു. അതാണ് സത്യം. അതുകൊണ്ട് കഥകളില്ലാതെ ജീവിക്കാനാകില്ല. എപ്പോഴും കഥകളിങ്ങനെ മനസ്സിലേക്ക് വന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. റിയാലിറ്റിയോട് വലിയ താല്‍പര്യമില്ലാത്തയാളാണു ഞാന്‍. കഥകളിങ്ങനെ വരുന്നു, ആ കഥാപാത്രങ്ങളോടൊപ്പം ജീവിക്കുന്നു. അതാണ് കൂടുതല്‍ താല്‍പര്യം. ഇത്രയും കാലം അങ്ങനെയായിരുന്നു. ഞാന്‍ തന്നെ കുറേ കഥകളേയും കഥാപാത്രങ്ങളേയും സൃഷ്ടിക്കുന്നു. അവര്‍ക്കൊപ്പം ജീവിക്കുന്നു.

മലയാള സിനിമയില്‍ തിരക്കഥാകൃത്തുക്കള്‍ അത്ര കണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്നുവോ...

അത് സത്യമാണ്. അംഗീകരിച്ചാലും ഇല്ലെങ്കിലും തിരക്കഥാകൃത്തുക്കള്‍ അരികുവല്‍ക്കരിക്കപ്പെടുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. അത് ആരെങ്കിലും മനപൂര്‍വ്വം ചെയ്യുന്നതാണോ അല്ലയോ എന്നൊന്നും പറയാനറിയില്ല.  മീഡിയ ഏറ്റെടുക്കപ്പെടുമ്പോഴോ മറ്റോ ആണ് ആരെങ്കിലും അറിയുന്നത്. അല്ലെങ്കില്‍ തിരക്കഥാകൃത്തുക്കളോട് അത്രയും ഇഷ്ടമുള്ള സിനിമ ആരാധകരിലൂടെ. ഇതൊരു വികാരത്തിന്റെ പുറത്തോ വിവാദത്തിനോ ഒന്നും പറയുന്നതല്ല. നിങ്ങള്‍ ചോദിച്ചപ്പോള്‍ എന്റെ അഭിപ്രായം പറഞ്ഞൂന്നേയുള്ളൂ.

എം മോഹനൻ, വിനീത്, നിഖില

ഒരു സിനിമയെടുക്കുമ്പോള്‍ മൂന്നു കാര്യങ്ങളാണ് ഓര്‍ക്കേണ്ടത് എന്നാണ് എപ്പോഴും പറയാറ്. സ്‌ക്രിപ്റ്റ്, ദ് സ്‌ക്രിപ്റ്റ്, സ്‌ക്രിപ്റ്റ്. അത്രമാത്രം പ്രാധാന്യമുണ്ട്. പക്ഷേ ഈ പറച്ചിലൊക്കയേയുള്ളൂ. തിരക്കഥ പൂര്‍ത്തിയായാല്‍ അതൊരു കൂട്ടത്തിലേക്കെത്തുന്നു. പിന്നെയത് തീയറ്ററിലേക്ക് എത്തും വരെ പല വഴികളിലൂടെ, കൈകളിലൂടെ കടന്നുപോകുന്നു. എന്തുകൊണ്ടാണ് തിരക്കഥാകൃത്തുക്കളൊക്കെ സംവിധായകരും കൂടിയാകുന്നതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എനിക്കിപ്പോള്‍ അതിന്റെ ഉത്തരം കിട്ടിക്കൊണ്ടിരിക്കയാണ്.

ആദ്യ മൂന്ന് സിനിമ ചെയ്യുമ്പോഴും ജോലിയും ഒപ്പമുണ്ടായിരുന്നു. വാദ്യാര്‍, ത്രീഡോട്‌സ്, ഒന്നും മിണ്ടാതെ എന്നീ ചിത്രങ്ങള്‍ ചെയ്യുന്ന സമയത്ത്. അന്നൊന്നും സിനിമയാണ് എന്റെ തൊഴില്‍ എന്നൊന്നും തീരുമാനിച്ചിട്ടില്ല. ആദ്യ ചിത്രത്തിനു ശേഷം പിനനാലെ രണ്ട് ചിത്രങ്ങള്‍ വന്നു. ഇനിയും വരും. ജോലിയോടൊപ്പം ഒരു സൈഡ് ആയിട്ട് ഇതും കൊണ്ടുപോകാം. സിനിമയല്ലേ ഒരു രസമല്ലേ...അങ്ങനെയൊക്കെയുള്ള ഒരു ഉഴപ്പന്‍ മട്ടില്‍ അങ്ങ് പോകുവായിരുന്നു. പിന്നീട് പെട്ടെന്നൊരു തീരുമാനമെടുത്ത് സിനിമ സീരിയസ് ആയി കാണാം എന്നു ചിന്തിച്ച് ജോലി രാജിവച്ചു. അതിനു ശേഷമാണ് സ്വര്‍ഗത്തേക്കാള്‍ സുന്ദരം എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 

ആ ചിത്രത്തിന്റെ കഥ പറയാന്‍ ശ്രീനിവാസന്‍ സാറിന്റെ അടുത്ത് ചെന്നു. എനിക്കേറ്റവും ഇഷ്ടമുള്ള തിരക്കഥാകൃത്ത്, മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍...അങ്ങനെയുള്ളൊരാളിന് മുന്‍പിലാണ് കഥ പറയാനിരിക്കുന്നത്. മനസ്സിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങളായ വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ വന്നുപോകുന്നു..കഥ പറയാന്‍ തന്നെ എടുത്തു കുറേ സമയം...എന്തൊരു അവിവേകമാണ് കാണിക്കുന്നത് എന്നതൊക്കെയുള്ള ചിന്തകള്‍ മനസ്സിലൂടെ പൊയ്‌ക്കൊണ്ടേയിരുന്നു. 

അദ്ദേഹം പറഞ്ഞു,  ‘എനിക്ക് കഥ ഇഷ്ടമായി. പക്ഷേ തിരക്കഥ വായിച്ചാലേ എനിക്ക് ചെയ്യാനാകുമോ ഇല്ലയോ എന്നു പറയാനാകൂ’. ഞാന്‍ തിരക്കഥ അദ്ദേഹത്തിനു കൈമാറിയിട്ട് മടങ്ങി. എനിക്കൊപ്പം അന്ന് ക്ലിന്റണ്‍ പെരേര എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഉണ്ടായിരുന്നു. ശ്രീനി സാറ് തിരക്കഥ വായിക്കാന്‍ സമയമെടുക്കും...എന്ന് അദ്ദേഹം പറഞ്ഞു. എനിക്കും അങ്ങനെ തന്നെ തോന്നി. രണ്ടാഴ്ച കഴിഞ്ഞ് തിരക്കഥ വീണ്ടും ഒന്നു മാറ്റിയെഴുതി, പെര്‍ഫെക്ട് ആണെന്ന് ഉറപ്പു വരുത്തിയിട്ട് ശ്രീനി സാറിന്റെ വീട്ടിലെത്തി. അദ്ദേഹത്തെ കാണാനായില്ല. വീട്ടിലുണ്ടായിരുന്നെങ്കിലും പനിയായിട്ട് വിശ്രമത്തിലായതു കൊണ്ട് തിരക്കഥ അദ്ദേഹത്തിന്റെ ഭാര്യ വിമല ടീച്ചറെ ഏല്‍പ്പിച്ചിട്ട് പോന്നു. 

വണ്ടിയിലിരുന്നപ്പോള്‍ ഞാനും ക്ലിന്റണും കൂടി ഓരോന്ന് ചിന്തിക്കുകയായിരുന്നു...എന്താണ് സര്‍ ഇറങ്ങി വരാത്തെ, ചിലപ്പോള്‍ ഇഷ്ടമായി കാണില്ല എന്നൊക്കെ ഇങ്ങനെ ചിന്തിക്കുകയായിരുന്നു. അഞ്ചരമണിക്കാണ് സ്‌ക്രിപ്റ്റ് കൈമാറുന്നത്. കൃത്യം രണ്ടു മണിക്കൂര്‍, ഏഴര മണിക്ക് ക്ലിന്റണ്‍ വിളിച്ചു. രണ്ടു മണിക്കൂര്‍ സ്‌ക്രീന്‍ ടൈം  ഉണ്ടായിരുന്നു തിരക്കഥയില്‍. ശ്രീനി സര്‍, സിനിമ ചെയ്യാമെന്ന് സമ്മതിച്ചെന്നു പറഞ്ഞു. അതാണ് സിനിമയില്‍ നില്‍ക്കാന്‍ ഏറ്റവും പ്രചോദനകരമായ കാര്യം. ഒരുപക്ഷേ നമുക്കിത് പിന്നെ ചെയ്യാം എന്നെങ്ങാനും സര്‍ പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ വീണ്ടും പതിവ് ഉഴപ്പ് തുടര്‍ന്ന് വേറെ ഏതെങ്കിലും മേഖലയിലേക്കു പോയേനെ. പക്ഷേ സര്‍ അത് പറഞ്ഞതോടെ ആവേശമായി. ഞാന്‍ തിരക്കഥകളെ കൂടുതല്‍ അടുത്തറിയാനും മുന്‍പത്തേക്കാള്‍ നന്നായി എഴുതാനുമുള്ള ശ്രമം തുടങ്ങി. 

തിരക്കഥ എഴുത്തിനെ സംബന്ധിച്ച് യുട്യൂബില്‍ വന്ന വിഡിയോകളൊക്കെ കാണാന്‍ തുടങ്ങി. എഴുത്തും വായനയും മാത്രമായി എന്നു പറയാം. ഇന്ന് അരവിന്ദന്‍രെ അതിഥികള്‍ ഹിറ്റ് ആയി ഓടുമ്പോള്‍, ആളുകള്‍ വിളിച്ച് നല്ലത് പറയുമ്പോള്‍ ഓര്‍ക്കുന്നത് ശ്രീനി സാറിനെ കണ്ടതും പിന്നെ സിനിമയിലേക്ക് വഴിതെളിച്ച, കാരണക്കാരായ ഒരുപാട് നല്ല സുഹൃത്തുക്കളേയും കുറിച്ചാണ്. 

ഹിറ്റ് ചിത്രമെത്താന്‍ അഞ്ചാം പ്രാവശ്യം വരെ കാത്തിരിക്കേണ്ടി വന്നല്ലോ...

ആദ്യ ചിത്രം വാദ്യാര്‍ ഓഫ് ബീറ്റ് ചിത്രമായിരുന്നു. അതിനേക്കാളുപരി വലിയ തയ്യാറെടുപ്പുകളൊന്നും കൂടാതെ എഴുതേണ്ടി വന്നൊരു തിരക്കഥയായിരുന്നു അത്. തിരക്കഥ എങ്ങനെ എഴുതമം എന്നു പോലും അറിയാതിരുന്ന കാലത്ത് എഴുതിപ്പോകേണ്ടി വന്നതാണ്. കഥ സംവിധായകന് ഇഷ്ടമായതോടെ തിരക്കഥയെഴുതേണ്ടി വന്നതാണ്. അതിനു ശേഷമെത്തിയ ത്രീ ഡോട്‌സ് വലുതല്ലെങ്കിലും വിജയം നേടി. മൂന്നാം ചിത്രം ഒന്നും മിണ്ടാതെ ഒരു കുടുംബ ചിത്രമായിരുന്നു. പഴയൊരു സിനിമയെടുത്ത് ചെയ്തതാണ്. അത് വിജയിക്കാതെ പോയതിന്റെ ഒരു പ്രധാന കാരണം ഈ കാലഘട്ടതിന് അനുയോജ്യമായൊരു കഥയല്ലാത്തതു കൊണ്ടാണ്. 

എന്നിരുന്നാലും ആ ചിത്രത്തെ കുറിച്ച് ഒരുപാട് നല്ല അഭിപ്രായങ്ങള്‍ വന്നിരുന്നു. പിന്നീടുള്ളത് സ്വര്‍ഗത്തേക്കാള്‍ സുന്ദരം എന്ന ചിത്രമാണ്. ആ ചിത്രം മലയാളത്തിലെ പ്രഗത്ഭരായ മൂന്ന് സംവിധായകര്‍ കൂടിയായ തിരക്കതാകൃത്തുക്കള്‍ക്ക് ഒരുപോലെ ഇഷ്ടപ്പെട്ട് അഭിനയിച്ച ചിത്രമായിരുന്നു. ലാല്‍, ശ്രീനിവാസന്‍, ജോയ് മാത്യു എന്നിവരായിരുന്നു അഭിനേതാക്കള്‍. ആ ചിത്രം എന്തുകൊണ്ട് വിജയിച്ചില്ലെന്നു പറഞ്ഞാല്‍ അതൊരുപാട് പേര്‍ക്ക് വിഷമമുണ്ടാക്കുമെന്നതു കൊണ്ട് പറയുന്നില്ല. പല ഘടകങ്ങള്‍ ചേരുമ്പോഴാണല്ലോ ഒരു സിനിമ വിജയിക്കുന്നത്. അത് ഇവിടെ ഇല്ലാതെ പോയി. 

പക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും ഞാന്‍ നിരാശനായില്ല. പരാജയങ്ങളില്‍ നിന്നും തിരിച്ചടികളില്‍ നിന്നും വിഷാദരോഗത്തിലേക്കോ മറ്റോ പോകാതെ തോറ്റു എന്ന് ചിന്തിക്കാതെ കൂടുതല്‍ ആത്മവിശ്വാസത്തോടെ എഴുതുകയായിരുന്നു. തിരക്കഥാ പഠനം മുന്‍പത്തേക്കാള്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ടു പോകും. വളരെ സ്വസ്ഥമായി, നല്ലൊരു ശമ്പളവും അതും കൃത്യമായി രണ്ടാം തീയതി വാങ്ങിയിരുന്ന ഒരു തസ്തികയില്‍ നിന്നാണ് സിനിമ എന്ന അനിശ്ചിതത്വങ്ങളും കാത്തിരിപ്പും നിറഞ്ഞൊരു മേഖലയിലേക്കു വന്നത്. പരാജയപ്പെട്ടു തിരിച്ചു ചെല്ലാന്‍ എനിക്കൊരിടമില്ലായിരുന്നതു കൊണ്ട് കൂടുതല്‍ നന്നായി എഴുതി സിനിമയിലിടം നേടാന്‍ ശ്രമിച്ചു. അതിജീവനമായിരുന്നുവെന്നു തന്നെ പറയാം. പത്താം ക്ലാസിനു ശേഷം സ്വതന്ത്രമായി ജീവിക്കേണ്ടി വന്നു എന്നതു കൊണ്ടുതന്നെ അതിജീവനം മുന്‍പേ പരിചിതമായിരുന്നു. അത് സിനിമയിലെ പ്രതിസന്ധിഘട്ടങ്ങളില്‍ ഉപകാരപ്പെട്ടു.

അരവിന്ദന്റെ അതിഥികള്‍ തീയറ്ററുകളില്‍ നിന്ന് മാറാതെ ഓടുകയാണ്. അത് ഭാഗ്യം കൊണ്ടല്ല, ഞാനതില്‍ വിശ്വസിക്കുന്നില്ല. ഭാഗ്യം ഒരു തോന്നല്‍ മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. കഠിനാധ്വാനമാണ് അതിനു പിന്നിലെ രഹസ്യം. അതിനിയും തുടരും. ഇപ്പോള്‍ ഈ വിജയത്തിലും ആശംസകളിലും നോക്കിയിരിക്കാതെ ആമസോണില്‍ നിന്ന് തിരക്കഥയുടെ ഒരു ബുക്ക് വാങ്ങി വായിക്കുകയാണ്. അതിനിയും തുടരും...

ക്ലൈമാക്‌സ് പോലും കൊടുക്കാറില്ല!

തിരക്കഥാകൃത്ത് അധികം ആഘോഷിക്കപ്പെടുന്ന ഒരാളല്ല. സിനിമയില്‍ നിന്ന് ആദ്യം പുറത്താകുന്നൊരാളും തിരക്കഥാകൃത്താണ്. തിരക്കഥ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന്‌റെ ആവശ്യമില്ലല്ലോ. ഞാന്‍ മുതിര്‍ന്ന കുറേ തിരക്കഥാകൃത്തുക്കളുമായി സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, പലപ്പോഴും ക്ലൈമാക്‌സ് കൊടുക്കാറു കൂടിയില്ലായിരുന്നു എന്നാണ്. അതുകൂടി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കഥകഴിഞ്ഞില്ലേ. സാമ്പത്തികമായി ഒരു നിലനില്‍പ് ബുദ്ധിമുട്ടിലാകുന്നത് തിരക്കഥാകൃത്തിന്റേതാണ്. എന്നെ സംബന്ധിച്ച് എനിക്ക് പിന്നില്‍ നിന്ന് സഹായിക്കാനൊന്നും ആരുമില്ല. ഞാന്‍ തന്നെ എന്റെ കാര്യവും കുടുംബത്തിന്‍രെ കാര്യവും നോക്കണം. അതുകൊണ്ട് പ്രതിഫലം കൃത്യമായി വാങ്ങാറുണ്ട്. അത് കിട്ടിയിട്ടേ മുന്നോട്ടു പോകാറുള്ളൂ.

ചാള്‍സിന്റെ കോള്‍!

അരിവിന്ദന്റെ അതിഥികള്‍ കണ്ട് ഒരുപാട് പേര്‍ വിളിച്ചു. അതിലൊരാളായിരുന്നു ചാള്‍സ്. അയാള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും നെഞ്ചില്‍ തറച്ച് കിടപ്പുണ്ട്. അരവിന്ദന്‍ ഏറ്റവും ഭാഗ്യവാനായ ഒരു അനാഥനാണ് എന്നാണ്. അയാളുമൊരു അനാഥനാണ്. ഞാന്‍ പിന്നീട് ചാള്‍സിനെ വിളിച്ചിട്ടില്ല. ഇങ്ങോട്ടും അങ്ങനെയുണ്ടായില്ല. ചാള്‍സിനെ ഇനി കാണുമോയെന്നും അറിയില്ല. എങ്കിലും...

വിമര്‍ശനങ്ങളോട്...

അതിനെ വളരെ പോസിറ്റീവ് ആയി കാണുന്നൊരാളാണ്. അരവിന്ദന്റെ അതിഥികള്‍ പഴയ സിനിമകള്‍ പോലെയാണ്...അതിന്റെ ആശയം പഴഞ്ചനാണ് എന്നൊക്കെ പറയുന്നവരുണ്ട്. കാത്തിരിപ്പ് എല്ലായ്‌പ്പോഴും എല്ലാ ജീവിതത്തിലുമുണ്ട്. അതെപ്പോഴാണ് പഴയതായത് എന്നറിയില്ല. പിന്നെ പഴയ സിനിമയെന്നത്...തൊണ്ണൂറുകളിലാണ് ഏറ്റവും മികച്ച മലയാള സിനിമകള്‍ എത്തിയത്. അതുപോലെയാണ് ഈ ചിത്രമെങ്കില്‍ സന്തോഷമേയുള്ളൂ. 

അടുത്തത്...

മൂന്നു പ്രോജക്ടുകള്‍ മുന്‍പിലുണ്ട്. എങ്കിലും അടുത്ത ചിത്രം ഒരു പ്രണയചിത്രം ആയിരിക്കും. എന്റെ എല്ലാ സിനിമകളിലും പ്രണയം വന്നുപോകുന്നെങ്കിലും അത് പ്രധാന തീം ആക്കിയൊരു ചിത്രമുണ്ടായിട്ടില്ല. അതിനുള്ള എഴുത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. പിന്നെയൊരു പുസ്തകം....അത് എഴുത്തില്‍ കൂടുതല്‍ പക്വത വന്നതിനു ശേഷം മാത്രം.