ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ നടൻ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ ഉയർന്ന വിവാദത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ രാജീവ് രവി. താനടക്കം ഒപ്പിട്ട നിവേദനം സർക്കാരിനെ ലക്ഷ്യമിട്ടുള്ളതാണെന്നും അല്ലാതെ മോഹൻലാൽ എന്ന വ്യക്തിക്കെതിരല്ലെന്നും രാജീവ് രവി വ്യക്തമാക്കി. മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രാജീവ് രവിയുടെ പ്രതികരണം.
നിവേദനം സർക്കാരിനെതിരെ
സർക്കാർ സംഘടിപ്പിക്കുന്ന ഒരു ചടങ്ങിൽ ഒരു താരത്തെ മുഖ്യാതിഥിയായി ക്ഷണിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് നിവേദനം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഒരു മുഖ്യാതിഥിയെ ക്ഷണിച്ചിരുത്തി പുരസ്കാരം വിതരണം ചെയ്യേണ്ട ആവശ്യമില്ല. മോഹൻലാൽ എന്ന പേര് ഇവിടെ പ്രസക്തമല്ല. മോഹൻലാലിന് പകരം ആരും ആവാം. ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്.
ചർച്ച മോഹൻലാലിൽ കേന്ദ്രീകരിക്കുന്നത് ഖേദകരം
ചലച്ചിത്ര പുരസ്കാരവിതരണ ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇപ്പോള്‍ ചർച്ച മുന്നോട്ടു പോകുന്നത് ശരിയായ രീതിയിലല്ല. വിഷയത്തിൽ നിന്ന് മാറി മോഹൻലാലിനെ വ്യക്തപരമായി ആക്രമിക്കുന്ന രീതിയിലേക്ക് പോകുന്നത് സങ്കടകരമാണ്. 'ഞങ്ങളുടെ ലാലേട്ടനെ നിങ്ങൾ എതിർക്കുമോ' എന്ന് ചോദിച്ചാൽ അതിന് എങ്ങനെ മറുപടി പറയും? വിഷയം അതല്ല. പക്ഷേ, മോഹൻലാലിനെ മുൻനിറുത്തിയാണ് വിവാദങ്ങൾ സജീവമാകുന്നത്.
താരസംഘടനയുമായി ബന്ധപ്പെട്ട വിവാദവുമായി കൂട്ടിക്കെട്ടരുത്
അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെടുത്തിയാണ് മാധ്യമങ്ങളടക്കം ഇപ്പോഴത്തെ നിവേദനത്തെ കാണുന്നത്. അതു വേറെ വിഷയമാണ്. അതുകൊണ്ടാണ് സച്ചി മാഷും എൻ എസ് മാധവനും പോലുള്ള സാഹിത്യകാരന്മാർ ഈ നിവേദനത്തെ പിന്തുണയ്ക്കുന്നത്. നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നവരിൽ ഭൂരിഭാഗവും കേരളത്തിലെ സാംസ്കാരിക രംഗത്ത് സജീവമായി നിൽക്കുന്നവരാണ്.
നിലനിൽപ് മോഹൻലാലിനെ ആശ്രയിച്ചല്ല
മോഹൻലാലിനെ ആക്രമിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല. ഒരു തരത്തിലും അദ്ദേഹത്തെ ആശ്രയിച്ചല്ല ഞങ്ങളാരും മുന്നോട്ടു പോകുന്നത്. അതുകൊണ്ട് മോഹൻലാലിനെതിരെ ഇറങ്ങിപ്പുറപ്പെടേണ്ട ആവശ്യം ഞങ്ങൾക്കില്ല.
താരാരാധനയിൽ യഥാർത്ഥ വിഷയം മുങ്ങിപ്പോകുന്നു
മോഹൻലാലിന് എതിരെ എന്ന രീതിയിൽ ചർച്ചകൾ മുന്നോട്ടു പോകുമ്പോൾ യഥാർത്ഥ വിഷയം ജനങ്ങളിലേക്ക് എത്തുന്നില്ല. അന്ധമായ താരാരാധന കേരളത്തിൽ മുൻപ് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കേരളത്തിലും ഇത്തരത്തിൽ അന്ധമായ താരാരാധന വച്ചു പുലർത്തുന്നവർ ധാരാളമുണ്ട്. അവർ വിഷയം മനസിലാക്കുന്നില്ല. ഇത് മലയാളികൾക്ക് തന്നെയാണ് മോശമുണ്ടാക്കുന്നത്.
ഒപ്പിട്ടത് അറിഞ്ഞുകൊണ്ടു തന്നെ
ഞാൻ ഒപ്പിട്ടത് അറിഞ്ഞുകൊണ്ടു തന്നെയാണ്. ശരിയായ ഒരു നിവേദനമാണ് ഇതെന്നു തോന്നി. അതുകൊണ്ട് ഒപ്പിട്ടു. മറ്റുള്ളവരുടെ കാര്യത്തെപ്പറ്റി എനിക്കു പറയാൻ കഴിയില്ല. ഞാൻ നാട്ടിലുണ്ടായിരുന്നില്ല. എങ്കിലും അതിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. അതിൽ യാതൊരു വിഷമവുമില്ല.