ഞാൻ ഇപ്പോൾ കുറച്ച് സീരിയസ്സാണ്: വരത്തനിലെ വില്ലന് പറയാനുള്ളത്‌

SHARE

ആരെയും ചിരിപ്പിക്കുന്ന പ്രേമം സിനിമയിലെ ഗിരിരാജൻ കോഴിയിൽനിന്ന് ആരും വെറുക്കുന്ന വരത്തനിലെ ജോസി എന്ന വില്ലനിലേക്കുള്ള മാറ്റം ഷറഫുദ്ദീൻ എന്ന നടന്റെ കരിയറിന്റെ വളർച്ചയാണ്. സിനിമ മാത്രം സ്വപ്നമാക്കാതെ മറ്റു പലതിന്റെയും പിന്നാലെ പോയ ഷറഫുദ്ദീന് ഇന്നു സിനിമ തന്നെയാണ് എല്ലാം. നേരത്തിൽ തുടങ്ങി വരത്തൻ വരെ എത്തി നിൽക്കുന്ന സിനിമകളുടെ നിര സിനിമയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടവും അർപ്പണവും വെളിവാക്കുന്നു. വരത്തനിലെ വില്ലൻ കഥാപാത്രത്തെ ആളുകൾ എത്ര കൂടുതൽ വെറുക്കുന്നുവോ അതു മുഴുവൻ ഷറഫുദ്ദീൻ എന്ന നടനുള്ള അംഗീകാരമായി കാണണം. 

വരത്തനിലെ വില്ലൻ ?

വരത്തനിലെ കഥാപാത്രം ഞാൻ ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമാണ്. കോമഡിയുമായി ഒരു ബന്ധവുമില്ല ഇൗ കഥാപാത്രത്തിന്. ഒരു അമൽ നീരദ് സിനിമയിൽ വ്യത്യസ്തമായ കഥാപാത്രം ചെയ്യാനായത് സന്തോഷം ഇരട്ടിയാക്കുന്നു. ഞാനൊക്കെ കാത്തിരുന്ന അവസരമാണ് ഇത്. 

varathan-review1

അമൽ നീരദ് എന്ന സംവിധായകനെക്കുറിച്ച് ?

ബിഗ് ബിയുടെ സമയം മുതൽതന്നെ അമൽ നീരദിനെ ഫോളോ ചെയ്യുന്നതാണ്. അദ്ദേഹത്തിന്റെ സിനിമയിൽ അവസരം കിട്ടുക എന്നു പറഞ്ഞാൽ അതൊരു ഭാഗ്യമാണ്. അദ്ദേഹത്തിന്റെ സെറ്റിലുള്ള എല്ലാവരും ടെക്നിക്കലിയും അല്ലാതെയും ഏറ്റവുമധികം കഴിവുള്ളവരായിരിക്കും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. അതിന്റെ ടെൻഷനും എനിക്കുണ്ടായിരുന്നു. പക്ഷേ ആദ്യ ദിവസം മുതൽ ആർട്ടിസ്റ്റുകളെ കംഫർട്ടബിൾ ആക്കി നിർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ആ കഥാപാത്രങ്ങളെ രൂപപ്പെടുത്തി എടുത്തതും. സിനിമയെക്കുറിച്ച് ഒരുപാടു സംസാരിക്കുമായിരുന്നു. ഒരു അഭിനേതാവെന്ന നിലയിൽ അമൽ നീരദിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഒരു നേട്ടമായി കണക്കാക്കുന്നു.

ഫഹദിനൊപ്പമുള്ള അഭിനയം ?

ഫഹദ് എന്ന നടനെ മറ്റെല്ലാവരും ഇഷ്ടപ്പെടുന്നതു പോലെ ഞാനും ഇഷ്ടപ്പെടുന്നു. റോൾ മോഡൽസ് എന്ന സിനിമ വന്നപ്പോൾ അൽഫോൻസ് പുത്രനാണ് ‘എടാ നീയെന്തായാലും ഇതു ചെയ്യണം എന്ന് എന്നോടു പറഞ്ഞത്. വലിയ അനുഭവമായിരിക്കും എന്നാണ് അൽഫോൻസ് പറഞ്ഞത്. റോൾ മോഡൽ‌സ് ഒരു കോമഡി ചിത്രമായിരുന്നെങ്കിലും സിനിമയെ സീരിയസ്സായി കാണാൻ അതെന്നെ പഠിപ്പിച്ചു. സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഫഹദിൽനിന്ന് ഒരുപാടു പഠിക്കാൻ സാധിച്ചു. ഒരുപാടു കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഒരുപാട് മോട്ടിവേറ്റ് ചെയ്യുന്ന ആളാണ്. അഭിനേതാവ് എന്ന നിലയിലും സുഹൃത്തെന്ന രീതിയിലും ഫഹദുമായി വളരെ നല്ല അടുപ്പമുണ്ട്. 

varathan-3

ഹാസ്യ കഥാപാത്രങ്ങളാണോ ഇഷ്ടം ?

ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ നമ്മൾ സെറ്റിലും പൊതുവെയും സന്തോഷവാന്മാരായിരിക്കുമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. നമ്മൾ കുറച്ചു കൂടി ആസ്വദിച്ചാവും അത്തരം സിനിമകളിൽ അഭിനയിക്കുക. കുറച്ചു കൂടി സീരിയസ്സായ സിനിമകൾ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിച്ചാണ് നമ്മൾ അഭിനയിക്കുക. ഹാസ്യ കഥാപാത്രങ്ങൾ വളരെ എളുപ്പത്തിലും മറ്റുള്ളവ കുറച്ചു കൂടി കഷ്ടപ്പെട്ടുമാണ് ഞാൻ ചെയ്യുന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പക്ഷേ ഒരു അഭിനേതാവെന്ന നിലയിൽ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. തേടി വരുന്ന കുറച്ചു കഥാപാത്രങ്ങളിൽനിന്ന് ഏറ്റവും നല്ലതു നോക്കി ചെയ്യാനാണു ശ്രമം.

സിനിമ മാത്രമായിരുന്നോ നേരത്തേ മുതലുള്ള സ്വപ്നം ?

അൽഫോൻസോ അൽത്താഫോ ജൂഡോ ഒക്കെ ഒരു സിനിമയെടുക്കുമ്പോൾ അതിലെവിടെയെങ്കിലും ഒരു ചെറിയ റോളിൽ എത്തുമെന്നു പ്രതീക്ഷിച്ചിരുന്നയാളായിരുന്നു ഞാൻ. സിനിമ ആഗ്രഹിക്കുന്നതിനൊപ്പം സമാന്തരമായി മറ്റു ജോലികളും ഞാൻ ചെയ്യുന്നുണ്ടായിരുന്നു. ഞാനൊഴികെയുള്ള എന്റെ എല്ലാ സുഹൃത്തുക്കളും സിനിമയിൽ മാത്രമായിരുന്നു ശ്രദ്ധ ചെലുത്തിയത്. അങ്ങനെ ഒരു ദിവസം നേരം ചെയ്തു. പിന്നാലെ ഒാം ശാന്തി ഒാശാന എത്തി. പ്രേമം ചെയ്തപ്പോഴാണ് ഒരു അഭിനേതാവായി നിലനിൽക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായത്. ആ വിശ്വാസത്തിലാണ് ഇപ്പോഴും പൊയ്ക്കൊണ്ടിരിക്കുന്നത്. ഞാൻ ചെയ്യുന്നതിനെ വിമർശിക്കാനും തിരുത്താനും എന്റെ സുഹൃത്തുക്കൾക്ക് അധികാരവും അവകാശവും കൊടുത്തിട്ടുണ്ട്. അവരുടെയൊക്കെ അഭിപ്രായങ്ങൾ കണക്കിലെടുത്താണ് മുന്നോട്ടു പോകുന്നതും. 

varathan-2

പ്രേമത്തിലെ ‘ഗിരിരാജൻ കോഴി’ എന്ന കഥാപാത്രത്തെക്കുറിച്ച് ?

ആ കഥാപാത്രം ഇത്ര വലിയ ഹിറ്റാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. മറ്റു കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിനൊപ്പം ഗിരിരാജൻ കോഴിയെക്കുറിച്ചും അൽഫോൻസ് ഒരു ധാരണയുണ്ടാക്കിയിരുന്നു. ആ കഥാപാത്രം എന്തു സംസാരിക്കണം, ആറ്റിറ്റ്യൂഡ് എന്തായിരിക്കണം എന്നൊക്കെ അദ്ദേഹത്തിനു നല്ല ധാരണയുണ്ടായിരുന്നു. പിന്നെ ആ ഷോട്ടിൽ പങ്കെടുത്ത എല്ലാവരുടെയും സഹകരണവും ആശയങ്ങളും ആ കഥാപാത്രത്തെ രസകരമാക്കാൻ സഹായിച്ചു. ഒപ്പം അൽഫോൻസിന്റെ എഡിറ്റിങ്ങും. ഗിരിരാജൻ കോഴി എന്ന് എന്നെ വിളിക്കുമ്പോൾ ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല. എന്നു മാത്രമല്ല, അതിൽ സന്തോഷിച്ചിട്ടേയുള്ളൂ. 

സീനിയർ താരങ്ങളിൽനിന്നു പഠിച്ചത് ?

സീനിയർ താരങ്ങളിൽ മിക്കവരും സ്റ്റേജിൽനിന്നു വന്നിട്ടുള്ളവരാണ്. ഇവർക്കു വേറെ ലെവൽ കഴിവുകളാണ് ഉള്ളത്. ദിലീപേട്ടന്റെയും സുരാജേട്ടന്റെയും ഒപ്പം അഭിനയിച്ചപ്പോൾ എനിക്കു മനസ്സിലായത് അതാണ്. അതല്ല എനിക്കുള്ളത്. അവരിൽനിന്ന് ഒരുപാടു പഠിക്കാനുണ്ട്. ടൈമിങ്ങും മറ്റും ഒരുപാടു മെച്ചപ്പെടുത്താനുണ്ട്. സിദ്ദിക്കയുടെ കൂടെ ആദി ഒക്കെ ചെയ്യുന്ന സമയത്ത് ചില കാര്യങ്ങൾ നമ്മളോടു പറയുമ്പോഴാണ്, അയ്യോ അതു നമുക്ക് അറിയില്ലായിരുന്നല്ലോ എന്ന് ഒാർക്കുന്നത്. അത്രയും വർഷത്തെ അനുഭവപരിചയം ചെറുതല്ല. 

മോഹൻലാലും പ്രണവ് മോഹൻലാലും തമ്മിൽ ?

ലാലേട്ടനുമായി ഞാൻ അത്ര ക്ലോസല്ല. വേറൊന്നും കൊണ്ടല്ല, ഒരു ടെൻഷൻ ഉണ്ടാവുമല്ലോ നമുക്ക്. അതുകൊണ്ട് ഇടിച്ചു കയറി മിണ്ടാനൊന്നും ശ്രമിച്ചിട്ടില്ല. പക്ഷേ പ്രണവുമായി നല്ല സൗഹൃദമാണുള്ളത്. ഇവർ രണ്ടാളുകളും ഒരുപോലെയാണ് എന്നാണ് എനിക്കു തോന്നുന്നത്. മോഹൻലാലിന്റെ മകനാണെങ്കിലും ആ ഭാവം ഒന്നുമില്ലാതെ നമ്മുടെ നാട്ടിലെ ഒരു കൂട്ടുകാരനെ പോലെയാണ് പ്രണവ് സംസാരിക്കുന്നത്. ആദിയുടെ സെറ്റിലും അങ്ങനെ തന്നെയായിരുന്നു. 

varathan-4

ജീവിതത്തിൽ ഗൗരവക്കാരനാണോ ?

ഞാൻ ഒരിക്കലും മസിലു പിടിച്ചു നടക്കുന്ന ആളൊന്നുമല്ല. വീട്ടിൽ ഞാൻ മൂത്ത മകനാണ്. രണ്ട് അനിയന്മാരുണ്ട്. അതിന്റെ ചെറിയ ഭരണമുണ്ട്. അത്രയൊക്കേയുള്ളൂ. അഭിമുഖങ്ങളിലൊക്കെ സ്ഥിരമായി, ഞാൻ കോമഡിയാണ്, സീരിയസല്ല എന്നൊക്കെ പലരും പറഞ്ഞു. അതുകൊണ്ട് കുറച്ച് സീരിയസ്സായെന്നേ ഉള്ളൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA