പെങ്ങളെ ശല്യം ചെയ്ത ഓട്ടോക്കാരനോട് തന്റെ കൊച്ചുപ്രതികാരം ചെയ്ത്, ഒറ്റയോട്ടം വച്ചുകൊടുത്തു പ്രേക്ഷകരെ ചിരിപ്പിച്ച ‘മഹേഷിന്റെ പ്രതികാര’ത്തിലെ വിജിലേഷ് കുറച്ചു ദിവസമായി വീട്ടിൽ ഒളിച്ചിരിപ്പായിരുന്നു. ‘വരത്തൻ’ സിനിമ കണ്ട ആരെങ്കിലും തന്നെ കൈ വയ്ക്കുമോ എന്ന പേടി തന്നെ കാരണം. ചിത്രത്തിന്റെ ക്ലൈമാക്സിൽ വിജിലേഷിന്റെ കഥാപാത്രത്തിനെതിരെ തിയറ്ററിൽ ഉണ്ടായ പ്രേക്ഷക പ്രതികരണം അത്ര ‘രൂക്ഷ’മായിരുന്നല്ലോ.
ഒരു നടനെന്ന നിലയിൽ ആരും കൊതിക്കുന്ന നേട്ടത്തിന്റെ പ്രതിഫലനമാണ് ആ പ്രേക്ഷക പ്രതികരണമെന്നു പറഞ്ഞു ഇപ്പോൾ ചിരിക്കുന്നു അദ്ദേഹം. കഥാപാത്രത്തോടു പ്രേക്ഷകനു തോന്നിയ വെറുപ്പ്, അത് അവതരിപ്പിച്ച നടനോടുള്ള സ്നേഹമായി മാറാൻ അധിക സമയം വേണ്ടിവന്നില്ലെന്നും വിജിലേഷിന്റെ അനുഭവം. വില്ലൻ കഥാപാത്രത്തിൽ നിന്നു നേരെ നായകനിലൊരാളാവുകയാണ് ഇനി വിജിലേഷ്. നവാഗതനായ രജനീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നവംബറിൽ തുടങ്ങും. കൊച്ചുകൊച്ചു വേഷങ്ങളിലൂടെ മലയാള സിനിമയുടെ ചുറ്റുവട്ടത്ത് കറങ്ങി നടന്ന ഈ ‘പയ്യൻ’ വരത്തനിലൂടെ തന്റെ കരിയറിൽ മികച്ച അടയാളപ്പെടുത്തൽ നടത്തി അങ്ങനെ മുന്നോട്ടു പോകുകയാണ്.
ഹാസ്യത്തിൽ തുടക്കം; ഇപ്പോൾ നെഗറ്റീവ് പരിവേഷം
ഇതുവരെ പതിനഞ്ച് സിനിമകളാണ് ചെയ്തത്. മഹേഷിന്റെ പ്രതികാരത്തിനു ശേഷം അത്രയും ഹാസ്യപ്രധാന്യമുള്ള മറ്റൊരു കഥാപാത്രം കിട്ടിയിട്ടില്ല. എന്നാൽ ഗപ്പി, കലി, തീവണ്ടി എന്നീ ചിത്രങ്ങളിലെ നെഗറ്റീവ് വേഷങ്ങൾ കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടു. ഒരു കഥാപാത്രമുണ്ടെന്നു പറഞ്ഞ് സംവിധായകൻ അമൽ നീരദ് വരത്തനിലേക്കു വിളിക്കുമ്പോൾ അത് ഇത്രയ്ക്കു ‘ഭീകരനാ’യ ഒന്നായിരിക്കുമെന്നു കരുതിയതല്ല. അഭിനയിക്കുമ്പോൾ പോലും കഥാപാത്രത്തിന്റെ വ്യാപ്തി അത്രയ്ക്കങ്ങ് മനസ്സിലായിരുന്നില്ല എന്നതാണു സത്യം. തിയറ്ററിൽ എത്തിയപ്പോഴാണ് തീവ്രത വ്യക്തമായത്. ‘അവനെ കത്തിച്ച് കൊല്ലടാ...’ എന്നാണ് ക്ലൈമാക്സിൽ പ്രേക്ഷകർ വിളിച്ചുപറയുന്നത്. അതു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. എന്റെ ഭാഗം ഭംഗിയായല്ലോ.
പൂർണമായും ‘വഷളനാ’കാൻ ഹോംവർക്ക്
സ്ക്രിപ്റ്റ് ചെയ്ത സുഹാസും ഷറഫുവും കഥാപാത്രത്തിന്റെ സൂക്ഷ്മതലങ്ങൾ നന്നായി വിവരിച്ചു തന്നിരുന്നു. വഷളത്തരം അതിന്റെ അങ്ങേയറ്റത്ത് കഥാപാത്രത്തിൽ നിൽക്കണമെന്നായിരുന്നു അവർ പറഞ്ഞത്. എന്റെ ശരീരം വച്ച് ഇത്രയും വില്ലത്തരം ചെയ്യാനാകുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ രൂപം ഒരു പ്രശ്നമല്ലെന്ന് പറഞ്ഞ് സംവിധായകൻ അടക്കം ധൈര്യം തന്നു. അതോടെ പ്രേക്ഷകനെ എത്രത്തോളം വെറുപ്പിക്കാം എന്നായി ആലോചന. സദാചാര ഗുണ്ടായിസത്തെക്കുറിച്ചുള്ള മാധ്യമവാർത്തകളൊക്കെ സഹായകരമായി. പിന്നെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും കണ്ടിട്ടുള്ള ഇത്തരം സദാചാര വിരുതന്മാരെയും മാതൃകയാക്കി.
വരത്തനു ശേഷം...?
സിനിമ ഇറങ്ങിയ ശേഷം ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും തെറികൊണ്ട് അഭിഷേകമായിരുന്നു. കൺമുന്നിൽ വന്നാൽ മുഖമടച്ച് പൊട്ടിക്കുമെന്നൊക്കെയുള്ള സന്ദേശങ്ങൾ ഏറെ സന്തോഷത്തോടെയാണ് ഞാൻ സ്വീകരിച്ചത്. ആ കഥാപാത്രം അത്രയധികം പ്രേക്ഷകനെ സ്വാധീനിച്ചു എന്നതു തന്നെ കാര്യം. നാടക വേദിയിലൂടെയായിരുന്നു കലാരംഗത്തേക്കുള്ള വരവ്. സുഹൃത്ത് രജീഷുമായി ചേർന്ന് ആയിരത്തോളം വേദികളിൽ നാടകം കളിച്ചിട്ടുണ്ട്.
മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിക്കാൻ അദ്യം ഓഡിഷനു പോയി നടപടിയാകാതെ തിരിച്ചുവന്നതാണ്. ദിലീഷ് പോത്തൻ കാരണമാണ് വീണ്ടും ഓഡിഷനുചെന്ന് അതിൽ വേഷം കിട്ടുന്നത്. അവിടെനിന്നും ചുരുങ്ങിയ കാലത്തിനുള്ളിലാണ് വരത്തനിലെ ഈ മികച്ച വേഷത്തിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള ചിത്രങ്ങൾ കൂടുതൽ ഉത്തരവാദിത്തമാണ് ആവശ്യപ്പെടുന്നത്.