രഞ്ജിത്ത് ചിത്രങ്ങളുടെ ചിത്രസംയോജകനായി ശ്രദ്ധനേടിയ ആളാണ് സന്ദീപ് നന്ദകുമാർ. മോഹൻലാൽ ചിത്രം സ്പിരിറ്റിലാണ് സന്ദീപ് ആദ്യമായി സ്വതന്ത്ര എഡിറ്ററാകുന്നത്. ഇപ്പോൾ പുതിയ ചിത്രം ഡ്രാമ വരെ എത്തി നിൽക്കുന്നു. ഡ്രാമയുടെ അനുഭവങ്ങളും മറ്റുവിശേഷങ്ങളുമായി സന്ദീപ് മനോരമ ഓൺലൈനിൽ...
ഡ്രാമയുടെ വിശേഷങ്ങള്‍
ലണ്ടനിലായിരുന്നു ഡ്രാമയുടെ ഷൂട്ടിങ്. അഞ്ചോളം പ്രധാന ലൊക്കേഷനുകളിലായി മുപ്പത്തഞ്ചു ദിവസത്തെ ഷൂട്ട്. എല്ലാവരും ഒരുപാട് എന്‍ജോയ് ചെയ്തു. നമ്മുടെ നാട്ടിലേത് പോലെയല്ല വളരെ നിയന്ത്രണത്തിലാണ് അവിടെയൊക്കെ കാര്യങ്ങള്‍ പോകുന്നത്. വലിയ ബഹളങ്ങള്‍ ഒന്നുമുണ്ടാവില്ല. ശബ്ദം ഒരു പരിധിയില്‍ കൂടിയാലും സമയപരിധി കഴിഞ്ഞാലും അവിടെ പരാതി വരും. നിയമങ്ങളോട് അവിടത്തുകാര്‍ക്ക് ബഹുമാനമാണ്. കൃത്യമായി പാലിക്കുകയും ചെയ്യും.
മേയ് ജൂണ്‍ മാസങ്ങളിലായിരുന്നു ഷൂട്ടിങ്. ലണ്ടനില്‍ പകല്‍ കൂടുതലുള്ള മാസങ്ങളാണ്. അതിരാവിലെ പോലും ഉച്ചസമയത്തിന്റെ ഫീലാണ്. രാത്രി പത്തുമണിയ്ക്കൊക്കെയാണ് കുറച്ചെങ്കിലും ഇരുട്ട് വീഴുന്നത്. പകല്‍ കൂടുതല്‍ സമയം കിട്ടി. അതുകൊണ്ടാണ് മുപ്പത്തഞ്ചു ദിവസം കൊണ്ട് ഷൂട്ടിങ് തീര്‍ന്നത്.
പ്രിയപ്പെട്ട ടീം
എഡിറ്റര്‍ എന്ന നിലയില്‍ എന്‍റെ കരിയര്‍ തുടങ്ങുന്നത് ഇതേ ടീമിന്റെ കൂടെയായിരുന്നു. മോഹന്‍ലാല്‍ സാറും രഞ്ജിത്ത് സാറും ചേര്‍ന്ന സ്പിരിറ്റിലാണ് ആദ്യമായി സ്വതന്ത്ര എഡിറ്റര്‍ ആകുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ റുപ്പി, ബാവൂട്ടിയുടെ നാമത്തില്‍, ഞാന്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി ഇപ്പോള്‍ ഡ്രാമയും. മറ്റുസിനിമകളുടെ ഭാഗമായിരുന്നതിനാല്‍ രഞ്ജിത്ത് സാറിന്‍റെ കഴിഞ്ഞ മൂന്നു പടങ്ങള്‍ ചെയ്യാന്‍ പറ്റിയില്ല എന്നൊരു സങ്കടമുണ്ടായിരുന്നു. ഇപ്പോള്‍ തിരിച്ചുവരവ് ഇതേ ടീമിനൊപ്പമായത് ഒരുപാട് സന്തോഷമായി. അഞ്ച് പ്രഗല്‍ഭ സംവിധായകര്‍ അഭിനയത്തിലും ഡബ്ബിങ്ങിലുമൊക്കെയായി ഈ സിനിമയുടെ ഭാഗമായി.അതേപോലെ അരുന്ധതി നാഗ് എന്ന ബ്രില്ല്യന്‍റ് ഡ്രാമ ആര്‍ട്ടിസ്റ്റും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
മോഹന്‍ലാല്‍-രഞ്ജിത്ത് സിനിമ
സ്വതന്ത്ര എഡിറ്റര്‍ എന്ന നിലയില്‍ എന്‍റെ കരിയര്‍ തുടങ്ങിയിട്ട് വെറും ആറുവര്‍ഷമേ ആയുള്ളൂ. രഞ്ജിത്ത് സാര്‍ സിനിമയിലെത്തിയിട്ട് ഏതാണ്ട് മുപ്പത്തഞ്ചുവര്‍ഷത്തിലധികമാകുന്നു. ലാല്‍സാറും അങ്ങനെ തന്നെ.എന്നിട്ടും നമ്മള്‍ പറയുന്ന ഒരു കാര്യം സ്വീകരിക്കുന്നതിലാണ് ഇവരുടെ മഹത്വം. രഞ്ജിത്ത് സിനിമകളില്‍ സ്പോട്ട് എഡിറ്റിങ്ങും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. ഷോട്ട് കഴിയുമ്പോൾ നമ്മൾ അതുകണ്ട് ഒരു അഭിപ്രായമോ മറ്റോ പറഞ്ഞാല്‍ യാതൊരു ഈഗോയുമില്ലാതെ അവര്‍ അത് കേള്‍ക്കാനും സ്വീകരിക്കാനും തയറാകും. ലാല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അനാവശ്യമായ ഒരു ടെന്‍ഷനുമില്ല. ഭയങ്കര കൂളാണ്. ഷോട്ട് കഴിയുമ്പോ അഭിപ്രായം ചോദിക്കും. സീനിയര്‍ ആണെന്നുള്ള ജാഡ ഇല്ലാതെ നമ്മളെ ഒപ്പം നിര്‍ത്തും. അതൊക്കെ വലിയ സന്തോഷങ്ങളാണ്.

എഡിറ്റര്‍- സെക്കൻഡ് ഡയറക്ടര്‍
എഡിറ്ററെ ആരും കാണുന്നില്ലല്ലോ.ഒന്നാമത്തെ കാര്യം എഡിറ്റര്‍ കാമറയ്ക്ക് പിന്നിലുള്ള ഒരാളാണ്. ഒരു റൂമില്‍ ഒതുങ്ങി നില്‍ക്കുന്ന ജോലിയാണല്ലോ. ശരിയ്ക്കും സെക്കൻഡ് ഡയറക്ടര്‍ ആണ് എഡിറ്റര്‍ എന്നുപറയാം. എഡിറ്റിങ് ടേബിളില്‍ തന്നെയാണ് ഒരു സിനിമ ജനിക്കുന്നത്. ഷൂട്ടിങ് കഴിഞ്ഞ് നാലും അഞ്ചും മണിക്കൂറുള്ള വിഷ്വല്‍സ് ആണ് ടേബിളില്‍ എത്തുന്നത്. അതുവെട്ടി രണ്ടേകാല്‍,രണ്ടര മണിക്കൂറാക്കി ചുരുക്കുകയാണ്. പ്രേക്ഷകന്‍ തിയറ്ററില്‍ കാണുന്നതിനേക്കാള്‍ കൂടുതലാണ് വെട്ടിമാറ്റിയ ഭാഗങ്ങള്‍.
എഡിറ്റര്‍ ഒരു കശാപ്പുകാരനെപ്പോലെയാണ് എന്നു വേണമെങ്കില്‍ പറയാം.! വ്യക്തിപരമായി നമുക്ക് ഇഷ്ടമുള്ള പല സീനുകളും സങ്കടത്തോടെ വെട്ടേണ്ടി വരും. പക്ഷെ നമ്മള്‍ കാണേണ്ടത് ഓഡിയന്‍സിനെയാണ്. അവരുടെ മനസ്സിലൂടെയാണ് എഡിറ്റിങ് വര്‍ക്ക് നടക്കുന്നത്.

2007 മുതല്‍ അഞ്ചുവര്‍ഷം എഡിറ്റര്‍ വി. സാജന്‍റെ അസോഷ്യേറ്റ് ആയിരുന്നു. ആ സമയത്താണ് ആഷിക് അബു സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ചെയ്യുന്നത്. അതിലെ ചെമ്പാവ് പുന്നെല്ലിന്‍ ചോറ് എന്ന ഇന്‍ട്രോ സോങ്ങിന് വേണ്ടി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഫുഡും മറ്റും ഷൂട്ട് ചെയ്തിട്ടുണ്ട്. ഇനിയും അതേപോലെ ഒരു അഞ്ചു പാട്ടുകള്‍ ചെയ്യാനുള്ളത്ര ഫൂട്ടേജ് കയ്യിൽ ഇരിപ്പുണ്ട്. അത്രയ്ക്ക് വെട്ടി കളയേണ്ടി വന്നു. വേറെ നിവൃത്തിയില്ല. ശരിക്കും സങ്കടം വന്നിട്ടുണ്ട്. അത്രയ്ക്ക് രസമാണ് ആ സോങ്ങ്. അതു എഡിറ്റ് ചെയ്തോണ്ടിരുന്നപ്പോള്‍ സംവിധായകന്‍ ആഷിക് ഒപ്പമുണ്ടായിരുന്നു. രാത്രിയാണ്, കുറച്ച് കഴിഞ്ഞപ്പോ ആഷികിനെ കാണുന്നില്ല. തപ്പി ചെല്ലുമ്പോ പുള്ളി അടുക്കളയില്‍ വല്ലതും കഴിയ്ക്കാനുണ്ടോയെന്ന് തപ്പുവാണ്. ഇതെല്ലാം കൂടെ കണ്ടിട്ട് വിശക്കുന്നു എന്നും പറഞ്ഞ്!
ഇപ്പോള്‍ എഡിറ്റര്‍മാര്‍ എണ്ണത്തില്‍ കൂടുതലാണ്. ഓരോ സിനിമയ്ക്കും ഓരോ എഡിറ്റര്‍ എന്ന അവസ്ഥയാണ്. കാമറാമാന്‍മാരുടെ കാര്യവും അങ്ങനെതന്നെ. ടെക്നോളജി വന്നതോടെ ഓണ്‍ലൈന്‍ ആയിട്ട് പോലും ഇതൊക്കെ പഠിക്കാം. സാങ്കേതികമായി സ്വയം പഠിയ്ക്കാന്‍ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല എഡിറ്റിങ്. പിന്നെ നമ്മള്‍ ഒരുപാട് സിനിമ കാണണം ഒരുപാട് ചിന്തിക്കണം. ഓരോ സിനിമയിലൂടെയും പുതിയതെന്തെങ്കിലും നമുക്ക് പഠിക്കാനുണ്ടാകും.
നമ്മുടെ ഇന്‍ഡസ്ട്രി ചെറുതാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ പെട്ടെന്നു സിനിമ ഇറക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. ഓണത്തിനു റിലീസ്,വിഷുവിന് റിലീസ്, ഇത്ര ദിവസത്തിനുള്ളില്‍ റിലീസ് എന്നൊക്കെയാണ് പ്ലാന്‍ ചെയ്യുന്നത് തന്നെ. മറ്റു ഭാഷകളില്‍ റിലീസിനെക്കുറിച്ചൊക്കെ അവര്‍ അവസാനമാണ് ആലോചിക്കുന്നത് തന്നെ. തമിഴിലൊക്കെ അവരുടെ കള്‍ച്ചര്‍ തന്നെ സിനിമയാണ്. നമുക്ക് പ്രധാനമായും എന്‍റര്‍ടെയിന്‍മെന്റ് തന്നെയാണ്.
ബാഹുബലിയൊക്കെ എത്ര കാലം കാത്തിരുന്നാണ് വന്നത്. യന്തിരൻ പോലെയുള്ള സിനിമകള്‍ നമ്മള്‍ പോലും കാലങ്ങളോളം കാത്തിരുന്നാണ് ചെയ്യുന്നത്..നമ്മുടെ രീതി വേറെയാണ്. ഒടിയന്‍ ഒക്കെയാണ് പിന്നെയും അത്തരത്തില്‍ നമ്മള്‍ കാത്തിരിക്കുന്നത്. ബജറ്റും ഒരു ഘടകമാണ്.
മാറ്റങ്ങള്‍ അറിയണം?
സിനിമയിലെ സാങ്കേതികമായ മാറ്റങ്ങളെല്ലാം എഡിറ്റര്‍ അറിഞ്ഞിരിക്കണം. കാമറകള്‍ എത്രയോ മാറി വന്നു. ആദ്യമായി ഒരു ഡിജിറ്റല്‍ സിനിമ ഹിറ്റായത് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ആണ്. അതിനു മുമ്പു വന്ന സിനിമകള്‍ പ്രേക്ഷകന്‍ സ്വീകരിച്ചില്ല. പടം ഓടിയില്ലെങ്കില്‍ സ്വാഭാവികമായും കാമറയെയും ലൊക്കേഷനെയും ഒക്കെ കുറ്റം ചാര്‍ത്തും.ആ കാമറ പിന്നെ യൂസ് ചെയ്യില്ല. ആഷിക് അത്തരം അന്ധവിശ്വാസങ്ങളില്‍ വീഴാതെ മുന്നോട്ടു പോയി. സിനിമ ഹിറ്റായി. ഈ കുറഞ്ഞ കാലയളവില്‍ കാമറ തന്നെ എത്രയോ മാറി. സിനിമയുടെ രീതിയും വേഗവും മാറി.ആ മാറ്റങ്ങള്‍ ഒക്കെ അറിഞ്ഞും ഉള്‍ക്കൊണ്ടും വേണം ഒരു എഡിറ്റര്‍ തന്‍റെ മുന്നില്‍ വരുന്ന സിനിമയെ സമീപിയ്ക്കാന്‍.
സെന്‍സര്‍ നാടകങ്ങള്‍?
റിലീസിന് തൊട്ടുമുന്‍പ് ഡ്രാമയുടെ കാര്യത്തില്‍ ആവശ്യമില്ലാത്ത ചില ആശങ്കകള്‍ ഉണ്ടായി. സിനിമ തുടങ്ങുന്ന രംഗം ഒരു ശവഘോഷയാത്രയാണ്. ലണ്ടനിലായതു കൊണ്ട് അവിടുത്തെ രീതികള്‍ പിന്തുടര്‍ന്ന് കുതിരവണ്ടിയും പോഷ് കാറുകളും ഒക്കെ വച്ചുള്ള ഒന്നാണ് ഷൂട്ട് ചെയ്തത്. വിദേശത്ത് മൃഗങ്ങളെ വച്ച് ഷൂട്ട് ചെയ്യുമ്പോള്‍ അനുമതി സര്‍ട്ടിഫിക്കറ്റ് വേണ്ട എന്നൊരു തെറ്റിദ്ധാരണ വന്നുപോയി. എന്നാല്‍ നാട്ടില്‍ സെന്‍സറിങ്ങിന് ചെന്നപ്പോഴാണ് ആകെ പ്രശ്നമായത്.

റിലീസിനു തൊട്ടുമുന്‍പാണ് അവരെ സമീപിക്കുന്നത്. ലൈസന്‍സ് ഒക്കെയെടുക്കാന്‍ രണ്ടാഴ്ചയോളം എടുക്കും. അപ്പോൾ റിലീസിങ് വൈകും. വേറൊന്നും ചെയ്യാനില്ല, അവസാനം ആ ഭാഗം കട്ട് ചെയ്തു കളഞ്ഞു. ശരിക്കും സിനിമയുടെ ഇന്‍ട്രോ അതായിരുന്നു. സങ്കടം വന്നുപോയി. അത്രയ്ക്ക് പോഷ് ആയ രംഗം. സാമ്പത്തികമായും നഷ്ടമാണ്. പ്രിവ്യൂ പോലും കഴിഞ്ഞാണ് എന്നോര്‍ക്കണം. ഒരു നിവൃത്തിയുമില്ലാതെ സങ്കടത്തോടെയാണ് രഞ്ജിത്ത് സാര്‍ അതു കട്ട് ചെയ്യാന്‍ തീരുമാനിച്ചത്.
നമ്മുടെ നാട്ടില്‍ റിയാലിറ്റിയില്‍ എന്തും ചെയ്യാം. പക്ഷെ സിനിമയില്‍ കാണിക്കാന്‍ പറ്റില്ല എന്ന അവസ്ഥയാണ്. സിനിമകൊണ്ട് ഒരാളെ നേരെയാക്കാനോ മോശമാക്കാനോ പറ്റില്ല. ആവശ്യമില്ലാത്ത സെന്‍സര്‍ നാടകങ്ങള്‍ കാണുമ്പോള്‍ എന്തിനാണ് എന്ന് എനിക്കു തോന്നാറുണ്ട്.
എഡിറ്റിങ് രംഗത്തേയ്ക്ക്
പാലായില്‍ ആദം അനിമേഷനില്‍ ഗ്രാഫിക് ഡിസൈനിങ് പഠിയ്ക്കാനാണ് ചേര്‍ന്നത്.സിനിമയോടുള്ള ഇഷ്ടം തന്നെയായിരുന്നു കാരണം. പോസ്റ്റര്‍ ഡിസൈനിങ് ഒക്കെ ചെയ്ത് എങ്ങനെയെങ്കിലും സിനിമയില്‍ കയറുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. ആ സമയത്താണ് അവിടെ എഡിറ്റിങില്‍ ഒരു കോഴ്സ് ആരംഭിക്കുന്നത്. അന്ന് ഞാനുള്‍പ്പെടെ ആകെ മൂന്ന് പേരായിരുന്നു ആ കോഴ്സിനുണ്ടായിരുന്നത്. പാലായ്ക്കടുത്ത് കങ്കാരു സിനിമയുടെ ഷൂട്ട് നടക്കുന്ന സമയമായിരുന്നു. അവിടെ വച്ചു പരിചയപ്പെട്ട ഒരാള്‍ വഴിയാണ് ലാല്‍ മീഡിയയില്‍ ഒരു അസിസ്റ്റന്‍റ് എഡിറ്ററുടെ വേക്കന്‍സി ഉണ്ടെന്നറിഞ്ഞ് അവിടെത്തുന്നത്.
പിന്നീട് അഞ്ചുവര്‍ഷം ലാല്‍ മീഡിയയില്‍ സ്റ്റാഫ് ആയിരുന്നു. അതിനുശേഷം വി. സാജന്റെ അസോസിയേറ്റ് ആയി. ആദ്യത്തെ സിനിമ ടു ഹരിഹര്‍ നഗര്‍. പിന്നീട് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാഡി കൂള്‍, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ തുടങ്ങിയ സിനിമകള്‍. സിനിമ മാത്രമല്ല ട്രെയിലറുകള്‍ ചെയ്യും. ട്രെയിലര്‍ വര്‍ക്കുകള്‍ നിസ്സാരമെന്ന് തോന്നിയാലും നല്ല ക്രിയേറ്റീവ് ഇന്‍വോള്‍വ്മെന്‍റ് വേണ്ടതാണ്. ഒന്നോ ഒന്നരയോ മിനിറ്റില്‍ സിനിമയുടെ സ്വഭാവം, കഥ മനസ്സിലാകാതെ തന്നെ അവതരിപ്പിച്ച് തിയറ്ററിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നത് ട്രെയിലറുകള്‍ ആണല്ലോ.
എഡിറ്റിങില്‍ മാതൃകയാക്കുന്നത് ആരെയാണ്
സംശയമില്ല, ശ്രീകര്‍ പ്രസാദ് സാറിനെയാണ്. സാറിനെ ഒരിക്കലെങ്കിലും കണ്ടു പരിചയപ്പെടുക എന്നത് വലിയ ആഗ്രഹമാണ്.സാറിന്‍റെ സിനിമകള്‍ ശ്രദ്ധിച്ചാലറിയാം, ഭയങ്കര ഫ്ലോ ആണ്. കട്ട് എവിടെയാണെന്നുപോലും അറിയില്ല.
പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍
ചെറുതും വലുതുമായ പ്രോജക്റ്റുകള്‍ വരുമല്ലോ. വലിയ പടങ്ങള്‍ക്ക് മാത്രമേ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ കര്‍ക്കശമാകാന്‍ പറ്റൂ. അപ്പോള്‍ ചോദിച്ച് വാങ്ങുക തന്നെ ചെയ്യും. ചെറിയ പടങ്ങളാണ് എങ്കില്‍ അവസ്ഥയറിഞ്ഞു അഡ്ജസ്റ്റ് ചെയ്യും. മിക്കപ്പോഴും സുഹൃത്തുക്കളുടെ തന്നെ പടമായിരിക്കും. സുഹൃത്തുക്കള്‍ വളരണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പ്രതിഫലത്തിന്റെ കാര്യത്തില്‍ പറ്റിക്കുന്ന അനുഭവങ്ങള്‍ കുറവാണ്. സിനിമ തിയറ്ററില്‍ എത്തി പരാജയമായാല്‍ കണക്കുപറഞ്ഞ് വാങ്ങാന്‍ നമുക്കും മടിയാകും. ചെറുതാണെങ്കിലും വലുതാണെങ്കിലും നമ്മള്‍ ചെയ്ത ജോലിക്കു ചോദിക്കുന്ന പ്രതിഫലം കൃത്യമായി തരുക എന്നതാണ് കാര്യം.

കുടുംബം
പാലായ്ക്കടുത്ത് ഏഴാച്ചേരിയാണ് നാട്. അച്ഛന്‍ നന്ദകുമാര്‍, അമ്മ തങ്കമണി, അനിയന്‍ സനൂപ്. ഭാര്യ അനു. ഇരട്ടക്കുട്ടികളാണ് ഞങ്ങള്‍ക്ക്. കിത്തുവും കാത്തുവും.