റഷ്യയുടെ പ്രതാപനഗരിയായ സെന്റ് പീറ്റേഴ്സ് ബർഗിൽനിന്നാണു മോഹൻലാൽ സംസാരിച്ചത്. കൊടുംതണുപ്പായിരുന്നു അവിടെ. താപനില മൈനസ് രണ്ടു കടന്നിരിക്കും. ലാൽ അവിടെയാണെന്നറിയാതെ വിളിച്ചതാണ്. മിസ് കോൾ കണ്ടപ്പോൾ തിരിച്ചു വിളിച്ചു. അവിടത്തെ സമയം വെളുപ്പിനു മൂന്നുമണിയായിക്കാണും. വളരെ നേർത്ത സ്വരത്തിൽ ചോദിച്ചു ‘എന്താണെന്ന്’. അവിടെയാണെന്നറിഞ്ഞപ്പോൾ വിളിക്കേണ്ടിയിരുന്നില്ല എന്നുതോന്നി. ആദ്യത്തെ അസ്വസ്ഥത കഴിഞ്ഞപ്പോൾ ലാൽ സംസാരിച്ചു തുടങ്ങി.
ഏതെങ്കിലുമൊരു സിനിമയെക്കുറിച്ചു ലാൽ ആകാംക്ഷയോടെ സംസാരിക്കുന്നതു കണ്ടിട്ടില്ല. വിജയിച്ച സിനിമയെക്കുറിച്ച് അമിതാഹ്ളാദത്തോടെ സംസാരിക്കുന്നതും കണ്ടിട്ടില്ല. ഒടിയൻ എന്ന സിനിമയെക്കുറിച്ചു സംസാരിക്കുമ്പോൾ ആ സിനിമ ജനം എങ്ങനെ സ്വീകരിക്കുമെന്നറിയാനുള്ള ആകാംക്ഷ ഉണ്ടെന്നുതോന്നി. ലാൽ കാത്തിരിക്കുന്ന സിനിമ എന്നു പറയാം. ഒരു സിനിമയ്ക്കുവേണ്ടിയും ലാൽ ഇതുപോലെ കാത്തിരിക്കുന്നതു കണ്ടിട്ടില്ല. പ്രണവിന്റെ സിനിമ റീലീസ് ചെയ്യുന്ന ദിവസംമാത്രം ഇതുപോലെ കണ്ടിട്ടുണ്ട്.
ലാൽ പലതും പറഞ്ഞു. ഒരു കാര്യംമാത്രം പങ്കുവയ്ക്കുന്നു. പീറ്റർ ഹെയ്ൻ എന്ന മനുഷ്യന്റെ ജീവിതത്തിൽ സിനിമയല്ലാതെ ഒന്നുമില്ല. ആക്ഷൻ സീനുകൾക്കുവേണ്ടി എന്തും ചെയ്യുന്നൊരു മനുഷ്യൻ. ത്യാഗരാജന്റെ പുത്തൻ തലമുറയെന്നു പറയാം. പരുക്കോ പിരിമുറുക്കമോ ഒന്നും പ്രശ്നമല്ല. ആ മനുഷ്യൻ അതീവ ബഹുമാനത്തോടെ ലാലിനെക്കുറിച്ചു സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. ലാൽസാറിനൊടൊപ്പം ജോലി ചെയ്യുന്നത് എന്റെ അഭിമാനമാണെന്നു എത്രയോ തവണ പീറ്റർ ഹെയ്ൻ പറഞ്ഞിട്ടുണ്ട്.
മൃഗത്തെപ്പോലെ നാലു കാലിൽ ദിവസങ്ങളോളം ആക്ഷൻ ചെയ്തതിനെക്കിറിച്ചാണു ലാൽ സംസാരിച്ചത്. ‘രണ്ടു കാലിൽ നടക്കുകയും ആക്ഷൻ ചെയ്യുകയും പ്രയാസമുള്ള കാര്യമല്ല. എന്നാൽ തീരെ സൗകര്യങ്ങളില്ലാത്ത പറമ്പുകളിലും പാടത്തും നാലുകാലിൽ ദിവസങ്ങളോളം നടക്കുകയും ഭാരമേറിയ വേഷങ്ങൾ ധരിച്ച് ആക്ഷൻ ചെയ്യുകയും ചെയ്യുക എന്നതു എന്റെ സിനിമാ ജീവിതത്തിൽ അപൂർവമാണ്. മിക്കപ്പോഴും രാത്രി. ദേഹത്ത് എവിടെയെല്ലാമോ വല്ലാത്ത വേദനയുണ്ടായിരുന്നു. അസ്വസ്ഥതയുണ്ടായിരുന്നു.
പൊടിയിലും മണ്ണിലും ദിവസങ്ങളോളം ജീവിക്കുന്നതിന്റെ പ്രയാസമുണ്ടായിരുന്നു. പക്ഷേ അതെല്ലാം എന്റെ വ്യക്തിപരമായ കാര്യം മാത്രമാണ്. ആ വേഷം കാണുമ്പോൾ നിങ്ങൾ ഇതൊന്നും ഓർക്കേണ്ടതില്ല. ഞാനതു നന്നായി ചെയ്തോ എന്നുമാത്രമാണു നോക്കുന്നത്. ഒരു മൃഗത്തിന്റെ നന്മയിലേക്കു ഞാൻ കടന്നു ചെന്നു എന്നത് അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. എനിക്കു കഴിയാവുന്ന തരത്തിൽ ഭംഗിയായി ചെയ്യാൻ നോക്കിയിട്ടുണ്ട്. വാനപ്രസ്ഥംപോലെ, കാലാപ്പാനിപോലെ ഞാൻ ശ്രമിച്ചു’ - ലാൽ പറഞ്ഞു.
ഈ മനുഷ്യൻ അനുഭവിച്ച ശാരീരിക പ്രയാസങ്ങൾ ഓർക്കുമ്പോൾ കാലം ഈ വേഷം ലാലിനു വേണ്ടി മാത്രം കാത്തുവച്ചതാണെന്നു തോന്നിപ്പോകും. ഡ്യൂപ്പിനെവച്ചും ഗ്രാഫിക്സ് ഉപയോഗിച്ചും ഇതെല്ലാം ചെയ്യാവുന്നതേയുള്ളു. പ്രത്യേകിച്ചു നല്ല ബജറ്റുള്ള ഈ സിനിമയിൽ അതു തിരിച്ചറിയാൻ പോലുമാകില്ല.
പക്ഷേ സ്വയം ഒടിയനായും മൃഗമായും മാറാൻ തയാറായി ഒരു മനുഷ്യൻ കാത്തുനിൽക്കുന്നു. പൊടിയിലും മണ്ണിലും പാടത്തും അയാൾ കിടന്നുരുളുകയും ഓടുകയും ചെയ്യുന്നു. ഓരോ സിനിമയ്ക്കും ഒരു വിധിയുണ്ട്. അതെന്തായാലും ഈ മനുഷ്യൻ സ്വന്തം തൊഴിലിനോടു കാണിച്ച സമർപ്പണം ഒരുപക്ഷേ ഈ സിനിമയെക്കാൾ ഉയരെയാണ്. വലിയ വിവാദങ്ങളുടെ ഇടയിൽ മനസ്സുനൊന്തു ജീവിക്കുന്ന സമയത്താണ് ഇയാൾ ഇതെല്ലാം ചെയ്യുന്നത്.
മനസ്സിൽനിന്ന് എല്ലാ പിരിമുറുക്കവും തുടച്ചു കളഞ്ഞ്, ഉയരുന്ന പൊടിപടലങ്ങൾക്കിടയിൽ മുട്ടുകുത്തി നിൽക്കുന്ന ലാലിനെ ഞാൻ കാണുന്നു. സമൂഹമാധ്യമങ്ങൾക്കു മുന്നിലിരുന്നു തുടർച്ചയായി ഈ മനുഷ്യനെ വിചാരണ ചെയ്യുന്നവരും കാണേണ്ടത് ഈ മോഹൻലാലിനെയാണ്. അല്ലാതെ ഹോട്ടലിൽ നിങ്ങളുടെ പഴിയെല്ലാം കേട്ടു നിശബ്ദനായിരിക്കുകയും ചിരിച്ചുകൊണ്ടു യാത്ര ചോദിക്കുകയും ചെയ്യുന്ന ലാലിനെയല്ല.
കൊടുംതണുപ്പിൽ തലമൂടിയ പുതപ്പിനടിയിൽക്കിടന്ന് ലാൽ ഏറെനേരം സംസാരിച്ചു; വളരെ നേർത്ത സ്വരത്തിൽ. തണുപ്പിലും നേർത്ത ചൂടുള്ള വാക്കുകൾ. രാത്രിവൈകുംവരെ ഷൂട്ടു ചെയ്ത ഈ മനുഷ്യന് ഈ അസമയത്തും സിനിമയെക്കുറിച്ചു സംസാരിക്കാൻ മടിയില്ല. കാരണം, അയാളുടെ മനസ്സിൽ സിനിമയല്ലാതെ ഒന്നുമില്ല. ഇയാൾ ശരിക്കും ഒടിയനാണ്. അതാതു സമയത്തു വേഷംമാറി, മാറി വേറെ രൂപമെടുക്കുന്നൊരു മനുഷ്യൻ.