ടിവി അവതാരകയിൽ നിന്നു സിനിമാതാരമായി മാറിയ സന അൽത്താഫ് മോഹൻലാൽ ചിത്രം ഒടിയനിൽ പ്രധാന വേഷം ചെയ്യുന്നതിന്റെ സന്തോഷത്തിലാണ്. വിക്രമാദിത്യനിൽ ദുൽക്കറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്കു കടന്നത്. കൊറിയോഗ്രഫറായ ബന്ധു സജ്ന വഴിയാണു ലാൽജോസ് ചിത്രത്തിൽ സനയ്ക്ക് ആദ്യ അവസരം ലഭിച്ചത്. തുടർന്നു മറിയം മുക്കിൽ ഫഹദ് ഫാസിലിന്റെ നായിക സലോമിയായും വേഷമിട്ടു. റാണി പത്‌മിനിയും ബഷീറിന്റെ പ്രേമലേഖനവും മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ തമിഴിൽ ചെന്നൈ 28ന്റെ രണ്ടാം ഭാഗത്തിലും ആർകെ നഗറിലും പ്രധാന വേഷങ്ങൾ ചെയ്തു.
വഴിത്തിരിവായ പ്രേമലേഖനം
അനീഷ് അൻവർ സംവിധാനം ചെയ്ത ബഷീറിന്റെ പ്രേമലേഖനത്തിൽ ഫർഹാൻ ഫാസിലിന്റെ നായികയായിരുന്നു സന. ചിത്രത്തിലെ പെണ്ണേ പെണ്ണേ കൺവിഴിയാലേ എന്നു തുടങ്ങുന്ന പാട്ട് ഹിറ്റായതോടെ ഒട്ടേറെ അവസരങ്ങൾ വന്നെങ്കിലും പഠനത്തിന്റെ പേരിൽ പലതും വേണ്ടെന്നു വച്ചു. നല്ല ചിത്രങ്ങൾ ചെയ്യണമെന്നാണു ആഗ്രഹം സന പറയുന്നു.
ഒടിയൻ
മഞ്ജു വാരിയരുടെ അനിയത്തി മീനാക്ഷി എന്ന ക്യാരക്ടറാണു െചയ്യുന്നത്. കണ്ണു കാണാത്ത ഒരു കുട്ടിയാണ്. മലയാളത്തിൽ എന്റെ നാലാമത്തെ സിനിമയാണ്. ശ്രീകുമാർ മേനോന്റെ ഏതാനും പരസ്യങ്ങളിൽ നേരത്തെ അഭിനയിച്ചിരുന്നു. മോഹൻലാൽ, പ്രകാശ് രാജ്, മഞ്ജു വാരിയർ എന്നിവർക്കൊപ്പമുളള കോമ്പിനേഷൻ സീനുകളാണ് എനിക്കുളളത്. സ്ക്രീൻ ടൈം കുറവാണെങ്കിലും പ്രധാന രംഗങ്ങളിൽ ഉണ്ടെന്നതാണ് സന്തോഷം. പടത്തെ കുറിച്ചു വലിയ പ്രതീക്ഷകളുണ്ട്. ഞാൻ തന്നെയാണു എന്റെ ഭാഗം ഡബ് ചെയ്തത്. ഡബ് ചെയ്യുമ്പോൾ ലാലേട്ടന്റെയും മഞ്ജു ചേച്ചിയുടെയും അഭിനയമാണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്.
പഠനം
പ്രൈവറ്റായി ബികോം രണ്ടാം വർഷം പഠിക്കുന്നു. സിഎയുടെ ഒരു കോഴ്സും ചെയ്യുന്നുണ്ട്. പഠിത്തമാണു പ്രധാനം. ഡാൻസ് ചെയ്യുമായിരുന്നു. കവിതാലാപനം, കരാട്ടെ എന്നിവയിലായിരുന്നു താൽപര്യം. സ്കൂളിൽ കൂട്ടുകാരുമൊത്തുളള ഡാൻസ് വിഡിയോയാണു സോഷ്യൽ മീഡിയയിൽ കാണുന്നത്. കാക്കനാടാണു സ്വദേശം. ഉപ്പ അൽത്താഫ് നിർമാതാവാണ്. ഉമ്മ ഷമ്മി. സഹോദരി ഷമ സിഎ വിദ്യാർത്ഥിനിയാണ്.