ഷൂട്ടിങ്ങിനു ശേഷം യാത്രപറഞ്ഞു പിരിയുമ്പോൾ എല്ലാവരുടെ മനസ്സിലും സങ്കടം തിങ്ങിനിന്നു. അവിടെ നടന്ന ഷൂട്ടിങ്ങിനിടയിലാണ് നടനായ അദ്ദേഹം മരിച്ചത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വിയോഗം. അതു സംഭവിക്കുമ്പോൾ ചിത്രത്തിൽ നായകനായ മോഹൻലാൽ ഷൂട്ടിങ് സ്ഥലത്ത് ഇല്ലായിരുന്നു. തിരികെ എത്തിയപ്പോഴാണു മരണവാർത്ത അറിഞ്ഞത്.
ഒരുവർഷം കഴിഞ്ഞു. അപ്രതീക്ഷിതമായി പണ്ട് ഷൂട്ടിങ് നടന്ന വീട്ടിലെ ഒരംഗം ലാലിനെ തേടി വീട്ടിലെത്തി. ഒരു സ്വകാര്യം പറയാനുണ്ടെന്ന മുഖവുരയോടെ അദ്ദേഹം പറഞ്ഞു: ‘പറയുന്നതു മണ്ടത്തരമാണോ എന്നറിയില്ല, എങ്കിലും പറയാതെ വയ്യ. അന്നു ഷൂട്ടിങ് നടക്കുമ്പോൾ മരിച്ച ആ നടനെപ്പോലുള്ള ഒരാൾ പലരാത്രിയിലും വീട്ടുകാരുടെ സ്വപ്നത്തിൽ വന്ന് ‘മോഹൻലാൽ എവിടെപ്പോയി’ എന്നു ചോദിക്കുന്നു. ഒരാളുടെ സ്വപ്നത്തിലല്ല. പലരുടെയും സ്വപ്നത്തിൽ.’
ഒട്ടുനേരം മോഹൻലാൽ ഒന്നും മിണ്ടിയില്ല. ഒടുവിൽ ‘ഞാൻ നോക്കാം’ എന്നു പറഞ്ഞ് അതിഥിയെ യാത്രയാക്കി. ഇത് ആദ്യത്തെ അനുഭവമായിരുന്നില്ല ലാലിന്. കുറച്ചുദിവസം കഴിഞ്ഞ് മറ്റൊരാളും ലാലിനെ തേടിയെത്തി. മരിച്ച നടൻ അദ്ദേഹത്തിന്റെ വീട്ടിലും ഷൂട്ടിന് ലാലിനൊപ്പമുണ്ടായിരുന്നു. രണ്ടുതവണ, മരിച്ച നടന്റെ സ്വരം ആ വീട്ടുകാരും കേട്ടത്രേ. ഷൂട്ടിങ് കഴിഞ്ഞ് മാസങ്ങൾക്കു ശേഷമായിരുന്നു ഈ സംഭവം.
ഈ അനുഭവങ്ങൾ?
സത്യമാണ്. ഇത്തരം പല അനുഭവങ്ങളിലൂടെ കടന്നുപോയ ഒരാളാണു ഞാൻ. ഏറെ ദൂരെയുള്ള പലരും ഉറക്കത്തിൽ എന്നോടു സംസാരിച്ചിട്ടുണ്ട്. ഒടുവിൽ ഉറക്കമുണരുമ്പോൾ ഫോണിൽ അതേവിവരം തന്നെ തേടിയെത്തുന്ന അനുഭവങ്ങൾ. ശാസ്ത്രീയമായി ഇതിന് അടിത്തറയുണ്ടോ മേൽക്കൂരയുണ്ടോ എന്നൊന്നും അറിയില്ല. പക്ഷേ, നടന്നു. നമുക്കു കണ്ടെത്താൻ കഴിയാത്ത എന്തോ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.
അതു തുറന്നുപറയുന്നവരെ നമ്മൾ മണ്ടന്മാരെന്നോ മാനസികപ്രശ്നം ഉള്ളവരെന്നോ വിളിക്കുന്നു. നേരത്തേ പറഞ്ഞല്ലോ, മരിച്ചുപോയ നടന്റെ ശബ്ദം കേട്ടെന്ന്. പരസ്പരം ബന്ധമൊന്നുമില്ലാത്ത രണ്ടുപേർ എന്നോട് ഇതു പറഞ്ഞപ്പോൾ അദ്ദേഹം എന്നെ അന്വേഷിച്ചു വന്നതാണെന്ന തോന്നൽ എന്റെ മനസ്സിലുണ്ടായി.
ഞാനുമായി വല്ലാത്ത ഹൃദയബന്ധം പുലർത്തിയ ആളായിരുന്നു ആ നടൻ. അന്നു ഞാൻ മനസ്സുരുകി അദ്ദേഹത്തോടു ചോദിച്ചു: ‘എന്തിനാണ് അവരെത്തേടി പോകുന്നത്? എന്നെക്കാണാൻ എന്റെ സ്വപ്നത്തിൽ വന്നാൽ മതിയില്ലേ ?
മാസങ്ങൾക്കു ശേഷം ഞാൻ ആ രണ്ടു വീട്ടുകാരോടും ചോദിച്ചു, പിന്നീട് അദ്ദേഹം അന്വേഷിച്ചു വന്നിരുന്നോ എന്ന്. രണ്ടുപേരും പറഞ്ഞു, ഇല്ല എന്ന്. ഒടിയൻ എന്ന സിനിമയുടെ പരസ്യത്തിനുവേണ്ടി ഉണ്ടാക്കിയ കഥയല്ലേ ഇതെന്ന് നിങ്ങളിപ്പോ ചോദിക്കും. അല്ല. ഈ അനുഭവം എത്രയോ വർഷം മുൻപ് തന്നെ ഞാൻ പറഞ്ഞിട്ടും എഴുതിയിട്ടുമുണ്ട്.
എല്ലാ കുട്ടികളുടേതുപോലെ തന്നെയായിരുന്നു എന്റെ കുട്ടിക്കാലവും. ധാരാളം ഭൂത, പ്രേത കഥകൾ കേട്ടിട്ടുണ്ട്. എല്ലാം മുത്തശ്ശി പറഞ്ഞുതന്നവ. വളരെ മനോഹരമായി, മനസ്സിൽ തെളിയുന്നതുപോലെ ആയിരുന്നു ആ കഥപറച്ചിൽ. എല്ലാ കുട്ടികളെയുംപോലെ ഞാനും അവ വിശ്വസിച്ചു. നാട്ടിലെത്തുന്ന കാലത്തു രാത്രി പേടിതോന്നുമ്പോൾ വെളിച്ചമില്ലാത്ത വഴികളിലൂടെ ഞാൻ ഉറക്കെ പാട്ടുപാടി ഓടിയിരുന്നു. പ്രേതങ്ങൾക്കു വേണ്ടിയുള്ള പാട്ടുകൾ... ജീവിതത്തിലെ ആദ്യത്തെ പാട്ടുകൾ.’’
ഒടിയനിലേക്ക് എത്തിയത് ഇങ്ങനെയാണോ?
ഒടിയൻ എന്നതു പാലക്കാട്ടുകാരുടെയും മലബാറുകാരുടെയും സങ്കൽപമാണ്. പ്രായമായ പലരും ഒടിയനെ കണ്ടെന്നൊക്കെ പറയാറുണ്ട്. ചിലപ്പോൾ തോന്നലായിരിക്കാം അല്ലെങ്കിൽ മനസ്സിന്റെ വിഭ്രാന്തിയാകാം.നമ്മൾ മാസങ്ങളായി ഫോൺ ചെയ്യണമെന്നു കരുതിയ ഒരാളുടെ കോൾ നമ്മൾ അയാളെ വിളിക്കാൻ ഫോണെടുക്കുമ്പോൾ വരുന്നതു കണ്ടിട്ടില്ലേ. ഇതിനു യാദൃശ്ചികം എന്നു പറയാം. പക്ഷേ, നമ്മുടെ മനസ്സിലെ ആരുമറിയാത്തൊരു ചിന്ത എങ്ങിനെ അയാളുടെ മനസ്സിലേക്കു പകർന്നു എന്നത് അദ്ഭുതമാണ്. ഞാനിത്തരം അദ്ഭുതങ്ങളെ അദ്ഭുതമായിത്തന്നെ കാണുന്നൊരു കുട്ടിയാണ്.
ഈ കഥ കേട്ടപ്പോൾ എനിക്ക് ആദ്യം തോന്നിയത് ഒടിയൻ നെഗറ്റീവ് എനർജിയല്ല എന്നാണ്. മനുഷ്യൻ മൃഗമായി മാറുന്ന അവസ്ഥയാണ് ഒടിയൻ. ഇതു കാണിക്കുന്നത് അവർ മൃഗങ്ങളായെന്നല്ല. മൃഗങ്ങളുമായിപ്പോലും ആശയ വിനിയമം നടത്താൻ അവർ പ്രാപ്തരായി എന്നാണ്.
മൃഗങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതു ചെറിയ കാര്യമല്ല. ധ്യാനം പോലുള്ള ഒരു അവസ്ഥയിൽ മാത്രമേ അവയുമായി മനസ്സുകൊണ്ട് ഒന്നാകാൻ കഴിയൂ. ആത്മസമർപ്പണത്തിന്റെ പരകോടിയാണത്. അത്തരം സന്യാസ തുല്യമായ കഴിവ് നമ്മുടെ ഗ്രാമീണർക്കുണ്ടായിരുന്നു എന്നാണ് ഇത്തരം സങ്കൽപങ്ങൾ കാണിക്കുന്നത്.
മറ്റൊരു ശരീരത്തിലേക്കു പ്രവേശനത്തിനു വഴിയൊരുക്കുന്ന പരകായ പ്രവേശം യാഥാർഥ്യമാണോ എന്നത് ഇപ്പോഴും ചർച്ചയാണ്. എന്നാൽ ഒരുകാര്യം, മനസ്സ് നാം കാണുന്നതിലും എത്രയോ മടങ്ങ് ശക്തിയുള്ളൊരു വസ്തുവാണ്. രണ്ടുകാലും നഷ്ടപ്പെട്ട ഒരാൾ വയ്പുകാലുമായി എവറസ്റ്റ് കീഴടക്കുന്നതിനു പിന്നിലെ ശക്തി വയ്പുകാലല്ല, മനസ്സാണ്.
ഒടിയൻ ഇത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നോ?
ഒടിയനൊരു സാധാരണ സിനിമയാണ്. പ്രതികാരവും പോരാട്ടവും പ്രണയവും ജീവിതവും എല്ലാമുള്ള സിനിമ. ഇതുവരെയുള്ള സിനിമകളിൽ പറയാത്തൊരു ജീവിത പശ്ചാത്തലവും ഇതിലുണ്ട്. പറയാത്തൊരു രീതിയിൽ അതു പറയുന്നു എന്നുമാത്രം. ഇതൊരു ഭാവനയുടെ ലോകമാണ്. ഇത്തരം ഭാവന നമ്മുടെയെല്ലാം കൂടെയുണ്ട്.
ഒടിയനിൽ അഭിനയിക്കുമ്പോൾ പഴയകാല ചിന്തകൾ വീണ്ടുമെത്തിയോ?
ഇല്ല. ഈ സിനിമയ്ക്കുവേണ്ടി നന്നായി കഷ്ടപ്പെടേണ്ടിവന്നു എന്നുമാത്രം. അതെന്റെ വ്യക്തിപരമായ കാര്യം മാത്രമാണ്. അഭിനേതാവ് എന്ന നിലയിൽ അതു വേണ്ടിവരും. കാലാപാനി, വാനപ്രസ്ഥം തുടങ്ങിയ സിനിമകൾക്കും ഇതുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്.
ഒടിയനിൽ നാലു കാലുള്ള മൃഗമായി അഭിനയിക്കേണ്ടതുണ്ട്. ആ മൃഗത്തിന്റെ ശരീരഭാഷയും പെരുമാറ്റരീതിയുമെല്ലാം ഉപയോഗിക്കേണ്ടിവന്നു. രണ്ടുകാലിൽ നിന്ന് ആക്‌ഷൻ രംഗങ്ങൾ ചെയ്യുന്നതുപോലെ എളുപ്പമല്ല നാലുകാലിൽ മണിക്കൂറോളം നിൽക്കുക എന്നത്. പ്രത്യേകിച്ച് കുളമ്പും അണിഞ്ഞുകൊണ്ട്. അതൊരു പീഡനമായി തോന്നിയിട്ടില്ല. കാരണം, ആ കഥാപാത്രത്തിനു വേണ്ടിയാണ് അതു ചെയ്യുന്നത്. ഒടിയനായി വേഷമിടുമ്പോൾ ഒടിയനെപ്പോലെ ജീവിക്കണം. അതിനു ശരീരവും മനസ്സുമെല്ലാം പരുവപ്പെടുത്തണം.
ഗ്ലാമറില്ലാത്ത ഇത്തരമൊരു വേഷം?
ഒടിയനിലെ ഗ്ലാമർ ആ സിനിമയ്ക്കുള്ളിലെ ദുരൂഹതയും ഒരോ നിമിഷവുമുള്ള അദ്ഭുതവുമാണ്.