‘മോഹൻലാലിനെ മലയാളത്തിനു തന്ന ഫാസിലിന് ദൈവം കൊടുത്ത സമ്മാനമാണ് ഫഹദ്’

ഷൂട്ടിങ് തിരക്കിനിടയിലും ഫാസിലിന്റെ കോളായതു കൊണ്ടു മാത്രം സത്യൻ ആ ഫോൺ എടുത്തു. ഫഹദ് ഫാസിൽ സത്യന്റെ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അവനെക്കുറിച്ചു വല്ലതും ചോദിക്കുവാനാണ് എന്നാണു കരുതിയത്. 

‘‘സത്യാ, പ്രിയൻ രണ്ടു തവണയായി വിളിക്കുന്നു. മരയ്ക്കാർ എന്ന സിനിമയിൽ അഭിനയിക്കാൻ വിളിക്കുകയാണ്. പ്രിയനോടു വേണ്ടെന്നു പറയാൻ വയ്യ. എനിക്കാകെ കൺഫ്യൂഷൻ’’– ഫാസിൽ പറഞ്ഞു. 

‘‘നിങ്ങളുടെ കയ്യിൽ ആ വേഷം സുരക്ഷിതമായിരിക്കും എന്നു പ്രിയനു ബോധ്യം വരാതെ വിളിക്കില്ലല്ലോ. ധൈര്യമായി പോയി അഭിനയിക്കണം.’’ 

‘‘പോകാം അല്ലേ?’’ 

‘‘ധൈര്യമായി പോ. ഒന്നുമില്ലെങ്കിലും തന്റെ രക്തം തന്നെയല്ലേ ഫഹദ് ഫാസിലിന്റെ രക്തം. അതിൽ അഭിനയം കാണാതിരിക്കില്ല.’’

ഫാസിൽ ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നീടു ചെറിയ ശബ്ദത്തിൽ ചിരിച്ചുകൊണ്ടു ഫോൺ കട്ട് ചെയ്തു. അതു കേട്ടുകൊണ്ടു കണ്ണുമടച്ചു തല വശത്തേക്കു ചരിച്ചു ചിരിക്കുന്ന ഒരാൾ സത്യൻ അന്തിക്കാടിനു  പുറകിലുണ്ടായിരുന്നു. പുതിയ സിനിമയായ ഞാൻ പ്രകാശനിലെ നായകൻ ഫഹദ് ഫാസിൽ. 

തന്റെ വീട്ടിലെ ഒരാളെപ്പോലെ സുപരിചിതനായ ഫഹദിനെക്കുറിച്ചു സത്യൻ സംസാരിക്കുന്നു.  

കൺമുൻപിൽ വളർന്ന ഷാനു

‘‘വളരെ കുട്ടിക്കാലം മുതൽ എന്റെ കൺമുൻപിലുള്ളൊരു കുട്ടിയാണ് ഫഹദ്. ഷാനു എന്നാണ് വിളിക്കുന്നത്. ഫഹദ് എന്നാണു പേരെന്നു പോലും അറിയില്ലായിരുന്നു. ഷൂട്ടിങ്ങിനു വന്നപ്പോൾ ഞാൻ ചോദിച്ചു ഷാനുവിന് എന്നെ ആദ്യം കണ്ട ഓർമ എന്താണെന്ന്. അവൻ തിരിച്ചു ചോദിച്ചു, തന്നെ ചീത്ത പറയുന്നതു കേട്ടതല്ലേ ആദ്യ ഓർമ എന്ന്. ഷാനു എട്ടാം ക്ലാസിൽ പഠിക്കുന്ന കാലമാണ്. ഞാനും ഫാസിലും കൂടി നീണ്ട യാത്ര കഴിഞ്ഞു ഫാസിലിന്റെ വീട്ടിലേക്കു ഡ്രൈവ് ചെയ്തു കയറുകയാണ്. വീടിന്റെ ഗെയ്റ്റ് കടന്നതും ഫാസിൽ ഞെട്ടി. മുറ്റത്തെ കാർ ഷെഡിന്റെ മേൽക്കൂര അതിനകത്തുണ്ടായിരുന്ന കാറിനുമേൽ വീണു കിടക്കുന്നു! ഭാര്യ റോസി പുറത്തുവന്നു പറഞ്ഞു, ഷാനു കാർ എടുത്തപ്പോൾ തൂണിൽ  ഇടിച്ചതാണെന്ന്. ഷാനുവിനെ വിളിപ്പിച്ചു. ഫാസിലിനു മുന്നിൽ നിശ്ശബ്ദനായി കുറ്റവാളിയെപ്പോലെ അവൻ നിന്നു. വളരെ സൗമ്യമായാണ് ഫാസിൽ ചീത്ത പറയുന്നത്. ‘നിനക്കു കാറുണ്ട് എന്ന അഹങ്കാരം കൊണ്ടാണ് ഈ പ്രായത്തിൽ കാറെടുക്കാൻ തോന്നിയത്. അഹങ്കരിക്കരുത്.’ ഷാനു തിരിച്ചുപോയി. വെളുത്തു മെലിഞ്ഞ ആ പയ്യനെ പിന്നീടു കാണുന്നതു കോളജിൽ പഠിക്കുന്ന കാലത്താണ്. അതും ഫാസിലിന്റെ വീട്ടിൽവച്ചു തന്നെയായിരുന്നു. ‘ഹായ്’ എന്നു പറഞ്ഞു പോയ അവനെക്കണ്ടപ്പോൾ ഞാൻ പറഞ്ഞു, ‘ഫാസിലേ, ഇവനിലൊരു നടനുണ്ടോ എന്നു സംശയം’ എന്ന്. ഫാസിൽ പറഞ്ഞു മോഹൻലാലും ഇവനെക്കണ്ടപ്പോൾ ഇതു തന്നെ പറഞ്ഞുവെന്ന്. പിന്നീട് എത്രയോ കഴിഞ്ഞ ശേഷമാണു ഷാനു അഭിനയിച്ചത്. 

നടനായി ഉയർന്ന ഷാനു

നടനായി ഷാനുവിനെ ശ്രദ്ധിക്കുന്നതു കേരള കഫെയിൽ ഉദയ് അനന്തൻ സംവിധാനം ചെയ്ത മൃത്യുഞ്ജയം എന്ന ഹ്രസ്വ ചിത്രത്തിലാണ്. നടനാണെന്നു തെളിയിക്കാൻ ഷാനുവിനു 10 മിനിറ്റ് ധാരാളമായിരുന്നു. അന്നു തന്നെ ഇവനെ അഭിനയിപ്പിക്കണമെന്നു മനസ്സിൽ ഉറപ്പിച്ചിരുന്നു. ഷോട്ട് റെഡി എന്നു പറഞ്ഞാൽ ഫാസിലിന്റെ മകൻ ഷാനു പെട്ടെന്നു നടനായും കഥാപാത്രമായും മാറുന്നതു ഞാൻ സന്തോഷത്തോടെ പിന്നീടു കണ്ടു. മോഹൻലാലിലും ഇത് എത്രയോ കാലം ഞാൻ കണ്ടിട്ടുണ്ട്. വല്ലാത്തൊരു വേഷപ്പകർച്ചയാണു ഷാനുവിനുള്ളത്. നിമിഷാർദ്ധം കൊണ്ട് അവനു സ്വയം മാറാനാകും. ‘ഞാൻ പ്രകാശൻ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മുണ്ടും മടക്കിക്കുത്തി ഒരു പെട്ടിക്കടയുടെ മുന്നിൽ ഷാനു ഇരിക്കുമ്പോൾ ‘വരത്തൻ’ എന്ന സിനിമയിലെ ഷാർപ് ലുക്കുള്ളൊരു വലിയ പോസ്റ്റർ പുറകിലുണ്ടായിരുന്നു. ഞാൻ കൂടെയുള്ളവരോടു പറഞ്ഞു, ബഞ്ചിലിരിക്കുന്ന ഫഹദ് തിരിഞ്ഞു നോക്കി പോസ്റ്ററിലെ ഫഹദിനെ കണ്ടാൽ പേടിച്ചോടുമെന്ന്. അത്രയേറെ വേഷപ്പകർച്ചയായിരുന്നു രണ്ടു കഥാപാത്രങ്ങൾ തമ്മിലുണ്ടായിരുന്നത്. 

ഓർമകൾ പഠിപ്പിച്ച പാഠങ്ങൾ

ഷാനു പഠിച്ചത് ഊട്ടിയിലാണ്. ജീവിക്കുന്നതു വലിയ സൗകര്യത്തിലാണ്. ഉരുള ഉരുട്ടി നാടൻ രീതിയിൽ ഉണ്ണുകയോ പെട്ടിക്കടയിലെ തട്ടിലെ കുപ്പിയിൽ കൈവച്ചു നിന്നു ചായ കുടിക്കുകയോ ബസിന്റെ ഫുട്ബോർഡിൽ നിന്നു യാത്ര ചെയ്യുകയോ, മുണ്ടു മടക്കിക്കുത്തി ഓടുകയോ ഒന്നും ചെയ്തിട്ടില്ല. വളരെ ഉയർന്ന നിലയിലുള്ളൊരു ജീവിതത്തിൽ അതൊന്നും കണ്ടിട്ടു പോലുമുണ്ടാകാനിടയില്ല. എന്നാൽ ഇതെല്ലാം ചെയ്യുന്ന കഥാപാത്രമായി മാറുമ്പോൾ നമുക്കു തോന്നും ഇവൻ വളർന്നത് ഇതിനിടയിൽ കിടന്നാണെന്ന്. ‘ഇന്ത്യൻ പ്രണയകഥ’ എന്ന സിനിമയിൽ ഷാനു രാഷ്ട്രീയ സംഘട്ടനത്തിനിടയിൽ നിന്ന് ഓടുന്നൊരു സീനുണ്ട്. ഓടാൻ പറഞ്ഞപ്പോൾ വളരെ സ്വാഭാവികമായി പോക്കറ്റ് പൊത്തിപ്പിടിച്ചാണ് ഓടിയത്. ഞാൻ ചോദിച്ചു ഇതെങ്ങനെ ചെയ്തുവെന്ന്. ഷാനു പറഞ്ഞു, കോളജിൽ പഠിക്കുന്ന കാലത്തു ബസ് കിട്ടാനായി പോക്കറ്റിലെ ചില്ലറ പോകാതെ പൊത്തിപ്പിടിച്ചു ബുക്കും കക്ഷത്തുവച്ചു മുണ്ടും മടക്കിക്കുത്തി ഓടുന്നതിനെക്കുറിച്ചു ബാപ്പ പറഞ്ഞു തന്നിട്ടുണ്ടെന്ന്. ഇത്തരം ഓർമകൾ സൂക്ഷിക്കാൻ ഒരു നടനു മാത്രമെ കഴിയൂ. 

‘ഞാൻ പ്രകാശൻ’ എന്ന സിനിമയിലെ ഒരു നിർണായക സന്ദർഭത്തിൽ ഒരു കുട്ടിയോടൊപ്പം നടക്കുന്നൊരു ഷോട്ട് പുറകിൽനിന്ന് എടുത്തിട്ടുണ്ട്. ആദ്യ ഷോട്ടിനുശേഷം ഷാനു ചോദിച്ചു, കുറച്ചു നടന്നശേഷം ആ കുട്ടി എന്റെ തോളിലേക്കും ഞാൻ തിരിച്ചും കൈവച്ചാൽ നന്നാകില്ലേ എന്ന്. അതിമനോഹരമായ ഷോട്ടാണത്. വല്ലാത്തൊരു ഇമോഷനൽ അനുഭവവും ആ സീനിനുണ്ട്. ഇതു തോന്നണമെങ്കിൽ മനസ്സിലൊരു സംവിധായകൻ വേണം. ഫാസിലിന്റെ രക്തമായതുകൊണ്ട് അതു വൈകാതെ പ്രതീക്ഷിക്കാവുന്നതാണ്. 

മോഹൻലാലിന് പകരം ഫഹദ്

ഫാസിൽ എന്ന മനുഷ്യൻ മലയാള സിനിമയ്ക്കു ചെയ്ത പുണ്യം വാക്കുകൾക്കും അപ്പുറമാണ്. ഒരു ഉപദ്രവും ചെയ്യാത്ത നന്മ നിറഞ്ഞ സിനിമകളിലൂടെയാണ് ആ മനുഷ്യൻ നമ്മെ സന്തോഷിപ്പിച്ചത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താദൂരത്ത് കണ്ണും നട്ട്, മണിച്ചിത്രത്താഴ്... അങ്ങനെ എത്രയോ സിനിമകൾ. മോഹൻലാൽ എന്ന നടനെ നമുക്കു തന്നത് ഈ മനുഷ്യനാണ്. അതിന്റെ കടപ്പാട് എന്തു തിരിച്ചു ചെയ്താലാണു തീരുക?ഫാസിൽ പറഞ്ഞിട്ടുണ്ട്, ഞാനാണു ലാലിനെ കൊണ്ടുവന്നതെന്ന് എന്ന് ഒരിക്കലും പറയില്ല. ‘പ്രതിഭയായ അയാൾ ഞാനില്ലായിരുന്നുവെങ്കിൽ മറ്റൊരാളുടെ സിനിമയിലൂടെ വരും. മോഹൻലാലിനെപ്പോലൊരു നടനെ അഭിനയിപ്പിക്കാനായി എന്നത് എന്റെ പുണ്യമാണ്’ എന്നാണ് ഫാസിൽ പറയുക... 

ഫാസിൽ മലയാള സിനിമയ്ക്കു ചെയ്ത പുണ്യത്തിനു പകരമായി ദൈവം അദ്ദേഹത്തിനു നൽകിയ സമ്മാനമാണ് ഫഹദ് ഫാസിൽ. ഇവനെന്റെ വീട്ടിലെ കുട്ടിയാണെന്നു നമുക്കോരോരുത്തർക്കും തോന്നും. ചീത്ത കേട്ടുകൊണ്ട് ഒരക്ഷരം മിണ്ടാതെ നിന്ന പെൻസിലു പോലുള്ള കുട്ടിയിൽനിന്നു ഷാനു വളരുന്നതു ഞാൻ കണ്ടതാണ്. ക്യാമറയുടെ മോണിറ്ററിലേക്കു നോക്കുമ്പോൾ ഞാൻ കാണുന്നതു നടനെ മാത്രമാണ്. ആക്‌ഷൻ എന്നു പറയുന്ന നിമിഷം തീ പടരുന്നൊരു നടനെ. ഞാൻ പ്രകാശനിലും ഞാനതു കണ്ടു.