രജനിയും വിളിച്ചു ‘ചേട്ടാ’ എന്നു: ആ വിളി പോകാതിരുന്നാല്‍ മതിയെന്ന് മണികണ്ഠൻ

rajinikanth-manikandan
SHARE

രജനീകാന്ത് നായകനാകുന്ന സിനിമയിൽ നമ്മുടെ മണികണ്ഠൻ ആചാരിയും അഭിനയിക്കുന്നുണ്ട്. സിനിമ: പേട്ട. പിസ, ജിഗർതണ്ട, ഇരൈവി, മെർക്കുറി എന്നീ സിനിമകൾക്കു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം. നവാസുദ്ദീൻ സിദ്ദീഖി, വിജയ് സേതുപതി, ബോബി സിംഹ തുടങ്ങിയവർ അഭിനയിക്കുന്നു.

ചാരുകേശ് സംവിധാനം ചെയ്യുന്ന എസ്.ജെ. സൂര്യ നായകനായ സിനിമയിൽ അഭിനയിക്കാനാണു മണികണ്ഠൻ ചെന്നൈയിലെത്തിയത്. അപ്പോഴാണ് ആ പടം അൽപം വൈകും എന്നറിയുന്നത്. ''ചാരുകേശിന്റെ സുഹൃത്താണു കാർത്തിക്. കാർത്തിക് വലിയ ബജറ്റിൽ പടം ചെയ്യുന്നു, നമുക്ക് അവിടെ നോക്കാമെന്നു ചാരുകേശ് പറയുകയായിരുന്നു. കാർത്തിക്കിനെ നേരത്തെ തന്നെ ഫോളോ ചെയ്യുന്ന ആളായിരുന്നു ഞാൻ. അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ക്ഷണിച്ചു. അങ്ങനെ 'പേട്ട'യിലെത്തി. "– മണികണ്ഠൻ. 

മണികണ്ഠൻ പേട്ട വിശേഷം പറയുന്നു

റോൾ

രജനിക്കൊപ്പം സഞ്ചരിക്കുന്ന മൂന്നു നാലു പേരുടെ സംഘത്തിലൊരാളാണു ഞാൻ. പകുതി മുതൽ ഒടുക്കം വരെയുണ്ടാകുമെന്നു കരുതുന്നു. മലയാളിയാണു കഥാപാത്രം. പേരൊന്നും പറയുന്നില്ല. എല്ലാവരും ചേട്ടാ എന്നു വിളിക്കും. രജനിയും ഒരു തവണ ‘ചേട്ടാ' എന്നു വിളിക്കുന്നുണ്ട് (ഈശ്വരാ! എഡിറ്റിങ്ങിൽ ആ വിളി പോകാതിരുന്നാൽ മതിയായിരുന്നു).

രജനി

നമ്മെ ആദ്യം അദ്ഭുതപ്പെടുത്തുന്നത് ആ എനർജിയാണ്. ക്യാമറയ്ക്കു മുന്നിൽ അദ്ദേഹം 20 വയസ്സുകാരനാണ്. പിന്നെ നാം ശ്രദ്ധിക്കുന്നതു സിനിമയോടുള്ള ഭക്തിയാണ്. അദ്ദേഹത്തേക്കാൾ എത്രയോ ജൂനിയറാണു സംവിധായകൻ. പക്ഷേ, അദ്ദേഹം നിൽക്കുന്നതു പുതുമുഖത്തെ പോലെയാണ്. എത്ര നേരം വരെയും അഭിനയിക്കും. രാവിലെ 9 മുതൽ പുലർച്ചെ 4 വരെയും കണ്ടിട്ടുണ്ട്. ബ്രേക്ക് വരുമ്പോൾ ഒരു സ്റ്റൂളിൽ കണ്ണടച്ച് ഇരിക്കും. അപൂർവമായേ കാരവനിലിരിക്കൂ. 

പ്രായമായി എന്ന് അദ്ദേഹത്തിനോ കൂടെയുള്ളവർക്കോ തോന്നില്ല. പിന്നെ നാം ശ്രദ്ധിക്കുന്നതു വിനയമാണ്. ഒട്ടും ഫേക്കല്ലാത്ത വിനയം. വലിയ വർത്താനമോ കെട്ടിപ്പിടിത്തമോ ഒന്നുമില്ല. സെറ്റിൽ വരുമ്പോൾ എല്ലാവരോടും വണക്കം പറയും. അത്യാവശ്യം വർത്തമാനം. എന്നോട‌ു ചോദിച്ചതു നാട്ടിലെ പ്രളയത്തെക്കുറിച്ചാണ്. പിന്നെ ഒരു സീൻ മോണിറ്ററിൽ കണ്ടിട്ട് 'നാച്വറലായിരിക്കുന്നു' എന്ന് അഭിനന്ദിച്ചു.

പഠനം

ഞാൻ എന്ത് അഭിനയിച്ചു എന്നു സിനിമ ഇറങ്ങുമ്പോഴേ അറിയൂ. പക്ഷേ, എന്തു പഠിച്ചു എന്ന് എനിക്ക് ഇപ്പോൾ പറയാൻ കഴിയും. നാലു മാസത്തോളം ഈ സിനിമയിൽ അഭിനയിച്ചു. അതിൽ നിന്നു പഠിച്ച പാഠമാണിത്: ഇത്രയൊക്കെ മതി എന്നു നമ്മൾ ഒരു മാർക്ക് വയ്ക്കുമല്ലോ. അതുപോര. മരിക്കും വരെ അഭിനയിച്ചു കൊണ്ടിരിക്കണം. ശരിക്കും പറഞ്ഞാൽ അഭിനയിക്കാൻ പഠിച്ചു കൊണ്ടിരിക്കണം. ഹാർഡ് വർക്ക് ചെയ്യണം. ഒത്തിരി പടങ്ങൾ കാണണം. ഞാനൊരു സ്റ്റെപ്പ് വച്ചു എന്നായിരുന്നു കരുതിയത്. അത് ഉടഞ്ഞു വീണു.

സ്റ്റൈൽ

സ്റ്റൈൽ മന്നന്റെ തിയറ്ററിൽ കണ്ടു കയ്യടിച്ച സ്റ്റൈലൻ നിൽപ്പ്, നോട്ടം, നടപ്പ്, ചിരി.... ഇതൊക്കെ നേരിട്ട് അടുത്തു നിന്നു കാണാൻ കഴിഞ്ഞു.

വിജയ് സേതുപതി

കോമ്പിനേഷൻ സീനുകളിൽ വിജയ് സേതുപതിയുടെ അഭിനയം കണ്ട് അഭിനയം മറന്ന് മിഴിച്ച് നിന്നിട്ടുണ്ട്. അത്ര സ്വാഭാവികമാണ് അഭിനയം.

കേക്കും മധുര വാർത്തയും

അഭിനയം കഴിഞ്ഞ് ആർട്ടിസ്റ്റ് മടങ്ങുമ്പോൾ സെറ്റിൽ കേക്ക് മുറിച്ചു യാത്രയയപ്പു നൽകുന്ന പതിവുണ്ട്. എന്റെ സീനുകൾ കഴിഞ്ഞ‌ു കേക്ക് മുറിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ഫോൺ കോൾ. പഞ്ചാബ് നാഷനൽ ചലച്ചിത്രോത്സവത്തിൽ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലെ അഭിനയത്തെ മുൻനിർത്തി മികച്ച നടനുള്ള അവാർഡ് എനിക്കാണെന്നായിരുന്നു കോൾ. അതൊരു നിമിത്തമായിരുന്നു. ഇതൊരു സെന്റ് ഓഫല്ല പുതിയ തുടക്കമായി എനിക്കു തോന്നി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA