മുടി എന്റെ ആത്മവിശ്വാസം: ‘ഭ്രമത്തിലെ ലോപ്പസ്’ പറയുന്നു
അനീഷ് ഗോപാൽ എന്ന പേരിനേക്കാൾ പ്രേക്ഷകർക്കു പരിചയം ഭ്രമത്തിലെ ഓട്ടോക്കാരൻ ലോപസ് അല്ലെങ്കിൽ തീവണ്ടിയിലെ സഫർ, അതുമല്ലെങ്കിൽ അർജന്റീന ഫാൻസ് കാട്ടൂർക്കടവിലെ സുനിമോൻ എന്നൊക്കെയാകും! സ്വന്തം പേരിനേക്കാൾ കഥാപാത്രങ്ങളുടെ പേരിലാണ് അനീഷ് ഗോപാൽ അറിയപ്പെട്ടിട്ടുള്ളത്. എന്നാൽ അധികം പേർക്കറിയാത്ത മറ്റൊരു
അനീഷ് ഗോപാൽ എന്ന പേരിനേക്കാൾ പ്രേക്ഷകർക്കു പരിചയം ഭ്രമത്തിലെ ഓട്ടോക്കാരൻ ലോപസ് അല്ലെങ്കിൽ തീവണ്ടിയിലെ സഫർ, അതുമല്ലെങ്കിൽ അർജന്റീന ഫാൻസ് കാട്ടൂർക്കടവിലെ സുനിമോൻ എന്നൊക്കെയാകും! സ്വന്തം പേരിനേക്കാൾ കഥാപാത്രങ്ങളുടെ പേരിലാണ് അനീഷ് ഗോപാൽ അറിയപ്പെട്ടിട്ടുള്ളത്. എന്നാൽ അധികം പേർക്കറിയാത്ത മറ്റൊരു
അനീഷ് ഗോപാൽ എന്ന പേരിനേക്കാൾ പ്രേക്ഷകർക്കു പരിചയം ഭ്രമത്തിലെ ഓട്ടോക്കാരൻ ലോപസ് അല്ലെങ്കിൽ തീവണ്ടിയിലെ സഫർ, അതുമല്ലെങ്കിൽ അർജന്റീന ഫാൻസ് കാട്ടൂർക്കടവിലെ സുനിമോൻ എന്നൊക്കെയാകും! സ്വന്തം പേരിനേക്കാൾ കഥാപാത്രങ്ങളുടെ പേരിലാണ് അനീഷ് ഗോപാൽ അറിയപ്പെട്ടിട്ടുള്ളത്. എന്നാൽ അധികം പേർക്കറിയാത്ത മറ്റൊരു
അനീഷ് ഗോപാൽ എന്ന പേരിനേക്കാൾ പ്രേക്ഷകർക്കു പരിചയം ഭ്രമത്തിലെ ഓട്ടോക്കാരൻ ലോപസ് അല്ലെങ്കിൽ തീവണ്ടിയിലെ സഫർ, അതുമല്ലെങ്കിൽ അർജന്റീന ഫാൻസ് കാട്ടൂർക്കടവിലെ സുനിമോൻ എന്നൊക്കെയാകും! സ്വന്തം പേരിനേക്കാൾ കഥാപാത്രങ്ങളുടെ പേരിലാണ് അനീഷ് ഗോപാൽ അറിയപ്പെട്ടിട്ടുള്ളത്. എന്നാൽ അധികം പേർക്കറിയാത്ത മറ്റൊരു മേൽവിലാസം കൂടിയുണ്ട് അനീഷിന്. ഈയടുത്ത കാലത്ത് ചർച്ചയായ നിരവധി സിനിമാ പോസ്റ്ററുകൾ ഡിസൈൻ ചെയ്തിട്ടുള്ളത് അനീഷിന്റെ സ്വന്തം യെല്ലോ ടൂത്ത്സ് എന്ന പോസ്റ്റർ കമ്പനിയാണ്.
മലപ്പുറത്തെ ചീക്കോട് എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കുള്ള അനീഷിന്റെ യാത്ര ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. ഒരുപാടു മോഹിച്ച്, സ്വപ്നം കണ്ട്, ഏറെ പരിശ്രമിച്ചാണ് സിനിമാക്കാർ തേടി വരുന്ന പോസ്റ്റർ ഡിസൈനറും അഭിനേതാവുമൊക്കെയായി അനീഷ് ഗോപാൽ മാറിയത്. ആ യാത്രയെക്കുറിച്ചും അഭിനയജീവിതത്തിൽ വഴിത്തിരിവായ ഭ്രമത്തിലെ കഥാപാത്രത്തെക്കുറിച്ചും ഇതാദ്യമായി അനീഷ് ഗോപാൽ മനസു തുറക്കുന്നു.
'കറക്ടാ... ഇവൻ തന്നെ മതി'
ഇ ഫോർ എന്റർടെയ്ൻമെന്റിലെ സാരഥി ചേട്ടനാണ് എന്നെ ഭ്രമത്തിലേക്ക് വിളിച്ചത്. ഭ്രമം എന്ന സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭിനേതാക്കളുടെ ലിസ്റ്റ് കണ്ടപ്പോൾ ഞാൻ ഞെട്ടി. പൃഥ്വിരാജ്! ക്യാമറയും സംവിധാനവും രവി.കെ.ചന്ദ്രൻ! ആ സമയത്ത് ഞാനെന്റെ മുടിയും താടിയും വളർത്തിയിരുന്നു. തീവണ്ടി, കൽക്കി, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്... അങ്ങനെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്ത സിനിമയിലൊക്കെ എനിക്ക് ഒരേ ലുക്കാണ്. അടുത്ത സിനിമയിലെങ്കിലും എനിക്കൊന്നു ലുക്ക് മാറ്റിപ്പിടിക്കണം എന്നുണ്ടായിരുന്നു. അതാണ് താടിയും മുടിയും വളർത്തിയത്. ആ ലുക്കിൽ എന്നെ സംവിധായകൻ രവി സർ കണ്ടപ്പോൾ തന്നെ പറഞ്ഞു, 'കറക്ടാ... ഇവൻ തന്നെ മതി. ഒന്നും ചെയ്യണ്ട!' അങ്ങനെ ആ ലുക്കിൽ തന്നെ അഭിനയിക്കുകയായിരുന്നു.
ഇപ്പോൾ ആ പേടി മാറി
ഒറിജിനൽ സിനിമയിലെ ഓട്ടോക്കാരന്റെ കഥാപാത്രത്തിന്റെ യാതൊരു മാനറിസവും പിടിക്കാതെയാണ് ഞാൻ ഭ്രമത്തിൽ അഭിനയിച്ചത്. തനി മലയാളി ഓട്ടോഡ്രൈവർ ആകണമെന്നു എനിക്കു തോന്നി. ക്യാമറയ്ക്കു മുമ്പിൽ നിൽക്കാനുള്ള ഒരു ഭയം മുമ്പു അഭിനയിച്ച പല സിനിമകളിലും എനിക്കുണ്ടായിരുന്നു. അതെല്ലാം എനിക്ക് മാറിക്കിട്ടിയ സിനിമയാണ് ഭ്രമം. ആദ്യ ദിവസത്തെ ചെറിയൊരു പേടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ സിനിമയിൽ ദുൽഖറിനെ കാണുമ്പോൾ തന്നെ പേടിയായിരുന്നു. പിന്നെപ്പിന്നെ, ആർടിസ്റ്റുകളെ പല സിനിമകളിലും കണ്ടു കണ്ട്... ആ പേടിയങ്ങ് മാറി. ഇപ്പോൾ എന്താണ് രംഗം... അതിലെന്താണ് സംഭവിക്കുന്നത്... എന്റെ കഥാപാത്രം അതു കേട്ടുനിൽക്കുകയാണോ... എന്തെങ്കിലും റിയാക്ഷൻസ് കൊടുക്കേണ്ടതുണ്ടോ എന്നതൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി. അതനുസരിച്ചാണ് ഞാൻ ഭ്രമത്തിൽ അഭിനയിച്ചത്. എനിക്ക് ഡയലോഗ് ഇല്ലെങ്കിലും ഞാൻ കൊടുക്കുന്ന ചില റിയാക്ഷൻസ് രവി സാറിന് ഇഷ്ടപ്പെട്ടു. അതും കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹം ചില രംഗങ്ങൾ ചിത്രീകരിച്ചത്. എന്റെ കഥാപാത്രം ആളുകൾ ശ്രദ്ധിക്കാൻ ഇതും ഒരു കാരണമായി.
മൂന്നാം നിലയിൽ നിന്നു ചാടാൻ പറഞ്ഞപ്പോൾ
പൃഥ്വിരാജുമായി ഒരുപാടു കോമ്പിനേഷൻ രംഗങ്ങളുണ്ട്. ചെറിയ ബലപ്രയോഗം നടത്തുന്ന രംഗങ്ങളുമുണ്ട്. ഞാൻ ഞാനായി തന്നെ നിന്നു കഴിഞ്ഞാൽ, പൃഥ്വിരാജ് എന്ന വലിയ നടനെ എനിക്ക് അങ്ങനെ അമർത്തി പിടിക്കാനൊന്നും പറ്റില്ലല്ലോ! പക്ഷേ, ആക്‌ഷൻ പറയുന്ന സമയത്ത്, ഞാൻ ലോപസ് ആകും. അതെനിക്ക് ഗുണം ചെയ്തിട്ടുണ്ട്. രാജുവേട്ടൻ ഒരു റിഹേഴ്സൽ പോകാമെന്നു പറയും. അതനുസരിച്ച് ഞങ്ങൾ റിഹേഴ്സൽ ചെയ്യും. അതു ഓകെയാണെങ്കിൽ ടേക്ക് പോകും. ആ ടേക്ക് ഓകെ ആകും. അതുകൊണ്ട്, പെട്ടെന്നു ഷൂട്ട് തീർന്നു. പിന്നെ, ആദ്യമായിട്ടാണ് ഞാൻ ഇത്രയും സംഘട്ടനരംഗങ്ങൾ ചെയ്യുന്നത്. എനിക്കിങ്ങനെ ചാടി മറിഞ്ഞു ഫൈറ്റ് ചെയ്തു ശീലമില്ല. ഇത്രയും ഉണ്ടാകുമെന്നു തന്നെ ഞാൻ കരുതിയതല്ല. മൂന്നാമത്തെ നിലയിൽ നിന്നെടുത്തു ചാടാൻ പറഞ്ഞപ്പോൾ എനിക്ക് പേടിയുണ്ടായിരുന്നു. എടുത്തു ചാടി എന്റെ കയ്യിലും കാലിലും മുറിവുകളുണ്ടായി. ഇതെല്ലാം എനിക്ക് പുതിയ അനുഭവങ്ങളാണ്.
സിനിമ ഹിറ്റായെങ്കിലെ കാര്യമുള്ളൂ
ഞാൻ അഭിനയിച്ച എല്ലാ സിനിമകളിലും ഞാൻ മരിക്കുന്ന സീക്വൻസാണുള്ളത്! കൽക്കിയിലാണെങ്കിലും ഇതിലാണെങ്കിലും എന്നെ പെട്ടെന്നു കൊന്നു കളയുകയാണല്ലോ! മരണപ്പെടാതെ സിനിമയിലുടനീളം വരുന്ന കഥാപാത്രങ്ങളുമായി ഇനി കുറച്ചു ചിത്രങ്ങൾ വരാനുണ്ട്. തട്ടാശ്ശേരിക്കൂട്ടം, കർണൻ നെപ്പോളിയൻ ഭഗത്‍സിങ്, മിഥുൻ മാനുവൽ തോമസിന്റെ പുതിയ സിനിമ, ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സിനിമ, വിഷ്ണു ഉണ്ണികൃഷ്ണൻ–ബിബിൻ ജോർജ് പടം, അനുരാജ് മനോഹറിന്റെ സിനിമ... അങ്ങനെ ഒരുപാടു സിനിമകൾ ഇനി വരാനുണ്ട്. ഇതിൽ പലതിന്റെയും ഷൂട്ട് തുടങ്ങുന്നതേയുള്ളൂ. ഭ്രമത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഈ സിനിമകളിലും കുറച്ചൂടെ നല്ല റോളുകൾ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. എല്ലാ അഭിനേതാക്കളുടെയും കരിയറിൽ ഒരു വഴിത്തിരിവുണ്ടാകും. ഭ്രമം അത്തരത്തിലൊരു അവസരമാണെന്നു തോന്നുന്നു. തീവണ്ടിയിലെ സഫർ എന്ന എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു ശേഷമാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ് വന്നത്. അതിലെ സുനിമോൻ ആറാട്ടുകുഴി എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. പക്ഷേ, സിനിമ വിജയിച്ചില്ല. സിനിമ ഹിറ്റാണെങ്കിലേ അതിലെ കഥാപാത്രങ്ങൾ ചെയ്തവരും ശ്രദ്ധിക്കപ്പെടുകയുള്ളൂ.
കമ്പ്യൂട്ടറും ഞാനും, അതായിരുന്നു യെല്ലോ ടൂത്ത്സ്
സെക്കൻഡ് ഷോ ആയിരുന്നു എന്റെ ആദ്യ സിനിമ. ആ സിനിമയ്ക്കു വേണ്ടി പോസ്റ്റർ ചെയ്തതും ഞാൻ തന്നെയാണ്. സിനിമകൾക്ക് പോസ്റ്റർ ചെയ്യുന്ന യെല്ലോ ടൂത്ത്സ് എന്ന സ്ഥാപനം അതിലൂടെയാണ് തുടങ്ങിയത്. ഒന്നു ശ്രദ്ധിക്കപ്പെടണം എന്നു മാത്രമായിരുന്നു ആ പേരു കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്റെ ഒരു സുഹൃത്തുണ്ട്, പ്രവീൺ. അവന്റെ ഫോണിന് അവനിട്ട പേരാണ് യെല്ലോ ടൂത്ത്. അതു കണ്ടപ്പോൾ എനിക്ക് വലിയ ഇഷ്ടമായി. അതിന്റെ കൂടെ ഒരു 'എസ്' കൂടെ ചേർത്ത് 'യെല്ലോ ടൂത്ത്സ്' എന്ന പേര് ഞാൻ കമ്പനിക്കിട്ടു. അന്ന് ഓഫിസ് ഒന്നുമില്ല. ഒരു കമ്പ്യൂട്ടറുമായി ഞാൻ എവിടെപ്പോകുന്നോ അവിടെയായിരുന്നു 'യെല്ലോ ടൂത്ത്സ്'. ഞാനെന്റെ വീട്ടിൽ പോവുകയാണെങ്കിൽ അവിടെയാകും 'യെല്ലോ ടൂത്ത്സ്'. ഒരു കമ്പ്യൂട്ടറും ഞാനും മാത്രം. എന്നാൽ, അതിപ്പോൾ ഒരുപാടു വളർന്നു. ഇന്ന് കൃത്യമായ ഓഫിസ് ആയി... ജോലിക്കാർ ആയി. ഇനിയും വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഹലാൽ ലവ് സ്റ്റോറി, ജോജി, നിഴൽ, ഓപ്പറേഷൻ ജാവ, ഒറ്റ്... എന്നിങ്ങനെ ഈ വർഷമിറങ്ങിയ പല സിനിമകൾക്കും പോസ്റ്റർ ഒരുക്കിയത് യെല്ലോ ടൂത്താണ്. ഇപ്പോൾ ഞാൻ അതിന്റെ ക്രിയേറ്റീവ് ഹെഡ് ആയാണ് പ്രവർത്തിക്കുന്നത്.
ചുരുളൻ മുടി എന്റെ ആത്മവിശ്വാസം
എന്റെ കസിൻസ് എല്ലാവരും നന്നായി ചിത്രം വരയ്ക്കുന്നവരാണ്. ഞാനും സ്കൂളിൽ പഠിക്കുമ്പോൾ വരയ്ക്കുമായിരുന്നു. എന്റേത് പുല്ലു മേഞ്ഞ ചെറിയൊരു വീടായിരുന്നു. അതിന്റെ ചുവരിൽ കരി കൊണ്ടു കുറെ വരയ്ക്കാറുണ്ട്. സ്കൂളിൽ പെൻസിൽ ഡ്രോയിങ്ങും വാട്ടർ കളറും, ഓയിൽ പെയിന്റിങ്ങുമെല്ലാം ചെയ്തു. അതിനോടൊപ്പം അഭിനയത്തിലും താൽപര്യമുണ്ടായിരുന്നു. വളരെ ചെറുപ്പത്തിലേ ഞാൻ ഒരു വേടനായി സ്കൂളിൽ വേഷമിട്ടു. അന്ന് എല്ലാവരും എന്നെ അഭിനന്ദിച്ചു. ആ അഭിനന്ദനങ്ങൾ എനിക്ക് വലിയ ഊർജ്ജമായിരുന്നു. മലപ്പുറത്തെ ഒരു ചെറിയ സ്കൂളിലാണ് ഞാൻ പഠിച്ചത്. അങ്ങനെ വലിയ മത്സരങ്ങളൊന്നുമില്ല. അവിടെ ഞാൻ ബെസ്റ്റ് ആക്ടർ ആയിരുന്നു. വേറെ അഭിനയിക്കുന്നവരില്ല. അതുകൊണ്ട് ഞാൻ തന്നെ വലിയ നടൻ. പക്ഷേ, ഞാൻ ഈ തരത്തിൽ വളരുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല. പിന്നെ, എന്റെ ചുരുളൻ മുടി എന്നും എനിക്ക് ശ്രദ്ധ നൽകിയ ഒന്നാണ്. പലരും കളിയാക്കും. എന്നാലും അതിലൂടെ എന്നെ ആളുകൾ ശ്രദ്ധിച്ചു. അങ്ങനെ അതെന്റെ ആത്മവിശ്വാസത്തിന്റെ ഭാഗമായി.
സിനിമ തന്നെ സ്വപ്നം
മലപ്പുറത്തെ ചീക്കോട് ആണ് എന്റെ സ്വദേശം. വലിയ സാമ്പത്തിക സ്ഥിതിയുള്ള ചുറ്റുപാടുകളായിരുന്നില്ല എന്റേത്. അതുകൊണ്ട്, സിനിമ–അഭിനയം എന്നു പറഞ്ഞിറങ്ങാൻ എനിക്ക് കഴിയുമായിരുന്നില്ല. അങ്ങനെയാണ് ഡിസൈനിങ്ങിലേക്ക് തിരിയുന്നത്. സെക്കൻഡ് ഷോയിൽ അഭിനയിച്ചെങ്കിലും അന്നൊന്നും സജീവമായി വേഷങ്ങൾ അന്വേഷിച്ച് നടന്നില്ല. സ്ഥിരമായ ഒരു വരുമാനമായിരുന്നു ലക്ഷ്യം. ഡിസൈനിങ്ങിലൂടെയാണ് ഞാനെല്ലാം നേടിയത്. നല്ലൊരു വീടു വച്ചതും ജീവതം കെട്ടിപ്പടുത്തതുമെല്ലാം ഡിസൈനിങ്ങിലൂടെയാണ്. ഞങ്ങൾ മൂന്ന് ആൺമക്കളാണ്. എനിക്കൊരു ജ്യേഷ്ഠനും അനുജനുമുണ്ട്. അവർ നാട്ടിൽ തന്നെയാണ്. ഞാനിപ്പോൾ കൊച്ചിയിലേക്ക് താമസം മാറ്റി. ഭാര്യ വർണ, മക്കൾ അനാഹത്ത്, ആർണവ്.
കോവിഡിൽ എല്ലാം പിന്നെയും കൈവിട്ടു പോയി. ഇപ്പോൾ രണ്ടാമതും എല്ലാം ശരിയായി വരുന്നു. മനസിനൊരു ധൈര്യമുണ്ടെങ്കിൽ എല്ലാം തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസം. കോവിഡു സമയത്ത് എല്ലാ സ്റ്റാഫിനെയും പിരിച്ചു വിടേണ്ടി വന്നിരുന്നു. ഞാൻ വീണ്ടും കമ്പ്യൂട്ടർ കയ്യിലെടുത്തു. പണ്ടത്തെപ്പോലെ ഞാൻ എവിടെയാണോ, അവിടെ യെല്ലോ ടൂത്ത്സ് എന്ന അവസ്ഥ. കുറച്ചു കോർപ്പറേറ്റ് കമ്പനികളുടെ വർക്ക് ചെയ്തു. വീണ്ടും സിനിമ ഓൺ ആയപ്പോൾ സിനിമകളുടെ പോസ്റ്ററുകൾ ചെയ്യാൻ വന്നു തുടങ്ങി. ബാക്കിയെല്ലാ സ്റ്റാഫിനെയും തിരിച്ചു വിളിച്ചു. അങ്ങനെ എല്ലാം നോർമലിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നു. എന്റെ ക്രിയേറ്റിവിറ്റി ആർക്കും കൊണ്ടു പോകാൻ കഴിയില്ലല്ലോ! അതെന്റെ കയ്യിൽത്തന്നെയുണ്ട്. ഒരു നടനാകണം എന്നതാണ് സ്വപ്നം. അതിലേക്കുള്ള ചവിട്ടുപടികളാണ് ഇവയോരോന്നും.