ബാനറും നമ്പർ പ്ലേറ്റും എഴുതി തുടക്കം, ഇന്ന് തിരക്കേറിയ കലാസംവിധായകൻ
Mail This Article
ദേവി ടാക്കീസിൽനിന്നു മാധവന്റെ തമിഴ് സിനിമകൾ കണ്ടു മടങ്ങുന്ന അജയൻ, സിനിമ വിട്ട് ചാലിശേരി മെയിൻ റോഡിലേക്കിറങ്ങുന്ന ആൾക്കൂട്ടത്തിൽ ഒരാൾ മാത്രമായിരുന്നു. കാലം പിന്നിട്ടപ്പോൾ ദേവി ടാക്കീസ് പൂട്ടിയെങ്കിലും സിനിമ അജയനെ അകത്തേക്കു വിളിച്ചു. വർഷങ്ങൾക്കു ശേഷം മറ്റൊരു മാധവൻ സിനിമയ്ക്കു മുൻപ് സ്ക്രീനിൽ തെളിഞ്ഞു, ‘പ്രൊഡക്‌ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി’. വരയിലും ശിൽപകലയിലും എഴുത്തുഭംഗിയിലും ആളുകളെ അതിശയിപ്പിച്ച അതിലെ നായകന്റെ പേര് ‘മാരാ’. മലയാള സിനിമയിൽ കലാസംവിധായകനായി മികവു തെളിയിച്ച ശേഷമാണ് അജയൻ തമിഴിൽ എത്തുന്നത്. കലാസംവിധാനത്തിന് ഏറെ പ്രാധാന്യമുള്ള മലയാള ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ടി’ന്റെ വർക്കും അജയൻ പൂർത്തിയാക്കി കഴിഞ്ഞു. തമിഴിലെ ബ്രഹ്മാണ്ഡപടവും തെലുങ്കിലെ മൾട്ടിസ്റ്റാററുമാണ് അടുത്തത്.
ബേബി ആർട്സ് പ്രകാശ്
ചാലിശ്ശേരിയിലെ തുളസി ഡിസൈൻസ് എന്ന ചെറിയ സ്ഥാപനത്തിൽ ബോർഡും ബാനറും നമ്പർ പ്ലേറ്റുമൊക്കെ എഴുതിയാണ് അജയന്റെ തുടക്കം. ഗുരുവും കടയുടമയുമായ ബാലൻ മാഷിന്റെ മകളുടെ പേരാണ് തുളസി. വരയിൽ അച്ഛന്റെ വിരൽവഴക്കം അജയനൊപ്പം കൂടിയിരുന്നു. സിനിമയിൽ കാണിക്കുന്ന സ്ഥാപനങ്ങളുടെ ബോർഡ് എഴുതാനും ചെറിയ ജോലികൾക്കുമായി അജയനെ കൂടെക്കൂട്ടിയത് ബസന്ത്, സുനിൽ ബാബു, ഗോകുൽ ദാസ്, മനു ജഗദ് എന്നിവരാണ്. അജയൻ കലാസംവിധാനം നിർവഹിച്ച ‘മഹേഷിന്റെ പ്രതികാരം’ സിനിമയിൽ ആർട്ടിസ്റ്റ് ബേബിയുടെ കടയൊരുക്കുക എളുപ്പമായത് ‘തുളസി’ മനസ്സിൽ തുറന്നു കിടക്കുന്നതു കൊണ്ടാണ്. ബോർഡും ബാനറുമൊക്കെ എഴുതുമ്പോൾ അവയ്ക്കു താഴെ ആർട്ടിസ്റ്റിന്റെയോ സ്ഥാപനത്തിന്റെയോ പേരെഴുതിവയ്ക്കുന്ന പതിവുണ്ട്. പറവ, കോൾഡ് കേസ് തുടങ്ങി അജയൻ കലാസംവിധാനം ചെയ്ത ചില സിനിമകളിലെ ബോർഡുകളുടെ മൂലയിൽ കാണാം, ‘തുളസി ഡിസൈൻസ്’. സിനിമകൾക്കിടയിലുള്ള തുടർച്ചയ്ക്കായി കഫേ – ഹോട്ടൽ ഡിസൈനിങ്ങും അജയൻ ചെയ്യുന്നുണ്ട്.
പ്രോപ്സ് വരുന്ന വഴി
കൺമുന്നിലൂടെ പോകുന്ന കാഴ്ചകളത്രയും കലാസംവിധായകന്റെ സഞ്ചിയിലെ പ്രോപ്പർട്ടീസ് ആണ്. കട്ടപ്പനയിലെ ചില പെൺകുട്ടികളുടെ ഹെയർ ബാൻഡിൽ ഒരുതരം തൂവൽ ശ്രദ്ധയിൽപെട്ടിരുന്നു. മഹേഷിന്റെ പ്രതികാരത്തിൽ ജിൻസി വരുമ്പോൾ സ്റ്റുഡിയോ കെട്ടിടത്തിൽ നിന്ന് വിതറുന്ന അപ്പൂപ്പൻതാടികളായി മാറിയത് ആ തൂവലുകളാണ്. നിർമാതാക്കളെ തേടിപ്പിടിച്ച് മുംബൈയിൽനിന്ന് എത്തിക്കുകയായിരുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ആണ് സ്വതന്ത്രമായി കലാസംവിധാനം നിർവഹിച്ച ആദ്യ സിനിമ. സിനിമയിലെ ഫ്ലാഷ് ബാക്ക് കാലത്തിൽ ഉപയോഗിക്കാൻ ബിൽഡ് ചെയ്തെടുത്ത പഴയ ബസ് പിന്നീട് സുഹൃത്തിന്റെ മകളുടെ സ്കൂൾ പ്രോജക്ട് ബുക്കിൽ കണ്ടു. ഓൾഡ് ബസ് ഇൻ കേരള എന്ന് ഗൂഗ്ളിൽ തപ്പിയതാണത്രെ. പണ്ട് ചാലിശേരിയിലൂടെ ഓടിയിരുന്ന ബസിന്റെ പേരാണ് ആ ബസിന് അജയൻ നൽകിയത്, ‘ഇട്ടിയച്ചൻ’.
‘ഇടുക്കി ഗോൾഡി’നു വേണ്ടി ചെറുതോണി ഡാമിനടുത്തുള്ള ശ്രീവിദ്യാധിരാജ സ്കൂളിനു തൽക്കാലത്തേക്കു പുതിയ മുഖം നൽകി. അതു കണ്ട്, ശരിക്കുമുള്ള സ്കൂൾ ഇങ്ങളെ മതിയെന്നായി അധ്യാപകരും കുട്ടികളും. അങ്ങനെ ഷൂട്ട് കഴിഞ്ഞപ്പോൾ സെറ്റ് പൊളിച്ച് അതേ ഡിസൈനിൽ സ്കൂളിന്റെ മുഖം പുതുക്കിപ്പണിതു. അതേ സിനിമയിൽ, കഞ്ചാവുതോട്ടം ഒരുക്കാനുള്ള ചെടികൾക്കായി ചൈനയിലെ ഒരു കമ്പനിക്ക് ഓർഡർ കൊടുക്കുകയായിരുന്നു.
ഒടിടിക്കാലത്തെ കലാസംവിധാനം
വലിയ സ്ക്രീനിലെ സൂക്ഷ്മാംശങ്ങൾ മൊബൈൽ സ്ക്രീനിലേക്കു ചുരുങ്ങുമ്പോൾ വേണ്ടല്ലോ എന്നാണു ചിന്തയെങ്കിൽ അതു തെറ്റാണെന്ന് അജയൻ. വലിയ സ്ക്രീനിൽ ഒരു പാട് പേർ ഒരുമിച്ചു ശ്രദ്ധിക്കുന്ന സൂക്ഷ്മാംശങ്ങൾ ഒടിടിയിൽ ഓരോ പ്രേക്ഷകനും ഒറ്റയ്ക്കു കാണുന്നുണ്ട്. എന്നാൽ, ഒരു പാട് അതിസൂക്ഷ്മ വിശദാംശങ്ങൾ ഒരേ ഫ്രെയിമിൽ വരുമ്പോൾ ബിഗ് സ്ക്രീൻ തന്നെ വേണം. ഒരുപാട് കഥാപാത്രങ്ങൾ, അവരുടെ തുടർചലനങ്ങൾ, കെട്ടിടങ്ങൾ, കെട്ടിടത്തിൽതന്നെയുള്ള സൂക്ഷ്മമായ കലാവേലകൾ, വലിയ ഭൂപ്രദേശം ഒക്കെയാകുമ്പോൾ ബിഗ് സ്ക്രീനിൽ മാത്രമേ പൂർണമായി അനുഭവഭേദ്യമാകൂ. ഇരുൾ, കോൾഡ് കേസ് എന്നീ ഒടിടി സിനിമകൾക്കും നല്ല തയാറാറെടുപ്പു വേണ്ടിവന്നു.
‘ഇരുളി’ലെ ദുരൂഹമായ ഒറ്റവീട് പീരുമേട്ടിൽ പൂട്ടിക്കിടന്ന പട്ടുമലൈ ബംഗ്ലാവ് എടുത്ത് സെറ്റ് ചെയ്തതാണ്. പൂട്ടിക്കിടന്ന തേയില ഫാക്ടറിയാണ് അതിൽ മൃതദേഹം കെട്ടിത്തൂക്കിയ ബേസ്മെന്റ് ആയി കാണിക്കുന്നത്. വലിയ മെഴുകുതിരികളുടെ വെളിച്ചത്തിലാണ് സിനിമ മുന്നോട്ടു പോകുന്നത്. വമ്പൻ മെഴുകിതിരികൾ കൊച്ചിയിൽനിന്ന് ഉണ്ടാക്കി കൊണ്ടുപോയി. ഷോട്ടുകൾ റിപ്പീറ്റ് ചെയ്യുമ്പോൾ അതു വരെ ഉപയോഗിച്ച മെഴുകുതിരി മാറ്റി, പുതിയത് അതേ വലിപ്പത്തിൽ മുറിച്ച്, കത്തിച്ച് പഴയ രൂപത്തിൽ ആക്കുന്നത് ശ്രമകരമായിരുന്നു. ആശുപത്രിയിൽ ഉപയോഗിക്കുന്ന ഡ്രിപ് ബോട്ടിൽ ഉപയോഗിച്ചാണ് ബേസ്മെന്റിന്റെ പേടിപ്പെടുത്തുന്ന ചോർച്ച സൃഷ്ടിച്ചെടുത്തത്.
ബിഗ് പ്രോജക്ട്
പത്തൊൻപതാം നൂറ്റാണ്ട് ഒരു പക്ഷേ കരിയറിലെ ഏറ്റവും വലിയ പ്രോജക്ട് ആണെന്ന് അജയൻ ചാലിശേരി പറയുന്നു. മറ്റു പല സിനിമകളും വേണ്ടെന്നു വയ്ക്കേണ്ടി വന്നു. 1800കൾ റിക്രിയേറ്റ് ചെയ്യുകയെന്നത് ഏറെ പഠനവും അധ്വാനവും വേണ്ട കാര്യമാണ്. ഒരേ സമയം കേരളത്തിലെ 8 സ്ഥലങ്ങളിൽ സെറ്റ് നിർമാണം നടന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 400 പേർ ഒരേ സമയം ജോലി ചെയ്യുകയായിരുന്നു. ക്ഷേത്രങ്ങൾ, കോട്ടകൾ, കൊട്ടാരങ്ങൾ, ചന്തകൾ എന്നിവയെല്ലാം ഒരുക്കി. തിരുവിതാംകൂർ ദർബാർ ഹാൾ പാലക്കാട്ടെ തകർന്നു കിടക്കുന്ന പഞ്ചസാര ഫാക്ടറിയിലാണ് സെറ്റ് ഇട്ടത്. പഴയ കാലത്തിനാവശ്യമായ 75,000 സാധനസാമഗ്രികൾ – പാത്രങ്ങൾ മുതൽ ആയുധങ്ങൾ വരെ – സൂക്ഷിക്കാനായി വെയർ ഹൗസ് വാടകയ്ക്കെടുത്ത് ജീവനക്കാരെ വച്ചു. തുറമുഖവും കപ്പലും വരെ സെറ്റ് ഇട്ടു. പാലക്കാട്ടെ വനമേഖലകളിലായിരുന്നു ഏറെക്കാലം ഷൂട്ടിങ്. കാട്ടാന ഇറങ്ങിയപ്പോൾ ഭടൻമാരും പ്രജകളുമെല്ലാം ജീവനും കൊണ്ട് ഓടി. ‘ട്രാൻസി’നു വേണ്ടി ആംസ്റ്റഡർഡാം കൊച്ചിയിൽ സെറ്റിട്ടതിന്റെ ത്രിൽ വിടാത്തതു കൊണ്ട് ആർക്കും ക്ഷീണമുണ്ടായിരുന്നില്ല.
കോവിഡ് കാല ഷൂട്ടിങ്
‘ഇരുൾ’ ചിത്രീകരണത്തിനിടെയാണ് കോവിഡ് പോസിറ്റീവായത്. ‘കോൾഡ് കേസി’നുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയായിരുന്നു. എല്ലാവർക്കും കോവിഡ് പരിശോധനയുണ്ടായിരുന്നു. സിനിമയെ ഒരു ക്യാംപ് ആയി കണ്ട് എല്ലാവരെയും കുറച്ചുകാലത്തേക്ക് മറ്റിടങ്ങളിൽ വിടാതെ താമസിപ്പിക്കുകയായിരുന്നു. എന്നിട്ടും കോവിഡ് പിടികൂടി. വിഡിയോ കോളും സ്റ്റിൽ ഫോട്ടോസും വഴി എല്ലാം കോഓർഡിനേറ്റ് ചെയ്തു. മറ്റൊരു സെറ്റിൽ ജോലിക്കാരെ ബാച്ച് ആയി പണിയെടുപ്പിക്കേണ്ടി വന്നു. തെന്നിന്ത്യൻ താരങ്ങളുള്ള ഒടിടി സീരീസുകളുടെ വർക്കും പുരോഗമിക്കുന്നു.
അജയന്റെ സിനിമകൾ:
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
ടമാർ പടാർ
ഗ്യാങ്സ്റ്റർ
അപ്പവും വീഞ്ഞും
റാണി പദ്മിനി
മഹേഷിന്റെ പ്രതികാരം
പറവ
വരത്തൻ
ട്രാൻസ്
മാരാ
ഇരുൾ
കോൾഡ് കേസ്
പത്തൊൻപതാം നൂറ്റാണ്ട്.
ജാക്ക് ആൻഡ് ജിൽ (പുത്തിറങ്ങാനുള്ള സന്തോഷ് ശിവൻ ചിത്രം)