ഇന്റിമേറ്റ് സീൻ വെല്ലുവിളി; ബേബിയുടെ സുജ ജീവിതത്തിൽ ഡോക്ടർ; ഷിനു ശ്യാമളൻ അഭിമുഖം
Mail This Article
അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോൾ സംശയത്തോടെയും പരിഹാസത്തോടെയും ഷിനുവിനെ നോക്കിയവരുണ്ട്. നല്ലൊരു ജോലി കയ്യിലുണ്ടായിട്ടും എന്തിനു വെറുതെ സിനിമയ്ക്കു പിന്നാലെ നടക്കുന്നു എന്നു ചോദിച്ച് പുരികം ഉയർത്തിയവർ! അവർക്ക് ഡോ.ഷിനു ശ്യാമളൻ നൽകിയ മറുപടിയാണ് ‘ഒ. ബേബി’ എന്ന സിനിമയും അതിലെ സുജ എന്ന കഥാപാത്രവും. തുടക്കം മുതൽ ഒടുക്കം വരെ ബേബിയായി ദിലീഷ് പോത്തൻ അതിഗംഭീര പ്രകടനം കാഴ്ച വയ്ക്കുമ്പോൾ, അദ്ദേഹത്തിനൊപ്പം ബേബിയുടെ സുജയായി പ്രേക്ഷകരുടെ ഹൃദയം കവരുകയാണ് ഡോ. ഷിനു ശ്യാമളൻ. ആ ഭൂപ്രദേശത്തു തന്നെ ജനിച്ചു വളർന്ന സ്ത്രീയുടെ ശരീരഭാഷയും ചുറുചുറുക്കും പ്രണയവും സങ്കടങ്ങളും സുജയിലൂടെ പ്രേക്ഷകർ അനുഭവിക്കുന്നു. പ്രേക്ഷകരുടെ കയ്യടി നേടിയ സുജയുടെ വിശേഷങ്ങളുമായി ഡോ.ഷിനു ശ്യാമളൻ മനോരമ ഓൺലൈനിൽ.
ഇൻസ്റ്റഗ്രാം വഴി സിനിമയിലേക്ക്
ആദ്യം ഇറങ്ങിയ ചിത്രം ‘ചിരാതുകൾ’. അത് ഒടിടി റിലീസ് ആയിരുന്നു. ബിഗ് സ്ക്രീനിൽ ആദ്യമായിവന്ന ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ട്’ ആയിരുന്നു. അതിലും ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ‘ഒ.ബേബി’യിലെ സുജ. സിനിമയുടെ അസോഷ്യേറ്റ് ഡയറക്ടറിൽ നിന്ന് ഇൻസ്റ്റഗ്രാമിൽ മെസേജ് വരികയായിരുന്നു. എനിക്ക് അദ്ദേഹത്തെ പരിചയമൊന്നുമില്ല. ആദ്യം വ്യാജ സന്ദേശമാകുമെന്ന് കരുതി. പക്ഷേ, അതിൽ നമ്പർ ഉണ്ടായിരുന്നു. സംവിധായകന്റെ പേരൊക്കെ പ്രത്യേകം പരാമർശിക്കുകയും ചെയ്തിരുന്നു. ആ ധൈര്യത്തിൽ വിളിച്ചു നോക്കി. സംഭവം സത്യമായിരുന്നു. ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ കണ്ടാണ് എന്നെ വിളിക്കുന്നത്. അങ്ങനെ ഇടുക്കിയിൽ പോയി സംവിധായകനെ കണ്ടു. അഞ്ചു ദിവസം കഴിഞ്ഞ് വീണ്ടും ആ ടീമിൽ നിന്നു എന്നെ വിളിച്ചു. ‘വേഷം ഉറപ്പാണ്... വരണം’, എന്നു പറഞ്ഞു. അങ്ങനെയാണ് ഞാൻ ബേബിയുടെ സുജയായത്.
അങ്ങനെ ഞാൻ സുജയായി
ആകെ 40 ദിവസമായിരുന്നു ഷൂട്ട്. അഞ്ചു ദിവസം മുമ്പെ എത്തണമെന്നു പറഞ്ഞിരുന്നു. പ്രധാന കഥാപാത്രങ്ങൾ തമ്മിൽ ഒരു പരിചയവും സൗഹൃദവും പരുവപ്പെടുത്താനായിരുന്നു അത്. ആ ദിവസങ്ങളിൽ ഒരുമിച്ചിരുന്ന് സ്ക്രിപ്റ്റ് വായിച്ചു. പരസ്പരം പരിചയപ്പെട്ടു. ആ കഥാപാത്രത്തെ കുറിച്ചു ചിന്തിച്ചും ചർച്ച ചെയ്തും, രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ ഞാൻ സുജ ആയി. പിന്നെ, രാവിലെ എണീറ്റ് ഞാൻ പണിക്കാർക്കൊപ്പം ഏലത്തോട്ടത്തിൽ പോകുമായിരുന്നു. പണി പഠിക്കാൻ! മുഴുവൻ ദിവസവും അവർക്കൊപ്പം. ഏലത്തോട്ടത്തിലൂടെ നടന്ന് പല തവണ തെന്നി വീണിട്ടുണ്ട്. രണ്ടു ദിവസം അവർക്കൊപ്പം കഴിയുമ്പോൾ നമ്മളും അവരിൽ ഒരാളായി മാറും.
ഇന്റിമേറ്റ് സീൻ എന്ന വെല്ലുവിളി
സിനിമയിൽ ഒരു ഇന്റിമേറ്റ് സീൻ ഉണ്ട്. ഇങ്ങനെയൊരു സീൻ ഉണ്ടെന്ന് ഈ കഥാപാത്രത്തിനായി വിളിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നു. ഞാൻ ഒരു കാര്യമേ പറഞ്ഞുള്ളൂ. സിനിമയ്ക്ക് ആ സീൻ ആവശ്യമാണെങ്കിൽ, ആ കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഞാൻ ഓക്കെ ആണ്. സംവിധായകൻ, ക്യാമറാമാൻ, അസോഷ്യേറ്റ്, ഫോകസ് പുള്ളർ, അഭിനയിക്കുന്നവർ എന്നിവർ ഒഴികെ മറ്റാരും ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടാവരുതെന്ന് ഞാൻ അഭ്യർഥിച്ചിരുന്നു. അങ്ങനെയാണ് ആ സീൻ ഷൂട്ട് ചെയ്തത്. ഒരു തടാകത്തിനു സമീപം ചെറിയൊരു കുടിലിലാണ് അതു ഷൂട്ട് ചെയ്തത്. തുണിയൊക്കെ വച്ച് അതു മറച്ചിരുന്നു. ആദ്യമായി ചെയ്യുന്ന സിനിമയിൽ ഇത്തരമൊരു രംഗം അഭിനയിക്കുക എന്നത് തീർച്ചയായും വെല്ലുവിളി തന്നെയായിരുന്നു. അതു ഭംഗിയായി തന്നെ സിനിമയിൽ വന്നിട്ടുണ്ട്.
ആ കെമിസ്ട്രിക്ക് പിന്നിൽ
ദിലീഷ് പോത്തനുമായി നല്ല കെമിസ്ട്രിയുണ്ടെന്ന് പലരും പറഞ്ഞു. കേട്ടപ്പോൾ സന്തോഷം തോന്നി. കൂടെ അഭിനയിക്കുന്നവരെ കംഫർട്ടബിൾ ആക്കുന്ന ആക്ടറാണ് അദ്ദേഹം. ഒരു ജാടയുമില്ലാത്ത പ്രകൃതം. അതുകൊണ്ട്, ഒരുമിച്ച് അഭിനയിക്കുന്നത് എളുപ്പമായിരുന്നു. എന്റെ ഒരു സുഹൃത്ത് പറഞ്ഞു, ബേബിയുടെയും സുജയുടെയും ഒരുമിച്ചുള്ള രംഗങ്ങൾ ഇനിയും വേണമായിരുന്നു എന്ന്. സിനിമയിൽ ബേബി, സുജയെ രാത്രി പുറത്തേക്ക് വിളിക്കുന്ന രംഗമുണ്ട്. അതിൽ എന്റെ മുഖത്തൊരു ചമ്മൽ വരുന്നുണ്ട്. ഒരുപാട് പേർ പ്രത്യേകം എടുത്തു പറഞ്ഞ രംഗമാണത്. അത് ഒറ്റ ടേക്കിൽ ഓക്കെ ആയ രംഗമായിരുന്നു. ആ ചമ്മൽ അറിയാതെ വന്നതാണ്. ഇത്ര ആളുകളുടെ മുമ്പിലല്ലേ ഷൂട്ട് നടക്കുന്നത്. അമ്മയുടെ കഥാപാത്രം ആ ഡയലോഗ് പറഞ്ഞപ്പോൾ അറിയാതെ ആ ചമ്മൽ വന്നു പോയി.
വിമർശനങ്ങൾ നൽകിയ വാശി
അഭിനയം എന്ന ആഗ്രഹവുമായി നടക്കുന്ന സമയത്ത് പലരും കളിയാക്കിയിരുന്നു. നല്ലൊരു പ്രഫഷൻ കയ്യിലുണ്ടല്ലോ! പിന്നെ എന്തിനാണ് സിനിമയ്ക്ക് പിന്നാലെ നടക്കുന്നത് എന്നൊക്കെ പറഞ്ഞ്! അത് അൽപം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പലർക്കും ഞാൻ അഭിനയത്തിൽ വിജയിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. സ്വന്തമായി ജോലി ചെയ്യുന്ന ഒരു വ്യക്തി ആയിട്ടു പോലും ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നു. പക്ഷേ, എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇത്രയും വിമർശനങ്ങൾ വന്നപ്പോൾ എന്റെയുള്ളിൽ ഞാനറിയാതെ തന്നെ ഒരു തീ ഉണ്ടായി. വാശി വന്നു. എങ്ങനെയെങ്കിലും വിജയിക്കണമെന്ന ആഗ്രഹം വന്നു. ആയിരക്കണക്കിനു പേർ വരുന്ന ഇൻഡസ്ട്രിയാണ്. അതിൽ വളരെ കുറച്ചു പേരെ വിജയിക്കുന്നുള്ളൂ എന്ന് അറിയാം. എങ്കിലും ഞാൻ ശ്രമങ്ങൾ തുടർന്നു. പത്തൊൻപതാം നൂറ്റാണ്ട് ഇറങ്ങിയപ്പോൾ വിമർശനങ്ങൾ അൽപം കുറഞ്ഞു. ഒ.ബേബി ഇറങ്ങാൻ ഒന്നര വർഷം കാലതാമസമുണ്ടായി. അപ്പോൾ എനിക്ക് ടെൻഷനായിരുന്നു. റിലീസ് കഴിഞ്ഞപ്പോഴാണ് ആശ്വാസമായത്. സിനിമ കണ്ട് നിരവധി പേർ നല്ല കമന്റുകൾ പറഞ്ഞു. എനിക്ക് പരിചയമില്ലാത്തവർ പോലും നല്ല അഭിപ്രായങ്ങൾ പറയുന്നു. ഇതെല്ലാം വലിയ സന്തോഷമാണ്.
മോഹം എന്നും സിനിമ
ചെറുപ്പം മുതലെ എനിക്ക് ലാലേട്ടനെ വലിയ ഇഷ്ടമാണ്. പഠനത്തിൽ മിടുക്കി ആയതുകൊണ്ട്, ആ സമയം വേറൊന്നും ചിന്തിച്ചില്ല. ഡോക്ടർ ആകുന്നതിലായിരുന്നു അപ്പോഴത്തെ ശ്രദ്ധ. എരുമേലിക്കടുത്ത് വെൺകുറിഞ്ഞിയിലാണ് വീട്. അഭിനയമോഹത്തെ കുറിച്ച് തുറന്നു പറയാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. വുഹാനിലായിരുന്നു മെഡിക്കൽ പഠനം. അതു കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി വിവാഹം നടന്നു. മകൾ ജനിച്ചു. ഭർത്താവും ഡോക്ടറാണ്. അദ്ദേഹം മാടക്കത്തറയിൽ സർക്കാർ സർവീസിലാണ്. ഞാൻ തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറായി ജോലി ചെയ്യുന്നു. അങ്ങനെ പോകുമ്പോഴാണ്, യാദൃച്ഛികമായി മോഡലിങ്ങിന് അവസരം ലഭിക്കുന്നത്. അതു ശ്രദ്ധിക്കപ്പെട്ടു. മനസിലെ ആഗ്രഹങ്ങൾക്ക് പതിയെ ചിറകു വയ്ക്കാൻ തുടങ്ങുകയായിരുന്നു. അങ്ങനെ പത്തൊൻപതാം നൂറ്റാണ്ടിൽ അവസരം ലഭിച്ചു. പിന്നാലെ മറ്റു അവസരങ്ങളും വന്നു.
പ്രതീക്ഷ കൈവിട്ടില്ല
രഞ്ജൻ പ്രമോദ് സാറിനെ കാണുന്നതിനു മുമ്പ് വേറെ പല സംവിധായകരെയും ഞാൻ കണ്ടിട്ടുണ്ട്. പലരോടും അവസരങ്ങളും ചോദിച്ചിട്ടുണ്ട്. എന്റെ നിറും പ്രായവുമൊക്കെ പ്രശ്നമായി തോന്നിയവരായിരുന്നു അവരിൽ പലരും. കുറച്ചു നേരത്തെ ശ്രമിക്കാമായിരുന്നില്ലേ എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. പലരും ബാച്ചിലർ ആയിരിക്കുന്ന സമയത്താണല്ലോ സിനിമയിൽ അഭിനയിക്കാൻ ശ്രമിക്കാറുള്ളത്. പക്ഷേ, അന്നും ഞാനെന്റെ ആത്മവിശ്വാസം കളഞ്ഞില്ല. എന്റെയുള്ളിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഓരോ പ്രായത്തിലും ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളുണ്ടല്ലോ. പിന്നെ, വെളുത്തിരുന്നാലെ സിനിമ കിട്ടുള്ളൂ എന്നൊക്കെയുള്ളത് വെറും തെറ്റിദ്ധാരണയാണ്.
എന്റേത് അൽപം ചുരുണ്ട മുടിയാണ്. അതൊന്നും ഞാൻ മാറ്റിയിട്ടില്ല. കാരണം, അതെല്ലാം സ്വാഭാവികമായി എനിക്കുള്ളതാണ്. ഒരു പക്ഷേ, എനിക്ക് കഥാപാത്രങ്ങളെ നേടിത്തരുന്നത് ഇത്തരം ശരീരപ്രകൃതി കൂടി ആകാം. കോളജ് കുട്ടിയുടെ വേഷമല്ലല്ലോ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്. പെർഫോമൻസിന് പ്രാധാന്യമുള്ള വേഷങ്ങൾ തീർച്ചയായും തേടി വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ‘പത്മിനി’ എന്ന ചാക്കോച്ചന്റെ സിനിമയാണ് റിലീസിനൊരുങ്ങുന്നത്. അതിൽ ചെറിയൊരു വേഷമുണ്ട്. ദിലീപിന്റെ ഡി148 എന്ന സിനിമയിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.