നേരിലെ കൊടൂര വില്ലൻ, ജീവിതത്തിൽ അഭിഭാഷകൻ; ശങ്കർ ഇന്ദുചൂഡൻ അഭിമുഖം
‘നേര്’ എന്ന ജീത്തു ജോസഫ് സിനിമയിൽ പോസ്റ്ററിൽ പോലും വെളിപ്പെടുത്താതെ കാത്തുവച്ചൊരു സർപ്രൈസ് കഥാപാത്രമുണ്ട്. ശങ്കർ ഇന്ദുചൂഢൻ എന്ന യുവതാരം ചെയ്ത മൈക്കിൾ എന്ന കഥാപാത്രം. നേര് കണ്ടിറങ്ങിയവരെല്ലാം മൈക്കിളിനെ ശപിച്ചിട്ടുണ്ടാകാം അത്രയ്ക്കായിരുന്നു ഇന്ദുചൂഢന്റെ പ്രകടനം. നേരിന്റെ സെറ്റിൽ എല്ലാവരും ശങ്കറിനെ
‘നേര്’ എന്ന ജീത്തു ജോസഫ് സിനിമയിൽ പോസ്റ്ററിൽ പോലും വെളിപ്പെടുത്താതെ കാത്തുവച്ചൊരു സർപ്രൈസ് കഥാപാത്രമുണ്ട്. ശങ്കർ ഇന്ദുചൂഢൻ എന്ന യുവതാരം ചെയ്ത മൈക്കിൾ എന്ന കഥാപാത്രം. നേര് കണ്ടിറങ്ങിയവരെല്ലാം മൈക്കിളിനെ ശപിച്ചിട്ടുണ്ടാകാം അത്രയ്ക്കായിരുന്നു ഇന്ദുചൂഢന്റെ പ്രകടനം. നേരിന്റെ സെറ്റിൽ എല്ലാവരും ശങ്കറിനെ
‘നേര്’ എന്ന ജീത്തു ജോസഫ് സിനിമയിൽ പോസ്റ്ററിൽ പോലും വെളിപ്പെടുത്താതെ കാത്തുവച്ചൊരു സർപ്രൈസ് കഥാപാത്രമുണ്ട്. ശങ്കർ ഇന്ദുചൂഢൻ എന്ന യുവതാരം ചെയ്ത മൈക്കിൾ എന്ന കഥാപാത്രം. നേര് കണ്ടിറങ്ങിയവരെല്ലാം മൈക്കിളിനെ ശപിച്ചിട്ടുണ്ടാകാം അത്രയ്ക്കായിരുന്നു ഇന്ദുചൂഢന്റെ പ്രകടനം. നേരിന്റെ സെറ്റിൽ എല്ലാവരും ശങ്കറിനെ
‘നേര്’ എന്ന ജീത്തു ജോസഫ് സിനിമയിൽ പോസ്റ്ററിൽ പോലും വെളിപ്പെടുത്താതെ കാത്തുവച്ചൊരു സർപ്രൈസ് കഥാപാത്രമുണ്ട്. ശങ്കർ ഇന്ദുചൂഢൻ എന്ന യുവതാരം ചെയ്ത മൈക്കിൾ എന്ന കഥാപാത്രം. നേര് കണ്ടിറങ്ങിയവരെല്ലാം മൈക്കിളിനെ ശപിച്ചിട്ടുണ്ടാകാം അത്രയ്ക്കായിരുന്നു ഇന്ദുചൂഢന്റെ പ്രകടനം. നേരിന്റെ സെറ്റിൽ എല്ലാവരും ശങ്കറിനെ വിളിച്ചത് ഇന്ദുചൂഢൻ എന്നാണ്. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് കഥാപത്രമായ ഇന്ദുചൂഢന്റെ പേരുള്ള താരത്തെ ലാലും സ്നേഹത്തോടെയാണ് സ്വീകരിച്ചതെന്ന് ശങ്കർ പറയുന്നു. മോഹൻലാൽ വിജയമോഹൻ എന്ന കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തുന്നതും ഷൂട്ട് കഴിയുമ്പോൾ തിരിച്ച് മോഹൻലാൽ ആയി മാറുന്നതും കണ്ടു വിസ്മയിച്ചിരുന്നിട്ടുണ്ട്. മലയാളസിനിമയുടെ ചരിത്രത്തിൽ വലിയൊരു കാലഘട്ടത്തിലെ പ്രധാന നടന്മാരോടൊപ്പം അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നു എന്നാണ് ശങ്കർ പറയുന്നത്. നേരിൽ ഒരു പ്രധാന വേഷത്തിലെത്താൻ കാരണമായ ജീത്തു ജോസഫ്, മോഹൻലാൽ, ശാന്തി മായാദേവി, ആന്റണി പെരുമ്പാവൂർ എന്നിവരോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. സൈബർ നിയമത്തിൽ ഉപരിപഠനം നടത്തിയ തനിക്ക് സിനിമയിൽ തന്നെ തുടരണം എന്നാണ് ആഗ്രഹമെന്നും ശങ്കർ ഇന്ദുചൂഡൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചെറുപ്പം മുതൽ സിനിമ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്
ഒരു കറുത്ത മുറിക്കുള്ളിൽ ഇരിക്കുന്ന നമ്മളെ ടെലിപോർട്ട് ചെയ്തു വേറൊരു ലോകത്തേക്ക് മാറ്റുന്ന സിനിമ എന്ന കലയോട് എനിക്ക് ചെറുപ്പം മുതൽ താൽപര്യമുണ്ടായിരുന്നു. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ നാടകങ്ങൾ കാണുകയും കോളേജിലെ പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്നല്ലാതെ സിനിമയുമായൊന്നും ബന്ധമില്ല. ഡെറാഡൂണിൽ ആണ് പഠിച്ചത്. എൽഎൽബിയും സൈബർ ലോയിൽ മാസ്റ്റേഴ്സും ചെയ്തിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് കുറച്ച് നാൾ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഒരുപാട് യാത്ര ചെയ്യുകയും ട്രാവലോഗ് എഴുതുകയും ചെയ്തിട്ടുണ്ട്. ഹിമാലയം, നേപ്പാൾ ഒക്കെ പോയിട്ടുണ്ട്. ഞാൻ ആദ്യമായി അഭിനയിച്ചത് രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലാണ്. ഓഡിഷനിലൂടെയാണ് ആദ്യമായി സിനിമയിലെത്തിയത്. അത് ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ്. പിന്നെയും ചെറിയ കഥാപാത്രങ്ങളായി പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഓരോ സിനിമയിലും ഓരോ ഗെറ്റപ്പ് ആയിരിക്കും അതുകൊണ്ട് അധികമാരും തിരിച്ചറിയില്ല.
നേരിലേക്ക്
ശാന്തി മായാദേവി ആണ് നേരിലേക്ക് എന്നെ വിളിച്ചത്. എന്റെ പ്രൊഫൈൽ കണ്ടിട്ട് ആ കഥാപാത്രത്തിന് ഞാൻ അനുയോജ്യമായിരിക്കും എന്ന് തോന്നിയെന്നു പറഞ്ഞു. എന്നെക്കുറിച്ച് ജീത്തു ജോസഫ് സാറിനോട് പറയുകയും അദ്ദേഹം എന്റെ പഴയ വിഡിയോസ് കാണുകയും ചെയ്തു. ഒരു ദിവസം അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. ആ സമയത്ത് ഞാനൊരു വെബ് സീരീസിൽ അഭിനയിക്കുകയായിരുന്നു. അദ്ദേഹത്തിനടുത്ത് ചെന്നപ്പോൾ കഥപറഞ്ഞു, ഈ കഥാപാത്രത്തെപ്പറ്റി പറഞ്ഞു തന്നു. ജീത്തു ജോസഫ് എന്ന സംവിധായകന്റെ മോഹൻലാൽ സർ നായകനാകുന്ന ചിത്രത്തിൽ ഒരു കഥാപാത്രം ചെയ്യുക എന്നത് ഒരു നടൻ എന്ന നിലയിൽ ഏറ്റവും വലിയ അവസരമാണ്. ജീത്തു സാർ ലോകം മുഴുവൻ എല്ലാവരും ശ്രദ്ധിക്കുന്ന ഫിലിം മേക്കറാണ്. അദ്ദേഹത്തിന്റെ ദൃശ്യം കണ്ടു ഞാൻ ത്രില്ലടിച്ചിട്ടുണ്ട്. ഈ സിനിമയും ഏറ്റവും മികച്ചതായിരിക്കും എന്റെ കഥാപാത്രം നന്നായി ചെയ്യണം എന്നായിരുന്നു പിന്നീട് ചിന്ത. സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി. സിനിമയുടെ പ്രമേയം സമൂഹത്തിൽ ഒരുപാട് സ്വാധീനം ചെലുത്താൻ കഴിയുന്നതാണ്. ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം പ്രകടിപ്പിക്കാനുള്ള അവസരം എന്ന നിലയിൽ കൂടിയാണ് ഞാൻ ഈ സിനിമയെ കാണുന്നത്. ഒരാൾ എങ്ങനെ ആയിരിക്കരുത് പെരുമാറേണ്ടത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ എന്റെ കഥാപാത്രം കൊണ്ട് കഴിഞ്ഞെങ്കിൽ ഞാൻ സംതൃപ്തനാണ്. ഈ കഥാപാത്രം നന്നായി ചെയ്യാൻ ജീത്തു സാറും ശാന്തി ചേച്ചിയും ഒക്കെ എന്നെ ഒരുപാട് സഹായിച്ചു.
മോഹൻലാൽ എന്ന വിസ്മയം
സിനിമ എന്ന കല നമ്മെ ആകർഷിച്ചിട്ടുണ്ടെങ്കിൽ അതിൽ പ്രധാന പങ്കുവഹിച്ചത് മോഹൻലാൽ, മമ്മൂട്ടി എന്ന രണ്ടു മഹാനടന്മാരാണ്. അതിൽ ഒരാളോടൊപ്പം സ്ക്രീൻ പങ്കുവയ്ക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമായിരുന്നു. നമ്മെ അത്രയധികം സ്വാധീനിച്ച ഒരു സൂപ്പർ താരമാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം ഇത്രയും പ്രധാനപ്പെട്ട കഥാപാത്രമായി നിൽക്കാൻ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹമാണ്. എനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസമാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അദ്ദേഹത്തെ കാണാൻ കാത്തു നിൽക്കുമ്പോൾ എന്റടുത്തേക്ക് വന്നു പറയുകയാണ് ഞാൻ ശങ്കർ ചെയ്ത സിനിമയും വിഡിയോയും ഒക്കെ കണ്ടു, വളരെ നന്നായി ചെയ്തിട്ടുണ്ട്. അത് കേട്ടപ്പോൾ വാപൊളിച്ചു നിന്നുപോയി. ഞാൻ പോയി സംസാരിക്കാൻ നിന്ന ആള്, ലോകം കണ്ട ഏറ്റവും വലിയ നടൻ ഇങ്ങോട്ട് വന്നു എന്റെ വിഡിയോസ് കണ്ടു നന്നായിരുന്നു എന്ന് പറയുകയാണ്. അദ്ദേഹം വലിയൊരു മനുഷ്യ സ്‌നേഹി കൂടിയാണ്. ഷൂട്ടിങ്ങിനിടയിൽ എനിക്ക് സുഖമില്ലാതെ വന്നു. ഇടയ്ക്ക് അദ്ദേഹം എനിക്ക് എങ്ങനെയുണ്ട് എന്ന് വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു.
ശങ്കറിന് സുഖമുണ്ടോ അവൻ ഓക്കേയാണോ എന്ന് ഇടയ്ക്കിടെ അന്വേഷിക്കും. ലാൽ സാറിന്റെ കഥാപാത്രം വായിച്ചപ്പോൾ തന്നെ എത്ര പവർഫുൾ കഥാപാത്രമാണെന്ന് മനസിലായിരുന്നു. അദ്ദേഹം വന്നു കാരവാനിൽ കയറി തിരിച്ചിറങ്ങിയത് വിജയമോഹൻ എന്ന വക്കീൽ ആയിട്ടായിരുന്നു. അത് കണ്ടപ്പോൾ തന്നെ ഞാൻ വിസ്മയിച്ചു പോയി. സിദ്ധിഖ് സാറിനോടും ജഗദീഷ് സാറിനോടുമൊപ്പം നിന്ന് കളിച്ചു ചിരിച്ചു സംസാരിക്കുന്ന ആൾ പെട്ടെന്ന് കഥാപാത്രമായി മാറുന്നത് കാണാം. ഒരു പരകായ പ്രവേശം പോലെയാണ്. ആ സീൻ കഴിഞ്ഞു വീണ്ടും വന്നു നിർത്തിയ തമാശയിൽ തന്നെ സംസാരിച്ചു തുടങ്ങുന്നതും കാണാം. ഇതിനേക്കാൾ കൂടുതൽ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട് അദ്ദേഹം എന്നാലും ഇതൊക്കെ നേരിൽ കാണുക എന്നത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. എനിക്ക് ഷൂട്ട് ഇല്ലാത്ത സമയങ്ങളിൽ ഞാൻ മാറി നിന്ന് ഈ സിനിമയിലെ ഓരോരുത്തരും ചെയ്യുന്നത് കണ്ടു പഠിച്ചിരുന്നു.
ഇന്ദുചൂഢൻ മൈക്കിൾ ആയപ്പോൾ
മോഹൻലാൽ സാറും ഞാനും തമ്മിൽ മറ്റൊരു ബന്ധമുണ്ട്. നരസിംഹത്തിലെ അദ്ദേഹത്തിന്റെ സുപ്രസിദ്ധ കഥാപാത്രമായ ഇന്ദുചൂഢൻ ആണ് എന്റെ അച്ഛന്റെ പേര്. ഡോക്ടർ എൻ സി ഇന്ദുചൂഢൻ. ഫോറസ്റ്റിൽ ഡെപ്യൂട്ടി കൺസെർവേറ്റർ ആയിരുന്നു അദ്ദേഹം. ഇന്ദുചൂഢൻ എന്നാണു പേര് അല്ലെ എന്ന് ലാൽ സാർ ചോദിച്ചു. സെറ്റിൽ എല്ലാവരും എന്നെ ഇന്ദുചൂഢൻ എന്നാണ് വിളിക്കുന്നത്. അത് കേൾക്കുന്നത് ലാൽ സാറിനും ഒരു തമാശ ആയിരുന്നു.
കോരിത്തരിച്ച നിമിഷങ്ങൾ
നേര് ശരിക്കും പറഞ്ഞാൽ എനിക്കൊരു പഠന കളരി ആയിരുന്നു. ഈ സിനിമ എനിക്ക് കൂടുതൽ പഠിക്കാനും പഠിച്ചു വച്ചിരുന്ന ചില കാര്യങ്ങൾ ശരിയല്ല എന്ന് മനസിലാക്കാനും സഹായിച്ചു. ലാൽ സാർ കൂടാതെ സിദ്ദീഖ് സാർ, ജഗദീഷ് സർ, നന്ദു ചേട്ടൻ, ഗണേഷ് സർ. പ്രിയാമണി മാം, അനശ്വര അങ്ങനെ ഒരു കൂട്ടം പ്രഗത്ഭരായ താരങ്ങൾ ആണ് കൂടെ ഉള്ളത്. അവരെയൊക്കെ കണ്ടു പഠിക്കാൻ ഒരുപാടുണ്ട്. ജഗദീഷ് സാറിനോട് കൂടുതൽ അടുത്ത് ഇടപഴകാൻ കഴിഞ്ഞു. ഇവർ എല്ലാം തന്നെ മലയാള സിനിമയുടെ വലിയൊരു കാലഘട്ടത്തിന്റെ ചരിത്രം കുറിച്ച താരങ്ങളാണ്. ഇവരുടെ ഒക്കെ കൂടെ ഇരുന്ന് അവരുടെ പഴയകാല വിശേഷങ്ങൾ ഒക്കെ കേൾക്കുകയും അവരുടെ ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യാൻ കഴിഞ്ഞത് ഒരു അനുഗ്രഹമാണ്. ലാൽ സർ, സിദ്ദീഖ് സർ, ജഗദീഷ് സർ ഒക്കെ അഭിനയിച്ചു കഴിയുമ്പോൾ അവിടെ കയ്യടി ഉയരും. നമുക്ക് തന്നെ ഇതൊക്കെ കാണുന്നത് കോരിത്തരിപ്പ് ഉണ്ടാക്കും, ജീവിതത്തിൽ എന്നും ചേർത്തുപിടിക്കാൻ കഴിയുന്ന നിമിഷങ്ങളാണ് അവ. അനശ്വര വളരെയധികം ഹാർഡ് വർക്ക് ചെയ്യുന്ന താരമാണ്. സാറാ മുഹമ്മദ് എന്ന കഥാപാത്രത്തോട് നീതിപുലർത്തുന്ന പ്രകടനമാണ് അനശ്വര കാഴ്ചവച്ചത്. തീയറ്റർ വിട്ടു വരുന്ന പ്രേക്ഷകർ സാറാ മുഹമ്മദിനെ നെഞ്ചോട് ചേർക്കുന്നുണ്ടെങ്കിൽ അത് അനശ്വരയുടെ വിജയമാണ്. ശാന്തി മായാദേവി വളരെ നന്നായി ആ കഥാപാത്രത്തെ ഉൾക്കൊണ്ടു ചെയ്തു. പ്രിയാമണി മാഡത്തിന്റെ പ്രകടനം സിനിമയ്ക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. വിഷ്ണു ശ്യാമിന്റെ സംഗീതം എടുത്തുപറയേണ്ടതാണ്. സിനിമയിലെ സാറാ തീം എന്നൊരു തീം മ്യൂസിക് ഉണ്ട് അതും പിന്നെ റൂഹ് എന്ന പാട്ടും വളരെ മനോഹരമാണ്. സിനിമയുടെ മൂഡ് നിലനിർത്താൻ വിഷ്ണുവിന്റെ സംഗീതം ഒരുപാട് സഹായിച്ചു. തീയറ്ററിൽ നിന്ന് ഇറങ്ങുമ്പോഴും ആ സംഗീതം മനസ്സിൽ തങ്ങി നിൽക്കും.
മൈക്കിൾ ആയിക്കഴിഞ്ഞാൽ പിന്നെ പേടിയില്ല
കഥയിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന കഥാപാത്രമാണ് മൈക്കിൾ. എല്ലാ മനുഷ്യരുടെയും ഉള്ളിൽ നല്ലതും ചീത്തയും ഉണ്ട്. മൈക്കിൾ ഒരു ദുർബല നിമിഷത്തിൽ ചീത്തയായി മാറുന്നു. ഞാൻ ഏതു കഥാപാത്രമായാലും കുഴപ്പമില്ല ആ കഥയാണ് എന്നെ സ്വാധീനിച്ചത്. ഒരുപാടുപേരുടെ കണ്ണ് തുറപ്പിക്കുകയും പ്രചോദമാവുകയും ചെയ്യാൻ പോകുന്ന സിനിമയായിരിക്കും നേര്.
കഥാപാത്രമായി അവിടെ നിൽക്കാൻ പേടി ഒന്നും ഇല്ലായിരുന്നു. കാരണം ഞാൻ അവിടെ മൈക്കിൾ എന്ന കഥാപത്രമാണ്. ശങ്കർ ആയി നിന്നെങ്കിലും ചിലപ്പോൾ പേടി തോന്നിയെനേ. എന്നെ മൈക്കിൾ ആക്കാനുള്ള ബാക്ഗ്രൗണ്ട് വർക്കെല്ലാം കഴിഞ്ഞ് നമ്മൾ അവിടെ നിൽക്കുകയാണ് പിന്നെ പേടിച്ചിട്ട് കാര്യമില്ല. നമ്മുടെ കഴിവിന്റെ നൂറു ശതമാനം അവിടെ കൊടുക്കുക എന്നതാണ് പിന്നെ ചെയ്യാനുള്ളത്. കോടതി മുറി ഒക്കെ ഉണ്ടാക്കിയെടുത്തത് വളരെ റിയാലിസ്റ്റിക്ക് ആയിട്ടാണ്. മൈക്കിളിന്റെ കോസ്റ്റ്യൂം ഇട്ട് അവിടെ പോയി നിൽക്കുമ്പോൾ തന്നെ പകുതി ജോലി കഴിഞ്ഞു.
മൈക്കിൾ എന്ന നേരിലെ സർപ്രൈസ്
എന്റെ കഥാപാത്രത്തെപ്പറ്റി അധികം ആരോടും പറഞ്ഞിരുന്നില്ല. ഇപ്പോഴാണ് എല്ലാവരും അറിയുന്നത്. വളരെ നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. ശരിക്കും ആദ്യം കിട്ടിയ പ്രതികരണങ്ങൾ ഒക്കെ ഭീകരമായിരുന്നു. അതിൽ വിഷമമില്ല കാരണം എന്റെ കഥാപാത്രം വിജയിച്ചു എന്നാണല്ലോ അതിന്റെ അർഥം. തീയറ്റർ വിസിറ്റിനു പോകുമ്പോൾ ആളുകൾ തിരിച്ചറിയുന്നുണ്ട്. നേരിന്റെ വിജയം തന്നെയാണത്. വീട്ടുകാരും സുഹൃത്തുക്കളും ഒക്കെ ഹാപ്പി ആണ്. ഒരുപാടുപേർ വിളിച്ച് അഭിപ്രായം പറയുന്നുണ്ട്. നേര് ലോകം മുഴുവൻ റിലീസ് ചെയ്ത സിനിമയാണ്. എല്ലാ രാജ്യങ്ങളിലും ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകർക്കു കാണാൻ കഴിഞ്ഞു അതുകൊണ്ടു തന്നെ പല സ്ഥലത്തുള്ള സുഹൃത്തുക്കൾക്ക് സിനിമ കാണാൻ പറ്റി.
കുടുംബം
കൊച്ചിയിപ്പോൾ ഇടപ്പള്ളിയിലാണ് എന്റെ വീട്. അച്ഛനും അമ്മയും ചേച്ചിയുമാണ് എന്റെ കുടുംബം. ഞാൻ അഭിനയിക്കുന്നതിനോട് വീട്ടുകാർക്ക് പ്രശ്നം ഒന്നുമില്ല എന്നാലും ചെറിയ ടെൻഷൻ ഉണ്ടാകും. നേര് കണ്ടപ്പോൾ അവർക്ക് നല്ല സന്തോഷമായി. നല്ല ഒരു ബാനറിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണല്ലോ ചെയ്തത് അതിന്റെ സന്തോഷം അവർക്കുണ്ടാകും.
സിനിമ തന്നെയാണ് ലക്‌ഷ്യം
മധുവിധു എന്നൊരു വെബ് സീരിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു ഹിന്ദി വെബ് സീരിസും ചെയ്യുന്നുണ്ട്. നേര് കണ്ടിട്ട് ഒരുപാടുപേര് വിളിക്കുന്നുണ്ട്. കഥകൾ കേൾക്കുന്നുണ്ട്. ഞാൻ ഒരു അഡ്വക്കേറ്റ് ആണ്. സൈബർ ലോയിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തിട്ടുണ്ട്. ഒരു അഡ്വക്കേറ്റ് എന്ന നിലയിൽ ഈ സിനിമ എനിക്ക് വലിയൊരു എക്സ്പീരിയൻസ് കൂടി ആയിരുന്നു. സിനിമയിൽ തന്നെ തുടരാൻ ആണ് ആഗ്രഹിക്കുന്നത്. വ്യത്യസ്തമായ വേഷങ്ങൾ കാത്തിരിക്കുന്നു. എന്റെ കുടുംബവും എന്റെ സുഹൃത്തുക്കളും എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട് എല്ലാവരോടും നന്ദി. ഈ സിനിമയിലേക്ക് എന്നെ പരിഗണിച്ച ജീത്തു ജോസഫ് സാർ, മോഹൻലാൽ സർ, ശാന്തി ചേച്ചി, ആന്റണി സർ, ലിൻഡ മാഡം, തുടങ്ങി സിനിമയിൽ വർക്ക് ചെയ്ത എല്ലാവരോടും എനിക്ക് നന്ദിയും കടപ്പാടുമുണ്ട്. ആശിർവാദ് സിനിമ എന്ന ബാനർ എനിക്ക് തന്ന പിന്തുണ വളരെ വലുതാണ്. വലിയൊരു ബാനറിൽ ചെയ്ത ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു.