ആ പെൺകുട്ടിക്കു നീതി കിട്ടാൻ ആനന്ദ് ശ്രീബാല നിമിത്തമാകട്ടെ: അഭിലാഷ് പിള്ള അഭിമുഖം
Mail This Article
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല തfയറ്ററിൽ വലിയ പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. 2017ൽ കൊച്ചിയെ പിടിച്ചുലച്ച മിഷേൽ ഷാജി എന്ന പെൺകുട്ടിയുടെ തിരോധാനം അടിസ്ഥാനമാക്കി അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. മിഷേൽ ഷാജി കേസിന്റെ നാൾ വഴികളിലൂടെ പോയപ്പോൾ തന്നെ ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ കേസിൽ ഒരുപാട് സംശയങ്ങൾ തോന്നിയിരുന്നുവെന്ന് അഭിലാഷ് പിള്ള പറയുന്നു. ആനന്ദ് ശ്രീബാല, മിഷേൽ ഷാജിയുടെ ബിയോപിക് അല്ല മറിച്ച് ആ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ചെയ്ത സിനിമയാണ്. മിഷേലിന്റെ അച്ഛൻ ഷാജിയും അമ്മയും ചിത്രം കണ്ടിട്ട് വികാരാധീനനായി തങ്ങളോട് സംസാരിച്ചെന്നും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ബാധ്യത പൊലീസിനുണ്ടെന്നും അഭിലാഷ് പിള്ള പറയുന്നു. ആനന്ദ് ശ്രീബാല എന്ന ചിത്രത്തിലൂടെ മിഷേൽ ഷാജിയുടെ കേസ് പുനരന്വേഷണത്തിൽ എത്തി പെൺകുട്ടിക്ക് നീതി ലഭിക്കുമെങ്കിൽ ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ തന്റെ ശ്രമങ്ങൾ സാർഥകമാകുമെന്ന് അഭിലാഷ് പിള്ള മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രചോദനം ഉൾക്കൊണ്ട് എഴുതിയ കഥയാണ് ആനന്ദ് ശ്രീബാല
ഞാൻ ജോലി രാജിവച്ച് കൊച്ചിയിൽ എഴുത്തുമായി നടക്കുന്ന സമയത്താണ് മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് വരുന്നത്. ആ കേസിനെ പറ്റിയുള്ള കാര്യങ്ങൾ നമ്മൾ വാർത്തകളിലൂടെയും ചാനലുകളിലൂടെയും കാണുകയും കേൾക്കുകയും ചെയ്തതാണ്. എന്റെ വീടിന്റെ വളരെ അടുത്താണ് ഈ കുട്ടിയുടെ സ്ഥലം. ആ കേസ് നടക്കുന്ന സമയത്ത് കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും ചോദ്യങ്ങളും അവരുടെ സംശയങ്ങളും ചാനലുകളിലൂടെ കേൾക്കുമ്പോൾ ഇതൊക്കെ ശരിയാണല്ലോ എന്ന് എന്റെ മനസ്സിലും തോന്നിയിരുന്നു. എന്തുകൊണ്ട് ഇതൊന്നും തെളിയിക്കപ്പെട്ടില്ല എന്ന് എന്റെ മനസ്സിലെ എഴുത്തുകാരൻ ചോദിച്ചുകൊണ്ടിരുന്നു. ആ ഒരു ചിന്തയിൽ നിന്നുണ്ടായ ഒരു കഥയാണ് ആനന്ദ ശ്രീബാല.
ആനന്ദ് എന്ന കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന സിനിമ ഒരു ഘട്ടത്തിൽ അയാൾ അന്വേഷിക്കുന്ന ഒരു കേസിൽ എത്തുകയാണ്. ആ കേസ് മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. സിനിമയിൽ കാണിക്കുന്ന ചില സംഭവങ്ങളെല്ലാം തന്നെ കേസുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങൾ മാധ്യമങ്ങളിൽ വന്നതാണ്. ആ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു നിയമ വിദ്യാർഥിനിക്ക് പറ്റിയ കഥയായിട്ട് എഴുതിയതാണ്. മിഷേൽ ഷാജിയുടെ കേസും മറ്റു പല കേസുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. അല്ലാതെ മിഷേൽ ഷാജിയുടെ ജീവിതകഥ അല്ല.
അന്ന് രാത്രിയിൽ സംഭവിച്ചത് ഇങ്ങനെ
മിഷേൽ ഷാജിയുടെ മാതാപിതാക്കൾ സിനിമ കണ്ടു. അവർ സിനിമ കണ്ടതിനുശേഷം വളരെ വൈകാരികമായിട്ടാണ് പ്രതികരിച്ചത്. മകളുടെ ജീവിതത്തിലും ഇതുപോലെയാണ് സംഭവിച്ചിരിക്കുന്നത് എന്നും ഒരു രാത്രിയിൽ രണ്ടോ മൂന്നോ പോലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങിയിട്ടും ശരിയായിട്ടുള്ള ഒരു പ്രതികരണം കിട്ടിയില്ല എന്നും ഒരുപക്ഷേ അപ്പോൾ തന്നെ അന്വേഷിച്ചിരുന്നെങ്കിൽ അവരുടെ മകൾക്ക് അത് സംഭവിക്കില്ല ആയിരുന്നു എന്നും ഒക്കെ അവർ ഞങ്ങളോടും പല മാധ്യമങ്ങളോടും പറഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾക്കും പറയാനുള്ളത് ആ പെൺകുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് ഇനിയെങ്കിലും കണ്ടെത്തണം എന്നാണ്. ഒരു ആത്മഹത്യ എഴുതി തള്ളുന്നതിന് പകരം ആ പെൺകുട്ടിക്ക് എന്തെങ്കിലും സംഭവിച്ചതാണെന്ന് മാതാപിതാക്കൾക്ക് സംശയമുണ്ടെങ്കിൽ അവരുടെ സംശയങ്ങൾ തീർത്തു കൊടുക്കേണ്ടത് പൊലീസിന്റെ ബാധ്യതയാണ്.
നാളെ ഒരു കാലത്ത് ക്രൈംബ്രാഞ്ച് ഈ കേസ് വീണ്ടും ഓപ്പൺ ചെയ്യുകയാണെങ്കിൽ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഏജൻസിക്ക് കൊടുക്കുകയാണെങ്കിൽ എന്താണ് മിഷേൽ ഷാജിക്ക് ശരിക്കും സംഭവിച്ചത് എന്ന് കണ്ടുപിടിക്കണം എന്നാണ് ഞങ്ങളുടെ അഭ്യർഥന. തെറ്റ് ചെയ്തിട്ടുള്ളവർ ഉണ്ടെങ്കിൽ അവർക്ക് മാതൃകാപരമായി ശിക്ഷ കിട്ടണം. ആ കേസ് വീണ്ടും ഒരു ചർച്ചയാക്കാൻ ഈയൊരു സിനിമ കാരണം ആകുമെങ്കിൽ ഞങ്ങളെ സംബന്ധിച്ച് വലിയ സന്തോഷമുണ്ട്. ഞങ്ങൾ കാരണം ഒരു പെൺകുട്ടിക്ക് നീതി കിട്ടാൻ കാരണമാകുമെങ്കിൽ അത് ഞങ്ങളുടെ വിജയമായി കണക്കാക്കും. മിഷേൽ ഷാജി കേസ് വീണ്ടും ചർച്ചയായപ്പോൾ പലരും വിളിച്ചു ചോദിക്കുന്നുണ്ട് നിങ്ങൾ മാതാപിതാക്കളോട് ചോദിച്ച് അവരിൽ നിന്നും വിവരങ്ങൾ എടുത്തിട്ടാണോ കഥ എഴുതിയത് എന്നൊക്കെ.
ഒരിക്കലും അല്ല, ഞങ്ങൾ മാധ്യമങ്ങളിൽ നിന്നും അറിഞ്ഞതും അതുപോലെ തന്നെ വളരെ ആധികാരികമായ സോഴ്സിൽ നിന്നുമാണ് ഈ കേസിന്റെ റഫറൻസ് എടുത്തിരിക്കുന്നത്. സിനിമ കണ്ടിട്ട് എല്ലാവരും വിളിച്ച് ഞങ്ങളെ അഭിനന്ദിക്കുകയും അതുപോലെ തന്നെ ആ പെൺകുട്ടിക്ക് എന്താണ് പറ്റിയതെന്ന് മനസ്സിലാക്കണം എന്നുമാണ് പറയുന്നത്. നമ്മളെ പോലെയൊക്കെ ജീവിക്കണമെന്ന് ആഗ്രഹിച്ച, ഒരുപാട് സ്വപ്നം കണ്ട 19 വയസ്സുള്ള ഒരു പെൺകുട്ടിയാണ് ഒരു കാരണവുമില്ലാതെ ഒരു ദിവസം ഗോശ്രീ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത് എന്നു പറയുമ്പോൾ അത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. മരിക്കുന്നതിന്റെ തലേദിവസം പോലും മാതാപിതാക്കളെ വിളിച്ചു വളരെ സന്തോഷകരമായി സംസാരിച്ച പെൺകുട്ടിയാണ്. ഈ ആത്മഹത്യ കഥ ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല.
മിഷേൽ ഷാജി ആത്മഹത്യ ചെയ്തതോ ?
ഈ കേസിൽ തെളിവുകൾ പ്രകാരം ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അതിന് നൂറ് ശതമാനം സാധൂകരിക്കാൻ പറ്റുന്ന തെളിവുകൾ ഒന്നും കിട്ടിയതായി നമുക്ക് അറിയില്ല. അടുത്തിടെ മാതാപിതാക്കളെ ഞങ്ങൾ കണ്ടിരുന്നു. അവർ പറഞ്ഞത് നൂറ് ശതമാനം ആത്മഹത്യയാണെന്ന് ഉറപ്പിക്കാൻ പറ്റുന്ന തെളിവുകളൊന്നും കിട്ടിയിട്ടില്ല എന്നാണ്. അതിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് നമ്മുടെ അഭിപ്രായം. എനിക്കും രണ്ടു പെൺകുട്ടികൾ ആണ് ഉള്ളത്. നമ്മുടെ കുട്ടികൾക്ക് എന്തെങ്കിലും ചെറിയ കാര്യം സംഭവിച്ചാൽ പോലും അതിൽ നിന്ന് വരുന്ന വേദന എത്രമാത്രമാണെന്ന് നമുക്ക് മനസ്സിലാകും. പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്ന പോയിന്റുകൾ ആലോചിച്ചു നോക്കുമ്പോൾ ശരിയാണ്. അപ്പോൾ അതിലേക്ക് ഒക്കെ പോകണം കൂടുതൽ അന്വേഷണം നടത്തണം എന്നാണ് നമ്മുടെ അഭിപ്രായം.
ആ മൊബൈൽ ഫോൺ എവിടെ ?
മാളികപ്പുറം സിനിമയ്ക്ക് മുന്നേ ഈ കഥ സിനിമയാക്കണമെന്ന് ആഗ്രഹിച്ചിരുന്നു ഞാൻ. പക്ഷേ മാളികപ്പുറമാണ് ആദ്യം ചെയ്തത് അതിനുശേഷമാണ് ഈ സിനിമ ചെയ്യാനുള്ള വലിയൊരു സപ്പോർട്ട് നമുക്ക് ലഭിക്കുന്നത്. പിന്നീടുള്ള ഒരു ഒന്നരവർഷം ഈ കേസിന്റെ പുറകെയായിരുന്നു ഞങ്ങൾ. ഈ കേസ് മാത്രമല്ല വേറെ ഒന്ന് രണ്ട് കേസുകൾ കൂടി റഫറൻസ് ആയി എടുത്തിരുന്നു. മിഷേൽ ഷാജി കേസിന്റെ യഥാർഥ വിവരങ്ങൾ കുറേയൊക്കെ ഞാനും സംവിധായകൻ വിഷ്ണുവും ഞങ്ങളുടെ ടീമും എടുത്തു. കഴിയുന്നത്ര ഡേറ്റ ഞങ്ങൾ ശേഖരിച്ചിരുന്നു. കണ്ടെത്തിയ പല കാര്യങ്ങളും ഞങ്ങൾ സിനിമയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഏറ്റവും അധികം ചോദ്യം ചെയ്യപ്പെട്ട കാര്യമാണ് ടെക്നോളജി ഇത്രയും വളർന്ന കാലത്ത് ഒരു മൊബൈൽ ഫോൺ എവിടെപ്പോയി എന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നത്. അതിലെ ഡേറ്റ് കണ്ടെത്തിയിട്ടുണ്ടെന്ന് പറയുന്നു പക്ഷേ ഇതൊക്കെ അറിയാനുള്ള അവകാശം ആ കുട്ടിയുടെ മാതാപിതാക്കൾക്ക് ഇല്ലേ.
ആത്മഹത്യ ചെയ്തതാണെങ്കിൽ എന്താണ് കാരണം എന്തിനും ഒരു കാരണം വേണമല്ലോ. അങ്ങനെ ശക്തമായ ഒരു കാരണം ഇപ്പോഴും ഈ കേസിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആ കുട്ടി മരിക്കുന്നതിന് തലേന്ന് നടന്ന സംഭവങ്ങൾ സിനിമയിൽ ഞങ്ങൾ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. ആ കുട്ടിയെ കാണാതാകുന്നതും വീട്ടുകാർ പൊലീസിൽ എത്തുന്നതും എല്ലാം ഞങ്ങൾ കാണിച്ചിട്ടുണ്ട് ഇതെല്ലാം വളരെ ശരിയാണ് എന്നാണ് കുട്ടിയുടെ മാതാപിതാക്കൾ സിനിമ കണ്ടിട്ട് ഞങ്ങളോട് പറഞ്ഞത്. എല്ലാ കേസുകളും തെളിയണം പക്ഷേ ഈ കേസ് കുറച്ചുകൂടി വൈകാരികമായി എടുക്കാൻ കാരണം ആ പെൺകുട്ടിയുടെ മാതാപിതാക്കളുടെ അവസ്ഥയാണ് തലേദിവസം പോലും വിളിച്ചിട്ട് സന്തോഷമായി സംസാരിച്ച് ഞാൻ പിറ്റേന്ന് വീട്ടിൽ വരും എന്ന് പറഞ്ഞ കുട്ടി, കൂട്ടുകാരോട് എല്ലാം വളരെ സന്തോഷകരമായി സംസാരിച്ച കുട്ടി അതിനെയാണ് ഉച്ചയ്ക്കുശേഷം കാണാതാകുന്നതും അടുത്ത ദിവസം മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തുന്നതും. ഇതൊക്കെ കേൾക്കുമ്പോൾ മാതാപിതാക്കൾ ആയിട്ടുള്ള നമുക്കും പേടിയാണ്.
ശ്രീബാലയുടെ മകൻ ആനന്ദ്
സിനിമയുടെ കഥയാണ് ഞാൻ ആദ്യം എഴുതിയത് പിന്നെ ഞാനും വിഷ്ണു വിനയും കൂടിയിരുന്ന് അതിന്റെ തിരക്കഥയിൽ വർക്ക് ചെയ്തു. ആ തിരക്കഥ വലുതായിട്ടൊന്നും പിന്നീട് മാറ്റിയില്ല സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങൾ മാത്രമേ ചെയ്തുള്ളൂ. വിനയൻ സാറുമായും വിഷ്ണുവുമായും ഞാൻ ഈ കഥ സംസാരിച്ചപ്പോൾ രണ്ടുപേർക്കും ഇഷ്ടപ്പെട്ടു ഈ കഥയിൽ നമുക്ക് വർക്ക് ചെയ്യാം എന്ന് പറഞ്ഞു. ഈ കഥ ചെയ്താൽ അത് ശ്രദ്ധിക്കപ്പെടും എന്നൊരു ചിന്ത എല്ലാവർക്കും വന്നു. പിന്നെ നിർമാതാവിനെ സമീപിച്ചു, തിരക്കഥ വായിച്ചപ്പോൾ എല്ലാവർക്കും സമ്മതമായിരുന്നു. ഈ പടം ചെയ്യാൻ ഞങ്ങൾക്ക് ഏറ്റവും അധികം പ്രചോദനം തന്നത് വിനയൻ സർ തന്നെയാണ്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമയാണ് രാക്ഷസരാജാവ്. അത് ഒരു യാഥാർഥ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം എഴുതിയത്. ഇങ്ങനത്തെ സിനിമകൾ ചെയ്തിട്ടുള്ള ഒരു സംവിധായകൻ എന്തായാലും ഈ കഥ ഇഷ്ടപെടും. ഇതൊരു കുറ്റാന്വേഷണ സിനിമയാണെങ്കിൽ പോലും ഇതിൽ ഒരു വൈകാരിക തലം കൂടിയുണ്ട്. ശ്രീബാല എന്ന അമ്മയും ആനന്ദ് എന്ന മകനും തമ്മിലുള്ള വൈകാരികമായ ഒരു അടുപ്പമാണ് ആദ്യമേ കാണിച്ചു തുടങ്ങുന്നത്. അതു വളരെ വ്യത്യസ്തമായ രീതിയിലാണ് ചെയ്തിരിക്കുന്നത്. ആദ്യമായി ഈ സിനിമയിൽ അവരുടെ രണ്ടുപേരുടെയും കഥാപാത്രമാണ് എഴുതിയത് അതിനുശേഷം ആണ് ഈ കേസ് അതിലേക്ക് കൊണ്ടുവരുന്നത്.
ശ്യാമളയെ ആരും മറന്നിട്ടില്ല
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ആയിരുന്നു സംഗീത ചേച്ചി ചെയ്ത ശ്യാമള എന്നത് ചിന്താവിഷ്ടയായ ശ്യാമള ആരും മറന്നിട്ടുണ്ടാവില്ല. ഞാൻ ഈ കഥ എഴുതുമ്പോൾ കുറെ താരങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു പക്ഷേ അതിൽ നിന്ന് സംഗീത ചേച്ചിയെ ആലോചിച്ചപ്പോൾ തന്നെ ഒരു പുതുമയുണ്ടായിരുന്നു. നമ്മൾ സ്ഥിരം കണ്ടുകൊണ്ടിരിക്കുന്ന താരങ്ങൾക്ക് പകരം എല്ലാവർക്കും ഇഷ്ടമുള്ള ഒരു താരത്തെ കൊണ്ടുവന്നാൽ വളരെ നന്നായിരിക്കും എന്ന് തോന്നി. സംഗീത ചേച്ചി ഒരു പോലീസ് വേഷം ഇതുവരെ ചെയ്തിട്ടില്ല. ചേച്ചിയോട് കഥ പറഞ്ഞപ്പോൾ വളരെയധികം താൽപര്യം കാണിച്ചു. ചേച്ചി ആദ്യം ഫോണിൽ ബന്ധപ്പെട്ടിട്ട് പിന്നെ നേരിട്ട് കണ്ട് കഥ വിവരിച്ചു കൊടുത്തു അപ്പോൾ തന്നെ ചേച്ചി പറഞ്ഞു വളരെയധികം ആലോചിച്ചാണ് ചേച്ചി സിനിമ ചെയ്യുന്നത് ഇപ്പോൾ.
പാവം പയ്യൻ ഇമേജുള്ള അർജുൻ അശോകൻ
ഈ സിനിമയിലെ നായകൻ അർജുൻ അശോകൻ ആകട്ടെ എന്ന് തീരുമാനിക്കാൻ കാരണം ഇതൊരു സൂപ്പർഹീറോ പരിപാടിയല്ല അതുകൊണ്ട് ഒരുപാട് ആക്ഷൻ ഒക്കെ ചെയ്യുന്ന വലിയൊരു താരം ഇതിന് വേണ്ട. അർജുൻ വളർന്നുവരുന്ന ഒരു താരമാണ് അർജുന്റെ ഒരു ഗുണം എന്താണെന്ന് വെച്ചാൽ ഒരു പാവം ഫീൽ അർജുന്റെ മുഖത്ത് ഉണ്ട് അത് ഈ കഥയ്ക്കും കഥാപാത്രത്തിനും വളരെ ആവശ്യമാണ്. പാവമായി നടക്കുന്ന ഒരാൾ ഒരു മാസ് പരിപാടി ഒന്നും ചെയ്യുമെന്ന് പ്രതീക്ഷിക്കില്ല. അങ്ങനെ അപ്രതീക്ഷിതമായി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് നല്ലത് എന്ന് തോന്നി. പിന്നെ പൊലീസുകാരന്റെ വേഷം സൈജുവേട്ടന് വളരെ നന്നായിട്ട് ചേരും എന്ന് എനിക്ക് തോന്നിയിരുന്നു. മാളികപ്പുറം ചെയ്യുന്ന സമയത്ത് തന്നെ ഒരു കഥാപാത്രമുണ്ട് ചെയ്യണം എന്ന് സൈജുവേട്ടനോട് പറഞ്ഞിരുന്നു. സ്നേഹമുള്ളവരോട് സീരിയസ് ആയിട്ടും ദേഷ്യം ഉള്ളവരോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്ന തരം ഒരു കഥാപാത്രമാണ്, അത് സൈജുവേട്ടൻ വളരെ നന്നായിട്ട് ചെയ്തു.
സൈജുവേട്ടൻ വന്നപ്പോൾ ആ ക്യാരക്ടർ ലൈവായി. ആ കഥാപാത്രത്തെക്കുറിച്ച് എല്ലാവർക്കും വളരെ നല്ല അഭിപ്രായമാണ്. ബാക്കിയുള്ള കഥാപാത്രങ്ങളെല്ലാം തന്നെ വളരെ ആലോചിച്ച് തെരഞ്ഞെടുത്തവരാണ്. മിഷേലിനോട് സാദൃശ്യമുള്ള ഒരു പെൺകുട്ടിയെ കണ്ടെത്തുക എന്നതായിരുന്നു മറ്റൊരു ചാലഞ്ച്. അങ്ങനെ കണ്ടെത്തിയതാണ് തമിഴിൽ അഭിനയിക്കുന്ന മലയാളി മാളവിക മനോജ്. മാളവിക അത് വളരെ നന്നായി ചെയ്തു. മനോജ് കെ.യു., അമ്മയായി അഭിനയിച്ച തുഷാര എല്ലാവരും ജീവിതത്തിലുള്ള യഥാർഥ ആളുകളോട് സാദൃശ്യമുള്ളവരെയാണ് തെരഞ്ഞെടുത്തത്. അതുപോലെതന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലായ ഡോക്ടർ ബാഷിത് അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീൽസിലൂടെ വളരെ വൈറലായ ഒരു ഡോക്ടറാണ് അത്. അർജുൻ അശോകന്റെ കുട്ടിക്കാലം അഭിനയിക്കാൻ ശ്രീപത് ആദ്യം തന്നെ മനസ്സിലുണ്ടായിരുന്നു. ഇനി വരുന്ന സുമതി വളവ് എന്ന പടത്തിലും നമ്മുടെ കുട്ടികളായ ശ്രീപതും ദേവനന്ദയും ഉണ്ട്.
മിഷേൽ ഷാജിക്ക് നീതി കിട്ടാൻ ആനന്ദ് ശ്രീബാല നിമിത്തമാകട്ടെ
സിനിമ ഇറങ്ങുന്നതിന് മുമ്പ് ഞങ്ങൾ വളരെ വലിയ പ്രമോഷൻ ഒന്നും കൊടുത്തില്ല കാരണം സിനിമ ഇറങ്ങിയിട്ട് ആളുകൾ സംസാരിക്കുന്നതിലൂടെ പ്രൊമോഷൻ കിട്ടട്ടെ എന്നായിരുന്നു കരുതിയത്. പോലെ തന്നെ സംഭവിച്ചു കഴിഞ്ഞ ഞായറാഴ്ച ആയപ്പോഴേക്കും പടത്തിന്റെ ഗ്രാഫ് ഉയർന്നു ഇപ്പോൾ എല്ലാവരും സംസാരിക്കുന്ന ഒരു സിനിമയായി മാറി. മൗത്ത് പബ്ലിസിറ്റിയിലൂടെ വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്. ഞങ്ങളെ ഞെട്ടിച്ചത് കുടുംബ പ്രേക്ഷകരാണ് രാത്രി 10 മണിയുടെ ഷോയിൽ വരെ കുടുംബപ്രേക്ഷകർ ഉണ്ടെന്നുള്ളത് ഞങ്ങൾക്ക് അദ്ഭുതം ആയിരുന്നു. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ഈ കഥയാണ് ഞങ്ങൾ റഫറൻസ് ആയി എടുത്തിട്ടുള്ളത് എന്ന് അറിഞ്ഞു കൊണ്ടാണ് വന്നത് എന്നാണ് അത് കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ട്. പൊലീസിന് കിട്ടിയ തെളിവുകളിൽ കൂടിയായിരിക്കും അവർ ഈ കേസിൽ ഒരു തീർപ് വരുത്തിയിരിക്കുന്നത്. പക്ഷേ ഞങ്ങൾക്ക് പറയാനുള്ളത് ഇങ്ങനെയും സംഭവിച്ചു കൂടെ എന്നാണ്. അത് കേരളം മുഴുവൻ ഏറ്റെടുത്ത ഒരു ചോദ്യമായി മാറിയിട്ടുണ്ട്. ഈയൊരു സിനിമയിലൂടെ മിഷനിൽ ഷാജിയുടെ കേസ് വീണ്ടും പുനരന്വേഷിച്ച് ഒരു പെൺകുട്ടിക്ക് നീതി ലഭിക്കുമെങ്കിൽ ഞങ്ങളുടെ ശ്രമം സാർഥകമാകും.