അടുക്കളയിലെ ആ സംഭവം സിനിമയിലേക്ക് നയിച്ചു; എം.സി. ജിതിൻ അഭിമുഖം
Mail This Article
കണ്ണൂർ ജില്ലയിലെ ഇരിട്ടി എന്ന സ്ഥലത്തുള്ള ഒരു ഇടത്തരം വീട്. സമയം വൈകുന്നേരം. വീടിന്റെ അടുക്കളയിൽ ഇൻഡക്‌ഷൻ കുക്കറിൽ പാലു കാച്ചുകയാണ് നമ്മുടെ നായകൻ. ശ്രദ്ധയൊന്നു മാറിയപ്പോൾ പാൽ തിളച്ചു മറിയുന്നു. പെട്ടെന്നു തന്നെ പാൽ എടുത്തുമാറ്റി, ഇൻഡക്‌ഷനും പാത്രവുമെല്ലാം നായകൻ വൃത്തിയാക്കി വയ്ക്കുന്നു, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ. അൽപനേരം കഴിഞ്ഞ് അടുക്കളയിലെത്തിയ നായകന്റെ അമ്മ, പാത്രം അടിമുടി നോക്കിയശേഷം മകനോടു ചോദിക്കുന്നു ‘പാൽ തിളച്ചു മറിഞ്ഞു പോയി അല്ലേ’. പാത്രവും ഇൻഡക്‌ഷനും പരിസരവും വൃത്തിയാക്കിയിട്ടും പാൽ തിളച്ചുമറിഞ്ഞ കാര്യം അമ്മ എങ്ങനെ അറിഞ്ഞു? ഈ ചോദ്യമാണ് തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം നടക്കുന്ന ‘സൂക്ഷ്മദർശിനി’ എന്ന സിനിമയുടെ ആലോചനയിലേക്കു സംവിധായകൻ എം.സി.ജിതിനെ നയിച്ചത്. അമ്മ പാകിയ കഥാതന്തുവിൽ നിന്നു വളർന്നു പന്തലിച്ച ‘സൂക്ഷ്മദർശിനി’യെ കുറിച്ച് ജിതിൻ സംസാരിക്കുന്നു...
ആദ്യ സിനിമയ്ക്കു ശേഷം 6 വർഷത്തെ ഇടവേള
മനഃപൂർവം ഇടവേള എടുത്തതല്ല. ‘നോൺസെൻസ്’ എന്ന ആദ്യ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ സമയം മുതൽ സൂക്ഷ്മദർശിനിയുടെ കഥ മനസ്സിലുണ്ടായിരുന്നു. ആ സമയത്ത് നോൺസെൻസ് ഹിന്ദിയിലേക്കു റീമേക്ക് ചെയ്യാൻ അവസരം ലഭിച്ചു. അതുമായി ബന്ധപ്പെട്ട ചർച്ചകൾക്കൊടുവിൽ റീമേക്കിനു പകരം പുതിയൊരു സിനിമ ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു. സൂക്ഷ്മദർശിനിയുടെ ആശയം പറഞ്ഞപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു. എന്നാൽ ആ ചർച്ചകൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെയാണ് തിരികെ മലയാളത്തിൽ തന്നെ ഈ കഥ ചെയ്യാമെന്നു തീരുമാനിക്കുന്നതും വർക്ക് തുടങ്ങുന്നതും.
ത്രില്ലർ ചിത്രങ്ങളിലെ വേറിട്ട വഴി
മലയാളത്തിൽ കൂടുതലും നമ്മൾ കണ്ടു ശീലിച്ചിരിക്കുന്നത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങളാണ്. ഒരു ക്രൈം നടക്കുന്നു, അത് തെളിയിക്കാനുള്ള അന്വേഷണം എന്ന പാറ്റേൺ. ഞാനൊരു ആൽഫ്രഡ് ഹിച്ച്കോക്ക് ആരാധകനാണ്. അദ്ദേഹത്തിന്റെ കഥകളിൽ നിന്നുള്ള പ്രചോദനമാണ് ഈ രീതിയിൽ കഥ പറയാൻ എന്നെ സഹായിച്ചത്. പരമാവധി വിവരങ്ങൾ മുൻകൂറായി നൽകുകയും അതേസമയം കഥാഗതിയുടെ നിഗൂഢത നിലനിർത്തുകയും ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. സത്യൻ അന്തിക്കാട് ശൈലിയിലുള്ള ചിത്രങ്ങളിൽ എന്തുകൊണ്ട് മിസ്റ്ററി പറഞ്ഞുകൂടാ എന്ന ചിന്തയും ഒരു വനിതാ ഡിറ്റക്ടീവിനെ അവതരിപ്പിക്കണമെന്ന ആഗ്രഹവും സൂക്ഷ്മദർശിനിയുടെ ആശയത്തിനു കരുത്തേകി.
ലൊക്കേഷൻ കണ്ടെത്താൻ പത്രപ്പരസ്യം
ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് കഥ നടക്കുന്ന പരിസരം. അടുത്തടുത്തായി, കൃത്യമായ ദൂരത്തുള്ള വീടുകളായിരുന്നു കഥയ്ക്ക് ആവശ്യം. ഇതിനു വേണ്ടി കുറെ അന്വേഷിച്ചു. ഒടുവിലാണ് ലൊക്കേഷൻ കണ്ടെത്താൻ പത്രത്തിൽ ഉൾപ്പെടെ പരസ്യം നൽകുന്നത്. അത്തരത്തിൽ ഒട്ടേറെ അന്വേഷണങ്ങൾക്കൊടുവിലാണ് ഈ കഥാപരിസരം കണ്ടെത്തിയത്. ലൊക്കേഷനു വേണ്ടി എന്തിന് ഇത്ര കഷ്ടപ്പെട്ടു എന്ന് സിനിമ കാണുമ്പോൾ മനസ്സിലാകും.
നസ്രിയ– ബേസിൽ കോംബോ
ഇതിൽ ബേസിൽ അവതരിപ്പിച്ച കഥാപാത്രത്തിനായി മറ്റൊരു നടനെയാണ് ആദ്യം സമീപിച്ചത്. അതു പക്ഷേ നടന്നില്ല. പിന്നാലെയാണ് നായികയെ അന്വേഷിക്കാൻ തുടങ്ങിയത്. അപ്പോൾ നിർമാതാക്കളിൽ ഒരാളായ സമീർ താഹിറാണ് നസ്രിയയുടെ പേരു പറയുന്നത്. കഥാപാത്രത്തിന്റെ പ്രായഘടനയിലേക്ക് നസ്രിയയെ കൊണ്ടുവരിക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ബേസിലിന് ‘മിന്നൽ മുരളിയുടെ’ സമയം മുതൽ ഈ കഥ അറിയാമായിരുന്നു.
ക്രിസ്റ്റോ സേവ്യറിന്റെ മ്യൂസിക്
ഭ്രമയുഗത്തിലെ മ്യൂസിക് കേട്ടതോടെയാണ് ക്രിസ്റ്റോയെ തീരുമാനിച്ചത്. സംഗീതത്തിലെ ഓർക്കസ്ട്രേഷൻ സ്റ്റൈൽ ഉൾപ്പെടെ ക്രിസ്റ്റോയുടേതായ ഒട്ടേറെ രീതികൾ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിലെ സംഗീതം ഇത്രയധികം ശ്രദ്ധിക്കപ്പെടാനുള്ള കാരണവും ക്രിസ്റ്റോ തന്നെയാണ്.
സ്ത്രീ കഥാപാത്രങ്ങളാണ് താരങ്ങൾ
സിനിമയുടെ ചർച്ച നടക്കുമ്പോൾ തന്നെ ഇതു സ്ത്രീ കഥാപാത്രങ്ങളുടെ വീക്ഷണകോണിൽ പറയണമെന്നും എല്ലാ സ്ത്രീ കഥാപാത്രങ്ങൾക്കും പ്രാധാന്യം ഉറപ്പാക്കണമെന്നും എനിക്കു നിർബന്ധമുണ്ടായിരുന്നു. സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ പൂർണമായും മുന്നോട്ടു പോകുന്നത്.
പുതിയ ചിത്രങ്ങൾ, പ്രതീക്ഷകൾ
സൂക്ഷ്മദർശിനി മറ്റു ഭാഷകളിൽ ചെയ്യുന്നതിനെക്കുറിച്ച് പ്രാരംഭഘട്ട ആലോചനകൾ നടക്കുകയാണ്. നോൺസെൻസിന്റെ സമയത്തായിരുന്നു സൂക്ഷ്മദർശിനിയുടെ ആശയം ലഭിക്കുന്നത്. ഇപ്പോൾ സൂക്ഷ്മദർശിനിയുടെ സമയത്ത് മറ്റൊരു ചിത്രത്തിന്റെ ആശയം മനസ്സിലേക്കു വന്നിട്ടുണ്ട്. അതിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്.