തിലകന്റെ കൊച്ചുമകൻ എന്ന് തീർച്ചയായും അവൻ അറിയപ്പെടും; ഇത്രയും ക്രൂരത ഞാൻ ചെയ്തിട്ടില്ല: ഷമ്മി തിലകൻ അഭിമുഖം
Mail This Article
റസ്സൽ ടോണി ഐസക് – ‘മാർക്കോ’യിലെ ഈ ഒറ്റ കഥാപാത്രത്തിലൂടെ നടൻ എന്ന നിലയിൽ തന്റെ റേഞ്ച് അടയാളപ്പെടുത്തിയിരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ. പേരിലെ മേൽവിലാസം വെറും ആലങ്കാരികമല്ലെന്ന് വിളിച്ചറിയിക്കുന്ന പ്രകടനം! മകന്റെ പ്രകടനം തിയറ്ററിൽ കണ്ട് അച്ഛൻ ഷമ്മി തിലകൻ അഭിമന്യുവിനെക്കുറിച്ചു പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘‘ഇവനെ പ്രസവിക്കുന്ന സമയത്ത് ഞാൻ പുറത്ത് കാത്തിരുന്ന സമയത്തെ ഫീലാണ് ഈ സിനിമ കണ്ടപ്പോഴുണ്ടായത്,’’ എന്നായിരുന്നു ഷമ്മി തലികന്റെ വൈകാരിക പ്രകടനം. അതിനൊപ്പം ഒരൽപം നർമം ചേർത്ത് അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു, ‘‘ഇത്രയും നെറികേട് ഞാൻ ഇതുവരെ സിനിമയിൽ കാണിച്ചിട്ടില്ല’’ എന്ന്! ഒരു നടനെന്ന നിലയിൽ അഭിമന്യുവിന് ലഭിക്കുന്ന അംഗീകാരം കൂടിയായിരുന്നു ആ വാക്കുകൾ. അഭിമന്യുവിനെക്കുറിച്ചും മാർക്കോയിലെ പ്രകടനത്തെക്കുറിച്ചും മനസ്സു തുറന്ന് ഷമ്മി തിലകൻ മനോരമ ഓൺലൈനിൽ.
ആ പ്രതികരണം വൈകാരികം
ഞങ്ങൾ കുടുംബസമേതമാണ് സിനിമ കണ്ടത്. അഭിമന്യുവിന്റെ അമ്മ സാധാരണ ഇത്തരം വയലൻസ് ഉള്ള സിനിമകൾ കാണാൻ താൽപര്യം പ്രകടിപ്പിക്കാത്ത കക്ഷിയാണ്. പക്ഷേ, ഈ സിനിമയുടെ കാര്യങ്ങൾ നമുക്ക് മുൻപെ അറിയാമല്ലോ. അതുകൊണ്ട് വളരെ കൂൾ ആയി ഇരുന്നാണ് കണ്ടത്. എന്റെ ഭാര്യയെ സംബന്ധിച്ചിടത്തോളം അവൾ മൂന്നു തലമുറയെ കണ്ടിട്ടുണ്ട്. അച്ഛൻ, ഞങ്ങൾ പിന്നെ ഇപ്പോൾ മകൻ. അവർ ചെയ്യുന്നത് കഥാപാത്രമാണെന്നും അതു അഭിനയമാണെന്നുമുള്ള ബോധ്യമുണ്ട്. ഈ സിനിമ കാണാനിരുന്നപ്പോൾ ആശുപത്രിയിൽ അവനെ ആദ്യമായി ഏറ്റുവാങ്ങാൻ കാത്തു നിന്ന അതേ ഫീലായിരുന്നു എന്ന് തിയറ്ററിലെ ഒരു പ്രതികരണത്തിൽ ഞാൻ പറഞ്ഞിരുന്നു. അവന്റെ അച്ഛനെന്ന നിലയിലാണ് അങ്ങനെ പറഞ്ഞത്. അവൻ എത്രത്തോളം നന്നായി ചെയ്തിട്ടുണ്ട്, പ്രേക്ഷകരിലേക്ക് എത്രത്തോളം ആ കഥാപാത്രം എത്തും എന്നൊക്കെയുള്ള ആകാംക്ഷ ഉണ്ടാവുമല്ലോ. പടം കണ്ടിറങ്ങിയ സംതൃപ്തിയിൽ പെട്ടെന്നുണ്ടായ പ്രതികരണമാണ് അത്.
എന്റെ മകൻ ചെയ്ത കഥാപാത്രത്തെക്കുറിച്ചു പറയുകയാണെങ്കിൽ, എനിക്കു തോന്നിയത് തിരക്കഥാകൃത്ത് ആ കഥാപാത്രത്തോടു കുറച്ചു കരുണ കാണിച്ചുവെന്നാണ്. ‘‘ഷമ്മി ചേട്ടന്റെ മകനല്ലേ, തിലകന്റെ കൊച്ചുമകനല്ലേ, അവനെ അത്ര ക്രൂരമായി കൊല്ലണ്ട’’ എന്നു തോന്നിയതുകൊണ്ടായിരിക്കാം അങ്ങനെ ട്രീറ്റ് ചെയ്തതെന്നു തോന്നി. ആ കഥാപാത്രത്തെ കുറച്ചു കൂടി ക്രൂരമായി കൊല്ലാമായിരുന്നു എന്നാണ് എനിക്കു തോന്നിയത്. എന്നാലല്ലേ ആ കഥാപാത്രത്തിന് പൂർണത വരുള്ളൂ. എനിക്ക് അവിടെ റസ്സലിനെ മാത്രമെ കാണാൻ സാധിച്ചിള്ളൂ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
മുൻപ് വേണ്ടെന്നു വച്ച അവസരങ്ങൾ
പഠിപ്പിച്ചെടുക്കാൻ പറ്റുന്ന സംഭവമല്ല സിനിമ അഭിനയം. നാടകം വേണമെങ്കിൽ പഠിപ്പിച്ചെടുക്കാം. ഒരു സ്റ്റേജിൽ ആണല്ലോ അതു നടക്കുന്നത്. അതിനു ചില ചിട്ടവട്ടങ്ങളുണ്ട്. പക്ഷേ, സിനിമ അങ്ങനയല്ല. അതൊരു പെരുമാറ്റമാണ്. അതുകൊണ്ടാണല്ലോ തിലകൻ വ്യത്യസ്തനാകുന്നത്. നാടകരീതി ഒരു ശകലം പോലും സിനിമയിൽ അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല. ചെറുപ്പം മുതൽ എന്റെ മകനും ഇതെല്ലാം കണ്ടു വളർന്നു എന്നല്ലാതെ അഭിനയസംബന്ധമായി അവൻ വലിയ പ്രകടനമൊന്നും കാഴ്ച വച്ചിട്ടില്ല. പക്ഷേ, അവൻ നല്ല ഒരു ചിത്രകാരനാണ്. അവന്റെ ഏറ്റവും നല്ല കഴിവായി ഞാൻ കാണുന്നതും ഇതാണ്. ക്യാരക്ടർ സ്കെച്ചിങ്ങിലാണ് അവന് ഏറ്റവും പ്രാഗത്ഭ്യമുള്ളത്. സ്കൂളിൽ പഠിക്കുമ്പോൾ അവന് ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ ലഭിച്ചിട്ടുള്ളത് ഈ മേഖലയിലാണ്. ചെറുപ്പത്തിൽ അവനു പല ഓഫറുകളും സിനിമയിൽ നിന്നു വന്നിരുന്നു.
ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന ചിത്രത്തിൽ അൽപം പ്രാധാന്യമുള്ള റോൾ തന്നെയായിരുന്നു. കക്ഷി കാഴ്ചയിൽ നല്ല സൈസ് ഉണ്ടായിരുന്നെങ്കിലും അന്ന് പ്ലസ് വണ്ണിൽ പഠിക്കുകയായിരുന്നു. ചെയ്യേണ്ട കഥാപാത്രം എൻജിനീയറിങ് വിദ്യാർഥിയുടേതും. അതു അഭിനയിക്കാനുള്ള അനുഭവം അവന് ഇല്ലെന്നു തോന്നിയതു കൊണ്ട് അന്ന് വേണ്ടെന്നു വച്ചു. അച്ഛൻ പറഞ്ഞാൽ ചെയ്യാം എന്നുള്ള നിലപാട് ആയിരുന്നു അവനും. അങ്ങനെ മൂന്നു നാലു പടങ്ങൾ വന്നതൊന്നും ചെയ്തില്ല. പിന്നെ, പഠനം കഴിഞ്ഞ് യു.കെയിലേക്ക് പോകാനുള്ള അവസരം വന്നിട്ടും അവൻ അതിനൊന്നും മുതിരാതെ ഇവിടെ തന്നെ തുടർന്നു. ഇടയ്ക്ക് അവന്റെ അമ്മയോട് അഭിനയത്തോടുള്ള താൽപര്യത്തെക്കുറിച്ചു പറഞ്ഞിരുന്നു. എന്നോടൊന്നും പറഞ്ഞില്ല. ഞാൻ അറിഞ്ഞപ്പോൾ പറഞ്ഞത്, ‘എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ’ എന്ന ഡയലോഗായിരുന്നു.
ഞാൻ പറഞ്ഞു, ധൈര്യമായി ചെയ്യൂ
എന്റെ കൂടെ പല സെറ്റുകളിലും അവൻ വരാറുണ്ട്. ജോഷി സാറൊക്കെ അവനെ കാണുമ്പോൾ അഭിനയത്തിലേക്ക് അവനെ കൊണ്ടു വരണ്ടേ എന്നൊക്കെ ചോദിക്കും. ഞാൻ എല്ലാവരെയും ഇവന് പരിചയപ്പെടുത്തിയിട്ടുണ്ട്. അല്ലാതെ അവനായി ചാൻസൊന്നും ചോദിച്ചിട്ടില്ല. കുറച്ചു കാലം മുൻപ് അച്ഛന്റെ കൂടെ ഞാനും അഭിമന്യുവും നിൽക്കുന്ന ഒരു ഫോട്ടോ ഡിജിറ്റൽ ആർട് ചെയ്തത് ഫെയ്സ്ബുക്കിൽ ഞാൻ പങ്കുവച്ചിരുന്നു. അത് വൈറലായിരുന്നു. അതു കണ്ട് ഉണ്ണി മുകുന്ദന്റെ മനേജർ എന്നെ വിളിച്ച് അഭിമന്യുവിന്റെ നമ്പർ വാങ്ങി. സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണ് അന്നു നമ്പർ വാങ്ങിയതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അവന് വണ്ടി മോഡിഫിക്കേഷനിലൊക്കെ വലിയ താൽപര്യമാണ്. പ്രീമിയം കാറിന്റെ ക്രേസുമുണ്ട്. മെക്കാനിക്കൽ എൻജിനീയർ ആയതുകൊണ്ട് വണ്ടി മോഡിഫിക്കേഷൻ ചിലർക്ക് ചെയ്തുകൊടുക്കാറുമുണ്ട്.
ഫഹദും ദുൽഖറുമൊക്കെ അവനെ അക്കാര്യത്തിൽ പ്രശംസിച്ചിട്ടുണ്ട്. ഉണ്ണിക്കും അങ്ങനെയൊരു ആവശ്യമുണ്ടെന്നേ ഞാൻ കരുതിയുള്ളൂ. പിന്നീട് ഒരു ദിവസം അവൻ പറഞ്ഞു, ഉണ്ണി മുകുന്ദനെ കാണാൻ കൊച്ചിയിലേക്ക് പോകുകയാണെന്ന്! അവിടെ ചെന്നപ്പോൾ ഹനീഫ് അദേനിയൊക്കെയുണ്ട്. അവർ കഥ പറഞ്ഞു. അവിടെ നിന്ന് അവൻ എന്നെ വിളിച്ചു. പടത്തിൽ ഒരു കൊടൂര വില്ലന്റെ വേഷം ആണ് ചെയ്യാനുള്ളതെന്നു പറഞ്ഞു. വല്ലാത്ത ക്രൂരതയുള്ള കഥാപാത്രമാണ്, ബിഗ് ബജറ്റ് ചിത്രമാണ് എന്നും പറഞ്ഞു. ധൈര്യമായി ഏറ്റോളൂ എന്നായിരുന്നു എന്റെ മറുപടി. ‘നിന്നെ ഇൻട്രോഡ്യൂസ് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല സിനിമയാകും’ എന്നു പറഞ്ഞു. അങ്ങനെയൊരു ഇടപെടൽ മാത്രമെ ഞാൻ നടത്തിയുള്ളൂ. ഷൂട്ടിങ്ങിന് ഞാൻ കൂടെ പോയിട്ടൊന്നും ഉണ്ടായിരുന്നില്ല. പാക്കപ്പ് ഡേയുടെ അന്ന് ഒരു മിന്നൽ സന്ദർശനം നടത്തിയെന്നു മാത്രം. തിരക്കഥ അവനു വായിക്കാൻ കൊടുത്തപ്പോൾ ഞാനും കണ്ടിരുന്നു. അതുകൊണ്ട്, സീനുകൾ എന്താണെന്നും എങ്ങനെയൊക്കെയാണെന്നും അറിയാമായിരുന്നു.
ഡബ്ബിങ്ങിൽ നൽകിയ ടിപ്സ്
പത്തോളം ദിവസം എടുത്താണ് അഭിമന്യു സിനിമ ഡബ്ബ് ചെയ്തത്. അവൻ ആദ്യമായാണ് ഡബ്ബ് ചെയ്യുന്നതും. ആദ്യ ദിവസം ഞാൻ കൂടെ പോയി. മൈക്ക് എങ്ങനെ അഭിമുഖീകരിക്കണം, ശബ്ദം എങ്ങനെ ക്രമീകരിക്കണം എന്നൊക്കെ പറഞ്ഞു കൊടുത്തു. അവനെന്നല്ല എന്റെ കൂടെ ജോലി ചെയ്യുന്ന ആർക്കും ഞാൻ ഇങ്ങനെ പറഞ്ഞു കൊടുക്കാറുണ്ട്. എനിക്ക് ഈ മേഖലയിൽ കുറച്ച് അറിവുള്ളതുകൊണ്ട് അതു പങ്കുവയ്ക്കുന്നതാണ്. ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ പെട്ടെന്നു അവൻ പിടിച്ചെടുത്തു. അനുഭവപരിചയത്തിലൂടെ ആർജ്ജിച്ചെടുക്കുന്ന കഴിവുകളാണ് അത്. എനിക്കറിയാം, എന്നെയും അച്ഛനെയും വച്ചാണ് അവനെ താരതമ്യം ചെയ്യുക. കാരണം, എനിക്ക് അത് നേരിടേണ്ടി വന്നിട്ടുണ്ട്.
തിലകന്റെ കൊച്ചുമകൻ എന്ന് തീർച്ചയായും അവൻ അറിയപ്പെടും. അങ്ങനെ വരുമ്പോൾ തിലകൻ ചേട്ടന്റെ അത്ര ശബ്ദം പോരാ എന്നൊക്കെ പറയാം. അത് ആളുകൾ കുറ്റം പറയുന്നതല്ല. തിലകൻ അവരുടെ മുൻപിൽ അങ്ങനെയാണ് നിൽക്കുന്നത്. അവരുടെ ഉള്ളിൽ തിലകൻ എന്നാൽ ഒരു മഹാനടനാണ്. അദ്ദേഹത്തിന്റെ അത്രയും അനുഭവവും ജീവിതവും ഇല്ലാത്ത കൊച്ചുമകനും അദ്ദേഹത്തിന്റെ പോലെ വരണമെന്നുള്ളത് നിർബന്ധം പിടിക്കാൻ പറ്റില്ല. പക്ഷേ, പ്രേക്ഷകർ അത് ആഗ്രഹിച്ചാൽ അതിൽ കുറ്റം പറയാനൊക്കില്ല. തിലകൻ എന്ന പേരു വരുമ്പോൾ അവർ ആഗ്രഹിക്കുന്നത് ആ പെർഫെക്‌ഷൻ ആണ്. അതുകൊണ്ടാണ് ഡബ്ബിങ്ങിൽ ഞാൻ അവനെ ചെറിയ രീതിയിൽ നിർദേശങ്ങൾ നൽകി സഹായിച്ചത്. കാരണം, ശബ്ദം ആണല്ലോ ഒരു കഥാപാത്രത്തിന്റെ മർമ്മം. ശബ്ദത്തിലൂടെയാണ് ശരിക്കും ഒരു കഥാപാത്രത്തിന് ജീവൻ വയ്ക്കുന്നത്. അങ്ങനെ അതിനെ സമീപിക്കുന്നതുകൊണ്ടാണ് അച്ഛൻ അടക്കമുള്ള ആർടിസ്റ്റുകളുടെ കഥാപാത്രങ്ങൾ നിലനിൽക്കുന്നത്.