പേടിപ്പിക്കുമോ പ്രേതം ? രഞ്ജിത് ശങ്കർ പറയുന്നു

രഞ്ജിത് ശങ്കർ അടുക്കും ചിട്ടയുമുള്ള ഒരു മനുഷ്യനാണ്. അതിലുപരി സമയക്രമങ്ങളിൽ കടുകിടെ മാറാത്ത സംവിധായകനുമാണ്. ആദ്യ സിനിമയായ പാസഞ്ചറിൽ തുടങ്ങി ഏഴാമത്തെ സിനിമയായ പ്രേതത്തിൽ വരെയെത്തി നിൽക്കുന്ന രഞ്ജിത് ശങ്കർ സംവിധായകനും നിർമാതാവും സർവ്വോപരി ഒരു സിനിമാ സ്നേഹി കൂടിയാണ്. തന്റെ പുതിയ ചിത്രത്തെക്കുറിച്ച് രഞ്ജിത് മനോരമ ഒാൺലൈനോട് സംസാരിക്കുന്നു.

എന്താണ് പ്രേതം ?

എന്റെ രണ്ടാമത്തെ കമേഴ്സ്യൽ സിനിമയെന്ന് ഞാൻ വിശ്വസിക്കുന്ന ചിത്രമാണ് പ്രേതം. ആദ്യത്തേത് പുണ്യാളൻ അഗർബത്തീസ് ആയിരുന്നു. പഠനമൊക്കെ കഴിഞ്ഞ് വളരക്കാലങ്ങൾക്ക് ശേഷം ഒത്തുകൂടുന്ന 3 കൂട്ടുകാരും അവർക്കിടയിൽ സംഭവിക്കുന്ന ചില സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ചുരുക്കത്തിൽ പറഞ്ഞാൽ നൊസ്റ്റാൾജിയ + സൗഹൃദം + തമാശ + സസ്പെൻസ് + ത്രിൽ + മെന്റലിസം + ഹൊറർ = പ്രേതം എന്നു പറയാം. ഇതൊരു മുഴുവൻ സമയ യൂത്ത്ഫുൾ സിനിമയാണ്.

ഇതെല്ലാമുണ്ടായിട്ടും ചിത്രത്തിന് എന്തു കൊണ്ട് പ്രേതം എന്നു പേരിട്ടു ?

പ്രേതം അല്ലാതെ മറ്റൊരു യോജിച്ച പേര് ഇൗ ചിത്രത്തിന് കണ്ടു പിടിക്കാനാവില്ല. സിനിമയുടെ ആദ്യ പകുതി ചിരിയും തമാശയുമാണെങ്കിൽ രണ്ടാം പകുതി കുറച്ചു കൂടി സീരിയസും സസ്പെൻസ് നിറഞ്ഞതും പേടിപ്പിക്കുന്നതുമാണ്. ജയസൂര്യയുടേത് മുഴുവൻ സമയ സീരിയസ് കഥാപാത്രമാണ.് പേടിപ്പിക്കുക എന്നതു കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് തീം പാർക്കുകളിലെ റൈഡിൽ കയറുമ്പോഴുണ്ടാകുന്ന ചെറിയ ഭയവും എക്സൈറ്റ്മെന്റും ഒക്കെയാണ്. അങ്ങനെ മൊത്തത്തിൽ ഒരു ഫൺ ത്രിൽ എന്റെർടെയിനറാണ് ചിത്രം.

ജയസൂര്യ മെന്റലിസ്റ്റാണെന്ന് പറയുന്നു. എന്താണ് സംഭവം ?

മെന്റലിസം എന്നാൽ മനസ്സ് വായിക്കുക എന്നാണ്. ഹിപ്നോട്ടിസം, മൈൻഡ് റീഡിങ് ഒക്കെ മെന്റലിസത്തിന് കീഴിൽ വരുന്നതാണ്. മെന്റലിസം ഒരു പ്രൊഫഷനാക്കിയവരുണ്ട്. വളരെ കുറച്ച് പേർക്ക് മാത്രം സിദ്ധിക്കുന്ന ഒരു കഴിവാണ് ഇത്. ഇൗ ചിത്രത്തിൽ മെന്റലിസ്റ്റ് ആദി എന്ന ഒരു റെഫറന്റസ് കഥാപാത്രമുണ്ടായിരുന്നു. ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റ് ആയി എത്തുന്ന ജയസൂര്യയുടെ കഥാപാത്രം മനുഷ്യന്റെ മനസ്സ് വായിക്കാനും നിയന്ത്രിക്കാനും കഴിവുള്ളയാളാണ്.

മുൻസിനിമകളിലേതു പോലെ എന്തു സന്ദേശമാണ് പ്രേതം നൽകുക ?

അങ്ങനെ മന:പൂർവം സന്ദേശങ്ങളുണ്ടാക്കാനായി ഞാൻ ഒന്നും ചെയ്തിട്ടില്ല. അതങ്ങനെ സംഭവിച്ചു പോയതാണ്. പുണ്യാളനിൽ ഹർത്താൽ ഒരു വിഷയമായി എടുത്തത് സാധാരണ മലയാളിയെ അത് എത്രമാത്രം ബാധിക്കുന്നു എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ്. പ്രേതത്തിൽ അങ്ങനെയെന്തെങ്കിലുമുണ്ട് എന്ന് ഇപ്പോൾ പറയാനാകില്ല. സിനിമ കണ്ടതിനു ശേഷം പ്രേക്ഷകരാണ് അതൊക്കെ തീരുമാനിക്കേണ്ടത്.

ചിത്രത്തിന്റെ ഷൂട്ടിങിനു മുമ്പെ താങ്കൾ റിലീസ് ഡേറ്റും പ്രഖ്യാപിക്കും. എങ്ങനെയാണ് സമയക്രമം ഇത്ര കണിശമായി പാലിക്കാൻ സാധിക്കുന്നത് ?

ഡേറ്റുകൾ നേരത്തെ അനൗൺസ് ചെയ്യുന്നത് പലരും അസൗകര്യമായി കാണുന്നുണ്ടെങ്കിലും എന്നെ സംബന്ധിച്ച് അത് വലിയൊരു സൗകര്യമാണ്. സിനിമ ഉണ്ടാക്കിയാൽ മാത്രം പോര അത് മാർക്കറ്റ് ചെയ്തെങ്കിൽ കൂടി മാത്രമെ ആളുകൾ അറിയൂ. ഞാൻ‌ ചെയ്യുന്നത് വളരെ ചെറിയ സിനിമകളാണ്. അത് ആളുകളിലേക്കെത്തണം. അതിന് കൃത്യമായ പ്രമോഷനുകൾ വേണം. ചിത്രത്തിന് ആവശ്യത്തിന് തീയറ്ററുൾ വേണം. ട്രെയിലർ എന്നിറക്കണം, മ്യൂസിക്ക് എന്ന് പുറത്തിറക്കണം എന്നുള്ളതിലൊക്കെ വ്യക്തത വേണം. എങ്കിലേ സിനിമയ്ക്ക് അത് ഗുണകരമാവൂ.

ജയസൂര്യയയുടെ തന്നെ ‘ഇടി’ അതേ ദിവസം റിലീസാകുന്നു. ആശങ്കയുണ്ടോ ?

ആശങ്കയൊന്നുമില്ല. എന്റെ ചിത്രത്തിൽ എനിക്ക് വിശ്വാസമുണ്ട്. അത് നന്നായി അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുമുണ്ട്. പിന്നെ നല്ല സിനിമകൾ വിജയിക്കണമെന്നാണ് ആഗ്രഹം. ഒരു സിനിമാപ്രേമി എന്ന നിലയിൽ ഇറങ്ങുന്ന നല്ല സിനിമകളൊക്കെ ആളുകൾ പോയി കാണണമെന്നാണ് അഭിപ്രായം. അവിടെ എന്റേത് അവരുടേത് എന്ന അവകാശവാദങ്ങൾക്കൊന്നും പ്രസക്തിയില്ല. ആരുടെ സിനിമയായാലും നന്നായാൽ മതി എന്നാണ് പ്രേക്ഷകന്.

പ്രേതം കഴിഞ്ഞ് എന്താണ് ?

അതിന് പ്രേതം കഴിഞ്ഞിട്ടില്ലല്ലോ. ‍ഞാനിപ്പോഴും പ്രേതത്തിന്റെ പിടിയിലാണ്. കുറേ കഥകൾ മനസ്സിലുണ്ട്. പക്ഷേ പ്രേതം എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നനുസരിച്ചിരിക്കും അടുത്ത പ്രൊജക്റ്റ്.