കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മി പിതാവിന്റെ സ്മരണകളെ മുറുകെ പിടിക്കുന്നത് ഏറെ അഭിമാനത്തോടെയാണ്. കലാകാരി കൂടിയായ ശ്രീലക്ഷ്മി മണിയുടെ വിശേഷങ്ങളുമായി...
∙ഒരു കലാകാരന്റെ മകൾ ആയതിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷം
അച്ഛനോട് ഓരോരുത്തരും കാണിക്കുന്ന ആദരവ് കാണുമ്പോൾ ഏറെ അഭിമാനം തോന്നിയിട്ടുണ്ട്. കൂടാതെ അച്ഛൻ അഭിനയിച്ച വാസന്തിയും ലക്ഷ്മിയും, കരുമാടിക്കുട്ടൻ, ബെൻ ജോൺസൺ തുടങ്ങിയ സിനിമകളിലെ അച്ഛന്റെ അഭിനയമികവ് കണ്ടപ്പോൾ അഭിമാനം കൊണ്ടു മനസു നിറഞ്ഞിരുന്നു.
∙അച്ഛൻ ഇല്ലാതിരുന്ന ഒരു വർഷം - തിരിഞ്ഞു നോക്കുമ്പോൾ
അച്ഛൻ ഇല്ലാത്തത് എന്നെ മാത്രമല്ല, ചാലക്കുടിയെ തന്നെ ബാധിച്ചില്ലേ...? അതിനു ശേഷം വല്ലാത്ത മൂകതയാണ്, വീട്ടിലും. അച്ഛനുണ്ടായിരുന്നപ്പോൾ ഇവിടെ എന്നും എപ്പോഴും ആഘോഷമായിരുന്നു. പാട്ടും ചിരിയും സന്തോഷവുമായിരുന്നു. എപ്പോഴും കൂടെയിരിക്കും. ഇപ്പോൾ ഞങ്ങൾ ഒറ്റപ്പെട്ടുപോയിരിക്കുന്നു.
∙അച്ഛൻ എപ്പോഴും പറയാറുണ്ടായിരുന്ന ഒരു കാര്യം
പാവപ്പെട്ടവരെ സഹായിക്കണം. നല്ലപോലെ പഠിച്ചു മിടുക്കിയാകണം.
∙അച്ഛനിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം
ദേഷ്യപ്പെടില്ല. എപ്പോഴും സപ്പോർട്ട് ചെയ്യും. ഇതുവരെ വഴക്കു പോലും പറഞ്ഞിട്ടില്ല.
∙ഏറ്റവും വിഷമിച്ച നിമിഷങ്ങൾ
പത്താം ക്ലാസിലെ പരീക്ഷയ്ക്ക് തയാറെടുക്കുമ്പോൾ അച്ഛൻ എപ്പോഴും ഓർമിപ്പിക്കുമായിരുന്നു നല്ല മാർക്ക് വാങ്ങാൻ. നല്ല മാർക്ക് വാങ്ങിയാൽ കാർ വാങ്ങിത്തരാം എന്നു പറഞ്ഞിരുന്നു. പരീക്ഷയിൽ എല്ലാ വിഷയത്തിലും മികച്ച മാർക്ക് നേടുകയും ചെയ്തു. പക്ഷേ അതൊന്നും കാണാൻ അച്ഛനില്ലല്ലോ...
ശ്രീലക്ഷ്മി മണി (കലാഭവൻ മണിയുടെ മകൾ) കുന്നിശ്ശേരി വീട്, ചേനത്തുനാട്, ചാലക്കുടി, തൃശൂർ.