മുടി മുറിച്ചു പക്ഷേ നീനയോട് നോ പറഞ്ഞില്ല

ചെറുപ്പത്തിൽ മീശമാധവൻ കണ്ടു പൊട്ടിച്ചിരിക്കുമ്പോൾ ദീപ്തി സതിയെന്ന പാതി മലയാളി പെൺകുട്ടി ഒരിക്കലും ഓർത്തില്ല താൻ ഒരു നാൾ ആ സംവിധായകന്റെ സിനിമയിൽ നായികയാവുമെന്ന്. അതു കൊണ്ടാണ് മുടി മുറിക്കാൻ ലാൽജോസ് ആവശ്യപ്പെട്ടപ്പോൾ വിഗ് വെച്ചാൽ പോരേയെന്നു പോലും ചോദിക്കാതെ ആ ‘കടുംകൈ പെട്ടെന്നു തന്നെ ചെയ്തതും.

മുടി വെട്ടിയാൽú പിന്നെയും വളരും. പക്ഷേ നീനയോട് നോ പറഞ്ഞാൽú വേറെ അവസരം കിട്ടില്ലല്ലോ. ഇടതൂർന്ന മുടി മുന്നിലേക്കിട്ട് വിരലോടിച്ച് രസിച്ചിരുന്ന ദീപ്തി തന്റെ കഴുത്തൊപ്പം വെട്ടിയ മുടിയിൽ പിടിച്ച് വലിച്ച് കാണിച്ചിട്ട് പറഞ്ഞു നീന ഒന്നിറങ്ങിക്കോട്ടെ ദേ ഇൗ സ്റ്റൈൽ സൂപ്പർ ഹിറ്റാകും.

നീന ഹിറ്റാവുമെന്ന് അത്രയ്ക്ക് ആത്മവിശ്വാസമാണോ? നീന നല്ല സിനിമയാണ്. ഹിറ്റാവുമെന്ന് ആത്മവിശ്വാസവുമുണ്ട്. പക്ഷേ അമിതവിശ്വാസമില്ല. എനിക്ക് നല്ല ടെൻഷനുണ്ട്. പ്രേക്ഷകർ എന്നെയും എന്റെ കഥാപാത്രത്തെയും എങ്ങനെ സ്വീകരിക്കുമെന്നറിയാൻ ഒരു ആകാംക്ഷ.

മുടി മുറിച്ചതു മാത്രമാണോ നീനയ്ക്കായി നടത്തിയ തയ്യാറെടുപ്പ്? úഅല്ലേയല്ല. ചിത്രത്തിന്റെ സ്ക്രീൻ ടെസ്റ്റിന് ലാൽ ജോസ് സാർ എന്നോട് ആദ്യം ആവശ്യപ്പെട്ടത് സിഗരറ്റ് കത്തിച്ചു കാണിക്കാനായിരുന്നു. ചിത്രത്തിൽ ഞാൻ പുകവലിക്കുന്നുണ്ട്. ബുള്ളറ്റ് ഓടിക്കുന്നുണ്ട്. ബാക്കിയുള്ള സാഹസങ്ങൾ ചിത്രം കണ്ടു തന്നെ മനസ്സിലാക്കണം.

പുകവലിക്കുന്ന പെൺകുട്ടിയെ മലയാളികൾ സ്വീകരിക്കുമോ എന്നൊരു ആശങ്കയില്ലേ? തീരെയില്ല. മലയാളികൾ സദാചാരബോധമുള്ളവരാണ്, ഒപ്പം വിദ്യാസമ്പന്നരുമാണ്. എല്ലായിടത്തും എല്ലായ്പ്പോഴും മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. അത് അനിവാര്യവുമാണ്. നീന അത്തരത്തിലൊരു മാറ്റമായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ചുരുക്കത്തിൽ നീന ആൺകുട്ടിയാണല്ലേ? അങ്ങനെയല്ല. ഇൗ സിനിമയിൽ എനിക്ക് രണ്ട് ലുക്കുണ്ട്. ടോംബോയിഷ് ടച്ചുള്ള കഥാപാത്രമാണ് ഒന്ന്. അവളുടെ സ്വഭാവത്തെക്കുറിച്ച് ഒന്നും മുൻകൂട്ടി പറയാൻ പറ്റില്ല. നീന ധൈര്യശാലിയും ആത്മവിശ്വാസമുള്ളവളും വെല്ലുവിളികൾ സ്വീകരിക്കുവാൻ തയാറുമാണ്. ഇടയ്ക്ക് ഞാൻ ലാൽ സാറിനോട് പറയും. ഞാൻ ഇൗ സിനിമയിലെ നായകനല്ല നായികയാണെന്ന്. അപ്പോൾ ലാൽ സാർ പറയും നീനയിൽ രണ്ടു നായകന്മാരുണ്ട്. ഒന്ന് വിജയും മറ്റത് നീയുമാണെന്ന്.

ടൈറ്റിൽ റോൾ ഒരു പുതുമുഖ നായികയ്ക്ക് അമിതഭാരമല്ലേ? ഇൗ ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോൾ എനിക്കിത് ഇത്ര വലിയ ചുമതലയാണെന്ന് അറിയില്ലായിരുന്നു. പക്ഷേ ഇപ്പൊൾ എനിക്കറിയാം നീന എന്നിലൂടെയാണ് സഞ്ചരിക്കുന്നതെന്ന്. ലാൽ സാർ എന്നെ പൂർണമായി വിശ്വസിച്ചു. ആ വിശ്വാസം വേറുതേയായില്ല എന്ന് എനിക്ക് തെളിയിക്കണം. എന്നെ ആ കഥാപാത്രം ഏൽപിച്ചതിൽ അദ്ദേഹം അഭിമാനിക്കണം. അത്ര മാത്രം.

നീനയിൽ മറക്കാനാകാത്തത്? നീന ഒരു വലിയ അനുഭവമാണ്. ലാൽ സാറിനെ കൂടാതെ ഒപ്പം അഭിനയിച്ച് ആൻ അഗസ്റ്റിനും വിജയ് ബാബുവും ജോമോൻ ടി ജോണും അങ്ങനെ എല്ലാവരും എന്നെ ഒരു കുട്ടിയായി കണ്ട് വാത്സല്യപൂർവമാണ് പെരുമാറിയിരുന്നത്. എല്ലാ തരത്തിലും ഞാൻ അവരുടെ സ്നേഹം ആസ്വദിച്ചിരുന്നു. ആദ്യ സിനിമയെന്നതിൽ കവിഞ്ഞ് നീനയെ എന്നിലേക്കടുപ്പിക്കുന്നതും ഇതാണ്.

ലാൽജോസ് പറയുന്നത് ഒരുപാട് പുതുമുഖങ്ങളെ സിനിമയിൽ കൊണ്ടുവന്നയാളാണ് ഞാൻ. മിക്കവരും നല്ല പ്രകടനം തന്നെ ആദ്യ സിനിമയിൽ കാഴ്ച വച്ചു. പക്ഷേ ഞാൻ എന്തു പ്രതീക്ഷിച്ചുവോ അതിനും അപ്പുറം നൽകിയത് ദീപ്തി മാത്രമാണ്. അതാണ് ദീപ്തിയെ വ്യത്യസ്തയാക്കുന്നതും.