ഒരിടത്തൊരടത്ത് ഒരു ദേശം അവിടെയൊരു കുഞ്ഞിരാമായണം !

ദുബായ് കുഞ്ഞിരാമനും കൂട്ടരും ഓണത്തിനു പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത് വിഭവ സമൃദ്ധമായ വിഭവങ്ങളുമായിട്ടാണ്. പറഞ്ഞു വന്നത് വിനീത് ശ്രീനിവാസന്‍ മുഴുനീള കോമഡി വേഷത്തിലെത്തുന്ന ഫാമിലി എന്‍റര്‍ടെയിനര്‍ കുഞ്ഞിരാമായണത്തെക്കുറിച്ചാണ്. 

യൂടൂബിലും സോഷ്യല്‍ മീഡിയയിലും തരംഗമായി മാറിയ ഒരു തുണ്ടു പടം, പ്രിയവദം കാതരയാണോ എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ വരവറിയിച്ച ബേസില്‍ ജോസഫ് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറുന്നു. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ സംവിധായകന്‍ പങ്കുവെക്കുന്നു.  

പേരും പോസ്റ്ററുമൊക്കെ കാണുമ്പോള്‍ ഒരു കോമിക്ക് ലുക്ക് ഉണ്ടല്ലോ

ദേശമെന്ന സാങ്കല്‍പിക ഗ്രാമത്തിന്‍റെ കഥയാണിത്. ഇപ്പോഴും കാര്യമായ വികസനങ്ങള്‍ എത്തിനോക്കാത്ത ഒരു ഗ്രാമമാണിത്. അവിടുത്തെ ആളുകളും അന്ധവിശ്വാസങ്ങളും മിത്തുകളും പ്രശ്നങ്ങളുമൊക്കെ ചേര്‍ന്നതാണ് കുഞ്ഞിരാമായണം. ഒരിടത്ത് ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു എന്നു പറഞ്ഞു തുടങ്ങാറുള്ള കഥകളില്ലേ, അത്തരത്തിലുള്ള ഒരു കഥപറച്ചില്‍ രീതിയാണ് സിനിമയില്‍ പരീക്ഷിക്കുന്നത്. കോസ്റ്റ്യൂമിലും പോസ്റ്ററിലുമൊക്കെ ആ ലുക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. 

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഇല്ല

ഒരുപാട് തിരച്ചിലുകള്‍ക്കു ഒടുവിലാണ് പാലക്കാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമം പ്രധാന ലൊക്കേഷനായി ഉറപ്പിച്ചത്. സിനിമക്കു കൂടുതല്‍ സ്വഭാവികതയും പൂര്‍ണതയും ലഭിക്കാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഒഴിവാക്കി ഈ ഗ്രാമത്തിലെ ആളുകളെയും കുട്ടികളെയും അഭിനയിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചത്.   

ദുബായ് കുഞ്ഞിരാമന്

ദേശം ഗ്രാമത്തിനു പുറത്തേക്ക് ജോലി തേടി പോയിട്ടുള്ള ‍രണ്ടേ രണ്ടു പേരെയുള്ളു. ദുബായ് കുഞ്ഞിരാമനും അദ്ദേഹത്തിന്‍റെ അമ്മാവന്‍ വെല്‍ഡണ്‍ വാസുവും. വിനീതാണ് കുഞ്ഞിരാമനായി വേഷമിടുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ ആദ്യത്തെ മുഴുനീള കോമഡി വേഷമാണിത്. ശ്രീനിവാസന്‍റെ പഴയ ചില കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കും ഈ വേഷം. ദുബായ് കുഞ്ഞിരാമന്‍ ഓരോ തവണ നാട്ടിലെത്തുമ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. വിനീത് പുതിയ ഗെറ്റപ്പ് തിയറ്ററില്‍ ചിരി പടര്‍ത്തും എന്നു തന്നെയാണ് വിശ്വാസം. 

ധ്യാനും വിനീതും സ്ക്രീന്‍ പങ്കിടുന്നു

ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അല്‍പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് ധ്യാന്‍ ചെയ്യുന്നത്. അജുവര്‍ഗീസ് അവതരിപ്പിക്കുന്ന കട്ട് പീസ് കുട്ടന്‍റെ സഹായായിട്ടാണ് ധ്യാന്‍ എത്തുന്നത്. 

കട്ട് പീസ് കുട്ടന്‍

നായകന്‍റെ ശിങ്കിടിയായി നടക്കുന്ന  സമീപകാല ചിത്രങ്ങളിലെ വേഷങ്ങളില്‍ നിന്നു അജു വര്‍ഗീസിനെ മോചിപ്പിക്കുന്ന വേഷമാണ് കട്ട് പീസ് കുട്ടന്‍റേത്. മാതൃഭൂമി ടെയിലേഴ്സ് എന്ന തയ്യല്‍ കട നടത്തുന്ന കുട്ടനും ചിത്രത്തില്‍ നെഗറ്റീവ് വേഷമാണുള്ളത്. 

ഷോര്‍ട്ട് ഫിലിമില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക്

ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ഏറെയും ഷോര്‍ട്ട് ഫിലിം ഫീല്‍ഡില്‍ നിന്ന് വന്നവരാണ്. ഞങ്ങളുടെ ഷോര്‍ട്ട് ഫിലിമുകള്‍ ശ്രദ്ധിക്കപ്പെടുന്നത് ഭാഗ്യം കൊണ്ടുകൂടിയാണ്. ഞങ്ങള്‍ ഷോര്‍ട്ട് ഫിലിമെടുക്കുന്ന സമയത്ത് വളരെ കുറച്ചു ഹ്രസ്വചിത്രങ്ങളെ നിര്‍മ്മിക്കപ്പെട്ടിരുന്നുള്ളു. അതുകൊണ്ടാണ് വിനീത് ശ്രീനിവാസനും അജു വര്‍ഗീസുമൊക്കെ ഞങ്ങളുടെ ഷോര്‍ട്ട് ഫിലിമുകള്‍ കാണാന്‍ ഇടയായത്.പക്ഷേ ഇന്നു സ്ഥിതി മാറി ഇപ്പോള്‍ ഷോര്‍ട്ട് ഫിലിമിന്‍റെ പ്രളയമാണ്. പല ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകും. അല്ലെങ്കില്‍ പിന്നെ സ്റ്റാര്‍ കാസ്റ്റുള്ളതോ സാങ്കേതികമായി ഉന്നതനിലവാരം പുലര്‍ത്തുന്നതോമായ ചിത്രങ്ങള്‍ ആയിരിക്കണം. മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ക്കു പണ്ടു സംഭവിച്ചതാണ് ഇപ്പോള്‍ കേരളത്തില്‍ ഹ്രസ്വചിത്രങ്ങള്‍ക്കു സംഭവിക്കുന്നത്. പ്രിയവദം കാതരയാണോ എന്ന ചിത്രമൊക്കെ ഇപ്പോള്‍ ഇറങ്ങിയാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു.  

ജീവിതം മാറ്റി മറിച്ച എന്‍ജിനീയറിങ് കാലഘട്ടം

ഞാന്‍ വളരെ യഥാസ്ഥികമായ ഒരു കുടുംബത്തില്‍ നിന്നാണ് വരുന്നത്. അച്ഛന്‍ പുരോഹിതനാണ്. വയനാട്ടിലായിരുന്നു പ്രഥാമിക വിദ്യാഭ്യാസമൊക്കെ. സിനിമ കാണുന്നതൊക്കെ പടം ഇഷ്ടമായിരുന്നു. പക്ഷേ സിനിമ സംവിധാനം ചെയ്യാന്‍ കഴിയുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല. തിരുവനന്തപുരത്തെ എന്‍ജിനിയറിങ് കോളജ് ജീവിതം ഒരുപാട് വേദികള്‍ സമ്മാനിച്ചു. കൂട്ടുകാര്‍ക്കൊപ്പം നാടകങ്ങളും സ്കിറ്റുമൊക്കെ ചെയ്യുന്നത് പതിവായിരുന്നു. തമിഴില്‍ ഷോര്‍ട്ട് ഫിലിമുകള്‍ തരംഗമായി കൊണ്ടിരുന്ന സമയമായിരുന്നു അത്. എന്തുകൊണ്ട് മലയാളത്തില്‍ അങ്ങനെ ഒരു പരക്ഷണമായികൂടാ എന്ന ചിന്തയുടെ പുറത്തായിരുന്നു ഞങ്ങളുടെ ഹ്രസ്വചിത്രങ്ങളുടെ പിറവി. 

കുഞ്ഞിരാമായണം പ്രതീക്ഷകളും ആശങ്കകളും

പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തില്‍ തന്നെ സിനിമയുടെ സമസ്ത മേഖലകളിലും കൃത്യമായി ഗൃഹപാഠം ചെയ്താണ് മുന്നോട്ട് പോയത്. കലാസംവിധാനം, മേക്കപ്പ്, ലൊക്കേഷന്‍ അങ്ങനെ പല മേഖലകളിലും പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. അതിന്‍റെ ഗുണം തീര്‍ച്ചയായിട്ടും സിനിമയുടെ ഫൈനല്‍ ഔട്ട്പുട്ടില്‍ ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. ഇത് 100 ശതമാനം ഒരു ഫാമിലി കോമഡി എന്‍റര്‍ടെയിന്‍മെന്‍റാണ്. ഓണത്തിനു മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ക്കൊപ്പമാണ് കുഞ്ഞിരാമായണം തിയറ്ററുകളിലെത്തുന്നത്. അതുകൊണ്ടു തന്നെ നല്ല ടെന്‍ഷനുണ്ട്. വലിയ ചിത്രങ്ങള്‍ക്കിടയില്‍ കുഞ്ഞിരാമായണം മുങ്ങി പോകരുതെന്ന പ്രാര്‍ഥനയാണ് ഇപ്പോള്‍ മനസ്സില്‍.