ആളുകൾ എടുക്കാൻ മടിക്കൊന്നൊരു വിഷയം, വെല്ലുവിളി ഏറ്റെടുത്ത ജയറാം

ജയറാം കൈലാസ്

വളരെ വ്യത്യസ്തമായ ഒരു ആശയം, അതും അത്ര പെട്ടെന്ന് ആരും കൈകാര്യം ചെയ്യാൻ മടിക്കുന്ന ഒരു വിഷയം, അതിനെ ചലച്ചിത്രമാക്കി പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുക എന്ന വെല്ലുവിളി ഭംഗിയായി നിർവഹിച്ചിരിക്കുകയാണ് നവാഗതനയാ ജയറാം കൈലാസ്. അക്കൽദാമയിലെ പെണ്ണ് എന്ന തന്റെ കന്നി ചിത്രത്തിലൂടെ നൽകുന്നത് പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു ആധികാരിക വിഷയം കൂടിയാകുന്നു. അന്ധവിശ്വാസങ്ങൾ ഒട്ടവനധി നിലിൽക്കുന്ന സിനിമാമേഖലയിൽ സെമിത്തേരി െന്ന ഒരു വിഷയം എടുത്തപ്പോൾ അദ്ദേഹത്തിനും പലപ്പോഴും ആ വിശ്വാസങ്ങൾക്ക് അടിമപ്പെടേണ്ടി വന്നു. അവ എന്തൊക്കെയാണെന്നും എന്താണ് അക്കൽദാമയിലെ പെണ്ണ് എന്നും സംവിധായകൻ തന്നെ മനസുതുറക്കുന്നു.

അക്കൽദാമയിലെ പെണ്ണ് എന്ന ടൈറ്റിൽ

ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു ശ്മശാനമാണ്‌ അക്കൽദാമ. ജറുസലേമിലാണ് അക്കൽദാമ സ്ഥിതിചെയ്യുന്നത്. അക്കൽദാമ എന്ന പദത്തിന്റെ അർത്ഥം രക്തഭൂമി എന്നാണ്. അക്കൽദാമയിലെ പെണ്ണ് എന്ന ചിത്രത്തിനു ഇത്തരമൊരു പേര് വന്നത് ഇതിലെ കഥാപാത്രങ്ങളും ശ്മശാനവും തമ്മിലുള്ള ബന്ധം കാരണമാണ്. മരണം ജീവിതത്തിന്റെ ഭാഗമാണ്. ജീവിക്കാൻ മരണത്തെ ആശ്രയിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ.

എന്തുകൊണ്ടാണ് ആദ്യ ചിത്രത്തിനു സെമിത്തേരി തന്നെ ഒരു വിഷയമായത്?

ഇതുപോലുള്ള സിനിമ എടുക്കാൻ കൂടുതലും ആളുകൾ മടിക്കുകയാണ് ചെയ്യുന്നത്. സെമിത്തേരിയുമായി ബന്ധപ്പെട്ടുള്ള ജീവിതവും, നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും അതുകൊണ്ടുള്ള പേടിയും ഭീതിപ്പെടുത്തുന്ന രംഗങ്ങളുമൊക്കെ നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമാണിത്. ഇതൊരു വാണിജ്യചിത്രം എന്ന ലേബലിൽ പൂർണമായും ഉൾപ്പെടുത്താനും സാധിക്കില്ല.

ചിത്രം ചെയ്തു കഴിഞ്ഞപ്പോൾ അന്ധവിശ്വാസങ്ങൾക്ക് കീഴ്പ്പെടേണ്ട അനുഭവങ്ങൾ ഉണ്ടായോ?

ചിലപ്പോഴൊക്കെ അങ്ങനെയും സംഭവിച്ചിട്ടുണ്ട്. മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ പലപ്പോഴും അങ്ങനെ ചിന്തിക്കേണ്ടതായും വന്നു. യഥാർഥത്തിൽ കഴിഞ്ഞ ഡിസംബറിൽ ചിത്രം പൂർത്തിയായി സെൻസർ സർട്ടിഫിക്കറ്റ് വരെ ലഭിക്കുകയും ചെയ്തു. പക്ഷേ ഒരു വർഷം ആയപ്പോഴാണ് ചിത്രം ഒന്ന് റിലീസ് ചെയ്യാൻ സാധിച്ചത്. റിലീസിങ്ങിന്റെ തലേ ദിവസം വരെയും ടെൻഷനായിരുന്നു. എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി.

ഷൂട്ടിങ് തുടങ്ങി രണ്ടു ദിവസം ആയപ്പോഴേക്കും നായിക മാളവികയുടെ കാൽ ഒടിഞ്ഞു. കൂടുതലും കരയുന്ന ഒരു വേഷമാണ് ഇതിൽ മാളവികയുടേത്. യഥാർഥത്തിൽ ആ കാലിന്റെ വേദനയോടെയാണ് അവർ ആ കഥാപാത്രം ചെയ്തത്. അതിനു ശേഷമാണ് ആശുപത്രിയിൽ പോയി പ്ലാസ്റ്റർ ഇട്ടത്.

അതുപോലെ സെമിത്തേരി ഷൂട്ട് ചെയ്യാൻ പോകുന്നതിന്റെ അന്ന് രാവിലെ ശ്വേത പറഞ്ഞു, ഇന്ന് നമ്മൾ പോകുന്നത് സെമിത്തേരിയിലേക്കാണ്. അവിടെ മുഴുവൻ ഉറങ്ങിക്കിടക്കുന്ന ആത്മാക്കളാണുള്ളത്. അവരെ ഉണർത്താനാണ് നമ്മൾ പോകുന്നത്. അതുകൊണ്ട് തന്നെ അവർക്കു വേണ്ടി പ്രാർഥിക്കുകയും അവരോടു മാപ്പ് ചോദിക്കുകയും വേണമെന്ന്. ഇതനുസരിച്ച് നമ്മൾ എല്ലാവരും പ്രാർഥിച്ചിട്ടാണ് സെമിത്തേരിയിലേക്ക് പോയത്. ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞപ്പോഴാണ് ശ്വേതയുടെ ഭർത്താവിന്റെ ചേട്ടന്റെ മരണവാർത്ത എത്തിയത്. കുഴി തോണ്ടുന്ന ഒരു സീനാണ് ശ്വേതയ്ക്ക് അവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്. ആ വേദന ഉള്ളിലൊതുക്കി ആ സീൻ ഷൂട്ട് ചെയ്ത ശേഷമാണ് അവർ പോയത്. ഇതൊക്കെ സംഭവിച്ചപ്പോൾ എന്തൊക്കെയോ യാദൃശ്ചികത തോന്നിയിട്ടുണ്ട്. യഥാർഥ വേദനകളോടെ തന്നെ ആ സീനുകൾ ഷൂട്ട് ചെയ്യേണ്ടി വരിക...

ഇങ്ങനെ ചിത്രം മുടങ്ങിപ്പോകുമെന്നു വരെ വിചാരിച്ച ഒത്തിരി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനി എന്താകുമെന്ന് ആലോചിച്ച നിർവികാരതയോടെ നിന്ന നിമിഷങ്ങൾ. എല്ലാം അതിജീവിച്ച് ഇവിടം വരെ കൊണ്ടെത്തിച്ചിരിക്കുന്നതിന് കടപ്പെട്ടിരിക്കുന്ന ഒരുപാട് മുഖങ്ങളുണ്ട്... നിർമാതാക്കൾ, ആർട്ടിസ്റ്റുകൾ, ടെക്നീഷ്യൻമാർ തുടങ്ങി കൂടെനിന്ന് ധൈര്യം തന്ന നിരവധി പേർ.

നവാഗത സംവിധായകൻ ആയതിന്റെ പേരിൽ ബുദ്ധമിട്ടുകളോ, തടസങ്ങളോ നേരിടേണ്ടി വന്നോ?

അങ്ങനെ ഇല്ല. സാധാരണ രീതിയിൽ ഉണ്ടാകാവുന്ന പ്രയാസങ്ങളേ എനിക്കും ഉണ്ടായിട്ടുള്ളു. എല്ലാവരിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്.

ആദ്യചിത്രം ഒരു ഓഫ് ബീറ്റ് ചിത്രം തന്നെ തിര‍ഞ്ഞെടുക്കാൻ കാരണം?

ഞാൻ ദുബായിൽ പരസ്യ ചിത്രങ്ങളുടെ സംവിധായകനായി പ്രവർത്തിക്കുകയായിരുന്നു. നവാഗത സംവിധായകനാകുമ്പോൾ ഒരു വാണിജ്യചിത്രം ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടുകളുണ്ടാകും. നല്ലൊരു ബഡ്ജറ്റ് ഉണ്ടാകണം, അതു പോലുള്ള ആർട്ടിസ്റ്റുകൾ വേണം, അവരുടെ ഡേറ്റ് കിട്ടാനുള്ള കടമ്പകൾ. കൈയിലൊതുങ്ങുന്ന ബഡ്ജറ്റ് വച്ച് നല്ല സബ്ജക്ടിൽ അതു ചെയ്തു പ്രതിഫലിപ്പിക്കാൻ കഴിവുള്ള നല്ല ആർട്ടിസ്റ്റുകളെ വച്ച് ഒരു ഓഫ് ബീറ്റ് പടം ചെയ്യുന്നതാണു നല്ലത്. വാണിജ്യചിത്രം ആകുമ്പോവ്‍ അതുപോലെ കാശും മുടക്കേണ്ടി വരും. ഇതാകുമ്പോൾ നമ്മുടെ കൈയിലൊതുങ്ങുന്ന രീതിയിൽ നല്ല ശക്തമായ ഒരു കഥയുടെ പിൻപലത്തോടെ ചിത്രം ഇറക്കാനും സാധിച്ചു.

ശ്വേതയേയും മാളവികയേയും പരിഗണിച്ചതിനു പിന്നിൽ?

ഈ തൊഴിൽ ചെയ്യുന്നവർക്ക് പുരുഷന്റെ തന്റേടം കൂടി വേണം. ഇതിനായി ശ്വേതയെ തന്നെയാണ് ആദ്യമേ മനസിൽ കണ്ടതും. അവരുടെ മകളായി അത്രയും നല്ല ഒരു കഥാപാത്രം തന്നെ ഉണ്ടാകണം– ലോകം അധികം കാണാതെ വരുന്ന ഒരു കുട്ടി ആകണം. അതിന് ഏറ്റവും യോജിച്ച പെൺകുട്ടിയായിരുന്നു മാളവിക. രണ്ടു പേരും അസാധ്യമായി തന്നെ ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.

വിനീത്?

പല സിനിമകളിലും പലതരം വേഷങ്ങളിൽ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ടുള്ള നടനാണ് വിനീത്. നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിലുള്ള അഭിനയപ്രകടനമാണ് അദ്ദേഹത്തിൽ നിന്നും പലപ്പോഴും കിട്ടിയിട്ടുള്ളതും. ഈ ചിത്രത്തിലായാലും അങ്ങനെ തന്നെ. വിനീത് ഉപയോഗിച്ചിരിക്കുന്ന വിഗ്, പല്ലിൽ തേച്ചിരിക്കുന്ന ഒരു സാധനമുണ്ട്. അതെല്ലാം തന്നെ കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി വിനീത് തന്നെ സെലക്ട് ചെയ്തവയാണ്. അതുപോലെ തന്നെ സുദീർ കരമന. വളരെ ടഫ് ആയിട്ടുള്ള ഒരു കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്. സംസാര രീതിയും മാനറിസവുമെല്ലാം നമ്മൾ പറഞ്ഞു കൊടുക്കുന്നതിൽ നിന്ന് ഒരു പടി കൂടി മുന്നിലായിരുന്നു അദ്ദേഹം ചെയ്തത്.