അസുഖങ്ങളെ മണിച്ചേട്ടൻ ഒരുപാട് ഭയന്നിരുന്നു; വെളിപ്പെടുത്തലുമായി കലാഭവൻ ജിന്റോ

മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണി മരിച്ചിട്ട് ഒരുവർഷം. മണിയുടെ നാടായ ചാലക്കുടിയിൽ സുഹൃത്തുക്കൾ അനുസ്മരണം നടത്തിയിരുന്നു. എന്നാൽ അതിൽ മണിയുടെ നിഴലായി നടന്ന കലാഭൻ ജിന്റോ പങ്കെടുത്തിരുന്നില്ല. അതിന്റെ പിന്നിലെ കാരണം ജിന്റോ മനോരമന്യൂസ് ഓൺലൈനുമായി പങ്കുവെക്കുന്നു.

കലാഭവൻ മണിയുടെ അനുസ്മരണ ദിനം ചാലക്കുടിയിൽ നിഴലുപോലെ നടന്ന നിങ്ങൾ ഏതാനും സുഹൃത്തുക്കളുടെ അഭാവം ശ്രദ്ധേയമായിരുന്നല്ലോ?

മനപൂർവ്വം പോകാതെയിരുന്നതാണ്. ചാലക്കുടിയിൽ അനുസ്മരണമുണ്ട് വരണമെന്ന് എല്ലാവരും വിളിച്ചതാണ്. പക്ഷെ എന്റെ മനസിൽ മണിചേട്ടൻ മരിച്ചിട്ടില്ല. ആ ഒരു തോന്നൽ ഉണ്ടെങ്കിൽ മാത്രം പോയാൽ മതിയല്ലോ. അന്നേ ദിവസം ഞാൻ എന്റെ വീട്ടിൽ തന്നെയായിരുന്നു. പുറത്തേക്കുപോലും പോകാൻ തോന്നിയിരുന്നില്ല. മണിചേട്ടന്റെ ജന്മദിനം ജനുവരി ഒന്നിനാണ്, അന്നേദിവസം ഞങ്ങൾ പാവപ്പെട്ട കുട്ടികൾക്ക് അന്നദാനമൊക്കെ നൽകി മണിചേട്ടന്റെ ഓർമനിലനിർത്തിയിരുന്നു. ജീവിച്ചിരുന്നപ്പോഴും ജന്മദിനം അദ്ദേഹം ആഘോഷിച്ചിരുന്നത് ഇങ്ങനെയായിരിന്നു. അതിനിത്തവണയും മുടക്കം വരുത്തിയില്ല. മണികിലുക്കം എന്ന പേരിൽ അല്ലെങ്കിലും മണിചേട്ടന്റെ പാട്ടുകൾ ഉൾപ്പെടുത്തിയാണ് ഇന്നും പരിപാടികൾ ചെയ്യുന്നത്. മണിചേട്ടന് മനസിൽ മരിച്ചിട്ടില്ലാത്തയിടത്തോളം കാലം അനുസ്മരണത്തിൽ പങ്കെടുക്കാനാവില്ല.

മണിയുടെ മരണശേഷം വിവാദങ്ങൾ ജിന്റോയേയും പിന്തുടർന്നല്ലോ, അതിനെക്കുറിച്ച്?

മണിചേട്ടന്റെ മരണശേഷം സഹോദരൻ രാമകൃഷ്ണനാണ് ഞങ്ങൾ സുഹൃത്തുക്കൾ സ്വത്തുക്കൾ തട്ടിയെടുക്കാൻ നോക്കി, മരണത്തിന് കാരണക്കാർ ഞങ്ങളാണ് എന്നുള്ള രീതിയിൽ അപവാദങ്ങൾ പ്രചരിപ്പിച്ചത്. മണിചേട്ടന്റെ പരിപാടികൾക്ക് ഒപ്പം പോകുമെന്നാല്ലാതെ അദ്ദേഹത്തിന്റെ യാതൊരു കാശും ഞങ്ങളെടുത്തിട്ടില്ല. മണിചേട്ടനോട് സ്നേഹം കലർന്ന ബഹുമാനമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം ഇങ്ങോട്ട് എന്തെങ്കിലും പറഞ്ഞാൽ കേൾക്കും എന്നുള്ളതല്ലാതെ അങ്ങോട്ട് ഞങ്ങൾ പറയുന്നത് കേൾക്കാറില്ലായിരുന്നു. ഒന്നും വിട്ടുപറയാത്ത ആളായിരുന്നു മണിചേട്ടന്‍. ഭാര്യയോടുള്ള അകൽച്ചകൊണ്ടാണ് വീട്ടിൽ കയറാതെയിരുന്നതെന്നൊക്കെയാണ് അപവാദങ്ങൾ പ്രചരിച്ചത്. അതിലൊന്നും ഒരു വാസ്തവവുമില്ല. ഭാര്യയോടും മകളോടും ഒരുപാട് സ്നേഹമായിരുന്നു. ഭാര്യ വിളിച്ചകാര്യമൊക്കെ പറയാറുണ്ടായിരുന്നു, മകളുടെ പഠിത്തം അവളെ പഠിപ്പിച്ച വലിയ ആളാക്കണം എന്നൊക്കെ സ്വപ്നം കാണാറുണ്ടായിരുന്നു. രാമകൃഷ്ണനെപ്പോലെയുള്ള വീട്ടുകാരോടുള്ള അടുപ്പക്കുറവ് കൊണ്ടാണ് മണിചേട്ടൻ വീട്ടിൽ കയറാതെയിരുന്നത്. അല്ലാതെ ഞങ്ങൾ സുഹൃത്തുക്കൾ തടഞ്ഞുവച്ചതൊന്നുമല്ല.

മണിയുടെ മരണത്തേക്കാളേറെ വിവാദങ്ങൾ വേദനിപ്പിച്ചോ?

മരണശേഷം രാമകൃഷ്ണൻ എന്റെ വീട്ടിലൊക്കെ വിളിച്ച് ഏത് നേരവും വഴക്കായിരുന്നു. ഒരുവിധത്തിലുള്ള മനസമാധാനവും തന്നിട്ടില്ല. മണിചേട്ടനെ കള്ളുകുടിപ്പിച്ചത് ഞങ്ങളാണെന്ന രീതിയിലൊക്കെയാണ് സംസാരിച്ചത്. ഞങ്ങൾ അദ്ദേഹത്തെ അതിൽ നിന്ന് വിലക്കിയിട്ടെയൊള്ളൂ. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം സ്വമേധയ നിർത്തി. അല്ലെങ്കിലും നാട്ടുകാർ പറയുന്നത് പോലെ മദ്യപാനിയൊന്നുമല്ല മണിചേട്ടൻ. വല്ലപ്പോഴും ബിയർ കഴിക്കും, രോഗം ഉണ്ടെന്ന് അറിഞ്ഞതോടെ അതും നിർത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. രോഗവിവരം പോലും ഞങ്ങളോട് അദ്ദേഹം പങ്കുവെച്ചിട്ടില്ല. മണിചേട്ടന്റെ മരണത്തിനുപിന്നിലെ ദുരൂഹത പുറത്തുവരണമെന്ന ആഗ്രഹം തന്നെയാണ് എനിക്കുമുള്ളത്. ആ മരണത്തിന്റെ പേരിൽ ഇന്നും മാനസിക പീഡനം അനുഭവിക്കുന്നയാളാണ് ഞാൻ.

രോഗം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മണിയെ രക്ഷിക്കാനാകുമെന്ന് തോന്നിയിട്ടുണ്ടോ?

അറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും കുറച്ചുകൂടി ശ്രദ്ധിച്ചേനേം. മണിചേട്ടന്റെ ശരീരം മെലിഞ്ഞുതുടങ്ങിയ സമയത്ത് എന്തുപറ്റി മണിചേട്ടാ ഇങ്ങനെ ക്ഷീണിക്കുന്നതെന്ന് ചോദിച്ചിരുന്നു. അന്നുപറഞ്ഞത് ഡയറ്റിങ്ങിലാടാ എന്നാണ്. കൂടുതൽ ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. ആശുപത്രി, അസുഖം, മരണം അതിനെയൊക്കെ ഒരുപാട് ഭയന്നിരുന്ന വ്യക്തിയാണ് ചേട്ടൻ. ആരെങ്കിലും വയ്യാതെയൊക്കെ കിടക്കുന്നത് കണ്ടാൽ അന്നേദിവസം മണിചേട്ടന് ആകെ വിഷമത്തിലായിരിക്കും. ആശുപത്രി പോകുന്നത് തന്നെ അദ്ദേഹത്തിന് ഇഷ്ടമല്ലാത്ത കാര്യമായിരുന്നു.