ഗ്ലിസറിനില്ലാതെയാണു കരഞ്ഞത്: രജിഷ

അഭിനന്ദന പ്രവാഹം രജിഷ വിജയനെ വട്ടംചുറ്റി ഒഴുകുകയാണ്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഇതുവരെ പൂർണമായി ഉൾക്കൊള്ളാൻ രജിഷയ്ക്കു കഴിഞ്ഞിട്ടില്ല. ആദ്യചിത്രത്തിൽ തന്നെ തേടിവന്ന അമൂല്യമായ സമ്മാനത്തിന്റെ അമ്പരപ്പിലാണ് ഈ കോഴിക്കോട്ടുക്കാരി.

പുരസ്കാര വാർത്തയെത്തുമ്പോൾ വിനീത് ശ്രീനിവാസൻ നായകനാകുന്ന ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിന്റെ കൊച്ചിയിലെ സെറ്റിലായിരുന്നു രജിഷ. കേക്കുകളും ഐസ്ക്രീമും ഒക്കെ ആവശ്യംപോലെ തട്ടിയെന്നു പറയുമ്പോൾ ഒരു നിമിഷം അനുരാഗ കരിക്കിൻ വെള്ളത്തിലെ എലിസബത്തിനെ ഓർമിപ്പിക്കുന്നു, രജിഷ.

മധുരമീ പുരസ്കാരം

പുരസ്കാരം എനിക്കാണെന്നറിഞ്ഞതുമുതൽ എന്താണു സംഭവിക്കുന്നതെന്നു വലിയ നിശ്ചയമില്ലായിരുന്നു. രാത്രിയിൽ ഈ അവാർഡ് ഇതുവരെ കിട്ടിയവരുടെ ലിസ്റ്റ് എടുത്തുനോക്കി. എല്ലാവരും വലിയ വലിയ താരങ്ങൾ. അവിശ്വസനീയമായ കാര്യമാണ് സംഭവിച്ചത്. പ്രഖ്യാപനത്തിനു രണ്ടുമണിക്കൂർ മുൻപു മാത്രമാണ് എന്റെ പേരും പരിഗണിക്കുന്നുണ്ടെന്ന് അറിഞ്ഞതുതന്നെ.

എലിസബത്ത്

തുടക്കക്കാരിയെന്ന നിലയിൽ ഏറെ വെല്ലുവിളി നിറഞ്ഞ റോളാണ് അനുരാഗ കരിക്കിൻ വെള്ളത്തിലെ എലിസബത്ത്. വികാരങ്ങൾ പല ഡിഗ്രിയിൽ പ്രകടിപ്പിക്കുന്ന കഥാപാത്രമാണ് എലിസബത്ത്. വളരെ നാച്ചുറലായിരിക്കണം അഭിനയമെന്ന് ആദ്യംതന്നെ സംവിധായകൻ ഖാലിദ് റഹ്മാൻ പറഞ്ഞിരുന്നു. കൃത്യമായി എന്താണു വേണ്ടതെന്നും എങ്ങനെയാണെന്നും അദ്ദേഹം കാണിച്ചു തന്നിരുന്നു. നവീൻ ഭാസ്കറിന്റെ തിരക്കഥയിൽ എലി എന്ന കഥാപാത്രം ഡീറ്റെയിലായി എഴുതിവച്ചിട്ടുണ്ട്.

സ്വിച്ചിട്ട പോലെ കരച്ചിൽ

ഗ്ലിസറിനില്ലാതെയാണു ചിത്രത്തിൽ കരഞ്ഞത്. ഒട്ടേറെ വികാരങ്ങൾ പെട്ടെന്നു മാറിമറയുന്ന സ്വഭാവമാണു കഥാപാത്രത്തിന്. ദേഷ്യവും സങ്കടവും വേണം. എന്നാൽ, അതു പുറമേ പ്രകടിപ്പിക്കരുത് എന്നിങ്ങനെയായിരുന്നു പലപ്പോഴും സംവിധായകന്റെ നിർദേശങ്ങൾ. കൂടെ അഭിനയിച്ചവരും ക്യാമറാമാനും എല്ലാം എന്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. കള്ളു കുടിക്കുന്ന, ഉറക്കെ കരയുന്ന ഒരു പെൺകുട്ടിയെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക ആദ്യംതന്നെ ഉണ്ടായിരുന്നു.

ഒരുക്കം

ഒരുപാട് സിനിമകൾ കണ്ടിരുന്നു. ആരുടെയും അഭിനയം എന്നെ സ്വാധീനിക്കരുതെന്ന നിർബന്ധത്തോടെയാണു പഴയ സിനിമകൾ കണ്ടുതീർത്തത്. ഡബ്ബിങ്ങിലാണു ഞാനേറെ മോശം. ഉർവശി ചേച്ചിയുടെ ഒട്ടേറെ പഴയ ചിത്രങ്ങൾ കണ്ടു. അതിലെ വോയിസ് മോഡുലേഷൻ ശ്രദ്ധിച്ചു.

മോഹം

അച്ഛൻ ആർമിയിലായിരുന്നതിനാൽ ഞാൻ പല സ്ഥലത്തായാണു പഠനം പൂർത്തിയാക്കിയത്. ഡൽഹിയിൽനിന്നു ജേണലിസം ഡിഗ്രി കഴിഞ്ഞെങ്കിലും ജേണലിസ്റ്റാകാൻ പോയില്ല. ആങ്കറിങാണ് തിരഞ്ഞെടുത്തത്. എനിക്ക് എന്തിനും സ്വന്തമായി അഭിപ്രായമുണ്ട്. ജേണലിസ്റ്റായാൽ സ്വന്തം അഭിപ്രായം പുറത്തുപറയാൻ പറ്റില്ല. അത് മാറ്റിവച്ചു വേണം നിഷ്പക്ഷമായി ജോലിചെയ്യാൻ. ഞാൻ എന്റെ അഭിപ്രായം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുമെന്നു പേടിച്ചാണ് അതിനു പോകാതിരുന്നത്. ഏറെ ബുദ്ധിമുട്ടുള്ള പണിയാണ് ജേണലിസം. ആങ്കറിങ് തുടങ്ങി ആറുമാസത്തിനുള്ളിൽ തന്നെ സിനിമയിലേക്കു ക്ഷണം ലഭിച്ചിരുന്നു. നല്ല കഥാപാത്രം വരട്ടെയെന്ന കാത്തിരിപ്പിലായിരുന്നു. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഡിഗ്രി കഴിഞ്ഞപ്പോഴാണു ചെറുതായിട്ടെങ്കിലും തോന്നിയത്.

പ്രതീക്ഷകളുടെ ഭാരം

അങ്ങനെയില്ല. പുരസ്കാരം നല്ല പ്രചോദനമായാണു ഞാൻ കാണുന്നത്. അതു നമ്മുടെ ജോലിയിൽ 100 ശതമാനവും പുറത്തെടുക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. പുഷിങ് ഫാക്ടറായാണ് അതിനെ കാണുന്നത്. ജോർജേട്ടൻസ് പൂരമാണു റിലീസാകാനുള്ള പുതിയ ചിത്രം.