മാനഭംഗക്കേസ്; തിരക്കഥാകൃത്ത് ഹാഷിറിന് മൂന്നരവര്‍ഷം തടവ്

യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിന് ശിക്ഷ വിധിച്ചു. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിവിധ വകുപ്പുകളിലായി മൂന്നരവര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് രണ്ടുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്നാണ് കോടതിയുടെ നിര്‍ദേശം.  പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്നും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നതുമായ പ്രതിയുടെ അപേക്ഷകള്‍ പരിഗണിച്ച് ഇളവുചെയ്ത ശിക്ഷയാണിത്.

സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, അഞ്ചുസുന്ദരികള്‍ എന്ന ചിത്രത്തിലെ ആമി എന്നിവയുടെ തിരക്കഥാകൃത്താണ് ഹാഷിര്‍ മുഹമ്മദ്.

2014 ഫെബ്രുവരി 28-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചി മരടിലെ ഒരു ഫ്‌ളാറ്റില്‍വെച്ച് അയല്‍വാസിയായിരുന്ന യുവതിയെയാണ് ഹാഷിര്‍മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളില്‍ നിന്നു കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.