ഈ കലക്ഷനൊക്കെ ഒള്ളതോ അതോ തള്ളോ !

ഫസ്റ്റ് ഡേ കലക്ഷൻ റെക്കോർഡ്, 100 കോടി ക്ലബ്, 20 കോടി ഗ്രോസ് എന്നൊക്കെ കേട്ടു കേട്ടു പ്രേക്ഷകർ പോലും ചോദിക്കുകയാണ്. ഇതൊക്കെ എന്താണ് ? ഇതൊക്കെ സത്യമാണോ ? ഫാൻസുകാർ തമ്മിൽ തള്ളിയും തല്ലിയും മത്സരിക്കുമ്പോൾ സംശയങ്ങളും അനവധിയാണ്.

കലക്ഷൻ എങ്ങനെയാണ് കണക്കു കൂട്ടുന്നത് ?

പ്രേക്ഷകൻ നൂറുരൂപ മുടക്കി ഒരു ടിക്കറ്റ് എടുക്കുമ്പോൾ 2 രൂപ സർവീസ് ടാക്സും 3 രൂപ സെസും കഴിഞ്ഞ് ബാക്കി വരുന്ന 95 രൂപയാണ് ഗ്രോസ് ആയി കണക്കുക്കൂട്ടുന്നത്. ഇതിൽ മുൻസിപ്പാലിറ്റിയിലുള്ള തിയറ്ററുകളിൽ 20 ശതമാനം കുറച്ചു വരുന്ന തുകയാണ് ആകെ നെറ്റ് കലക്ഷന്‍. കോർപ്പറേഷൻ ആണെങ്കിൽ കൂടുതലും പഞ്ചായത്തിലാണെങ്കിൽ കുറവു നികുതിയുമാണ്.

സിനിമയുടെ ആദ്യ ആഴ്ചയിൽ അറുപത് ശതമാനവും രണ്ടാമത്തെ ആഴ്ചയിൽ 55 ഉം പിന്നീട് ഹോൾഡ് ഓവർ ആകുന്നതു വരെ 50 ശതമാനവുമാണ് ഡിസ്ട്രിബ്യൂട്ടർക്ക് ലഭിക്കുക. അതിന് ശേഷം 40 ശതമാനം. ഇതിൽ നിന്നും ഡിസ്ട്രിബ്യൂട്ടറും നിർമാതാവും തമ്മിലുള്ള ധാരണയിലാകും ബാക്കി ബിസിനസ്‍. നിർമാതാക്കൾ തന്നെ വിതരണക്കാരാകാറുമുണ്ട്.

പുലിമുരുകന് കേരളത്തിൽ നിന്നു മാത്രം കിട്ടിയ കലക്ഷൻ 90 കോടിയാണ്. ഇതിൽ മൂന്നിലൊന്നുമാത്രമാണ് നിർമാതാവിന് ലാഭമായി ലഭിക്കുക. 70 കോടി ഗ്രോസ് വന്നെങ്കിൽ 20 കോടി കുറച്ച് ബാക്കി കഴിഞ്ഞ് 35 കോടിയാകും നിർമാതാവിന് ഷെയർ ലഭിക്കുക. പുലിമുരുകന്റെ വിതരണവും നിർമാതാവ് തന്നെയായിരുന്നു. ആദ്യ ദിനം 6 ഷോ വരെ കളിച്ച തീയറ്ററുകളുണ്ട്. ഷോകളുടെ എണ്ണം കൂടിയതു കൊണ്ടാണ് അത്ര വലിയ കലക്ഷൻ ലഭിച്ചത്.

പുലിമുരുകൻ, ഗ്രേറ്റ്ഫാദർ പോലുള്ള സിനിമകൾ മലയാളസിനിമയ്ക്ക് സമ്മാനിക്കുന്ന മറ്റൊരു വസ്തുത ഉണ്ട്. സീരിയലുകളിൽ മാത്രം അഭയം പ്രാപിച്ചിരുന്ന പ്രേക്ഷകരാണ് ഇപ്പോൾ തിയറ്ററുകളിലേക്ക് ഒഴുകി എത്തുന്നത്. പണ്ട് മീശമാധവൻ, തെങ്കാശിപ്പട്ടണം, പുലിവാൽ കല്യാണം തുടങ്ങി ചിത്രങ്ങൾ റിലീസ് ചെയ്തപ്പോഴായിരുന്നു ഇങ്ങനെയൊരു ആഘോഷം ഉണ്ടായിരുന്നത്. ചാനലുകളുടെയും മൊബൈൽ ഫോണുകളും വരവോടെ അത് കുറഞ്ഞതുമാണ്. പിന്നീട് ഈ അടുത്താണ് ആളുകൾ വീണ്ടും തിയറ്ററുകളിലെത്താൻ തുടങ്ങിയത്.

വടക്കൻ സെൽഫി 25 ലക്ഷം ആളുകളാണ് തിയറ്ററുകളിലെത്തി കണ്ടത്. മൂന്നുകോടി ആളുകൾക്കിടയിൽ 75 ലക്ഷം ആളുകൾ പുലിമുരുകൻ കണ്ടു. തിയറ്ററുകളുടെ സൗകര്യം വലിയൊരു കാര്യമാണ്. സുരക്ഷയും സംവിധാനവും മറ്റു സൗകര്യങ്ങളും ഉണ്ടെങ്കിൽ കുട്ടികളുമൊത്ത് തിയറ്ററുകളിൽ വരാൻ കുടുംബങ്ങൾ തയ്യാറാണ്. ഓൺലൈൻ റിസർവേഷൻ വന്നതൊക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി.
2006ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് അന്ന് കലക്ട് ചെയ്തത് 18 കോടിയായിരുന്നു. ചിത്രം ഇന്ന് ഇറങ്ങുമായിരുന്നെങ്കിൽ നൂറുകോടി ക്ലബിൽ എത്തിയേനെ എന്നും പലരും പറയുന്നുണ്ട്. 18 കോടി ആകെ കലക്ട് ചെയ്ത് ചിത്രത്തിന്റെ നിർമാതാവിന് കിട്ടിയ ലാഭം ആറരകോടി രൂപയായിരുന്നു. അന്ന് അൻപത് രൂപ വരെയാണ് ടിക്കറ്റിന്റെ കൂടിയ വില. മൾട്ടിപ്ലക്സ് തിയറ്റർ ഇല്ല.

ഇപ്പോഴും ഓലപ്പുരകളും നോൺ എസി തിയറ്ററുകളും കേരളത്തിലുണ്ട്. തിയറ്ററിന്റെ ക്വാളിറ്റി കൂട്ടി പ്രൊജക്ഷനിലും സൗണ്ടിലും മാറ്റങ്ങളുണ്ടായാൽ ലാഭം തനിയെ വരും. കൂടുതൽ തുക ഇൻവസ്റ്റ് ചെയ്താൽ നല്ലൊരു ബിസിനസ് കൂടിയാണ് തിയറ്റർ. മലയാള സിനിമയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ബിഗ് ബഡ്ജറ്റ് പ്രോജക്ടുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഇതുകൊണ്ടൊക്കെയാണ്.