നടൻ ജയസൂര്യയും സംവിധായകൻ രഞ്ജിത് ശങ്കറും ചേർന്ന് പുതിയ സിനിമ വിതരണ കമ്പനി ആരംഭിക്കുന്നു. പുണ്യാളൻ സിനിമാസ് എന്നു പേരിട്ടിരിക്കുന്ന ഇൗ വിതരണ കമ്പനി ഇവരിരുവരുടെയും സിനിമകൾക്കൊപ്പം മറ്റുള്ള നല്ല ചിത്രങ്ങളുടെ വിതരണവും ഏറ്റെടുക്കും.
ജയസൂര്യയും രഞ്ജിത് ശങ്കറും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു പുണ്യാളൻ ആഗർബത്തീസ്. സൂപ്പർ ഹിറ്റായ ഇൗ ചിത്രത്തിന്റെ പേരാണ് ഇവർ തങ്ങളുടെ വിതരണ കമ്പനിക്കും നൽകിയത്. ഇൗ കമ്പനി ആദ്യമായി വിതരണം ചെയ്യുന്നത് പുണ്യാളൻ ആഗർബത്തീസിന്റെ രണ്ടാം ഭാഗമായിരിക്കും. ഇതു വരെ പേരിട്ടിട്ടില്ലാത്ത ഇൗ ചിത്രം നവംബർ 17–ന് പുണ്യാളൻ സിനിമാസ് തീയറ്ററുകളിലെത്തിക്കും. ജയസൂര്യയും രഞ്ജിത് ശങ്കറും ഡ്രീംസ് ആൻഡ് ബിയോണ്ട്സ് എന്ന നിർമാണ കമ്പനിയും നടത്തുന്നുണ്ട്.
രഞ്ജിത് ശങ്കറിന്റെ ഏറ്റവും പുതിയ ചിത്രമായ രാമന്റെ ഏദൻതോട്ടം തീയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴാണ് അടുത്ത ചിത്രത്തെക്കുറിച്ചും പുതിയ കാൽവയ്പ്പിനെക്കുറിച്ചും സംവിധായകൻ തന്നെ പറഞ്ഞത്.