വില്ലന് വേണ്ടി വിശാലും ഹന്‍സികയും എറണാകുളത്ത്

മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വില്ലനിൽ വിശാലും ഹൻസികയും ജോയിൻ ചെയ്തു. പടുകൂറ്റൻ സെറ്റാണ് ചിത്രത്തിനായി എറണാകുളത്ത് ഒരുക്കിയിരിക്കുന്നത്. വിശാല്‍, ഹന്‍സിക എന്നിവരുള്‍പ്പെടുന്ന ഭാഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

തമിഴിൽ നിന്നും തെലുങ്കിൽ നിന്നും വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അജു വര്‍ഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.

8 കെ റെസല്യൂഷനിലാണ് ചിത്രം ഒരുങ്ങുന്നത്.. ഒരു സിനിമ പൂര്‍ണമായും 8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാകും. വിണ്ണൈ താണ്ടി വരുവായാ, നൻപൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. റെഡിന്റെ വെപ്പണ്‍ സീരീസിലുള്ള ഹെലിയം 8കെ ക്യാമറയാണ് വില്ലനില്‍ ഉപയോഗിക്കുന്നത്.

സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ ബജറ്റ് 25–30 കോടിയാണ്. വിഎഫ്എക്സിനും സ്പെഷൽ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രം പെർഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവർത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്സ് കൈകാര്യം ചെയ്യുക. 

സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. 'ഗുഡ് ഈസ് ബാഡ്' എന്നാണ് സിനിമയുടെ ടാഗ്‍‌ലൈൻ. മഞ്ജു വാര്യർ ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി വേഷമിടുന്നു. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന സിനിമയിലാണ് അവസാനം ഇവർ ഒരുമിച്ചത്. 

സിനിമയിൽ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണൻ പറയുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുക. പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ‍ആണ് ഈ സിനിമയുടെയും സംഘട്ടനം‍. സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടർമാരിൽ ഒരാളാണ്. 

ചിത്രം നിർമിക്കുന്നത് ബജ്‌രംഗി ഭായിജാൻ, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങൾ നിർമിച്ച റോക്‌ലൈൻ വെങ്കിടേഷ് ആണ്. കലാസംവിധാനം ഗോകുൽ ദാസ്. സംഗീതം ഫോര്‍ മ്യൂസിക് ( ഒപ്പം ഫെയിം ). വസ്ത്രാലങ്കാരം–പ്രവീൺ വർമ. മിസ്റ്റർ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.