െവളിപാടിന്റെ പുസ്തകത്തിൽ ലാലേട്ടനെന്താ ഇങ്ങനെ ഒരു ലുക്ക്? വർഷങ്ങൾക്കു മുൻപിറങ്ങിയ ദേവദൂതനിലെ നായകകഥാപാത്രത്തെ ഓർമിപ്പിക്കുന്ന, ഒരൽപം ഓൾഡ് ജെൻ ലുക്ക്?!
എന്നാൽ, ഇക്കണ്ടതൊന്നുമല്ല, ഇനിയും വെളിപ്പെടുത്താത്ത അപ്പിയറൻസ് സിനിമയിൽ വേറെയുമുണ്ടെന്നാണു തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം പറയുന്നത്. രണ്ടാംപകുതിയിലെ ഫ്ലാഷ്ബാക്കിൽ മീശ മാത്രമുള്ള കിടു മോഹൻലാൽ വരും. ക്ലൈമാക്സിലെ 20 മിനിറ്റിൽ േവറൊരു ഗെറ്റപ്പാണ്. അതു സസ്പെൻസുമാണ്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന നീണ്ടമുടി, കുർത്ത, താടി, കണ്ണട ലുക്ക് ഒരു സാംപിൾ മാത്രമാണെന്നു ചുരുക്കം.
ബെന്നി തന്നെ തിരക്കഥ എഴുതിയ ഛോട്ടാ മുംബൈയിൽ മോഹൻലാൽ ഫ്രീക്കനായാണു വന്നത്. ഛോട്ടാ മുംബൈ പോലെത്തന്നെ, മോഹൻലാൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഹ്യൂമർ ഒക്കെയുള്ള ഒരു ലാൽ ജോസ് ചിത്രമായിരിക്കും വെളിപാടിന്റെ പുസ്തകമെന്നു ബെന്നി പറയുന്നു.
പ്രഫ. മൈക്കിൾ ഇടിക്കുള എന്നാണു വെളിപാടിന്റെ പുസ്തകത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിനു േചർന്ന വേഷം ഏറെ ആലോചനയ്ക്കുശേഷമാണു തിരഞ്ഞെടുത്തത്. ഒരു സീനിൽ മൈക്കിൾ ഇടിക്കുള ളോഹയുമിട്ടു വരുന്നുണ്ട്. ബാക്കി കഥയൊക്കെ ഓണത്തിനു ചിത്രം തിയറ്ററിലെത്തുമ്പോൾ വെളിപ്പെടും – ബെന്നി പി. നായരമ്പലം പറയുന്നു.