പുലിമുരുകനുമായി ഒരുതരത്തിലും തന്‍റെ പുതിയ ചിത്രമായ വനമകന് സാമ്യമില്ലെന്ന് നടന്‍ ജയം രവി. ആകെമൊത്തം വ്യത്യസ്തതയൊരുക്കിയ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും നടന്‍ ജയം രവി മനോരമ ന്യൂസിനോട് പറഞ്ഞു. പുതിയ ചിത്രമായ വനമകന്റെ പ്രചാരണാര്‍ഥം കൊച്ചിയില്‍ എത്തിയതായിരുന്നു ജയം രവി.
ഈ ചിത്രത്തില്‍ വനമുണ്ട്. പുലിയുമുണ്ട്. പക്ഷെ പുലിമുരുകനുമായി ഈ ചിത്രത്തിന് ഒരു സാമ്യവുമില്ല. വനമകന്‍ എന്ന തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് പറയുകയാണ് ജയം രവി. ‘പുലിമുരുകന്‍ ഇഷ്ടപ്പെട്ടു. മോഹന്‍ലാലിനെ ഏറെ ഇഷ്ടവുമാണ്. പക്ഷെ വനമകന്‍ പുലിമുരുകനല്ല.-ജയം രവി പറഞ്ഞു.
മലയാളം സിനിമയും പ്രേക്ഷകരും ഒരുപാട് മാറി. പുതിയ സിനിമകളും കാഴ്ചപ്പാടുകളുംകൊണ്ട് കഴിഞ്ഞ അഞ്ചുവര്‍ഷം മലയാള സിനിമയില്‍ വലിയ മാറ്റങ്ങളുണ്ടായി. ഇതരഭാഷാ സിനിമകള്‍ക്കുപോലും ഇത് മാതൃകാപരമാണെന്ന് ജയംരവി പറയുന്നു. ‘ഏറ്റവും കൂടുതൽ ദേശീയപുരസ്കാരം ലഭിച്ചിരിക്കുന്നത് മലയാളസിനിമയ്ക്കാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മലയാളത്തിൽ ഒരുപാട് മാറ്റംവന്നു. പുതിയ തലമുറയില്‍ നിരവധി കഴിവുള്ളവര്‍ മലയാളത്തിൽ വന്നു. അവർ ബുദ്ധിപരമായ രീതിയിലാണ് സിനിമയെ സമീപിക്കുന്നത്.–ജയം രവി പറഞ്ഞു.
എ.എല്‍.വിജയ് സംവിധാനം ചെയ്യുന്ന വനമകനില്‍ സെയിഷയാണ് നായിക. പ്രകാശ് രാജ് ഉള്‍പ്പടെ പ്രമുഖര്‍ ചിത്രത്തിലുണ്ട്.