‘ദിലീപിനെ ചെളിവാരി എറിഞ്ഞവർ സഹതപിക്കേണ്ടിവരും’; നടന് പിന്തുണയുമായി സിനിമാലോകം

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ നടൻ ദിലീപിനു പിന്തുണയുമായി മലയാളസിനിമാലോകം. അജു വർഗീസ്, ജൂഡ് ആന്തണി, ലാൽ ജോസ്, സലിം കുമാർ, എം രഞ്ജിത് തുടങ്ങിയ പ്രമുഖര്‍ ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തി. 

അജു വർഗീസ്–ഈ അടുത്തഇടക്ക് ആക്രമിക്കപ്പെട്ട എന്റെ സഹപ്രവർത്തകയോട് ,പ്രതി ആരാണോ അവർ ചെയ്തത് ശുദ്ധ പോക്കിരിത്തരം ആണ്. ഒരു ന്യായീകരണവും ഇല്ല. പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം.

ദിലീപ് ഏട്ടനോട് ഇപ്പോൾ കാണിക്കുന്നത് നിർബന്ധിതമായി പ്രതിയാക്കാൻ ഉള്ള ശ്രമം. രണ്ടും രണ്ട് ആണെന്ന് മനസിലാക്കാൻ ഉള്ള വിവേകം 100% സാക്ഷരതാ അവകാശപ്പെടുന്ന നമ്മുടെ പൊതു സമൂഹം കാണിക്കണം. സത്യങ്ങൾ ചുരുളഴിയുന്നത് വരെ കുറ്റപ്പെടുത്താതെ ഇരുന്നു കൂടെ?

ജൂഡ് ആന്തണി ജോസഫ്– കോടതി പറയുന്നത് വരെ, ആരും കുറ്റവാളികള്‍ അല്ല. ആരോപിക്കുന്ന കുറ്റം തെളിയുന്ന വരെ ആരെയും ക്രൂശിക്കാന്‍ ആര്‍ക്കും അവകാശമില്ല. മാങ്ങയുള്ള മാവില്‍ കല്ലെറിയല്‍ സ്വാഭാവികം. എന്ന് കരുതി വല്ലവന്റേം മാവില്‍ കരിങ്കല്ലുകള്‍ വാരി എറിയരുത്. #ദിലീപെട്ടനൊപ്പം.

എം രഞ്ജിത്ത് (നിർമാതാവ് )– 25 വർഷത്തിനുമേൽ എന്റെ അടുത്ത സുഹൃത്താണ് ദിലീപ്. എന്റെ എല്ലാ ഉയർച്ചകളിലും താഴ്ചകളിലും ഒരു സഹോദരനെപ്പോലെ എന്നും ദിലീപ് എന്നോടൊപ്പം ഉണ്ടായിരുന്നു. മലയാളസിനിമയിൽ ഒരുപാട് പേരെ സഹായിക്കുകയും അവരുടെ വിഷമങ്ങളിൽ ആശ്വസിപ്പിക്കാൻ ഓടിയെത്തുകയും ചെയ്യുന്ന ഒരാളാണ് ദിലീപെന്നും ഇൻഡസ്ട്രിയിലുള്ള എല്ലാവർക്കുമറിയാം. അങ്ങനെയുള്ള ഒരാളെ ചെയ്യാത്ത കുറ്റത്തിന് ഒരുപാടുപേർ ആക്രമിക്കുന്നത് കാണുമ്പോൾ വളരെ വിഷമമുണ്ട്. ഈ കേസിൽ ദിലീപ് നിരപരാധിയാണെന്ന് തീർച്ചയായും തെളിയിക്കപ്പെടും. അന്ന് ദിലീപിനെ ചെളിവാരി എറിഞ്ഞവർ സഹതപിക്കേണ്ടിവരും. പ്രിയ ദിലീപ്, മലയാളസിനിമയിലെ ഒരുപാടുപേർ നിങ്ങളോടൊപ്പമുണ്ട്. എന്നും

ലാൽജോസ്–ദിലീപ്, നിന്നെ കഴിഞ്ഞ 26 വർഷങ്ങളായി എനിക്കറിയാം. ഞാൻ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാൻ ശ്രമിച്ചാലും ഞാൻ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും.