അമ്മ എന്ന സംഘടന ഇപ്പോൾ ഒരു ചെണ്ടയ്ക്ക് തുല്യമാണെന്ന് സംവിധായകനും അഭിനേതാവുമായ ബാലചന്ദ്ര മേനോൻ. അമ്മ എന്ന് അല്ല അച്ഛൻ എന്നാണു സംഘടനയ്ക്ക് പേരിടേണ്ടിയിരുന്നതെന്ന് കേൾക്കുമ്പോൾ വിഷമമുണ്ടെന്നും അദ്ദേഹം പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മ എടുത്ത നിലപാടിനേയും ചർച്ചയേയും അതേ തുടർന്നു വന്ന വിമർശനങ്ങളേയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയും മോഹൻലാലും അമ്മയുടെ നിർണായക ചർച്ചയ്ക്കു ശേഷം നടന്ന പത്ര സമ്മേളനത്തിൽ മൗനം പാലിച്ചത് എവിടെ എന്തു പറയണണെന്ന് ബോധ്യമുള്ളതുകൊണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു.
"കാലത്തിന് ഭയങ്കര മറവിയാണ്. പല കാര്യങ്ങളും കാലത്തിന്റെ പൊടിപടലത്തിൽ മറഞ്ഞു കിടക്കുകയാണ്. അതിൽപ്പെട്ട് ചിലയാളുകൾ മൗനം പാലിച്ചിരിക്കുന്നത്. കാര്യബോധം ഇല്ലാഞ്ഞിട്ടല്ല. മമ്മൂട്ടിയും മോഹൻലാലും ഇതേ നിലപാടിൽ ആയതുകൊണ്ടാണ് അമ്മയുടെ യോഗത്തിൽ മൗനം പാലിച്ചതെന്നാണ് താന്‍ വിശ്വസിക്കുന്നത്. 2017 സിനിമയിൽ എത്തിയിട്ട് 40 വർഷമായി. ദൈവകൃപയാലും പ്രേക്ഷകരുടെ പിന്തുണയും കൊണ്ട് സിനിമയിൽ നല്ലൊരു സ്ഥാനം കിട്ടി. എന്നാൽ അതേക്കുറിച്ചു പറയാനല്ല ഇപ്പോൾ എത്തിയതെന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്.
താന്‍ അമ്മ സംഘടനയിലെ വെറും ഒരു അംഗം മാത്രമാണെന്നാണ് പുതുതലമുറയിലെ ചിലര്‍ കരുതിയിരിക്കുന്നത്. എന്നാല്‍ ആ സംഘടനയ്ക്ക് അമ്മ എന്ന് പേരിട്ടത് പോലും താനാണ്. അമ്മ എന്ന പേര് എങ്ങനെ വന്നതാണ് എന്നു പോലും പുതിയ തലമുറയിൽ പെട്ടവർക്ക് അറിയില്ല. ചരിത്രം കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നാൽ മാത്രമേ ആളുകള്‍ അറിയുള്ളൂ. അമ്മ എന്ന സംഘടന ഉണ്ടാക്കണമെന്ന് ചിന്തിക്കുന്ന സമയത്ത് ഇപ്പോള്‍ നിങ്ങള്‍ പരാമര്‍ശിക്കുന്ന ആളുകളൊന്നും അതിലില്ല. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ അതിൽ ഇല്ലായിരുന്നു. അവര്‍ പിന്നീട് അതിലേക്ക് വന്നവരാണ്. വേണു നാഗവള്ളിയുടെയും മുരളിയുടെയും ആശയമായിരുന്നു അമ്മ. ബാലചന്ദ്രമേനോന്‍ പറയുന്നു.
വേണു നാഗവള്ളിയാണ് എന്നോട് ഈ സംഘടനയിലെ അംഗമാകണമെന്ന് പറഞ്ഞത്. അന്നും ഞാന്‍ നടനാണെന്ന ധാരണ എനിക്കില്ല. അല്ല ബാലചന്ദ്രനൊരു നടനാണ് അതുകൊണ്ട് അംഗമാകണമെന്ന് വേണു പറഞ്ഞു. പിന്നീട് വേണു പറഞ്ഞത് കറക്ടായി. ഏറ്റവും നല്ല സംവിധായകന്‍ മാത്രമല്ല ഇന്ത്യയിലെ ഏറ്റവും നല്ല നടനാകാനുള്ള ഭാഗ്യവും എനിക്ക് കിട്ടി. ബാലചന്ദ്രമേനോന്‍ പറയുന്നു.
അമ്മയുടെ പ്രാരംഭദശയിലെ ചര്‍ച്ച വന്നപ്പോള്‍ എന്ത് പേരിടണമെന്ന ആലോചനയായി. ആ ഇടയ്ക്കാണ് ഞാന്‍ മലേഷ്യയില്‍ ഒരു യാത്രപോയത്. കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പോയത്. ആ മലയാളി സംഘടനയുടെ പേര് അമ്മ എന്നായിരുന്നു. അപ്പോല്‍ ആ പേര് എനിക്ക് ഇഷ്ടപ്പെട്ടു. മലേഷ്യയില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ മുരളിയോടും വേണുവിനോടും അമ്മ എന്ന സംഘടനയുടെ പേരിന്റെ കാര്യം പറഞ്ഞു. അപ്പോള്‍ മുരളി ആ പേര് കൊള്ളാമല്ലോ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞങ്ങളും ആ പേര് തന്നെ സംഘടനയ്ക്ക് നൽകാന്‍ തീരുമാനിക്കുന്നത്. ഇക്കാര്യം എത്ര പേര്‍ക്കറിയാം. 5000 രൂപ മെമ്പർഷിപ് ഫീസ് നടൻ ശങ്കരാടിയിൽ നിന്ന് വാങ്ങിയതും സിനിമക്കാരുടെ സംഘടനയെ കുറിച്ച് അദ്ദേഹത്തോട് തർക്കിച്ചതും ബാലചന്ദ്ര മേനോൻ ഓർത്തെടുത്ത. മാത്രമല്ല അമ്മയുടെ സെക്രട്ടറിയായും ആറ് മാസം പ്രവര്‍ത്തിച്ചു. ശിവാജി ഗണേശന് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചപ്പോൾ അന്ന് തിരുവനന്തപുരത്തു വച്ച് പ്രൗഢ ഗംഭീരമായ ചടങ്ങും നടത്തി.
മധു സർ ആയിരുന്നു സെക്രട്ടറി ഗണേഷ് ആയിരുന്നു ട്രെഷറർ. താരാധിപത്യം എന്ന നിലയിലേക്ക് സംഘടന ഒരിക്കലും പോകരുതെന്ന് അന്നേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അങ്ങനയാണ് മധുസാറിന്റെ പ്രസിഡന്റാക്കി പാനല്‍ രൂപീകരിച്ചത്. ഞാന്‍ സെക്രട്ടറിയായി വേദിയില്‍ നിന്ന് സംസാരിക്കുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ എനിക്ക് മുന്‍പില്‍ കാണികളായിട്ട് ഇരുന്നിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൈപിടിച്ച് മാത്രമേ എനിക്ക് മുന്നോട്ട് സഞ്ചരിക്കാന്‍ കഴിയുകയുള്ളൂവെന്ന് അന്നത്തെ പ്രസംഗത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഒരുപാട് മനുഷ്യര്‍ അറിഞ്ഞ് പ്രവർത്തിച്ചതു കൊണ്ടാണ് അമ്മ വളർന്നതും.
അമ്മ ഒരുപാട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അമ്മയില്‍ നിന്നും താരങ്ങൾക്ക് കൊടുക്കുന്ന ഒരു ഔദാര്യവും, കൈനീട്ടം ഉൾപ്പെടെയുള്ള ഞാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഞാന്‍ ആരോഗ്യപരമായി മോശമായിരിക്കുമ്പോഴും ഒന്നും എനിക്ക് ഒരു സഹായവും അമ്മ നല്‍കിയിട്ടില്ല. പത്രസമ്മേളനത്തിൽ വൈകാരികമായിട്ടാണ് ഗണേഷ് ഒക്കെ പ്രതികരിച്ചത്. അതേ ഗണേഷ് പിറ്റേന്ന് അമ്മ അടച്ചു പൂട്ടണമെന്നും പറഞ്ഞത്. ഇതിനോടൊക്കെ എത്രമാത്രം ജനങ്ങൾ യോജിക്കുന്നതെന്ന് എനിക്കറിയില്ല. കണക്കു തീർക്കാനുള്ള വേദിയായി അമ്മ മാറുന്നത് വളരെ മോശമാണ്. മനുഷ്യത്വമുള്ളയാർക്കും ആക്രമണത്തിനിരയായ നടിയ്ക്ക് പിന്തുണ കൊടുക്കാതിരിക്കാനാകില്ല. പക്ഷേ അതൊരു നിയമപ്രശ്നം കൂടിയാണ്. അതിൽ നടപടിയെടുക്കേണ്ട നിയമപാലകരെല്ലാം ഇവിടെ ജീവിച്ചിരിപ്പുണ്ട്. ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ എല്ലാവരും അന്വേഷണത്തിൽ തൃപ്തരാണെന്നു പറയുമ്പോൾ എന്തിനാണ് കുറച്ചു പേർ മാറിനിന്ന് അമ്മയെ പഴിക്കുന്നത്. വനിത സംഘടനയെ ഒറ്റപ്പെടുത്തുന്നു എന്നൊക്കെ പറയുന്നതത്. അഭിനയിക്കുന്നവർ തമ്മിൽ സംഘടനപരമായ ചിന്ത വന്നാൽ തന്നെ വൃത്തികേടായിരിക്കും. ഞാനൊക്കെ സിനിമയെടുത്തിരുന്ന സമയത്ത് സംഘടനകളുടെ ആവശ്യമേയുണ്ടായിരുന്നില്ല. കണക്കു തീർക്കുന്ന പരിപാടിയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പരസ്യമായ വിഴുപ്പലക്കൽ എല്ലാവരും നിർത്തണം. സ്ഥിരം പ്രതികരണ തൊഴിലാളിയല്ല. എന്നാൽ ഇപ്പോൾ പറയാതിരുന്നാൽ ഞാനൊരു നപുംസകമായിപ്പോകും അതുകൊണ്ടു മാത്രമാണ് പറയുന്നത്. പരസ്പരം കലഹിക്കുന്നതു നിർത്തി നമുക്കെല്ലാം സിനിമ പ്രവര്‍ത്തകരാകാം."ബാലചന്ദ്ര മേനോൻ പറഞ്ഞു.