അവനുണ്ടായിരുന്നെങ്കിൽ... വികാരഭരിതനായി നാദിർഷ‌‌

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണം പുരോഗമിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത സംവിധായകനും നടനുമായ നാദിർഷയുടെ വൈകാരിക ഫെയ്സ്ബുക്ക് പോസ്റ്റ്. അന്തരിച്ച നടൻ കലാഭവൻ മണിയെക്കുറച്ചാണ് നാദിർഷയുടെ പോസ്റ്റ്. 

‘‘ഞാൻ ഇന്ന് ഒന്നും ഓർക്കാതെ , എന്റെ പ്രിയ സുഹൃത്ത് കലാഭവൻ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ മുൻപന്തിയിലുണ്ടായിരുന്നേനെ. Miss u da.’’ ഇങ്ങനെയാണ് നാദിർഷ ഫെയ്സ്ബുക്കിൽ കുറിച്ച വരികൾ. കേസിലെ നിർണായക വഴിത്തിരവിന്റെ ഘട്ടത്തിൽ ഇത്തരത്തിലൊരു പോസ്റ്റ് നാദിർഷ ഇട്ടതിന്റെ കാരണം ചികയുകയാണ് സമൂഹമാധ്യമങ്ങൾ. 

അതേ സമയം കേസിൽ പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുന്നുവെന്നാണ് സൂചന. പൊലീസ് ആസ്ഥാനത്തു ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നിർണായക യോഗം ചേർന്ന ശേഷമാണ് ഈ നീക്കം. ഇതുവരെ ലഭിച്ച തെളിവുകൾ കോർത്തിണക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെയാണു പൊലീസിന്റെ ഈ നടപടി. അന്വേഷണത്തിന് നേതൃത്വം നൽകുന്ന െഎജി ദിനേന്ദ്ര കശ്യപ്, മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാൻ തീരുമാനിച്ചത്.