കൊച്ചി∙ യുവനടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും മുഖ്യപ്രതിയായ പൾസർ സുനിക്കൊപ്പം ചോദ്യം ചെയ്യും. ജയിലില്‍ നിന്ന് താൻ ഫോണ്‍ ചെയ്തത് നാദിര്‍ഷയെയും അപ്പുണ്ണിയെയുമാണെന്ന സുനിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണിത്. അപ്പുണ്ണിയെ ആദ്യം വിളിച്ചത് മൊബൈല്‍ ഫോണിൽ നിന്നല്ലെന്നും സുനി മൊഴി നൽകി. കേസിലെ സ്രാവുകൾ ആരാണെന്നു രണ്ടു ദിവസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്നു സുനി ഇന്നലെ കാക്കനാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതുവരെ പൊലീസിന്റെ ചോദ്യം ചെയ്യലിനു വിധേയരായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സംവിധായകൻ നാദിർഷാ, സഹായി അപ്പുണ്ണി, നടൻ ധർമജൻ ബോൾഗാട്ടി എന്നിവർ സുനിലിനെക്കുറിച്ചു വെളിപ്പെടുത്തിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ വിശദമായ ചോദ്യാവലിയാണു പ്രത്യേക അന്വേഷണ സംഘം തയാറാക്കിയിരിക്കുന്നത്. സുനിൽ ഇതിനു മുൻപു മറ്റു ചില നടികളോടും സമാനമായ അതിക്രമം കാണിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യൽ നടക്കും. സംഭവത്തിനു പിന്നിൽ ഒരു സൂത്രധാരനുണ്ടെങ്കിൽ ഇത്തവണ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. കേസിലെ ഗൂഢാലോചന കുറ്റത്തിനു ശക്തമായ തെളിവുകൾ കണ്ടെത്താനുള്ള അന്തിമശ്രമത്തിലേക്കു പൊലീസ് നീങ്ങുകയാണ്.
കേസുമായി ബന്ധപ്പെട്ട പല സാധ്യതകൾ അന്വേഷിക്കാൻ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് നീങ്ങുന്നത്. മൊഴികൾ അപ്പപ്പോൾ പരിശോധിച്ചു ബോധ്യപ്പെടാൻ ലോക്കൽ പൊലീസിന്റെ സഹായവും തേടും. അന്വേഷണത്തിൽ പൊലീസിനെ വഴിതെറ്റിക്കാനുള്ള സുനിലിന്റെ വിരുതു കാരണം കേരളാ പൊലീസിലെ മുൻനിര ചോദ്യം ചെയ്യൽ വിദഗ്ധരെ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.