വിചാരണയിൽ അടിതെറ്റിയാൽ പൊലീസും വീഴാവുന്ന വാരിക്കുഴി

നടൻ ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റാരോപണം ശക്തമാക്കാൻ സുഹൃത്തും സംവിധായകനുമായ നാദിർഷായെ കേസിൽ മാപ്പുസാക്ഷിയാക്കാനുള്ള നിയമോപദേശം, വിചാരണ ഘട്ടത്തിൽ നാദിർഷാ കൂറുമാറാനുള്ള സാധ്യത ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം തള്ളി. വിചാരണയിൽ അടിതെറ്റിയാൽ പൊലീസും വീഴാവുന്ന വാരിക്കുഴിയാണ് ദിലീപി‌‌നെതിരെ ആരോപിക്കുന്ന ഇന്ത്യൻ ശിക്ഷനിയമം 120–ബി എന്ന ഗൂഢാലോചനക്കുറ്റം. പ്രതി കുറ്റകൃത്യത്തിൽ നേരിട്ടു ബന്ധപ്പെടാത്ത കേസുകളിൽ പ്രോസിക്യൂഷനു തെളിയിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കുറ്റമാണിത്. കുറ്റപത്രത്തിൽ ദിലീപിനെതിരായ ഓരോ സാഹചര്യത്തെളിവിനും രേഖകളും സാക്ഷികളും വേണം. വിസ്താരത്തിനിടയിൽ സാക്ഷികൾ കൂറുമാറില്ലെന്ന് ഉറപ്പാക്കണം.

ഗൂഢാലോചനയുടെ ഫലമായുണ്ടാവുന്ന കുറ്റകൃത്യത്തിനു ലഭിക്കുന്ന അതേ ശിക്ഷയാണ് ഈ വകുപ്പു ചുമത്തപ്പെട്ട പ്രതിക്കും ലഭിക്കുക. 20 വർഷം കഠിനതടവു ലഭിക്കാവുന്ന കൂട്ടമാനഭംഗം എന്ന വകുപ്പാണു കേസിൽ ചുമത്തിയിരിക്കുന്നത്. ഇക്കാരണത്താൽ പൊലീസ് നിരത്തുന്ന തെളിവുകൾ വിചാരണക്കോടതി തലനാരിഴ കീറി പരിശോധിക്കും. ഇത്തരം കേസുകളിൽ  സംശയത്തിന്റെ നേരിയ ആനുകൂല്യം പോലും പ്രതിക്കാണു ലഭിക്കുക. ഇപ്പോഴത്തെ സംഭവത്തിന് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത പീഡനക്കേസുകളിൽ നിന്നു രണ്ടു കാര്യത്തിൽ അപൂർവതയുണ്ട്– കുറ്റം നടപ്പാക്കാനുള്ള ക്വട്ടേഷനും അതിന്റെ ഗൂഢാലോചനയും. 

ദിലീപിനെ അറസ്റ്റ് ചെയ്യും മുൻപു പ്രത്യേക അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ നിയമോപദേശം തേടിയിരുന്നു. ദിലീപിന്റെ പങ്കു കോടതിയിൽ തെളിയിക്കാൻ സഹായിക്കുന്ന പത്തിലധികം ശാസ്ത്രീയ തെളിവുകളും അഞ്ചു ദൃക്സാക്ഷി മൊഴികളും പരിശോധിച്ച നിയമവിദഗ്ധൻ, ആവശ്യം വന്നാൽ പ്രതികളിൽ ഒരാളെ മാപ്പുസാക്ഷിയാക്കാനും നിർദേശിച്ചു. ഈ ഘട്ടത്തിലാണു നാദിർഷായുടെ പേരു മാപ്പുസാക്ഷിയായി ഉയർന്നത്. 

ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, പ്രതികളെ സംരക്ഷിക്കൽ, അന്വേഷണ സംഘത്തെ വഴിതെറ്റിക്കൽ, കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരം മറച്ചുവയ്ക്കൽ, പൊലീസിന്റെ കൃത്യ നിർവഹണത്തിനു തടസം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസിൽ കൂടുതൽ അറസ്റ്റുണ്ടാവും.