മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനാകുന്നു

നടനും എംഎല്‍എയുമായ മുകേഷിന്റെ മകന്‍ ശ്രാവണ്‍ സിനിമയിലേക്ക്. സോള്‍ട്ട് മാംഗോ ട്രീയുടെ സംവിധായകന്‍ രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന 'കല്യാണം' എന്ന ചിത്രത്തിലൂടെ നായകനായിട്ടാണ് ശ്രാവണിന്റെ അരങ്ങേറ്റം. 

ഡബ്‌സ്മാഷ് വീഡിയോയിലൂടെ പ്രശസ്തയായ വര്‍ഷ ബൊല്ലമ്മമാണ് നായികയാകുന്നത്. നായകന്റെ പിതാവിന്റെ വേഷത്തില്‍ മുകേഷ് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നായികയുടെ പിതാവായി അഭിനയിക്കുന്നത് ശ്രീനിവാസനാണ്. ദുബൈയിലാണ് ശ്രാവണ്‍ ജോലി ചെയ്യുന്നത്. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍എന്നിവരുടേതാണ് തിരക്കഥ. പ്രകാശ് അലക്‌സ് എന്ന പുതിയ സംഗീത സംവിധായകനും കല്യാണത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. മുകേഷ്–സരിത എന്നിവരുടെ മകനാണ് ശ്രാവൺ.

മുകേഷിന്റെ കുറിപ്പ് വായിക്കാം–

എല്ലാ പ്രിയപ്പെട്ടവർക്കും,

എന്റെ മകൻ ശ്രാവൺ മലയാള സിനിമയിൽ ഹരിശ്രീ കുറിക്കുകയാണ്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന "കല്യാണം" എന്ന പുതിയ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഈ മാസം 16 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുകയാണ്. വിശിഷ്ടാതിഥിയായി കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉണ്ടാകും. നിങ്ങളെ ഏവരെയും ഈ പൂജ ചടങ്ങിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുകയാണ്.

എന്നെ ഞാനാക്കിയത് നിങ്ങൾ പ്രേക്ഷകരാണ്. നിങ്ങൾ എനിക്ക് തന്ന സ്നേഹവും ആരാധനയും ഇഷ്ടവുമെല്ലാം ശ്രാവണിനും കൊടുക്കുമെന്ന് എനിക്കറിയാം. തീർച്ചയായും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിക്കുന്നു. 

സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം മുകേഷ്.