നടൻ മുകേഷിന്റെയും നടി സരിതയുടെയും മകൻ ശ്രാവൺ സിനിമയിലേക്ക്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ‘കല്യാണം’ എന്ന ചിത്രത്തിലാണ് ശ്രാവൺ നായകനാകുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ. ബാലന്റെയും സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പൂജ.
ചലച്ചിത്രമേഖലയിൽ ശ്രാവണിന്റെ ആദ്യചുവടാണിത്. ‘വയ’ ഫിലിംസ് നിർമിക്കുന്ന ‘കല്യാണം’ എന്നചിത്രത്തിൽ ശ്രാവണിന്റെ നായികയാകുന്നത് ഡബ്സ്മാഷിലൂടെ ശ്രദ്ധേയയായ വർഷയാണ്. ചിത്രത്തിൽ മുകേഷും ശ്രീനിവാസനും ഉൾപ്പടെ പ്രമുഖർ വേഷമിടുന്നു.
മുകേഷുമായി വിവാഹമോചിതയായ നടി സരിതയും മകന്റെ സിനിമാ പ്രവേശനത്തിന് സാക്ഷിയായി. മുകേഷിന്റെ പിതാവും മലയാള നാടകവേദിയിലെ ഇതിഹാസതുല്യനുമായ ഒ. മാധവന്റെ അസാന്നിധ്യത്തെക്കുറിച്ച് സരിത സൂചിപ്പിച്ചു. മുകേഷിന്റെ ഭാര്യ മേതിൽ ദേവികയും അമ്മയും ഉൾപ്പടെയുള്ള കുടുംബാംഗങ്ങളും സുഹൃത്തക്കളും ചടങ്ങിനെത്തി.