മലയാള സിനിമയിലെ ചൂഷണം എന്നവസാനിക്കും?

മലയാളസിനിമയോട് വനിതാകൂട്ടായ്മ തുറന്നു ചോദിക്കുന്നു. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണം അവസാനിപ്പിക്കാന്‍ തയാറാണോ? അമ്മ പ്രസിഡന്റ് കണ്ണടച്ചിരുട്ടാക്കിയാല്‍ ഇരുണ്ടു പോകില്ല, സ്ത്രീകള്‍ക്ക് ഇവിടം സ്വര്‍ഗമല്ലെന്നു തെളിവുകള്‍ തരാമെന്ന് അവര്‍ ആര്‍ജവത്തോടെ പറയുകയാണ്. അമ്മയ്്ക്കും ജനപ്രതിനിധിയായ പ്രസിഡന്റിനും ധൈര്യമുണ്ടോ ചോദിക്കാന്‍, മലയാളസിനിമയില്‍ നിങ്ങളെ ആരാണ് ചൂഷണം ചെയ്യുന്നതെന്ന് ? ആരായാലും ഞങ്ങള്‍ നടപടിയെടുക്കാമെന്ന്, വെറുതേയെങ്കിലും ഒരുറപ്പു കൊടുക്കാന്‍ അമ്മയ്ക്കു കഴിയുമോ? മനോരമന്യൂസിന്റെ കൗണ്ടര്‍പോയന്റില്‍ പ്രമുഖ തിരക്കഥാകൃത്തും വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകയുമായ ദീദി ദാമോദരന്‍ തുറന്നു പറഞ്ഞു.

ഈ യാഥാര്‍ഥ്യത്തെയാണ്, അതായത് തൊഴില്‍ ചെയ്തു ജീവിക്കാന്‍ ലൈംഗികചൂഷണത്തിന് വിധേയയാകേണ്ടി വരുന്നുവെന്ന അപമാനത്തെക്കുറിച്ചാണ് മലയാളസിനിമയില്‍ അങ്ങനെയൊന്നുമില്ലെന്ന് താരസംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റ് സാക്ഷ്യപ്പെടുത്തിയത്. തിരുവായ്ക്കതെതിര്‍വായില്ലാത്ത കാലം മാറിത്തുടങ്ങിയെന്ന് ഇന്നസെന്റും അമ്മയും ഇനിയും മനസിലാക്കിയിട്ടില്ല. . ഇന്നസെന്റിനെ തിരുത്തിയ വിമന്‍ ഇന്‍ സിനിമ കളക്ടീവ് തെളിവുകള്‍ കൈയിലുണ്ടെന്നും തുറന്നടിക്കുകയാണ്.

അപ്പോള്‍ ഒറ്റച്ചോദ്യമേയുള്ളൂ. അമ്മ തയാറാണോ നടപടിയെടുക്കാന്‍? ഒപ്പം അഭിനയിക്കാന്‍ ലൈംഗികചൂഷണം അവകാശമായി കരുതുന്നതാരാണെന്ന് പരസ്യമായി ചോദിക്കാന്‍ പോലും ധൈര്യമുണ്ടോ? ഇനി ആവര്‍ത്തിക്കില്ലെന്നുറപ്പു പറയാനെങ്കിലും മനുഷ്യത്വമുണ്ടോ? ഉണ്ടാകില്ല. കാരണം ഇതുവരെയുള്ള മലയാളസിനിമ അടിമുടി സ്ത്രീവിരുദ്ധമാണ്. ചൂഷണത്തില്‍ കേന്ദ്രീകൃതമാണ് സിനിമയുടെ അധികാരഘടന. പക്ഷേ മാറ്റം തുടങ്ങുകയാണ് എന്നു തന്നെ വിശ്വസിക്കണം.

അമ്മ സമ്മേളനവേദിയിലെ കോലാഹലങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കാനെത്തിയ ഇന്നസെന്റിനു മുന്നിലുയര്‍ന്ന ഒരു ചോദ്യമാണ് മലയാളസിനിമ ഇന്നുവരെ തുറന്നു പറയാന്‍ ധൈര്യം കാണിച്ചിട്ടില്ലാത്ത ചോദ്യങ്ങളിലേക്കും ചര്‍ച്ചകളിലേക്കും വഴി തുറന്നത്. ഒന്നും അറിയാത്ത പ്രസിഡന്റ് പിന്നെ ആര്‍ക്കു വേണ്ടിയാണ് ഇങ്ങനെ കണ്ണടച്ചിരുട്ടാക്കുന്നതെന്ന ചോദ്യത്തിന് പണ്ട് നടി പാര്‍വതി തന്നെ ഉത്തരം നല്‍കിയിട്ടുണ്ട്. അത്രമേല്‍ സാധാരണമാണത് എന്നു തന്നെ..

മലയാളത്തിലെ മുന്‍നിരനായിക ഇങ്ങനെ തുറന്നടിച്ചിട്ട് മാസങ്ങളായി. ആരാണത് എന്ന ഒരന്വേഷണം പോലും അമ്മ എന്ന താരങ്ങളുടെ കുത്തകാവകാശമുള്ള സംഘടന അവരോടു ചോദിച്ചിട്ടില്ല. ചോദിക്കാത്തതിന്റെ കാരണമാണ് പാര്‍വതി രണ്ടാമത് പറഞ്ഞത്. ഇറ്റ്സ് സോ കോമണ്‍. ഇപ്പോള്‍ നിങ്ങള്‍ പറയുന്നത് ശരിയല്ലെന്ന് വിമന്‍ ഇന്‍ കളക്ടീവ് വെറുതേയങ്ങ് പറഞ്ഞു വയ്ക്കുകയല്ല. പതിറ്റാണ്ടുകളായി മലയാളസിനിമയ്ക്കൊപ്പം ചരിക്കുന്ന ഫിലിം എഡിറ്റര്‍ ബീനാപോളും പുതുതലമുറയിലെ പ്രമുഖ അഭിനേത്രി റിമാകല്ലിങ്കലും തുറന്നു പറയുന്നു, ഇത് മാറാതെ മുന്നോട്ടു പോകാനില്ലെന്ന്. ബീനാപോള്‍ ഔര്‍മപ്പെടുത്തുന്നു, കൂടെ കിടക്കാന്‍ വിളിക്കുന്നതു മാത്രമാണ് പ്രശ്നമെന്നു കരുതരുത്്. അതാവശ്യപ്പെടുന്നവരുടെ എണ്ണം കുറവായിരിക്കാം. പക്ഷേ ദ്വയാര്‍ഥപ്രയോഗങ്ങളും, മോശം സംഭാഷണങ്ങളും മെസേജുകളും അവകാശമായി കരുതുന്നവരും ചൂഷണം തന്നെയാണ് നടത്തുന്നതെന്ന് ഉള്‍ക്കൊള്ളാന്‍ മാത്രം വലിപ്പം ഇനിയും മലയാളസിനിമയ്ക്കു കൈവന്നിട്ടില്ല. റിമ ചോദിക്കുന്നത് മറ്റൊന്നാണ്. അമ്മ പ്രസിഡന്റ് നടത്തിയ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ പ്രസ്താവനയെക്കുറിച്ചു തന്നെ.

ഒരു തൊഴില്‍ ചെയ്യാനുള്ള അവകാശത്തിനു പകരമായി കൂടെ കിടക്കേണ്ടി വരുന്ന സ്ത്രീ മോശമാകുകയും ആ ചൂഷണം അവകാശമായി കരുതുകയും ചെയ്യുന്ന പുരുഷനെക്കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്യുന്ന, താരനേതൃത്വത്തെയാണ് റിമ ചോദ്യം ചെയ്തത്. ആരെങ്കിലും ചൂഷണത്തിനു ശ്രമിച്ചെങ്കില്‍ എന്തുകൊണ്ട് തുറന്നു പറഞ്ഞുകൂട എന്ന ഇന്നസെന്റിന്റെ ചോദ്യം ഇന്നത്തെ സിനിമാരാഷ്ട്രീയത്തില്‍, സമൂഹമനോഭാവത്തില്‍ ഒരു വലിയ തമാശയാണെന്നു പറയാതെ വയ്യ. പറഞ്ഞവരുടെ ഗതിയെന്തെന്നും, ഹീനമായ ഒരു ആക്രമണം തുറന്നു പറഞ്ഞ നടി സഹപ്രവര്‍ത്തകരില്‍ നിന്നു പരസ്യമായി തന്നെ നേരിട്ട ്അവഹേളനമെന്തെന്നും തിരിച്ചറിയാത്ത ശ്രീ ഇന്നസെന്റിനോട് സ്ത്രീപക്ഷരാഷ്ട്രീയം, നീതി , തുല്യാവകാശം, ഇടതുപക്ഷജനപ്രതിനിധി എന്നൊക്കെ സംവദിക്കാന്‍ ആര്‍ക്കു ധൈര്യമുണ്ടാകും.

തുറന്നു പറയാന്‍ കാണിച്ച ഈ ധൈര്യം മതി, തിരുത്താന്‍ കാട്ടിയ ആര്‍ജവം മതി. വനിതാ കൂട്ടായ്മയ്ക്ക് മലയാളസിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാനാകും. ഒറ്റസീനില്‍ വിപ്ലവം വരുമെന്നല്ല, എവിടെ തുടങ്ങണമെന്നറിയില്ലെന്ന് നിങ്ങള്‍ക്കു പോലും തോന്നുന്നത്ര വിപുലമാണ് മലയാളസിനിമയിലെ സ്ത്രീകള്‍ നേരിടുന്ന വിവേചനമെന്ന് ലോകം അറിഞ്ഞിരിക്കുന്നു. ശാരീരിക ചൂഷണം മാത്രമല്ല, സാമ്പത്തികചൂഷണവും പുരുഷമേധാവിത്തവും കൊടികുത്തി വാഴുന്ന മലയാളസിനിമയ്ക്ക് മാറ്റത്തിന് കീഴ്പ്പെടാതിരിക്കാനാകില്ല. മലയാളസിനിമ മാറുകയെന്നാല്‍, മലയാളിയുടെ സംസ്കാരം തന്നെ മാറുകയെന്നു കൂടിയാണ്.

ഇത്തവണ ഓസ്കര്‍ പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ലാ ലാ ലാന്‍ഡ് എന്ന സിനിമയിലെ നായിക, പ്രമുഖ താരം എമ വാട്സന്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്.ലാ ലാ ലാന്‍ഡില്‍ ഒപ്പം അഭിനയിച്ച പ്രമുഖ പുരുഷ താരങ്ങള്‍ പ്രതിഫലം വെട്ടിക്കുറച്ചുകൊണ്ട് തനിക്കും തുല്യപ്രതിഫലം ഉറപ്പാക്കാന്‍ നിലപാടെടുത്തുവെന്ന്. ഹോളിവുഡ് മുതലുള്ളതാണ്, വേതനത്തിലെ കടുത്ത അസമത്വം. നായകന്റെ പ്രതിഫലത്തിന്റെ പത്തിലൊന്നു പോലും ലഭിക്കാത്ത നായികമാര്‍ തന്നെയാണ് മലയാളത്തിലുമുള്ളത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പരിഗണനയില്‍, ബഹുമാനത്തില്‍, സംഘടനയില്‍ എവിടെയും സ്ത്രീകള്‍ ഏറെ പിന്നില്‍ തന്നെ. പക്ഷേ നായികാകേന്ദ്രീകൃതമായ ചിത്രങ്ങളൊരുക്കാന്‍ തയാറാകുന്ന പുതു തലമുറ ചലച്ചിത്രപ്രവര്‍ത്തകരുടെ മനോഭാവം പ്രതീക്ഷയുണ്ടാക്കുന്നതാണെന്ന് വനിതാതാരങ്ങള്‍ തുറന്നു പറയുന്നു. 

സിനിമയിലെ തൊഴിലിന് കിട്ടുന്ന പ്രതിഫലത്തേക്കാള്‍ ഞെട്ടിക്കുന്ന ഒന്നാണ് ഓണ്‍സ്ക്രീനില്‍ മറയില്ലാതെ അരങ്ങു തകര്‍ക്കുന്ന സ്ത്രീവിരുദ്ധത. ദ്വയാർഥപ്രയോഗങ്ങളും സ്ത്രീകളെ വികലമായി ചിത്രീകരിക്കുന്ന തമാശകളും മലയാളിയുടെ സംസ്കാരത്തെ എത്രമാത്രം സ്വാധീനിച്ചുവെന്നത് പ്രകടമാണ്. ഒപ്പം മുന്നോട്ടു കുതിക്കുന്ന യഥാര്‍ഥ സ്ത്രീജീവിതത്തെ ഇന്നും കുടുംബത്തിന്റെയും അധികാരഘടനയുടെയും ചട്ടക്കൂടിനുള്ളില്‍ പൂമുഖവാതില്‍ക്കലെ പൂതിങ്കളാക്കി പ്രതിഷ്ഠിച്ചതിലും മലയാളസിനിമയ്ക്കുള്ള പങ്ക് നിസ്തുലമാണ്.

അങ്ങനെ സിനിമ വരച്ചിട്ട പൊതുബോധത്തിനുള്ളില്‍ നിന്നു കൂടിയാണ് മലയാളിസ്ത്രീകള്‍ കുതറിമാറി മുന്നേറുന്നത്. സിനിമ സ്ത്രീസൗഹൃദമാകുകയെന്നാല്‍ മലയാളികളുടെ ലോകമാകെ കൂടുതല്‍ പുരോഗമനപരമാകുകയെന്നതാണ്. ഉടലിലും ഉയിരിലും സ്വാതന്ത്യമുള്ള, അപമാനിക്കപ്പെടാതിരിക്കാന്‍ അവകാശമുണ്ടെന്ന് തിരിച്ചറിയുന്ന സ്ത്രീകള്‍ക്ക് കടന്നു വരാന്‍ ഇടമൊരുക്കണം മലയാളസിനിമ. അന്തസോടെയും ആത്മാഭിമാനത്തോടെയും വനിതകള്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്ന തൊഴില്‍മേഖലയും കലാമേഖലയുമായി സിനിമ മാറണം. കുടഞ്ഞുകളഞ്ഞാലും പറ്റിപ്പിടിക്കുന്ന സ്ത്രീവിരുദ്ധതയുമായി സിനിമാസംഘടന കണ്ണടച്ചിരുട്ടാക്കിയാല്‍ ലോകം മുന്നോട്ടു പോകാതിരിക്കില്ല. ഇന്നസെന്റ് നിഷ്കളങ്കനായി തുടരട്ടെ. പക്ഷേ മലയാളസിനിമ സ്ത്രീവിരുദ്ധത അവസാനിപ്പിക്കണം.