കട്ട് പറഞ്ഞിട്ടും പൊട്ടിക്കരഞ്ഞ് മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി ലാൽജോസ് ഒരുക്കുന്ന വെളിപാടിന്റെ പുസ്തകം സിനിമാ ലൊക്കേഷനിലെ ഒരു വിഡിയോ തരംഗമാകുന്നു. മോഹൻലാൽ ഉൾപ്പെടുന്ന ഒരു രംഗത്തിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

ഒരു പെൺകുട്ടിയുടെ മൃതദേഹം കയ്യിൽ എടുത്ത് മോഹൻലാൽ നടന്നുവരുന്ന രംഗമാണ് വിഡിയോയിൽ കാണുന്നത്. കുട്ടിയെ തന്റെ മടിയിൽവച്ച് മോഹൻലാൽ ഉച്ചത്തിൽ കരയുന്നു. സംവിധായകൻ കട്ട് പറഞ്ഞപ്പോൾ ലൊക്കേഷനിൽ ഉണ്ടായിരുന്ന എല്ലാവരും മോഹൻലാലിന്റെ അഭിനയം കണ്ട് കയ്യടിച്ചു. 

എന്നാൽ മോഹൻലാലിന് തന്റെ കഥാപാത്രത്തിൽനിന്നും തിരികെ വരാൻ കഴിഞ്ഞില്ല. രംഗം ചിത്രീകരിച്ചു കഴിഞ്ഞശേഷവും സങ്കടം അടക്കാൻ കഴിയാതെ മോഹൻലാൽ പൊട്ടിക്കരഞ്ഞു. ഇതുകണ്ട അണിയറപ്രവർത്തകർ ഒടുവിൽ അടുത്തെത്തി മോഹൻലാലിനെ എഴുന്നേൽക്കാൻ സഹായിക്കുകയായിരുന്നു.

മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. 

കോളജ് അധ്യാപകനായ പ്രൊഫ.മൈക്കിൾ ഇടിക്കുളയാണ് ചിത്രത്തിലെ മോഹൻലാലിന്റെ ഒരു കഥാപാത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ. അങ്കമാലി ഡയറീസ് ചിത്രത്തിലെ നായിക രേഷ്മ രാജനാണ് മോഹൻലാലിന്റെ നായികയായെത്തുന്നത്. സലിം കുമാർ, അനൂപ് മേനോൻ, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

മോഹൻലാല്‍ കംപ്ലീറ്റ് ആക്ടർ മത്സരത്തില്‍ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ