വ്യത്യസ്തതകളിലൂടെ മലയാളിയെ ഞെട്ടിച്ച താരമാണ് സാക്ഷാൽ സന്തോഷ് പണ്ഡിറ്റ്. അഭിനയവും സംവിധാനവും എഡിറ്റിങ്ങും ഛായാഗ്രഹണവുമൊക്കെയായി ഒരു സിനിമയ്ക്കു വേണ്ടുന്ന എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്ക്ക് പെർഫെക്‌ഷനില്ലെന്ന ആരോപണമായിരുന്നു ആദ്യം. എന്നാൽ ഇൗ വാദവും ഒരു മാർക്കറ്റിങ് തന്ത്രമായി സ്വീകരിച്ച അദ്ദേഹം ഇപ്പോൾ മുഖ്യധാര സിനിമയുടെയും ഭാഗമാകുകയാണ്. മമ്മൂട്ടിക്കൊപ്പം പുതിയ ചിത്രത്തിൽ മുഴുനീള വേഷമാണ് ഇദ്ദേഹം ചെയ്യുന്നത്. ഇതോടൊപ്പം ഒരു ബഹുഭാഷാ ചിത്രത്തിന്റെയും ഭാഗമാകുന്നു. പുതിയ സിനിമാ വിശേഷങ്ങൾ മനോരമ ഒാൺലൈനുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.
പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ?
ഇപ്പോൾ അഭിനയിക്കുന്നത് ഷിജിത്ത് ലാൽ എന്ന സംവിധായകന്റെ ചിത്രത്തിലാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ്. ഞാൻ സംവിധാനം ചെയ്യാത്ത എന്റെ മൂന്നാമത്തെ ചിത്രമാണിത്. ഗോവ, വർക്കല എന്നിവിടങ്ങളിലായിരിക്കും ഷൂട്ട്. മലയാളം, െതലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം ഇറങ്ങും. സ്ത്രീകൾക്ക് പ്രാമുഖ്യം നൽകുന്ന ചിത്രമായിരിക്കും. സോണിയ അഗർവാൾ, ലീന കപൂർ എന്നിവരായിരിക്കും നായികമാർ. മലയാളത്തിലെ ഒരു സൂപ്പർ താരവും ചിത്രത്തിൽ അഭിനയിക്കും. എന്റെ സംവിധാനത്തിലുള്ള ചിത്രമല്ലാത്തതുകൊണ്ട് എനിക്ക് സിനിമയെക്കുറിച്ച് തുറന്നു പറയുന്നതിൽ നിയന്ത്രണങ്ങളുണ്ട്. സിനിമ പുറത്തു വന്നിട്ട് എല്ലാവരും അറിഞ്ഞാൽ മതിയെന്ന നിലപാടിലാണ് അണിയറപ്രവർത്തകർ. അതുകൊണ്ട് സസ്പെൻസ് പൊളിക്കുന്നില്ല.
തിരക്കുള്ള നടനായോ?
ഒരു സിനിമാക്കാരൻ, മമ്മൂട്ടി ചിത്രം, പിന്നെ ഇൗ ചിത്രവും. ഇപ്പോൾ എന്റേതല്ലാത്ത മൂന്നാമത്തെ സിനിമയിലാണ് അഭിനയിക്കുന്നത്. എന്റെ സ്വന്തം സിനിമ ഉരുക്കു സതീശൻ നീണ്ടുപോകുന്നു എന്നതാണ് സങ്കടം. അതിലെ നായകൻ തല മൊട്ടയടിച്ചിട്ടുണ്ട്. അതിനിടയിൽ ഇൗ സിനിമകളിൽ അഭിനയിക്കുന്നത് കൊണ്ട് ഉരുക്ക് സതീശന്റെ ജോലി തടസപ്പെട്ടു. ഇനി അഞ്ചു ദിവസത്തെ ഷൂട്ടു കൂടിയുണ്ട്. പക്ഷെ മുടിയുള്ള ഗെറ്റപ്പ് പറ്റില്ല. മറ്റ് സിനിമകൾക്കൊക്കെ മുടിയുള്ള സന്തോഷ് പണ്ഡിറ്റിനെയാണ് ആവശ്യം. എന്റെ സിനിമകളുടെ പ്രത്യേകത പെട്ടെന്ന് ഷൂട്ട് തീരും എന്നുള്ളതാണ്. ഒരു തമിഴ് സിനിമയുടെയും ചർച്ച നടക്കുന്നുണ്ട്.
നേരത്തെ എന്റെ വർക്കിലുള്ള തിരക്ക് മാത്രമായിരുന്നു. ഞാൻ എന്റെ ചിത്രങ്ങൾ മാത്രമേ ചെയ്യുകയുള്ളൂ എന്നൊരു ധാരണ എല്ലാവർക്കും ഉണ്ടായിരുന്നു. ഇപ്പോൾ മമ്മൂക്ക ചിത്രത്തിൽ അഭിനയിച്ചതോടെയാണ് ആ തെറ്റിദ്ധാരണ മാറിയത്. ഫെയ്സ്ബുക്കിൽ ആളുകൾ എന്നും വന്ന് ഉരുക്ക് സതീശന്റെ റിലീസിങ് ഡേറ്റ് ചോദിക്കും. അവരോടൊക്കെ കുറച്ചു കൂടി കാത്തിരിക്കാൻ പറഞ്ഞിട്ടുണ്ട്.
മാർക്കറ്റിങ് സ്ട്രാറ്റജി മാറ്റിയോ?
ഞാൻ ഒരു സിനിമ തുടങ്ങുകയാണെങ്കിൽ ആദ്യം ഫെയ്സ്ബുക്കിൽ ജനങ്ങളോട് പറയും. എന്നാൽ, ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞത് സിനിമ ഇറങ്ങിക്കഴിയുമ്പോൾ ആളുകൾ അറിഞ്ഞാൽ മതി എന്നാണ്. അവരുടെ രീതി അതായിരിക്കാം. പക്ഷേ, ചിത്രം കണ്ടിട്ട് എന്റെ ഫാൻസ് ഒരുപാട് പേർ നേരിട്ടും അല്ലാതെയും ചോദിച്ചു, ഇൗ സിനിമയിലുണ്ടെന്ന് ചേട്ടൻ എന്തുകൊണ്ട് ഞങ്ങളോട് നേരത്തെ പറഞ്ഞില്ല എന്ന്. കാരണം ഞാൻ എപ്പോഴും എന്റെ സിനിമകളെക്കുറിച്ച് അവർക്ക് വിവരങ്ങൾ കൈമാറാറുണ്ട്. മറ്റുള്ള സിനിമകളിൽ അഭിനയിക്കുമ്പോൾ നമുക്ക് സ്വാതന്ത്ര്യക്കുറവുണ്ട്.
മമ്മൂക്കയോടൊപ്പമുള്ള സിനിമയിലും ഇതേ നിർദേശമുണ്ട്. മമ്മൂട്ടിയോടൊപ്പമുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്യരുതെന്നും ലൊക്കേഷൻ ചിത്രങ്ങളും കഥാപാത്രവും ലുക്കും പുറത്തു പറയരുതെന്നും പ്രത്യേക നിർദേശമുണ്ട്.
മമ്മൂക്കയോടൊപ്പം അഭിനയിച്ചു ഇനി ലാലേട്ടൻ?
അതാണ് സ്വപ്നം. ആ വിളിക്കായാണ് കാത്തിരിക്കുന്നത്.
പ്രതിഫലം കൂട്ടിയോ?
ഇനി കൂട്ടാമല്ലോ? ഇപ്പോൾ ഒരു അഡ്ജസ്റ്റ്മെന്റിലങ്ങനെ പോകുന്നു. എത്രകിട്ടിയാലും അതിലൊരു ഭാഗം സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവർക്കുള്ളതാണ്. പണ്ട് റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ കിട്ടിയ പണത്തിന്റെ പകുതിയും ഞാൻ പാവങ്ങൾക്ക് നൽകിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ബംഗാളികളെ അറസ്റ്റ് ചെയ്യുമോ എന്ന് ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു?
ഇങ്ങനെ ഒരു അറസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും െഞട്ടിപ്പോയി. ഇപ്പോൾ ഇൗ നടൻ കുറ്റാരോപിതനാണ്. ബാക്കി കോടതി തീരുമാനിക്കട്ടെ. പക്ഷേ, ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞ് ഒരുപാട് പേർ ഇദ്ദേഹത്തിനെതിരെ പരാതിയുമായി വരുന്നതും പുതിയ കേസുകൾ ഉണ്ടാകുന്നതുമാണ് ശരിക്കും എന്നെ ചിന്തിപ്പിക്കുന്നത്.