ഡ്രൈവറെയും വഴിയേ പോകുന്നവനെയും നിർമാതാക്കളാക്കിയത് സൂപ്പര്‍താരങ്ങള്‍; ജയരാജ്

സൂപ്പർതാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ജയരാജ്. സൂപ്പര്‍താരങ്ങളുടെ ആധിപത്യമാണു മലയാള സിനിമയെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതെന്നു ജയരാജ്. തൃശ്ശൂരില്‍ ഭരതന്‍ സ്മൃതി സംഘടിപ്പിച്ച ഭരതന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘താരങ്ങള്‍ പല മികച്ച നിര്‍മാണ കമ്പനികളെയും ഇല്ലാതാക്കി. ഡ്രൈവറും മേക്കപ്പ്മാനും വഴിയേ പോകുന്നവനും സിനിമ നിര്‍മിച്ചാല്‍ മതിയെന്നു തീരുമാനിച്ചു. ഇതോടെ കലാബോധമുള്ള നിര്‍മാതാക്കളും കമ്പനികളും ഇല്ലാതായി. യുവ താരങ്ങളും ഇക്കാര്യത്തില്‍ സൂപ്പര്‍താരങ്ങളുടെ അതേ ശൈലിയാണു സ്വീകരിക്കുന്നത്.’–ജയരാജ് പറഞ്ഞു

‘മറ്റാര്‍ക്കും ഡേറ്റ് കൊടുക്കാന്‍ ഇവര്‍ തയാറാവുന്നില്ല. മികച്ച കഥയുമായി സംവിധായകരെ കാണാനെത്തിയിരുന്ന നിര്‍മാതാക്കള്‍ ഇതോടെ അപ്രത്യക്ഷമായി. മാറ്റിനിര്‍ത്തപ്പെടുകയോ സ്വയം മാറിനില്‍ക്കുകയോ ചെയ്യുന്ന സിനിമാ നിര്‍മാതാക്കള്‍ തിരിച്ചുവന്നാല്‍ മാത്രമേ മലയാള സിനിമ അപചയത്തില്‍നിന്നു കരകയറൂ ജയരാജ് പറഞ്ഞു. താരങ്ങള്‍ ആധിപത്യം പുലര്‍ത്തിത്തുടങ്ങിയപ്പോള്‍ ഭരതനുപോലും കാലിടറിപ്പോയിരുന്നും അദ്ദേഹം പറഞ്ഞു.

കലയെ മറ്റെന്തിനേക്കാളും സ്നേഹിച്ച വ്യക്തിയായിരുന്നു ഭരതനെന്നും കലയെ സ്നേഹിക്കുന്ന ശിഷ്യരെ അദ്ദേഹം എന്നും കൂടെക്കൂട്ടിയിരുന്നുവെന്നും ചടങ്ങില്‍ പങ്കെടുത്ത കെപിഎസി ലളിത പറഞ്ഞു. എം.സി.എസ്.മേനോന്‍ അധ്യക്ഷത വഹിച്ചു. കല്യാണ്‍ ഭരത് സുവര്‍ണമുദ്ര പുരസ്കാരം സംവിധായിക വിധു വിന്‍സെന്‍റിനു കലാമണ്ഡലം ഗോപിയും കെപിഎസി ലളിതയും ജയരാജും ചേര്‍ന്നു സമ്മാനിച്ചു.

 വി.ബി.കെ.മേനോന്‍ (അനുഗ്രഹ ഫിലിംസ്), ജോയ് തോമസ് (ജൂബിലി ഫിലിംസ്), കെ.സി.ഇസ്മായില്‍ (ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്) എന്നിവരെ ആദരിച്ചു. എം.പി.സുരേന്ദ്രന്‍, ഷോഗണ്‍ രാജു, സി.എസ്.അജയ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.