ദിലീപിന്റെ തിയറ്ററിനെതിരെ പകപോക്കുന്നു; പ്രതികരണവുമായി ജീവനക്കാർ

ദിലീപിന്റെ ചാലക്കുടി ഡി സിനിമാസ് പൂട്ടി. ഇന്നു മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല. നഗരസഭയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിയറ്റര്‍ പൂട്ടിയത്. നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിച്ചിപ്പിച്ചതാണ് നടപടിക്കു കാരണം. എന്നാൽ സംഭവത്തിൽ പ്രതികരണവുമായി തിയറ്റർ അധികൃതർ രംഗത്തെത്തി.

ഡി സിനിമയിൽ വന്ന ഉദ്യോഗസ്ഥർ പകപോക്കലോടെ ആണ് കാര്യങ്ങൾ അവതരിപ്പിച്ചതെന്നും തങ്ങള്‍ പറയുന്നത് ചെവിക്കൊള്ളാൻ പോലും തയ്യാറിയില്ലെന്നും ഇവർ പറഞ്ഞു.

തിയറ്റർ ജീവനാക്കാരുടെ വാക്കുകളിലേക്ക്–

പ്രിയപെട്ടവരെ..

ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം ദിലീപ് ആണല്ലോ.. ദിലീപിന്റെ ഡി സിനിമാസ് തീയേറ്ററിനെതിരെ ഉള്ള ആരോപണങ്ങൾ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയി.. ഭൂമി കയ്യേറ്റം മുതൽ ഇപ്പോൾ ജനറേറ്റർ പ്രവർത്തനത്തിൽ വരെ എത്തി നിൽക്കുന്നു.. ആദ്യം പറഞ്ഞു ഭൂമി കയ്യേറ്റം ആണെന്ന്.. അത് അളന്നു തിട്ടപ്പെടുത്തി കഴിഞ്ഞു അങ്ങനെ ഒന്നും ഇല്ല എന്ന് സർവേ വിഭാഗം റിപ്പോർട്ട്‌ നൽകി.. അതിനു ശേഷം ഡി സിനിമാസ് നിർമ്മാണത്തിൽ അപാകത ഉണ്ടെന്ന് ആയി. അതും വേണ്ട വിധത്തിൽ പരിശോധന നടന്നതിൽ അപാകത ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

അങ്ങനെ ആണ് ഉയർന്ന വോൾട്ടിൽ പ്രവർത്തിക്കുന്ന മോട്ടോർ ഡി സിനിമാസിൽ പ്രവർത്തിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. പക്ഷെ അവർ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും പ്രവർത്തിക്കുന്നത് ഉയർന്ന ശേഷി ഉള്ള വൈദ്യുത മോട്ടോറുകൾ തന്നെ ആണ്.. അവിടെ ഒന്നും ഇല്ലാത്ത പ്രശ്നം ഡി സിനിമാസിൽ മാത്രം എന്തിന്.. ഇത് ചോദിച്ചപ്പോൾ അവർ നൽകിയ മറുപടി നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം നോക്കിയാൽ മതി എന്നായിരുന്നു..

കഴിഞ്ഞ 2 വർഷമായി തിയറ്ററിലെ ഓരോ മേഖലയിലെ ലൈസൻസ് അടക്കമുള്ളതു പുതുക്കി വളരെ കൃത്യമായി പ്രവർത്തിക്കുന്ന സ്ഥാപനം ആണ് അത്...ദിലീപിനെ തകർക്കുക എന്ന വ്യക്തമായ അജണ്ട ആണ് ഇവിടെ നടപ്പാക്കപ്പെടുന്നത്.. അല്ലങ്കിൽ രണ്ടരവർഷത്തോളം ആയി ഡി സിനിമാസ് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്..ഇത് വരെ ഇല്ലാത്ത പ്രശ്നം ഇപ്പോൾ എന്തിനു.. ആരാണ് ഇവർക്ക് പിന്നിൽ ഉള്ള ശക്തി.. കഴിഞ്ഞദിവസം അധികൃതർ വന്നു ഒരാഴ്ചത്തെ സമയം അനുവദിക്കുകയും ശേഷം ഇന്നലെ 6 മണിക്ക് ശേഷം വന്നു തിയറ്റർ പൂട്ടണം എന്ന് പറയുകയും ഉണ്ടായി. ഇത് ഞങ്ങൾ കൂട്ടമായി എടുത്ത തീരുമാനം ആണെന്നും..

കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നെങ്കിൽ ഇന്നലെ കോടതിയിൽ നിന്നു സ്റ്റേ ഓർഡർ വാങ്ങും എന്നു വ്യക്തമായി അവര്ക്ക് അറിയാം. മറിച്ചു ഇന്ന് ആണെങ്കിൽ 2 ദിവസം തിയേറ്റർ അടപ്പിച്ചു ഇടുകയും ചെയ്യാം. ഡി സിനിമയിൽ വന്ന ഉദ്യോഗസ്ഥർ പകപോക്കലോടെ ആണ് കാര്യങ്ങൾ അവതരിപ്പിച്ചത്. എല്ലാം വളരെ പ്ലാനിങ്ങോടെ ശത്രുക്കൾ നടപ്പാക്കുന്നു...

ചാലക്കുടി മുനിസിപ്പാലിറ്റിയിലേക്ക് ടാക്സ് ഇനത്തിൽ ഡി സിനിമ രണ്ടക്കോടിയോളം രൂപാ അടച്ചിട്ടുണ്ട്.. ഇനി ഉടനെ തന്നെ ദേ പുട്ടിനു നേരെയും ആക്രമണം പ്രതീക്ഷിക്കുന്നു.. ദിലീപും ദിലീപിന്റെ സ്ഥാപനങ്ങളും ആണല്ലോ ഇപ്പോൾ ഉന്നം..