പീഡനക്കേസുകളിൽ രണ്ടു നീതി?

കൊച്ചി: പീഡനക്കേസുകളിലെ പൊലീസിന്റെ അമിതാവേശം നടപ്പാക്കുന്നത് രണ്ടു തരം നീതിയാണെന്ന ആരോപണം ശക്തം. അടുത്തിടെ പുറത്തുവന്ന സിനിമ, രാഷ്ട്രീയ, ‍മാധ്യമ മേഖലകളിലെ കേസുകൾ തന്നെയാണ് ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീ പീഡനങ്ങളെ ഗുരുതര കുറ്റകൃത്യമാക്കുന്നതിനായി നിരവധി വകുപ്പുകൾ ഇന്ത്യൻ ശിക്ഷാനിയമത്തിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ കണക്കിലെടുത്ത് ആരോപിക്കപ്പെട്ടയാളെ കുറ്റവാളിയാക്കി അറസ്റ്റ് ചെയ്യുന്നതിന്റെയും ജയിലിലടയ്ക്കുന്നിന്റെയും പിന്നീട് പുറത്ത് ഒത്തുതീർപ്പാക്കുന്നതിന്റെയും ഔചിത്യമാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്.

പലപ്പോഴും പൊലീസിന്റെ അമിതാവേശം ഇത്തരത്തിലുള്ള അറസ്റ്റുകളിൽ വിമർശനം ക്ഷണിച്ചുവരുത്തുന്നു. പീഡനക്കേസിൽ അടുത്തിടെ അറസ്റ്റിലായ ഒരു മാധ്യമ പ്രവർത്തകന്റെയും എംഎൽഎയുടേയും ഒപ്പം കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്ന യുവ സംവിധായകന്റേയും കേസുകൾ എടുക്കുകയാണെങ്കിൽ ഇതിലുള്ള ന്യായ, നീതി ഭേദങ്ങൾ വായിച്ചെടുക്കാനാവും.

പീഡനത്തിനിരയായി സ്ത്രീയുടെ പരാതി മാത്രം അടിസ്ഥാനപ്പെടുത്തിയായിരുന്നു മാധ്യമപ്രവർത്തകന്റേയും എംഎംൽഎയുടേയും അറസ്റ്റ് എന്നു വേണം കരുതാൻ. ഉഭയസമ്മതപ്രകാരം ലൈംഗികത ആസ്വദിച്ചതിനുശേഷം വിവാഹവാഗ്ദാനലംഘനമുണ്ടായി എന്നാരോപിക്കുന്ന പരാതികളെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിൽ എഴുതിച്ചേർക്കപ്പെട്ട 354A മുതലുള്ള വകുപ്പുകൾ പ്രകാരം പുരുഷന്റെ സമീപത്തിലുള്ള സ്ത്രീയുടെ സാന്നിധ്യംപോലും പുരുഷന് ഒരു അപായസൂചനയായി മാറുന്നു എന്നായിരുന്ന കോടതിയുടെ നിരീക്ഷണവും ചേർത്തു വായിക്കണം.

മലയാള സിനിമയിലെ യുവസംവിധാനയകനെതിരായ പരാതിയിൽ ഉണ്ടായ നടപടി വിഭിന്നമാണ്. മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരില്‍  പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ചും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും കാണിച്ച് നടി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കെ അറസ്റ്റ് ചെയ്യുന്നില്ല എന്ന സാങ്കേതിക കാരണം കാണിച്ചാണ് യുവ സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നത് (എംഎൽഎ വിൻസന്റ് ശനിയാഴ്ച്ച കോടതിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു ഇത് ഫയലിൽ സ്വീകരിക്കും മുമ്പ് അറസ്റ്റു നടന്നു). തുടർന്നിപ്പോൾ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലേക്ക് എത്തിയിരിക്കുകയാണ്.

ഒത്തുതീർപ്പ് നിലനിൽക്കില്ലെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഹൈക്കോടതിയുടെ പ്രത്യേക അധികാരം വെച്ച് ഒത്തുതീർപ്പാകുന്ന കേസുകളുടെ എഫ്ഐആർ തന്നെ വേണമെങ്കിൽ റദ്ദുചെയ്യാം എന്നാണ് നിയമ വിദഗ്ധകരുടെ അഭിപ്രായം. എന്നാൽ യുവസംവിധായകന്റെ കേസിൽ പൊലീസ് കാണിച്ച ജാഗ്രത മറ്റുള്ളവർക്ക് ലഭിക്കാതെ പോയി. എംഎൽഎയ്ക്കും മാധ്യമപ്രവർത്തകനും കോടതിക്ക് പുറത്ത് ഒത്തു തീർപ്പിന് സാധിച്ചാൽ ഈ അറസ്റ്റും നടപടിക്രമങ്ങളുമെല്ലാം പ്രഹസനമാണെന്ന് വീണ്ടും തെളിയും. 

2016 മെയ്  24 ന് ഡൽഹി ഹൈക്കോടതി (Rohit Tiwari Vs State (decided on 24.5.2016) ബലാത്സംഗക്കുറ്റവും ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധവും കൂട്ടിക്കുഴയ്ക്കുന്നതിനെ അതിനിശിതമായി വിമർശിച്ചിട്ടുണ്ട്‌. പ്രായപൂർത്തിയായ, വിവാഹിതയായ സ്ത്രീ വിവാഹിതനായ മറ്റൊരു പുരുഷനുമായി വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ ലൈംഗികബന്ധം പുലർത്തിയതിനുശേഷം പിന്നീട് ബന്ധം തകരുമ്പോൾ ബലാത്സംഗം ആരോപിക്കുന്നത് നിന്ദ്യമായ പ്രവൃത്തിയാണെന്നും അതിനെ അഴിഞ്ഞാട്ടം (Promiscutiy) എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് വർധിക്കുന്ന സ്ത്രീ പീ‍ഡനങ്ങളും ലൈംഗിക അതിക്രമങ്ങളും തടയുന്നതിനായാണ് വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇത്തരത്തിലൂള്ള നിയമ നിർമാണങ്ങളുണ്ടായത്. എന്നാൽ‌ ഇത്തരം പലകേസുകളിലും പൊലീസിന്റെ ഭാഗത്തു നിന്ന് ആവേശ തീരുമാനമുണ്ടാകുന്നു. ചിലപ്പോൾ‌ നിരപരാധികൾ കുരുക്കിലാകാറുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ ഒരു പെൺകുട്ടി വിചാരിച്ചാൽ വെറും ആരോപണങ്ങൾ ഉപയോഗിച്ച് ആരെയും താത്കാലികമായെങ്കിലും അഴിയെണ്ണിക്കാം. പിന്നീട് വേണമെങ്കിൽ ഒത്തുതീർപ്പാക്കാം. അതിന്റെ നിരവധി ഉദാഹരണങ്ങൾ ഇപ്പോൾ തന്നെ നമുക്ക് മുന്നിലുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്: അ‍ഡ്വക്കേറ്റ് എസ് സനൽകുമാർ (ഹൈക്കോടതി അഭിഭാഷകൻ)