‘മാഡം സസ്പെൻസ്’ അവസാനിച്ചു, പൾസർ ഇനിയാരെ കുടുക്കും ?

നടിയെ ആക്രമിച്ച കേസിലെ ‘വിവാദ മാഡം’ കാവ്യയാണെന്ന് പൾസർ സുനി വെളിപ്പെടുത്തിയതോടെ ദിവസങ്ങൾ നീണ്ട സസ്പെൻസിനു താൽക്കാലിക വിരാമമായി. കാവ്യയെ അറസ്റ്റ് ചെയ്യുമോ ? കേസിന്റെ ഭാവി എന്താകും തുടങ്ങി ചോദ്യങ്ങൾ അനവധിയാണ് ഇപ്പോഴുമുയരുന്നത്. ഒരു കാലത്ത് സരിതാ നായർ അടുത്തത് ഏതു നേതാവിന്റെ പേരാകും പറയുക എന്ന് ആകാംക്ഷയോടെ കാത്തിരുന്ന മലയാളി ഇന്ന് പൾസർ ഇനി ആരെയാവും കുടുക്കുക എന്ന് നോക്കിയിരിക്കുകയാണ്. സോളാർ സി.ഡി തേടി ഒാടി നടന്നതു പോലെ മെമ്മറികാർഡും മൊബൈലും തേടിയുള്ള ഒാട്ടം എന്നു പുനരാരംഭിക്കുമെന്നുമുള്ളതും തൽക്കാലം ഉത്തരമില്ലാത ചോദ്യമാണ്. 

പൾസർ സുനി ആദ്യം പറയുന്നത് ദിലീപിന്റെ പേരാണ്. പള്‍സർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ദിലീപിനെ കേസിൽ കുറ്റക്കാരനാക്കുന്നതും പിന്നീട് അറസ്റ്റ് ചെയ്യുന്നതും. എന്നാൽ മാഡത്തിന്റെ പേര് ആദ്യം മാധ്യമങ്ങളോട് പറയുന്നത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ ആണ്. കോടതിയില്‍ കീഴടങ്ങുന്നതിനായി അഡ്വ. ഫെനി ബാലകൃഷ്ണന്റെ മുന്നിലെത്തിയ പള്‍സര്‍ സുനിയുടെ സഹായികളായ മഹേഷും മനോജും എത്തിയപ്പോഴാണ് മാഡത്തെക്കുറിച്ച് ആദ്യം സൂചിപ്പിക്കുന്നത്. 

ചെങ്ങന്നൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ഒരുപാട് പൊലീസുകാര്‍ ഉള്ളതിനാല്‍ മാവേലിക്കരയില്‍ ഹാജരാകുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഈ സമയത്താണ് മനോജും മഹേഷും തമ്മില്‍ തമിഴില്‍ മാഡത്തോട് അന്വേഷിച്ച് തീരുമാനിക്കാം എന്നു പറഞ്ഞത്. ഇതോടെയാണ് മാഡത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം തുടങ്ങിയത്.

ആ മാഡം കാവ്യയാണെന്ന് സുനി പറഞ്ഞതോടെ ഇനി അന്വേഷണം ആ വഴിക്കാകും പോകുക. പൾസർ കൊടുംകുറ്റവാളിയാണെങ്കിലും തൽക്കാലും അയാളുടെ വാക്കുകൾ മുഖവിലയ്ക്കെടുത്തു മുന്നോട്ടു പോകുകയാണ് പൊലീസും. പൾസർ ഇനി അടുത്തത് ആരുടെ പേരാവും പറയുക എന്നതിലും ആകാംക്ഷ നിലനിൽക്കുന്നു. താൻ പറയുന്നതെന്തും ബ്രേക്കിങ് ന്യൂസ് ആകുന്ന കാലത്ത് പൾസറിഞ്ഞുള്ള പൾസറിന്റെ വെളിപ്പെടുത്തലുകൾ ലക്ഷ്യം കാണാതെ പോകുന്നില്ലെന്നു വേണം കരുതാൻ.